
ദീപാങ്കുരന് മങ്കാവുടി നഗരസഭയിലെ ഇരുപതാം വാര്‍ഡിൽ താമസിക്കന്നു. കര്‍ഷക തൊഴിലാളിയാണ്. ഇരു നിറക്കാരന്‍, കാഴ്ചക്ക് മിടുക്കന്‍, പെരുമാറ്റത്തില്‍ മാന്യന്‍, വിദ്യാഭ്യാസത്തില്‍ സാമാന്യന്‍. സ്വന്തം വാര്‍ഡിലെയും അടുത്ത വാര്‍ഡുകളിലെയും വീടുകളിലെ പറമ്പുകളിൽ കൃഷിപ്പണികൾ ചെയ്താണ് ജീവിതം. കൃഷികളൊന്നും വിപുലീകരിച്ച് ചെയ്ത് വരുന്നതല്ല. വീടുകള്‍ക്ക് വേണ്ടി പച്ചക്കറിക്കളും, വാഴയും കൃഷി ചെയ്യുന്നതും തെങ്ങിന് തടം കോരി വളം വക്കലുമാണ് പ്രധാന തൊഴിലുകള്‍. അതിനേക്കാളുപരിയായി പറമ്പ് വൃത്തിയായി കിടക്കുമല്ലോ എന്നാണ് വീട്ടുകാരുടെയൊക്കെ ചിന്ത.
പത്തോ ഇരുപതോ സെന്‍റ് സ്ഥലമേയുള്ളൂ, എന്നാലും പുല്ല് ചെത്തി വൃത്തിയാക്കി, തെങ്ങിനും വാഴക്കും ചെത്തിക്കൂട്ടിയിട്ടിരിക്കുന്നതു കാണുമ്പോൾ മനക്കുളിർ ഉണ്ടാകുന്നത് അവരൊക്കെ അനുഭവിക്കുന്നു. ചിലരൊക്കെ കളക്ക് മരുന്നടിച്ചും പുല്ലു വെട്ടിയും പറമ്പ് വൃത്തിയാക്കാറുണ്ട.് പക്ഷെ, അവിടമൊന്നും കാഴ്ചക്ക് നല്ലതല്ല.
അതാണ് ദീപാങ്കുരെന്‍റ വിജയം, ജീവിത മന്ത്രം.
അവന് രണ്ട് പെണ്‍കുട്ടികളാണ്, പഠിക്കുന്നവർ, ഹൈസ്ക്കൂളിലും കോളേജിലും. ഭാര്യ ഗൃഹസ്ഥ. സന്തോഷകരമായ ജീവിതം. പക്ഷെ, നോട്ടു നിരോധനം വന്നപ്പോൾ ഒരു തകിടം മറിച്ചില്‍ സംഭവിച്ചു. അവന്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന വീടുകളിൽ സാമ്പത്തിക ഞെരുക്കം. കൃഷിപ്പണിക്ക് വിളിക്കാതെയായി. ജോലിക്കായി ചെന്ന വീടുകളിലെല്ലാം പറയുന്നു.
“ദീപാങ്കുരാ ഇന്ന് വേണ്ട.... ഇത്തിരി ഞെരുക്കത്തിലാണ്... നിനക്ക് അറിയാമല്ലോ... നോട്ടു നിരോധനം വലിയൊരു പ്രശ്നമാണ്. കുറച്ച് ദിവസം കഴിയട്ടെ..."
പിന്നീട് രണ്ട് വെള്ളപ്പൊക്കങ്ങൾ വന്നു. സ്ഥിതി ഗതികൾ കൂടുതൽ സങ്കീര്‍ണതയിലേക്ക് നീങ്ങി. ദീപാങ്കുരന്‍റെ ജീവിത പാതയിൽ കളകൾ കയറി നിറയാന്‍ തുടങ്ങി. പുതിയ ജോലികൾ തേടി, മാര്‍ഗങ്ങൾ തേടി കിട്ടാതെ വന്നപ്പോൾ മാനസ്സികമായിട്ടൊരു മന്ദതയിലേക്ക് നീങ്ങി. വീട്ടിനുള്ളിലെ സന്തോഷകരമായിരുന്ന അവസ്ഥ പരിണമിച്ചു കൊണ്ടിരുന്നു. ഭാര്യയും മക്കളും എന്തിനോടും യോജിച്ചു നിന്നതുകൊണ്ട് താളം തെറ്റാത്ത മനസ്സുമായി അവന്‍ മുന്നോട്ടു തന്നെ നടന്നു.
