
ന്യൂയോര്‍ക്ക് : യാക്കോബായ സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24-ന് അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. 1976 മുതല്‍ 2026 വരെ നീളുന്ന ഈ അമ്പത് വര്‍ഷങ്ങള്‍ ഒരു സാധാരണ സേവനയാത്രയല്ല, വിശ്വാസത്തില്‍ ഉറച്ചു നിന്ന ആത്മീയ സാക്ഷ്യത്തിന്റെ ദീപസ്തംഭമാണ്.
അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖയാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര.
ദൈവവിളിയോടെ ആരംഭിച്ച ഈ പുരോഹിതജീവിതം സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയ അമ്പത് വര്‍ഷങ്ങളുടെ പ്രഭാപൂരിത സാക്ഷ്യമായി വിശ്വാസികള്‍ നന്ദിയോടെ സ്മരിക്കുന്നു.
അമേരിക്കന്‍ അതിഭദ്രാസനത്തില്‍ അഭിവന്ദ്യ യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ-ഭരണപര പ്രവര്‍ത്തനങ്ങളില്‍ ചട്ടത്തില്‍ അച്ചന്റെ സമര്‍പ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുന്‍പ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

1952 ആഗസ്റ്റ് 9-ന് കുമരകത്ത് നെല്ലാനിക്കല്‍ കുടുംബത്തില്‍ പരേതനായ തോമസ് വര്‍ഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പില്‍ കുടുംബത്തില്‍പ്പെട്ട വളളാംകടവില്‍ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു. 1974 നവംബര്‍ 25-ന് പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയില്‍ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബര്‍ 2-ന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 1976 ഫെബ്രുവരി 22-ന് തിരുമേനിയുടെ തൃക്കരങ്ങളാല്‍ പൂര്‍ണ്ണ ശെമ്മാശനായി . മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള മഹത്വപൂര്‍ണ്ണ തുടക്കം ലഭിച്ചത്.
പെരുമ്പള്ളീ വൈദീക സെമിനാരിയുടെ പ്രഥമ പ്രിന്‍സിപ്പലായിരുന്ന പാറേക്കുളത്തു യാക്കോബ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ വിശ്വാസപരമായ ദൃഢതയിലും ശുശ്രൂഷാഭാവത്തിലും വളര്‍ന്നു വന്ന വിശ്വസ്ത ശിഷ്യനായിരുന്നു വന്ദ്യ ചട്ടത്തില്‍ അച്ചന്‍. തിരുമേനിയുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നുള്ള ശുദ്ധമായ വൈദീക പാരമ്പര്യവും അജപാലന ദര്‍ശനവും അദ്ദേഹത്തിന്റെ പുരോഹിതജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു.
1976 ഫെബ്രുവരി 16-ന് പേരൂര്‍ താഴത്തേടത്തായ കാനാട്ടുതുണ്ടത്തില്‍ പരേതനായ കോര ഉലഹന്നാന്റെയും നീലിമംഗലത്ത് മഠത്തേട്ടു കുടുംബത്തില്‍ പരേതയായ ശോശാമ്മയുടെയും പുത്രി ലില്ലിക്കുട്ടിയെ വിവാഹം ചെയ്തു. തുടര്‍ന്ന് 1976 ഫെബ്രുവരി 24-ന് തൃക്കോതമംഗലം സെന്റ് മേരീസ് ബേതലഹേം പള്ളിയില്‍ വെച്ച് പെരുമ്പള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍ നിന്നും കശീശ പട്ടം സ്വീകരിച്ചു. അന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പുരോഹിതജീവിതം ആരംഭിച്ചത്.

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുന്‍പ് കോട്ടയം ഭദ്രാസനത്തില്‍ കൗണ്‍സില്‍ അംഗമായും വൈദീക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഭരണപരമായും ആത്മീയപരമായും വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം വഹിച്ചത് . സഭാ സേവനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. തൃക്കോതമംഗലം പെരുവേലിപ്പാലം-നെല്ലിക്കക്കുന്ന് റോഡ് നിര്‍മ്മാണ കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും തൃക്കോതമംഗലം ഗവ. ഹൈസ്‌കൂളിന്റെ പി ടി എ പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തു. തൃക്കോതമംഗലം സെന്റ് മേരീസ് ബേതലഹേം പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. മദ്രാസ് അണ്ണാനഗര്‍ സെന്റ് തോമസ് പള്ളിയുടെ ആരാധനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുവാന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ ചുമതലപ്പെടുത്തി. വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടും സഭയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ തെളിവുകളാണ് ഇവ.
അമേരിക്കയില്‍ കുടിയേറിയശേഷവും നിസ്തുലമായ സഭാ സേവനം തുടര്‍ന്നു. ഭദ്രാസന കൗണ്‍സില്‍ അംഗമായും ഭദ്രാസന വൈദീക സെക്രട്ടറിയായും അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. അന്ത്യോഖ്യാ സത്യവിശ്വാസത്തില്‍ ഉറച്ചു നിന്നു സഭയുടെ ഐക്യത്തിനും ആത്മീയ പാരമ്പര്യ സംരക്ഷണത്തിനുമായി ശക്തമായി നിലകൊണ്ടു.
ദീര്‍ഘകാല ആത്മാര്‍ത്ഥ സേവനത്തിന്റെ അംഗീകാരമായി, പരിശുദ്ധ പാത്രിയാര്‍ക്കിസ് മോറന്‍ മോര്‍ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ ബാവായുടെ കല്പനയാല്‍ അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ തൃക്കരങ്ങളാല്‍ 2011 സെപ്റ്റംബര്‍ 24-ന് വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് കോര്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
എളനാട് സെന്റ് മേരീസ്, വട്ടുളളി സെന്റ് ജോര്‍ജ്, പാമ്പാടി ഈസ്റ്റ് മര്‍ത്തമറിയം ചെറിയപള്ളി ,നാലുന്നാക്കല്‍ സെന്റ് ആദ്ദായിസ്, കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി, വടവാതൂര്‍ മാര്‍ അപ്രേം, വെളളൂര്‍ സെന്റ് സൈമണ്‍സ്, പങ്ങട സെന്റ് മേരീസ്, മീനടം സെന്റ് ജോണ്‍സ്, മീനടം സെന്റ് ഇഗ്‌നാത്തിയോസ്, വാഴൂര്‍ സെന്റ് ജോര്‍ജ്, കോരുത്തോട് സെന്റ് മേരീസ്, വാകത്താനം സെന്റ് ഇഗ്‌നാത്തിയോസ്, തൃക്കേതമംഗലം സെന്റ് മേരീസ് ബേതലഹേം, കുമരകം ആറ്റാമംഗലം, പാണംപടി സെന്റ് മേരീസ്, നട്ടാശ്ശേരി പൊന്‍പള്ളി, മദ്രാസ് അണ്ണാനഗര്‍ സെന്റ് തോമസ്, പാറമ്പുഴ സെന്റ് സ്റ്റീഫന്‍സ്, പളളം സെന്റ് ഇഗ്‌നാത്തിയോസ്, ഇല്ലിക്കല്‍ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചതിനു ശേഷം അമേരിക്കയില്‍ ആല്‍ബനി സെന്റ് മേരീസ്, വെസ്റ്റ് നയാക് സെന്റ് മേരീസ്, സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോണ്‍സ്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്, വാണക്യു സെന്റ് ജെയിംസ് , യോങ്കേഴ്സ് സെന്റ് ജോണ്‍സ് എന്നീ പള്ളികളില്‍ വികാരിയായി ആത്മീയ നേതൃത്വം നല്‍കി.

ദീര്‍ഘകാലമായി ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ വികാരിയായും, നാന്യുവറ്റ് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ സഹവികാരിയുമായും നിലവില്‍ ആത്മീയ ശുശ്രൂഷ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബജീവിതം ദൈവാനുഗ്രഹത്തിന്റെ വസന്തകാലംപോലെ സമൃദ്ധവും സന്തോഷഭരിതവുമാണ്. സഹധര്‍മിണിയായ ലില്ലിക്കുട്ടി അമ്മായിയോടൊപ്പം മക്കളായ ജോബി വര്‍ഗീസും ലേഖ വര്‍ഗീസും ജീവിതയാത്രയിലെ അഭിമാനവും ആശ്വാസവുമാണ്. മരുമക്കളായ സബി വര്‍ഗീസും ലിനു ജോബിയും കൂടാതെ കൊച്ചുമക്കളായ ലിയാ, ജോഷ്വാ, അലൈനാ, നേഥന്‍ എന്നിവര്‍ കുടുംബത്തിന്റെ സന്തോഷപുഷ്പങ്ങളായി പുതുതലമുറയുടെ പ്രത്യാശയായി വളരുന്നു.
ന്യൂയോര്‍ക്കിലെ ആല്‍ബനിയിലുള്ള സഹോദരന്മാരായ കുര്യന്‍ തോമസ് ചട്ടത്തില്‍, പീറ്റര്‍ എന്‍. തോമസ് ചട്ടത്തില്‍ (മനോജ്) എന്നിവരും സഹോദരിയായ സൂസമ്മ മാത്യുവും കുടുംബ ഐക്യത്തിന്റെ ശക്തമായ തൂണുകളാണ്.
*സുവര്‍ണ ജൂബിലി ആഘോഷം - ഏപ്രില്‍ 18, 2026*
2026 ഏപ്രില്‍ 18-ന് ന്യൂയോര്‍ക്കില്‍ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ സ്വര്‍ണ്ണ ജൂബിലി ആഘോഷം നടക്കും. അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കല്‍ വികാരിയുമായ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ സിറിയന്‍ ഭദ്രാസനത്തിന്റെ ഈസ്റ്റേണ്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിനായുള്ള പാത്രിയാര്‍ക്കല്‍ വികാരിയായ അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് മോര്‍ ഡയോണീസിയസ് ജോണ്‍ കവാക് തിരുമേനി ,ക്‌നാനായ അതിഭദ്രാസനത്തിലെ ആയൂബ് മാര്‍ സില്‍വാനോസും ചടങ്ങില്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖരും വിശ്വാസികളും സാക്ഷികളാകും.
അത് അച്ചന്റെ അന്‍പത് വര്‍ഷത്തെ സമര്‍പ്പിത പരോഹിത്യ സേവനത്തിനുള്ള ആദരവും നന്ദിപ്രകടനവുമാണ്.
അമ്പത് വര്‍ഷം ദൈവവിളിയോട് നിഷ്ഠയോടെ ജീവിച്ച ഈ പുരോഹിത ജീവിതം സേവനം മാത്രമല്ല, വിശ്വാസത്തിന്റെ സാക്ഷ്യമാണ്. സഭയോടും അന്ത്യോഖ്യാ സത്യവിശ്വാസത്തോടും അചഞ്ചലമായ വിശ്വസ്തത പുലര്‍ത്തിയ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്.
ദൈവം അദ്ദേഹത്തിന് ആരോഗ്യവും സമാധാനവും കൂടുതല്‍ വര്‍ഷങ്ങളുടെ അനുഗ്രഹീത സേവനവും നല്കട്ടെ എന്നതാണ് വിശ്വാസികളുടെ പ്രാര്‍ത്ഥന.
തയാറാക്കിയത് : ജിനു കുര്യന്‍ പാമ്പാടി
READ PDF: