
വേരോടെ പിഴുതെടുത്തു കളയാൻ പറ്റാത്ത മുള്ളുകൾ എല്ലാ മനുഷ്യനും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടു.
വേദനിപ്പിക്കുന്ന ഭീതിപ്പെടുത്തുന്ന ചില ഓർമ്മകൾ ചിതയോളം ചുമക്കേണ്ടി വരുന്ന വ... മനുഷ്യജന്മത്തിന്റെ മാറി മാറി വരുന്ന കുടമാറ്റങ്ങൾ. ദുഃഖം സുഖം സന്തോഷം ആശ നിരാശ അപമാനം രോഗം വേർപാടുകൾ....
എല്ലാം സമചിത്തതയോടെ സ്വീകരിയ്ക്കേണ്ടവയാണ്. പക്ഷേ പലപ്പോഴും കഴിയാറില്ല എല്ലാവർക്കും. നാം അതൊക്കെ നിലവിളികളായും പരാതികളും പിണക്കങ്ങളും പരിഭവങ്ങളും പ്രതികാരങ്ങളുമെക്കെയായ് പ്രകടിപ്പിച്ചങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്നു.
ജീവിതം വിജയത്തിലെത്തിയ്ക്കാൻ ചിലർക്കൊക്കെ സാധിയ്ക്കും. ഒരു പിൻതുണയുമില്ലാതെ സ്വന്തം ഇഛാശക്തി ഒന്നു കൊണ്ടു മാത്രം.
സാറായുടെ ഇഛാശക്‌തി അതുല്യമായിരുന്നു.
എത്രയോ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അവൾ തളരാതെ മുന്നേറിക്കൊണ്ടിരുന്നു... അവളുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ ദിവസങ്ങളായിരുന്നു ആ ചിക്കൻ പോക്സ് കാലം.... വേദനയും ദയവും ഒറ്റപ്പെടലും ഇന്നും ഓർക്കുമ്പോൾ ശരീരം വിറ കൊള്ളും.
എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞു പോയത്. രണ്ടു വർഷം !!
ഇന്നലെക്കഴിഞ്ഞ പോലെ... അമ്മച്ചിയുമായ് അഡ്മിഷനു വേണ്ടി ദീർഘനേരം കാത്തുനിന്ന നിൽപ്പ് !!
ഹോസ്റ്റൽ മുറികളിൽ രാത്രി വളരെ വൈകിയും വിളക്കുകൾ തെളിഞ്ഞു നിന്നു.
പരീക്ഷാക്കാലമായതിനാൽ കുട്ടികൾ പഠനത്തിരക്കിലാണ്.
രണ്ടുവർഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമറിയുവാൻ പോകുന്ന വാർഷിക പരീക്ഷ!!
ആദ്യത്തെ ദിവസം മലയാളമായിരുന്നു. അതു പൊതുവേ എല്ലാവരും നന്നായി എഴുതി. ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാം തന്നെ സാറാ നന്നായി എഴുതി.
ഇംഗ്ലീഷ് അൽപ്പം ബുദ്ധിമുട്ടി....
ശനിയും ഞായറും അവധി ആയിരുന്നു.
ഞായറാഴ്ച എല്ലാവരും പള്ളിയിൽ പോയി.
തിങ്കളാഴ്ച രണ്ടു പരീക്ഷകൾ ഉണ്ടായിരുന്നു.
വെളളിയാഴ്ച പരീക്ഷ തീർന്നു.
അന്നു തന്നെ പലരും വീടുകളിലേയ്ക്കു പോയി.
കൂട്ടുകാരികൾ യാത്ര പറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞു.
അവർ നടന്നകലുന്നതും നോക്കി സാറായും റിബേക്കയും ഗേറ്റിനരികിൽ നിന്നു.
കുറേക്കഴിഞ്ഞ് റിബേക്കയും അവളുടെ പിതാവിനൊപ്പം യാത്ര പറഞ്ഞിറങ്ങിയപ്പോൾ സാറാ പൊട്ടിക്കരഞ്ഞു... സെൻറ് ആൻസ് സ്ക്കൂൾ മുതലുള്ള സൗഹൃദമാണ്. ... അവരുടെ കരച്ചിൽ കണ്ട് ആ വൃദ്ധ പിതാവ് തൊണ്ടയിടറിക്കൊണ്ടു് പറഞ്ഞു. "ദൈവ മനുവദിച്ചാൽ ഇനിയും കാണാം... ഒരേ സ്ക്കൂളിൽ ജോലി കിട്ടാൻ പ്രാർത്ഥിയ്ക്കു മക്കളേ''...
അപ്പന്റെ പിന്നിലായ് റിബേക്കയും ഗേറ്റിറങ്ങി നടന്നു.
ഇടയ്ക്കു അവൾ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
കുറേക്കഴിഞ്ഞ് കൊച്ചുപെണ്ണ് നടന്നു ക്ഷീണിച്ചെത്തി.
സാറാ അമ്മച്ചിയെ സൂക്ഷിച്ചു നോക്കി.
പണിയെടുത്തു ക്ഷീണിച്ചു. മുടിയിഴകളിൽ നര കയറിത്തുടങ്ങി.... പ്രായമേറിയപോലെ തോന്നിച്ചു.
കൊച്ചു പെണ്ണും സാറായെ സൂക്ഷിച്ചു നോക്കി.
കഴുത്തിനു പിറകിലും നെറ്റിയിലും കൈത്തണ്ടകളിലും കറുത്ത പാടുകൾ മാഞ്ഞു തുടങ്ങിയിട്ടില്ല.
ഒറ്റയ്ക്കും ഒരു മുറിയിൽ കഠിനവേദനയും സഹിച്ച് തന്റെ മകൾ ദിവസങ്ങളോളം കിടന്ന തോർക്കുമ്പോൾ
അവർക്കു ഹൃദയം നുറുങ്ങുന്ന പോലെ തോന്നും.
വാർഡൻ കൊച്ചമ്മയോടു യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.
ആ ദുരിത കാലത്തു ഒരമ്മയുടെ സ്നേഹം തന്ന തന്റെ കാവൽമാലാഖ.
സാറാ വർഷങ്ങൾക്കുമുൻപ് അമ്മച്ചിയുമൊത്തു കടന്നുവന്ന ഗേറ്റിലൂടെ ഇപ്പോൾ പുറത്തേയ്ക്ക് . വിശാലമായ ലോകത്തിലേയ്ക്ക്...
ഹോസ്റ്റലും പരിസരവും മനോഹരമായ ഉദ്യാനവും അംബരചുംബികളായ മഹാ വൃക്ഷങ്ങളും ഓർമ്മകളിലേയ്ക്കു ആവാഹിയ്ക്കാനെന്ന പോലെ
ഒരിയ്ക്കൽക്കൂടി തിരിഞ്ഞു നോക്കി. ചൂളമരങ്ങൾ മൂകത പുതച്ചു നിൽക്കുന്നു.
അന്തേവാസികൾ ഒഴിഞ്ഞു പോയ ഹോസ്റ്റൽ മുറികളും മൂകതയിലാണ്ടു പോയ പോലെ കാണപ്പെട്ടു.
ഇല മൂടി പൂ വിരിഞ്ഞു നിൽക്കുന്ന വാകമരം
സായാഹ്നങ്ങളിൽ അതിന്റെ ശീതളഛായയിലിരുന്നാണ് അവൾ പുസ്തകം വായിയ്ക്കാറുള്ളതു. തണൽ വിരിച്ചു നിൽക്കുന്ന കൂറ്റൻ മാമരങ്ങൾ പേരറിയാത്തവയാണു പലതും. അവ ശമസമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു.
എല്ലാം ഒരിയ്ക്കൽക്കൂടി നോക്കിയ ശേഷം സാറാ അവയോടെല്ലാം മൗനമായ് വിട പറഞ്ഞു.
ഇതുവരെയുള ജീവിതം പല അദ്ധ്യായങ്ങളായി തിരിച്ചാൽ ഏതിനാണു പ്രാധാന്യം കൂടുതൽ ?
നാട്ടിൻ പുറത്തെ ഒറ്റമുറി പളളിക്കു ടം. ഓലമേഞ്ഞ ചെറിയൊരു ഷെഡ്... പിന്നെ സാമാന്യം വലിയ വെച്ചൂർ ദേവിവിലാസം സ്ക്കൂൾ: ചെമ്പകപ്പൂവിന്റെ മണമുളള ഓർമ്മകളാണതിന്...: പിന്നെ നഗരമദ്ധ്യത്തിലെ അതിപ്രശസ്തമായ സെൻറ് ആൻസ് ഗേൾസ് സ്ക്കൂൾ
...
അതിനു പട്ടിണി, വിരഹം ..
ശോശ അമ്മച്ചിയുടെ കഷ്ടപ്പാടുകളും ഇടയ്ക്കുള്ള തമാശകളും നിറഞ്ഞ ഓർമ്മകൾ...
ഒടുവിൽ ഇവിടെയെത്തി.
തന്റെ ജീവിതത്തിലെ പ്രകാശഗോപുരങ്ങളായ പ്രിയ വിദ്യാലയങ്ങൾ.!!
തന്നെ ലക്ഷ്യത്തിലെത്താൻ സഹായിച്ച വഴി വിളക്കുകൾ...
എല്ലാം തുല്യ അളവിൽ മാനിയ്ക്കാനും സ്നേഹിയ്ക്കാനുമേ തനിയ്ക്കു കഴിയൂ'' ഏറ്റക്കുറച്ചിലുകളില്ല.... ഗോമതി ടീച്ചറും ലില്ലി ടീച്ചറും വാർഡൻ കൊച്ചമ്മയും ഹൃദയം നിറയെ സ്നേഹം തന്നവർ..
പുതിയ ഉൾക്കാഴ്ചകളും അവബോധങ്ങളും വായനയിലൂടെ നേടി.... തളരാതെ തന്നെ മുന്നോട്ടു നയിച്ച ഊർജ ശ്രോതസ്സ് ! തന്റെ അമ്മച്ചി !! അവഗണനകളും ആക്ഷേപങ്ങളും പലപ്പോഴും മനസ്സിനെ നോവിച്ചിട്ടുണ്ട്.
എങ്കിലും നല്ല ഓർമ്മകളാണധികവും.... നീ എന്താ കൊച്ചേ ഒന്നും മിണ്ടാത്തതു?
കൂട്ടുകാരിയെ പിരിഞ്ഞ സങ്കടമാണോ?
അയച്ചിയുടെ പരിഭവം നിറഞ്ഞ ചോദ്യം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
താനിതുവരെ ഒന്നും മിണ്ടിയില്ലാ എന്ന കാര്യം അപ്പോഴാണവൾ ഓർത്തതു.
" അമ്മച്ചി നമ്മുടെ നാട്ടിലെന്തുണ്ടു വിശേഷം?
മാർച്ചു മാസത്തിലെ തിളയ്ക്കുന്ന വെയിലിലൂടെ അവർ നടന്നു. പാതയോരത്തെ തണൽ വൃക്ഷങ്ങൾ വെയിൽ കുടിച്ചു മയങ്ങി നിന്നു.
കൊച്ചുപെണ്ണ് ദുഖത്തോടെ ഒരു കാര്യം പറഞ്ഞു.
" നമ്മുടെ ഈശോയെ പോലീസ് പിടിച്ചോണ്ടുപോയി... "എന്തിനു?
കർഷക സമര നേതാവല്ലേ?
വീടു നോക്കാതെ നാടുനന്നാക്കാൻ ചെങ്കൊടീം പിടിച്ചു നടക്കുവല്ലേ... പണിക്കൂലി കൂട്ടണം
പണി സമയം കുറയ്ക്കണം... ഇതു വല്ലോം നടക്കുന്ന കാര്യാണോ?... പോലീസു കണ്ടമാനം തല്ലിയെന്നാ കേട്ടതു.... സാറായ്ക്കു ദു:ഖവും നിരാശയും തോന്നി.
പാവം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഇറങ്ങുന്ന ആളെ അമ്മച്ചി പോലും മനസ്സിലാക്കുന്നില്ല... അവൾ പറഞ്ഞു. 'അവകാശങ്ങൾക്കു വേണ്ടിയാണു സമരം.
എത്ര പേരുടെ എത്ര നാളത്തെ കഷ്ടപ്പാടുകളുടെ വിലയാണു നമുക്കു കിട്ടിയ പല അവകാശങ്ങളും...'
കൊച്ചു പെണ്ണു സാറായെ തുറിച്ചു നോക്കി.
"ങേ... എന്റെ മകളും കമ്യൂണിസ്റ്റുകാരിയാണോ? ദൈവോം പള്ളീം പ്രാർത്ഥനയുമില്ലാത്ത കമ്യൂണിസ്റ്റ്കാർ സമൂഹത്തിനു വിപത്താണെന്നാണവർ ധരിച്ചു വെച്ചിരിക്കുന്നതു..
എല്ലാം ദൈവ നിശ്ചയം എന്നതിലുപരി മറ്റൊരു ഇസവും അവർക്കില്ല.... സാറാ വീണ്ടും നിശബ്ദയായ് നടന്നു....അവളുടെ മറുപടി കൊച്ചുപെണ്ണിനെ അസ്വസ്ഥപ്പെടുത്തി.
തുടരും ..