പക്ഷെ, യാത്രകളൊന്നു സമതലങ്ങളിലൂടെ ആയിരുന്നില്ല. പെട്ടന്ന് ആഗോള ജീവിതത്തിലേക്ക് മഹാമാരിയായി കോവിഡ് വന്നെത്തി. പാതകള്‍ കല്ലു കരട് കാഞ്ഞിരക്കുറ്റിയും മുള്ള് മുരിക്ക് മൂര്‍ഖന്‍ പാമ്പും നിറഞ്ഞ്, കുണ്ടും കുഴിയും ഇടതൂര്‍ന്ന് വനങ്ങളിലേക്കുമായി വളര്‍ന്നു. കാലമങ്ങിനെയാണ്, പ്രകൃതിയും അങ്ങിനെ തന്നെയാണ് അവയുടെയൊക്കെ ജനിതക അവസ്ഥയിലൂടെ മാത്രമേ നീങ്ങുകയുള്ളൂ. ആ സത്യം ദീപാങ്കുരന്‍ അംഗീകരിച്ചു. ജീവിതത്തെ കൂടുതൽ ഒതുക്കത്തിലേക്ക് നീക്കി നിര്‍ത്തി. പക്ഷെ, കുടുംബത്തിന്‍റെ ജീവിത ചെലവുകൾ, മക്കളുടെ പഠനം, ഭാവി....
ഇപ്പോഴാണ് അവന്‍ ബിപിഎൽ കാരനായിരുന്നെങ്കിൽ നന്നായിരുന്നെന്ന് ചിന്തിക്കുന്നത്. അത് പണ്ടും അറിയാമായിരുന്നു. നീല റേഷന്‍ കാര്‍ഡ് കിട്ടിയപ്പോൾ അന്വേഷിച്ചതുമാണ്. അവന് ഒരു നല്ല വാര്‍ക്ക വീടില്ല, വാഹനമില്ല, നല്ല മൊബൈൽ പോലുമില്ല. എന്നിട്ടും എന്തേ നീലക്കാര്‍ഡ്. സഹായ വാഗ്ദാനങ്ങൾ പല രാഷ്ട്രീയ പ്രവര്‍ത്തകരും നല്‍കിയിരുന്നതുമാണ്, കിട്ടിയില്ല. നീലക്കാര്‍ഡിൽ കിട്ടുന്ന ആനുകൂല്യങ്ങൾ കൊണ്ട് ജീവിത്തില്‍ നീക്കു പോക്കുകള്‍ വരുത്തി മുന്നോട്ടു തന്നെ നടന്നു.
പക്ഷെ, ഒരു സാദാ ഫോണുമായിട്ട് കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാതെ വന്നപ്പോൾ വീട്ടിൽ വളര്‍ത്തിയിരുന്ന ആടുകൾ തുണയായി. പുതിയ മൊബൈൽ ഫോൺ അവനെയും പല ആറിവുകളിലേക്ക് നയിക്കുന്നതായി കാണുന്നു. പക്ഷെ, കുട്ടികള്‍ക്ക് തെറ്റായ അറിവുകളിലേക്കുള്ള വാതായനമായിട്ട് മാറരുതെന്ന് ഭാര്യയെ പറഞ്ഞ് ധരിപ്പിച്ചു. അവനറിയാം മക്കൾ അങ്ങിനെ ആകുകയില്ലെന്ന്. എങ്കിലും അച്ഛന്‍റെ മനസ്സമാധാനത്തിന് വേണ്ടി.... മൊബൈല്‍ഫോൺ വഴി തുറന്നു വച്ച വാതായനത്തിലൂടെ പുറം കാഴ്ചകൾ കാണാനായിട്ട് ഇടക്കൊക്കെ അവനും ഒളിഞ്ഞു നോക്കി. ഒളിഞ്ഞു നോട്ടങ്ങൾ മനസ്സിയാക്കിയ മക്കൾ അച്ഛനെയും അമ്മയേയും കാണിച്ചു കൊടുത്തു. അതിർ വരമ്പുകളില്ലാത്ത അറിവുകള്‍... നിയന്ത്രണങ്ങളില്ലാത്ത അറിയിപ്പുകള്‍.... ദീപാങ്കുരനും ഭാര്യയും കണ്‍മിഴിച്ച് ഇരുന്നു പോയിട്ടുണ്ട്. ചിലപ്പോഴൊക്കെ കുട്ടികളോട് ചോദിച്ചിട്ടുമുണ്ട.്
“ഇതൊക്കെ സത്യങ്ങളാണോ...? "
അവർ പറയും.
“പൂര്‍ണ്ണമായിട്ടും ആകണമെന്നില്ല, പക്ഷെ, പലതിലും സത്യങ്ങളാണ് കൂടുതല്‍.... "
“അപ്പോളെന്തുകൊണ്ട് ആളുകൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുന്നില്ലാ....? "
“ആളുകള്‍ക്ക് യുക്തിബോധത്തോടുകൂടി ചിന്തിച്ച് കാര്യങ്ങൾ ചെയ്യാന്‍ താല്പര്യമില്ല...അല്ലെങ്കില്‍ ചില ശക്തികള്‍ അനുവദിക്കുന്നില്ല. അതുമല്ലെങ്കില്‍ മറ്റ് ഗുണങ്ങള്‍ കിട്ടുന്നതു കൊണ്ടുമാകാം... "
ڈ
അപ്പോഴും അവനും ഭാര്യയും കുട്ടികളെ അത്ഭുതത്തോടെ നോക്കിയിരുന്നു. പുതു തലമുറയിലെ കുട്ടികളുടെ വ്യത്യസ്തത തിരിച്ചറിഞ്ഞു കൊണ്ടിരുന്നു. എല്ലാ കുട്ടികളും ഇങ്ങിനെയാണെങ്കില്‍ ലോകം തന്നെ മാറുകില്ലെ.... മാറേണ്ടതാണ്. പക്ഷെ, എല്ലാ കുട്ടികളും അങ്ങിനെ ആവില്ല. ആ അറിവ് ദീപാങ്കുരന്‍റെ സാമാന്യ ബുദ്ധിയില്‍ തന്നെ തെളിഞ്ഞതാണ്. തങ്ങളുടെ മക്കള്‍ മിടുക്കികളാണ്. എന്നാൽ അവര്‍ക്ക് അങ്ങിനെ തന്നെ മുന്നോട്ടു പോകാന്‍ കഴിയുമോ.... എതിര്‍പ്പുകൾ ഉണ്ടാകില്ലെ... പഴയതിനെ കെട്ടിപ്പിടിച്ച് സുഖിച്ച് വാഴുന്നവർ, പഴയതു കണ്ടെത്തി സുഖിക്കന്‍ എത്തുന്നവർ, പിന്തുണയില്ലാത്തവരെ മുന്നോട്ട് കടത്തി വിടുമോ.... വിടില്ല. അങ്ങിനെയൊക്കെ അനുവാദം കൊടുത്തിരുന്നെങ്കിൽ ലോകം തന്നെ മാറുകില്ലായിരുന്നോ.......
ജോലികൾ കുറഞ്ഞ്, വരുമാനം കുറഞ്ഞ് അവന്‍റെ കുടുംബം കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുക തന്നെയായിരുന്നു. പക്ഷെ, കുട്ടികളുടെ മനഃസ്ഥൈര്യം......
“അച്ഛാ, നമുക്ക് മറ്റെന്തെങ്കിലും തൊഴിലു ചെയ്യണം"
ڈ
“എന്ത് തൊഴില്‍..? എനിക്കറിയാവുന്നത് കൂലിപ്പണിയാണ്, പക്ഷെ, അത് ഇനിയും പച്ച പിടിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ ചെത്തി മിനുക്കി കൊണ്ടു നടന്നിരുന്ന പറമ്പുകൾ കാടു കയറി നശിച്ചു. ചെയ്തിരുന്ന കൃഷികളെല്ലാം വിളറി വെളുത്ത് കിടക്കുന്നതു കാണുമ്പോൾ നെഞ്ചു പൊട്ടുന്നു. അതിന്‍റെയൊന്നും പൂര്‍ണ്ണ ഗുണം ആരും തന്നിട്ടില്ലെങ്കിലും, അവകാശപ്പെട്ടതല്ലെങ്കിലും നശിച്ചു കിടക്കുന്നതു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. ആരോടു പറയാന്‍, അതിന്‍റെ ഉടമസ്ഥരോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷെ, അവർ നിസ്സഹായരായി കൈ മലര്‍ന്നു. ജോലി ചെയ്താൽ നിനക്ക് കൂലി തരണ്ടേയെന്ന് അവരൊക്കെ ചോദിക്കുന്നു. വേണം, അല്ലെങ്കിൽ എന്‍റെ ജീവിതം...! "
“ഇപ്പോഴോ.... ഇപ്പോൾ നമ്മുടെ അവസ്ഥ ഏറെ ദയനീയമല്ലേ? "
“മക്കളെന്താണ് പറയുന്നത്? "
“നമുക്കൊരു കച്ചവടം തുടങ്ങിയാലോ"
ڈ
“കച്ചവടമോ? "
“അതെ കച്ചവടം"
“എന്ത് കച്ചവടം? "
“മീന്‍ കച്ചവടം"
“എവിടെ, എങ്ങിനെ അതിന് കാശ് വേണ്ടേ മക്കളേ....? "
“കാശിന് അമ്മയുടെ ആടുകളെ വില്‍ക്കാം... സ്ഥലം കവലയിൽ കാട് കയറിക്കിടക്കുന്ന പറമ്പിന്‍റെ മൂലയിൽ ഒരു ഷെഡ്ഡ് കെട്ടാന്‍ അനുവാദം സാറിനോട് ചോദിക്കാം. എന്‍റെ അദ്ധ്യാപകനല്ലേ .... "
ڈ
“അവര്‍ സമ്മതിക്കുമോ മക്കളെ....? "
“സമ്മതിക്കുമച്ഛാ... ഞങ്ങൾ ചോദിച്ചു കൊള്ളാം... ഞങ്ങളും കൂടെയുണ്ടാകും.... "
ദീപാങ്കുരന്‍ ഭാര്യയെ നോക്കി, അവളുടെ മുഖം തെളിഞ്ഞു വരുന്നു. കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു.
മക്കളുടെ അവസരോചിതമായ മാനസ്സിക വികാസം അവന്‍ അറിയുന്നു.
അവർ വ്യാപാരം തുടങ്ങി. അവന്‍, ഭാര്യ, മക്കൾ കച്ചവടക്കാരായി. ലക്ഷങ്ങളും കോടികളും ഉണ്ടാക്കാനല്ല. അന്നന്നത്തെ അന്നത്തിനുവേണ്ടി. അവർ നേടുക തന്നെ ചെയ്തു.
കോടികളുടെ കോഴകളും അഴിമതികളും ശതകോടികളുടെ വ്യാപാരങ്ങളും ടണ്‍ കണക്കിന് സ്വര്‍ണ്ണക്കടത്തും കൊണ്ട് കൊഴുത്ത രാജ്യത്ത്, ജീവിക്കാനുള്ള മീന്‍ കച്ചവടം. ആരോ അവരെക്കുറിച്ച് യൂട്യൂബിൽ വീഡിയോ ഇട്ടു. വീഡിയൊ ശ്രദ്ധിക്കപ്പെട്ടു. അതവരെ നാട്ടിൽ അറിയപ്പെടുന്നവരാക്കി. സ്ഥിരോത്സാഹികളായ അച്ഛനെയും അമ്മയെയും മക്കളെയും ഇന്‍റര്‍വ്യൂ ചെയ്യാന്‍ പിന്നെ പലരും വന്നു. അതിൽ നിന്ന് അവർ ഒഴിഞ്ഞു മാറിയുമില്ല. മക്കളുടെ ബുദ്ധിയാണത്. സൗജന്യമായുള്ള പരസ്യം. കച്ചവടം മെച്ചപ്പെടുത്താനുള്ള കുറുക്കു വഴി. അവർ മെച്ചപ്പെട്ടു. എന്നാലും അതൊന്നും കോടീശ്വരാനാകാനുള്ള മാര്‍ഗ്ഗമായില്ല. അന്നം മുട്ടാതുള്ള ജീവിത യാത്രമാത്രമായിരുന്നു. അവരുടെ ആഗ്രഹങ്ങളും അവിടം വരെയേയുള്ളൂ.
രാവിലെ പത്തു മണിയോടു കൂടി ദീപാങ്കുരന് അടുത്ത തുറയിൽ നിന്ന് മത്സ്യമെത്തും. കച്ചവടം തുടങ്ങും. അമ്മയും മക്കളും കൂടി ആവശ്യക്കാര്‍ക്ക് മത്സ്യം വൃത്തിയാക്കി കൊടുക്കും. ഉപഭോക്താവിനെ മനം മടുപ്പിക്കാതെ സംസാരിച്ച് കൂടെ നിര്‍ത്തേണ്ട ജോലി ദീപാങ്കുരനുള്ളതാണ്. പൊതിഞ്ഞെടുക്കുന്ന സാധനങ്ങൾ വാഹനത്തിൾ എത്തിച്ച് വക്കുന്നതും അവന്‍ തന്നെ. വളരെ വ്യത്യസ്തമായൊരു വിപണന ശൈലി തെളിഞ്ഞ് വരുന്നത് മക്കൾ കാണുന്നുണ്ട്. അവര്‍ക്ക് തോന്നി തങ്ങളുടെ അച്ഛന്‍ ഏത് സാഹചര്യത്തോടും യോജിക്കുന്ന ഒരു മനസ്സുകാരനാണെന്ന്.....
വിജയി തന്നെ....
സായാഹ്നത്തിന് മുമ്പു തന്നെ വില്‍പന കഴിഞ്ഞ് അവർ ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്.
കുളി, വിശ്രമം.
മക്കളുടെ പഠനം.
ദീപാങ്കുരന്‍ സന്തോഷത്തിലേക്ക് വന്നു, ആ കുടുംബവും.
മക്കളുടെ വിവര ശേഖരണവും അച്ഛനെയും അമ്മയെയും പഠിപ്പിക്കുന്നതും ആ സമയത്തു തന്നെ. ആ പഠനങ്ങൾ ദീപാങ്കുരന്‍റെ സംസാരത്തിൽ വന്ന മാറ്റങ്ങൾ വ്യക്തമായി കൊണ്ടിരുന്നു, മത്സ്യം വാങ്ങാന്‍ വരുന്ന ചിലരിൽ അസൂയ ജനിപ്പിക്കുകയും ചെയ്തിരുന്നു. എന്തിനേയും മനസ്സിലാക്കാനും വ്യവഹരിക്കാനുമുള്ള അവന്‍റെ കഴിവ് ഭാര്യയും തിരിച്ചറിഞ്ഞു കൊണ്ടിരുന്നു. ആ തിരിച്ചറിവ് അവരുടെ ജീവിതത്തിന്‍റെ വിജയമാണെന്നും അറിയുന്നുണ്ട്.
ട്രംപിന്‍റെ കുതന്ത്രങ്ങൾ.... ചൈന ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചുള്ള രാഷ്ട്രീയ പോര്‍ട്ടികളുടെ വ്യത്യസ്തമായ അഭിപ്രയങ്ങള്‍....... ശബരിമല സ്വര്‍ണ്ണ മോഷണത്തെ തുടർന്നു വരുന്ന വാർത്തകൾ, കേസിലെ രാഷ്ട്രീയ തന്ത്രങ്ങൾ, ലഹരി വില്‍പയും പുതു തലമുറയും തമ്മിലുള്ള ബന്ധം, മാധ്യമങ്ങളും അവകാശ ധൂര്‍ത്തുകളും, ശരിയെന്ന് പറഞ്ഞ് അവർ നിരത്തുന്ന കാര്യങ്ങൾ തെറ്റെന്ന് മറ്റൊരു മാധ്യമക്കാരന്‍ കൊണ്ടു വരുന്ന തെളിവുകൾ, ഒരു നിഗമനത്തിലെത്താന്‍ കഴിയാതെ മങ്ങിയ വെളിച്ചത്തിൽ, മായയിൽ അകപ്പെട്ടു പോകുന്ന സാധാരണ ജനങ്ങള്‍... സ്വപ്നങ്ങളും മോഹങ്ങളും നഷ്ടപ്പെട്ടു പോകുന്നവർ...
എല്ലാറ്റിൽ നിന്നും പലതും സ്വീകരിച്ച്, മറ്റ് പലതും തിരസ്കരിച്ച് ദീപാങ്കുരന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിലപാടുകള്‍..... വരുന്ന പല ഉപഭോക്താക്കള്‍ക്കും അവനെ തിരിച്ചറിയാന്‍ കഴിയുന്നു. പലര്‍ക്കും അവനോട് യോജിക്കാന്‍ കഴിയുന്നു.
മീന്‍ വാങ്ങാനെത്തുന്ന അവന്‍റെ സ്ഥലമുടമ നിശ്ശബ്ദമായിട്ടവനെ ശ്രദ്ധിച്ചു തുടങ്ങിയിട്ട് കുറെ നാളുകളായി. പറമ്പിൽ പണിക്ക് വന്നിരുന്നൊരു കര്‍ഷകത്തൊഴിലാളി അല്ല അവനിന്നെന്ന് തിരുച്ചറിയുന്നു.
“ദീപാങ്കുരാ നിനക്ക് പഞ്ചായത്ത് ഇലക്ഷന് മത്സരിച്ചു കൂടെ....? "
“ഇലക്ഷനോ.... എന്തിന് ...? "
“നിന്‍റെ ജീവിതം മാറുകയാണ്. നിനക്ക് ഇവിടെ പലതും ചെയ്യാന്‍ കഴിയും... "
“എന്‍റെ സാറേ... ഞാന്‍ ഈ മീന്‍ വിറ്റ് ജീവിക്കുമ്പോളുള്ള ഒരു സുഖമുണ്ടല്ലോ... അത് ഇല്ലാതാക്കാനാണോ... "
“ഇല്ലാതാക്കാനോ... ഇത് നിന്‍റെ ജീവിത മാര്‍ഗ്ഗം... മറ്റേത് നിന്‍റെ പ്രവര്‍ത്തനമണ്ഡലം...സാമൂഹിക ഇടപെടല്‍.... "
“സാമൂഹിക ഇടപെടല്‍...... "
“അതെ, സാമൂഹിക ഇടപെടല്‍... "
“അതേ, അതൊന്നു വേണ്ട സാറെ... എനിക്കിപ്പോള്‍ പത്തിരുനൂറ് പേരെയെങ്കിലും നേരിട്ടറിയാം... അവരുടെയൊക്കെ സ്നേഹവും കിട്ടുന്നുണ്ട്..... തെറ്റില്ലാതെ ജീവിക്കുന്നുമുണ്ട്... അതൊക്കെ മതി സാറെ.. "
“പക്ഷെ, നിന്നെ മറ്റു ചിലര്‍ക്ക് വേണമെങ്കിലോ...? "
“അത് ചുമ്മാ... എനിക്കതൊന്നും ചേരില്ല സാറെ.... "
“ആരു പറഞ്ഞു ചേരില്ലെന്ന്....? "
ആ ചോദ്യം അവന്‍റെ മനസ്സിൽ ഒരു തെളിച്ചമുണ്ടാക്കി. അവന്‍ ഭാര്യയെ, മക്കളെ നോക്കി. അവരുടെ മുഖങ്ങള്‍ തെളിഞ്ഞു വരുന്നു.
അവന്‍ സ്വയം ചോദിച്ചു ജീവിതം മാറുക തന്നെയാണോ...?
അതെയെന്ന് തോന്നിക്കുന്നു.
അവന്‍ ചിന്തിച്ചു. ഞാന്‍ ഏത് രാഷ്ട്രീയ കക്ഷിക്കാരനാണ്. ഇതേ വരെ വോട്ടു ചെയ്തത് സ്ഥിരമായൊരു രാഷ്ട്രീയ ചിന്താഗതിക്ക് വേണ്ടിയായിരുന്നോ...അല്ലെന്ന് തോന്നുന്നു. സാഹചര്യങ്ങൾ അനുസരിച്ച് വ്യക്തി ബന്ധങ്ങൾ വച്ചു കൊണ്ടാണ് വോട്ടു ചെയ്തിട്ടുള്ളുത്. പക്ഷെ, പിന്നീട് അവർ ജയിക്കുന്നതോ തോല്‍ക്കുന്നതോ ഒരു പ്രശ്നമായിട്ടെടുത്തിട്ടില്ല. തോറ്റവരുടെ അടുത്തോ ജയിച്ചവരുടെ അടുത്തോ ഒരാവശ്യവും പറഞ്ഞ് ചെന്നിട്ടില്ല. ആരും അവനോട് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് തിരക്കിയിട്ടില്ല. നീല റേഷന്‍ കാര്‍ഡ് മാറ്റിത്തരുവാന്‍ അന്നത്തെ നഗരസഭാ അംഗത്തോട് ആവശ്യപ്പെട്ടിട്ട് കിട്ടിയിട്ടുമില്ല.
ജീവിതം മാറുമോ... ശൈലി മാറുമോ....?
അത് കൊണ്ട് ജീവിക്കാനല്ല.. സമൂഹത്തിന് എന്നെ ആവശ്യമുണ്ടോ... സമൂഹം ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാനാകുമോ....?
“നീയൊന്ന് ശ്രമിച്ചു നോക്ക് ദീപാങ്കുരാ"
വല്ലാത്തൊരു പ്രോത്സാഹനം, പ്രേരണപ്പെടുത്തൽ...
ചിന്താകുലമായ ദിനങ്ങൾ....
നിശബ്ദ ചിന്തകളെ ഹരണം ചെയ്തു കൊണ്ട് ഭാര്യയുടെ മക്കളുടെ ഇടപെടലുകൾ....
ദീപാങ്കുരന്‍ മാറാന്‍ തീരുമീനിച്ചു.
പക്ഷെ, ഒരു കക്ഷി രാഷ്ട്രീയത്തിന്‍റെ പിന്തുണ വേണം. അവന്‍ മാധ്യമങ്ങളിലേക്ക് ഊളിയിട്ടു നോക്കി. അവിടെ കിടമത്സരങ്ങളും വില പേശലുകളും കുതികാൽ വെട്ടലുകളും അന്തര്‍ധാരാ നാടകങ്ങളും നടന്നു കൊണ്ടിരിക്കുന്നു. അവിടെ നിന്ന് ഒരു എല്ലിൽ കഷണമെങ്കിലും കിട്ടുമോയെന്ന വികലമായ ചിന്തയിലേക്കാണ് ആ നോട്ടങ്ങള്‍ ചെന്ന് പതിച്ചത്.
രണ്ടും കല്പിച്ച് ദീപാങ്കുരന്‍ ഒരു കുപ്പായം തയ്പ്പിച്ചു. ആ കുപ്പായത്തിന്‍റെ നിറത്തോടു കൂടി അവന്‍ ഒരു പക്ഷത്തേക്ക് വിരികയായിരുന്നു. തികഞ്ഞ ബോധത്തോടു കൂടി തന്നെ. ആ ബോധത്തിലെത്താന്‍ കുറെ കാര്യങ്ങൾ പാഠങ്ങൾ, ഗ്രഹിച്ചു. നല്ലതെന്ന് തോന്നി.
നിറം കണ്ടെത്തിയവർ ദീപാങ്കുരനിൽ ഒരു വിജയിയെ കണ്ടെത്തി. എതിർ പക്ഷത്തെ പരാജയപ്പെടുത്തി സ്വന്തം കക്ഷിക്ക് കരുത്തേകാന്‍ കെല്പ്പുള്ളവനെന്ന് കണ്ടെത്തി, വില്‍പന വേദിയിലേക്ക് ആനയിക്കപ്പെട്ടു. വില്‍പനയാകുമ്പോൾ ഫലവും പ്രതിഫലവും വേണ്ടാതായി വന്നു ചേര്‍ന്നു. അത് ദീപാങ്കുരനെ കലുഷ മനസ്കനാക്കുകയാണ് ഉണ്ടായത്. അവന്‍ അതിനെ കണ്ടത് ഒരു സേവന പ്രവര്‍ത്തനം മാത്രമായിട്ടായിരുന്നു. ആ സേവനത്തിന് ഫലവും പ്രതിഫലവും നിശ്ചയിക്കപ്പെട്ടപ്പോൾ മനം മടുത്ത് കുപ്പായം ഊരിയെറിഞ്ഞ് സ്വസ്ഥമാകാന്‍ മോഹിച്ചു. ആ മോഹത്തെ തടസ്സപ്പെടുത്താന്‍ അവന്‍റെ സ്ര്, സ്ഥലമുടമ വീണ്ടും വന്നു.
“ദീപാങ്കുരാ... നീയൊരു മീന്‍ കച്ചവടക്കാരന്‍ മാത്രമല്ല, ഇന്ന് സമൂഹത്തിൽ വിലയുള്ള ഒരു മത്സ്യം കൂടിയാണ്. അതുകൊണ്ടാണ് അവർ നിന്നെത്തേടിയെത്തിയത്, എന്‍റെ കണക്കുകൂട്ടലുകൾ തെറ്റിയില്ലെന്നാണ് അത് കൊണ്ട് മനസ്സിലാക്കേണ്ടത്. നിനക്ക് ചെമ്പിലും വെള്ളിയിലും തീര്‍ത്ത ഒരു മത്സ്യത്തിന്‍റെ വിലയല്ല ഇന്നുള്ളതെന്ന് മനസ്സിലാക്കണം, സ്വര്‍ണ്ണ മത്സ്യത്തിന്‍റെ വിലയാണ് കാണേണ്ടത്. നീ കുപ്പായത്തിന്‍റെ നിറം മാറ്റ്, ഇത് കക്ഷിരാഷ്ട്രീയമാണ് സ്വത്വരാഷ്ട്രീയമല്ല. ഇലക്ഷന് മത്സരിക്കാന്‍ സ്വത്വരാഷ്ട്രീയത്തിന്‍റെ ആവശ്യമില്ല. "
അവന്‍ ഗ്രഹിക്കാനാകാതെ ദഹിക്കാനാകാതെ വിമ്മിട്ടപ്പെട്ടു. നയനങ്ങൾ തുറിച്ചു വന്നു, ഹൃദയം വിജ്രംഭിതമായി.
എന്നിട്ടും മറ്റൊരു കുപ്പായം തയ്പ്പിച്ചു. ഏത് കുപ്പായക്കാരനാകാനും മടിയില്ലാത്തവനാണെന്ന് നാമക്കരണവും വന്നു. മൂന്നാമത്തെ കുപ്പായവും തീര്‍ത്തു.
പക്ഷെ, ഒരു കുപ്പായത്തിലും അവന് പൂര്‍ണ്ണനാകാന്‍ കഴിഞ്ഞില്ല. ഒരു നിലപടിൽ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. യാത്ര പിന്നാക്കമായി. വെറുമൊരു മീന്‍ കച്ചവടക്കാരായി നിലയുറപ്പിക്കാമെന്ന് തീരുമാനിച്ചു. കുപ്പായങ്ങൾ കത്തിച്ച്, രാത്രി മക്കളുടെ വിദ്യകൾ കേട്ട് ഉറങ്ങി.
പക്ഷെ, നേരം പുലര്‍ന്നു വരവെ, ഒരു പുതിയ കുപ്പായവും തയ്പിച്ചു കൊണ്ട് അവന് മുന്നിലേക്ക് പുതിയൊരു കൂട്ടർ വന്നു.
“ദീപാങ്കുരാ നീ ബുദ്ധിമാനാണ്. ദൃഢ മനസ്സുള്ളവനാണ്. നിനക്ക് യോജിക്കുന്ന കുപ്പായവുമായിട്ടാണ് ഞങ്ങൾ വന്നരിക്കുന്നത്. നീ ഇത് ധരിക്കൂ... നിന്‍റെ ഭാവി ശോഭനമായിരിക്കും. ബൃഹത്തായൊരു സംവിധാനം ഞങ്ങള്‍ക്കുണ്ട്. ധനമുണ്ട് ശക്തിയുണ്ട്, സ്വാധീനമുണ്ട്. നിന്‍റെ വളര്‍ച്ച കോടീശ്വരനിലേക്കാണ്... പക്ഷെ, നീ ഞങ്ങളുടെ തൊഴിലാളിയായിരിക്കും. എന്നാൽ ഞങ്ങൾ തൊഴിലാളിയായിട്ടല്ല കാണുന്നത്, എക്സിക്കൂട്ടീവായിട്ടാണ്. നീ പ്രത്യേകിച്ച് ഒന്നും പണിത് ഉയര്‍ത്തേണ്ടതില്ല. ഞങ്ങളോടുകൂടി നിന്നു പ്രവര്‍ത്തിച്ചാൽ മതി.... അതിന് ഞങ്ങള്‍ക്ക് ഒരു പ്രതിഫലവും വേണ്ട നിനക്ക് കൃത്യമായിട്ട് ഫലം കിട്ടുകയും ചെയ്യും. എല്ലാം ഞങ്ങള്‍ ചെയ്തു തരും. "
“എന്താണിത്..?"
“അത്ഭുതം, മായാജാലം.... "
പിന്നീട് അവരിൽ നിന്ന് അറിയാന്‍ കഴിഞ്ഞത്, പുതുവഴികൾ, സ്വപ്നം പോലും കാണാന്‍ കഴിയാത്ത മേടുകൾ, പര്‍വ്വത നിരകൾ.....
അവന്‍ ഭയന്നു പോയി. അടിമയാക്കപ്പെടുമോയെന്ന് ചിന്തച്ചു പോയി. തീരിമാനമെടുക്കാന്‍ കഴിയാതെയായി.
ഭാര്യ, മക്കള്‍ ഒന്നും പറയാന്‍ കഴിയാതെ നിസംഗരായി.
അവന്‍റെ സാറ് പറഞ്ഞു,
“ദീപാങ്കുരാ... അത് വേണ്ടെന്ന് വയ്ക്കൂ... ഞാന്‍ പറഞ്ഞ കാര്യങ്ങൾ മറക്കൂ... നീ വെറുമൊരു മീന്‍ കച്ചവടക്കാരനായി ഈ കവലയിൽ, ഈ മണ്ണിൽ സമാധാനമായി ജീവിക്കൂ... അല്ലെങ്കിൽ, ഒരു അഞ്ചാമത്തെ കുപ്പായം തയ്പ്പിച്ച് മറ്റ് കുപ്പായക്കാര്‍ക്ക് എതിരായി, സ്വതന്ത്രനായി മത്സരിക്ക്... നമുക്ക് നോക്കാം എന്താകുമെന്ന്..... "
“നീ സ്വര്‍ണ്ണ മത്സ്യത്തെപ്പോലുള്ളവനാണെന്ന് കാണുന്നവർ സമൂഹത്തിലുണ്ടെന്ന് മനസ്സിലായില്ലേ.... നിലവിലുള്ള നാല് കുപ്പായക്കാരും നിന്നെ തേടിവന്നില്ലേ... നിന്‍റെ ധൈര്യം പുറത്തെടുക്ക്... "
“വേണോ...? "
“വേണം.... "
ദീപാങ്കുരന്‍ അഞ്ചാമത് കുപ്പായവും തീര്‍ത്തു, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. മറ്റ് നാല് കുപ്പായക്കാരെയും അവന്‍ തെരുവിൽ കണ്ടു. അവരൊക്കെ അവനെ നോക്കി ഇളിഭ്യമായി ചിരിച്ചു, അസഭ്യ വാക്കുകൾ പറഞ്ഞു.........
ദീപാങ്കുരന്‍ വാശിയോടെ തന്നെ അവരെ സൗമ്യമായി വീക്ഷച്ചു കൊണ്ട് ദിനരാത്രങ്ങളെണ്ണി, പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോയി.
അവന്‍റെ ഭാര്യയുടേയും മക്കളുടേയും മുഖങ്ങൾ തെളിഞ്ഞു തന്നെയിരുന്നു.
മാസ്ക് ധരിച്ച് പുഞ്ചിരി മറച്ച മുഖങ്ങളും സാമൂഹിക അകലം പാലിച്ച് ബന്ധങ്ങളകന്നു കൊണ്ടിരിക്കുന്ന ജീവിതങ്ങളും അവന്‍ കണ്ടു. സോഷ്യൽ മീഡിയകൾ വഴിയുള്ള പുതിയ ബന്ധങ്ങളും കുറേയേറെ കണ്ടു. സ്വന്തം വാര്‍ഡിലെ കയറ്റങ്ങളും ഇറക്കങ്ങളും കുണ്ടുകളും കുഴികളും എണ്ണി തെരഞ്ഞെടുപ്പിലേക്ക് വന്നു.
നീണ്ട ഒരു ദിവസത്തെ ഉറക്കവും കഴിഞ്ഞ് മീന്‍ കച്ചവടക്കാരനായി കവലയില്‍ ഇറങ്ങി. ഭാര്യയും മക്കളും അത് തന്നെ സ്വീകരിച്ചു.
അവന്‍ കിട്ടുന്ന വോട്ടിന്‍റെ കണക്കുകൾ കൂട്ടിയില്ല. ആരുമായും ചര്‍ച്ചകൾ നടത്തിയില്ല.
പ്രവചനങ്ങളില്ലാത്ത അവന്‍റെ മുന്ന് രാവുകൾ കഴിഞ്ഞപ്പോൾ പിറന്ന സായാഹ്നത്തോടു കൂടി ദീപാങ്കുരന്‍ ജയിച്ചെന്ന് മാധ്യമങ്ങൾ ചര്‍ച്ചയോടു കൂടി അറിയിച്ചു. അവന്‍ സന്തോഷിക്കുന്നതിനു പകരം ത്രിശങ്കുവിൽ നിന്നു.
ദീപാങ്കുരന്‍റെ ജീവിതം മാറുകയായി.