Image

ധന്യതയുടെ അര നൂറ്റാണ്ട്; തിരിഞ്ഞു നോക്കുമ്പോള്‍ പൂര്‍ണ്ണ സംതൃപ്തി

Published on 23 February, 2026
ധന്യതയുടെ അര നൂറ്റാണ്ട്; തിരിഞ്ഞു നോക്കുമ്പോള്‍ പൂര്‍ണ്ണ സംതൃപ്തി

READ PDF: https://ccdn.emalayalee.com/pdf/1a-6_1771849900.pdf?_gl=1*3e6ulq*_ga*MTkxNzUyNDc2My4xNzcwOTAwODk3*_ga_ESXD36C7N4*czE3NzE4NDg0NTYkbzMxJGcxJHQxNzcxODQ5OTkzJGo1NSRsMCRoMA..

വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുമായി പ്രത്യേക അഭിമുഖം

അമ്പത് വർഷങ്ങളുടെ സമർപ്പിത പുരോഹിതജീവിതം പൂർത്തിയാക്കുന്ന വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുമായി നടത്തിയ  അഭിമുഖം.

അച്ചൻ, പുരോഹിതനായിട്ട് അമ്പത് വർഷം പൂർത്തിയാകുന്നു. ഈ യാത്രയെ കുറിച്ച് തിരിഞ്ഞു നോക്കുമ്പോൾ എന്താണ് പറയാനുള്ളത്?

അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദയം നിറഞ്ഞ സംതൃപ്തിയാണ് അനുഭവിക്കുന്നത്. ദൈവാനുഗ്രഹം ധാരാളമായി ലഭിച്ച വർഷങ്ങളായിരുന്നു ഇവ. ഇത് ഒരു സാധാരണ സേവനയാത്രയല്ല; ദൈവവിളിക്കുള്ള അനുസരണയുടെയും ആത്മീയ സമർപ്പണത്തിന്റെയും സാക്ഷ്യമാണ്.

വൈദീകവൃത്തിയിലേക്ക് വരാനുള്ള   പ്രചോദനം എന്തായിരുന്നു?

1971 കാലഘട്ടത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ സഭാരംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്ന ആഗ്രഹം ഉണ്ടായി. വൈദീകവൃത്തി അതിന് ഏറ്റവും അനുയോജ്യമായ മാർഗമാണെന്ന് മനസ്സിലാക്കി ആ വഴി തിരഞ്ഞെടുത്തു.

വിശ്വാസപരമായ പാരമ്പര്യവും ആത്മീയ അന്തരീക്ഷവും ബാല്യത്തിൽ തന്നെ ലഭിച്ചു. അതോടൊപ്പം ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയും, മകനും അദ്ദേഹത്തിന്റെ കുടുംബവും, മകളും അവരുടെ കുടുംബവും നൽകിയ സ്നേഹവും സഹകരണവും ഈ ദൗത്യത്തിൽ വലിയ ശക്തിയായി നിന്നു. അവരുടെ പ്രാർത്ഥനയും പിന്തുണയും ഇല്ലാതെ ഈ പുരോഹിതജീവിതം ഇത്ര ദൂരം എത്തിക്കാനാവുമായിരുന്നോ എന്ന് തോന്നുന്നില്ല.

ആദ്യം മുതൽ യാക്കോബായ സഭയിൽ തന്നെയായിരുന്നോ?

അതെ. കുടുംബപരമായി തന്നെ അന്ത്യോഖ്യാ വിശ്വാസത്തിലായിരുന്നു. ആ വിശ്വാസത്തിൽ ഒരിക്കലും യാതൊരു വിധ വ്യതിയാനവും ഉണ്ടായിട്ടില്ല. ഈ വിശ്വാസം ശരിയാണെന്ന് എന്നും കരുതിയിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിന്റെയും യാക്കോബായ സഭയുടെയും ആരാധനാരീതികളും അടിസ്ഥാനപരമായി ഒരുപോലെ തന്നെയാണ്.

 വൈദീകനായതുകൊണ്ട് ജീവിതത്തിൽ നിയന്ത്രണങ്ങൾ ആവശ്യമായി വന്നില്ലേ?

തീർച്ചയായും ചില നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് ഒരു ബുദ്ധിമുട്ടായി എനിക്കോ കുടുംബത്തിനോ ഒരിക്കലും തോന്നിയിട്ടില്ല. ആത്മീയ ജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവിക്കുമ്പോൾ നിയന്ത്രണങ്ങൾ സ്വാഭാവികമായി സ്വീകരിക്കാനാകും.

അമേരിക്കയിലേക്കുള്ള യാത്രയെ കുറിച്ച് പറയാമോ?

2003-ലാണ് ഞാൻ അമേരിക്കയിലെത്തിയത്. സഹോദരി സൂസൻ മാത്യുവും സഹോദരീ ഭർത്താവ് ജോസഫ് മാത്യുവുമാണ് സ്പോൺസർ ചെയ്ത് ഇവിടെ കൊണ്ടുവന്നത്. അവരുടെ പിന്തുണ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു.

നാട്ടിലെ ബന്ധങ്ങൾ ഇന്നും അതേപോലെ നിലനിൽക്കുന്നു. കുടുംബാംഗങ്ങൾ ഇവിടെ തന്നെയാണെങ്കിലും, നാട്ടിൽ പോകാനും പള്ളികാര്യങ്ങളിൽ സംബന്ധിക്കാനും അവസരം ലഭിക്കുമ്പോൾ പോകാറുണ്ട്.

അമേരിക്കൻ ഭദ്രാസനത്തിലെ സഭാപ്രവർത്തനങ്ങളെ കുറിച്ച്?

അമേരിക്കൻ ഭദ്രാസനം പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ നേരിട്ടുള്ള ഭരണത്തിന്കീഴിലാണ്. ഇവിടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിൽ സഭ മികവുറ്റ പ്രവർത്തനങ്ങൾ നടത്തുന്നു. സഭ അനുഗ്രഹപൂർണ്ണമായി വളരുകയാണ്.

കോവിഡ് കാലത്ത് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ധാരാളം സഹായങ്ങൾ നൽകി. നാട്ടിൽ വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതുപോലുള്ള കാരുണ്യപ്രവർത്തനങ്ങൾക്കും മുൻഗണന നൽകി.

അമേരിക്കയിലെ വിശ്വാസജീവിതം നാടുമായി താരതമ്യം ചെയ്താൽ?

ഇവിടെയുള്ള വിശ്വാസജീവിതം വളരെ ശക്തമാണെന്ന് ഉറപ്പിച്ചു പറയാം. ആത്മീയ കാര്യങ്ങളിലും വിശ്വാസകാര്യങ്ങളിലും ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നു.

യുവതലമുറയുടെ പങ്ക് എങ്ങനെ വിലയിരുത്തുന്നു?

യുവതലമുറ സഭാകാര്യങ്ങളിൽ സജീവമായ താൽപര്യം കാണിക്കുന്നുണ്ട്. വൈദികരാകാൻ പലരും മുന്നോട്ട് വരുന്നത് അതിന്റെ തെളിവാണ്. എന്നാൽ എല്ലാ സഭകളും ഭംഗിയായി മുന്നോട്ട് പോകാൻ പുതിയ തലമുറയുടെ സഹകരണം അനിവാര്യമാണ്. അവരുടെ പങ്കാളിത്തം കൂടുതൽ ശക്തമാകണം.

ആരാധനാസമയം നീളുന്നതും ഭാഷാപ്രശ്നവും ഒരു വെല്ലുവിളിയാണോ?

അതെ, ആരാധനാസമയം കുറയ്ക്കേണ്ട സമയമെത്തിയിരിക്കുന്നു. ഭാഷാപ്രശ്നവുമുണ്ട്. എങ്കിലും ആരാധനയുടെ ആത്മീയ സാരാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്; അതിനാൽ ഭാഷ പൂർണ്ണമായി മാറ്റാനാകില്ല.

രാജ്യത്ത് ചില ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യം?

കേരളത്തിലും അമേരിക്കയിലും പ്രത്യേക വെല്ലുവിളികൾ അനുഭവപ്പെടുന്നില്ല. എന്നാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ ദുഖകരമാണ്. അതിന് പരിഹാരം കണ്ടെത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.

വിശ്വാസികളോടുള്ള സന്ദേശം?

എന്റെ പുരോഹിതജീവിതത്തിലെ ഈ അമ്പത് വർഷങ്ങൾ വിശ്വാസികളുടെ സ്നേഹവും സഹകരണവും ഇല്ലാതെ സാധ്യമായിരുന്നില്ല. ഞാൻ ശുശ്രൂഷ ചെയ്ത എല്ലാ ഇടവകകളിലും വിശ്വാസികൾ എനിക്ക് കാഴ്ചവെച്ച സ്നേഹവും ആദരവും വാക്കുകൾക്കതീതമാണ്.

പ്രത്യേകിച്ച് ന്യു സിറ്റി സെന്റ് ജോർജ് ചർച്ചിലെയും നാനുവറ്റ് സെന്റ് ജോർജ് ചർച്ചിലെയും അംഗങ്ങളുടെ സ്നേഹവും സഹകരണവും ഏറെ സ്മരണീയമാണ്. ഈ ബന്ധങ്ങൾ ഇന്ന് കുടുംബബന്ധങ്ങൾ പോലെ ഊഷ്മളമായി തുടരുന്നു.

എല്ലാ വിശ്വാസികളോടും ഞാൻ ഹൃദയത്തിൽനിന്നും നന്ദിയുള്ളവനാണ്. അവരുടെ പ്രാർത്ഥനയും പിന്തുണയും തന്നെയാണ് എന്റെ ശക്തിയും ആത്മവിശ്വാസവും.

READ PDF:

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക