Image

അനധികൃത കുടിയേറ്റക്കാർക്ക് ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകില്ല; 'ഡെലീല നിയമം' പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്

Published on 25 February, 2026
അനധികൃത കുടിയേറ്റക്കാർക്ക് ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകില്ല; 'ഡെലീല നിയമം' പ്രഖ്യാപിച്ച് പ്രസിഡന്റ്  ട്രംപ്

വാഷിങ്‌ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെലീല നിയമം എന്ന് പേരിട്ടിരിക്കുന്ന ഈ നിയമത്തിലൂടെ രാജ്യത്തെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 2024-ൽ കനറ്റികട്ടിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡെലീല എന്ന പെൺകുട്ടിയുടെ ഓർമ്മയ്ക്കായി ഈ പേര് നൽകിയിരിക്കുന്നത്.

ലൈസൻസില്ലാതെ വണ്ടിയോടിച്ച ഒരു അനധികൃത കുടിയേറ്റക്കാരൻ വരുത്തിയ അപകടത്തിലായിരുന്നു ആ പെൺകുട്ടി കൊല്ലപ്പെട്ടത്. അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കും ഡ്രൈവിംഗ് ലൈസൻസ് നൽകുക എന്ന സംസ്ഥാനങ്ങളുടെ നടപടി അവസാനിപ്പിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്‌. നിലവിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളും അനധികൃത കുടിയേറ്റക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നുണ്ട്. എന്നാൽ ഫെഡറൽ തലത്തിൽ തന്നെ ഇത് നിരോധിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം കർശനമായ നിയമങ്ങൾ അനിവാര്യമാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റത് മുതൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ പുതിയ നീക്കം. അനധികൃത കുടിയേറ്റം തടയുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ഇത്തരം നടപടികൾ സഹായിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. അതേ സമയം നിയമം നടപ്പിലാക്കുന്നതിൽ കടുത്ത എതിർപ്പ്‌ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്‌.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക