
ന‍്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി ലഭിച്ചു. ഇതോടെ ഇംഗ്ലീഷിലെ ‘കേരള’ എന്ന പ്രയോഗവും ഹിന്ദിയിലെ ‘കേരൾ’ എന്ന പേരും മാറി ‘കേരളം’ എന്നാകും. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഈ ബില്ല് തുടർനടപടികൾക്കായി രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും ഈ മാറ്റം പ്രതിഫലിക്കും വിധമാണ് ഭേദഗതി കൊണ്ടുവരുന്നത്.കേരളത്തിന്‍റെ ഔദ‍്യോഗിക പേര് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര‍്യം അറിയിച്ചത്. ബില്ല് രാഷ്ട്രപതി കേരള നിയസഭയ്ക്ക് അയക്കും. അതിനു ശേഷമായിരിക്കും പാർലമെന്‍റിൽ കൊണ്ടുവരുന്നത്.
സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി മാറ്റണമെന്നാവശ‍്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
“കേരളം” എന്ന പദം സംസ്ഥാനത്തിന്റെ ഭൗമശാസ്ത്രപരവും സാംസ്കാരികവുമായ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. മലയാളത്തിലെ “കേര” (തേങ്ങ) എന്നും “ആലം” (നാട്) എന്നും വരുന്ന പദങ്ങളിൽ നിന്നാണ് “കേരളം” രൂപപ്പെട്ടതെന്ന് വിശ്വാസം. അതായത് “നാളികേരങ്ങളുടെ നാട്” എന്ന അർത്ഥം. ഇന്ത്യയിലെ പ്രധാന നാളികേര ഉൽപാദക സംസ്ഥാനങ്ങളിലൊന്നായ കേരളം രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ ഏകദേശം 45 ശതമാനം സംഭാവന ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വിവിധ രാഷ്ട്രീയ പുനഃസംഘടനകളിലൂടെയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടത്. 1949-ൽ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ലയിച്ച് തിരുവിതാംകൂർ-കൊച്ചി രൂപം കൊണ്ടു. 1956 നവംബർ 1-ന് സംസ്ഥാനത്തിന് ഔദ്യോഗികമായി 'കേരള' എന്ന പേര് ലഭിച്ചു. അപ്പോഴും കേരളം എന്ന പദമാണ് മലയാളത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
പ്രാദേശിക വിശ്വാസങ്ങൾ പ്രകാരം, പരശുരാമൻ കടലിൽ നിന്ന് മഴുവെറിഞ്ഞ് ഭൂമി വീണ്ടെടുത്ത് അതിനെ “ചേരനാളം” എന്ന് വിളിച്ചതാണ് പിന്നീട് “കേരളം” ആയി രൂപാന്തരപ്പെട്ടതെന്ന കഥ പ്രചരിക്കുന്നു. പശ്ചിമഘട്ടവും അറബിക്കടലും ഇടയിലുള്ള പ്രത്യേക ഭൗമശാസ്ത്ര ഘടന സംസ്ഥാനത്തിന്റെ സംസ്കാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ജീവിതശൈലിയെയും നിർണ്ണയിച്ചിട്ടുണ്ട്.
ഭരണഘടനയിലെ ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അധികാരം പാർലമെന്റിനാണ്. പാർലമെന്റ് അംഗീകരിച്ചതിന് ശേഷം രാഷ്ട്രപതിയുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടിയാലും അത് നിർബന്ധകമല്ല; അന്തിമ തീരുമാനം പാർലമെന്റിന്റെയും രാഷ്ട്രപതിയുടെയുംതാണ്. എല്ലാ നടപടികളും പൂർത്തിയാക്കിയാൽ ഭരണഘടനയിലും സർക്കാർ രേഖകളിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആയി മാറും. എന്നാൽ പൊതുജനങ്ങളുടെ ദിനചര്യയിൽ ഇതിനകം തന്നെ ഉപയോഗത്തിലുള്ള പേരായതിനാൽ മാറ്റം വലിയ വ്യത്യാസമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.