
ഇരുപത്തഞ്ചാമത് ശീതകാല ഒളിംപിക്‌സിന് ഞായറാഴ്ച തിരശീല വീണപ്പോള്‍ മെഡല്‍ പട്ടികയില്‍ നോര്‍വേ ഒന്നാമതും(18-12-11) യു.എസ്. രണ്ടാമതും(12-12-9) എത്തി. നെതര്‍ലന്‍ഡ്‌സിനും(10-7-3) ഇറ്റലിക്കുമാണ് (10-6-14) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍. ഇറ്റലിയിലെ മിലാനിലും കൊര്‍ട്ടീന ഡി അപെസോയിലുമായി നടന്ന ശീതകാല ഒളിംപിക്‌സില്‍ പക്ഷേ, ഐസ് ഹോക്കിയില്‍ യു.എസ്. ഇരട്ട സ്വര്‍ണ്ണം നേടി.
വനിതകള്‍ക്കു പിന്നാലെ യു.എസ്. പുരുഷന്മാരും സ്വർണ മണിഞ്ഞു.ഫൈനലില്‍ യു.എസ്. കാനഡയെ തോല്‍പിച്ചു(2-1). എക്‌സ്ട്രാ ടൈമിലെ 1.41 മിനിറ്റില്‍ ജാക്ക് ഹ്യൂസ് ആണ് ഗോള്‍ഡന്‍ ഗോള്‍ നേടിയത്. നിശ്ചിത സമയത്ത് സ്‌കോര്‍ 1-1 ആയിരുന്നു. മാറ്റ് ബോള്‍ഡി യു.എസിനെ മുന്നിലെത്തിച്ചെങ്കിലും കാലി മേറ്ററിലൂടെ കാനഡ സമനില കണ്ടു. യു.എസ്. വനിതകളും ഫൈനല്‍ ജയിച്ചത് എക്‌സ്ട്രാ ടൈമില്‍ ആയിരുന്നു. യു.എസില്‍ ഐസ് ഹോക്കി ഫൈനല്‍ സംപ്രേക്ഷണം ചെയ്യാത്ത ഒരു ടിവി ചാനലും ഇല്ലായിരുന്നത്രെ. വിജയിച്ച ഉടനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ടീമിനെ അനുമോദിച്ചു. 46 വര്‍ഷം കൂടിയാണ് ശീതകാല ഒളിംപിക്‌സ് ഐസ് ഹോക്കിയില്‍ യു.എസ്. പുരുഷന്മാര്‍ സ്വര്‍ണ്ണം നേടുന്നത്. 1980 ല്‍ ആയിരുന്നു ഇതിനു മുമ്പത്തെ സുവര്‍ണ്ണ വിജയം. സെമിയില്‍ യു.എസ്. സ്ലോവാക്യയെയും കാനഡ ഫിന്‍ലഡന്‍ഡിനെയും പരാജയപ്പെടുത്തി. ഫിന്‍ലന്‍ഡിനാണു വെങ്കലം.
ഒരു ശീതകാല ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന രാജ്യം എന്ന സ്വന്തം റെക്കോര്‍ഡ്(2022ല്‍ 16 സ്വര്‍ണ്ണം) നോര്‍വേ മെച്ചപ്പെടുത്തി(18 സ്വര്‍ണ്ണം). ദക്ഷിണ അമേരിക്കയില്‍ നിന്ന് മെഡല്‍ നേടുന്ന ആദ്യ രാജ്യമായി ബ്രസീല്‍. അവരുടെ ആല്‍പൈന്‍ സ്‌കീയിങ് താരം ലൂക്കാര്‍, ജയന്റ് സ്ലാലോമില്‍ സ്വര്‍ണ്ണം നേടി. ജോര്‍ജിയയും ആദ്യ മെഡല്‍ സ്വന്തമാക്കി.
ആകെ 92 രാജ്യങ്ങളില്‍ നിന്ന് 2900 അത്‌ലിറ്റുകള്‍ എട്ട് സ്‌പോര്‍ട്‌സില്‍(16 വിഭാഗം) 116 ഇനങ്ങളില്‍ മത്സരിച്ചു. 29 രാജ്യങ്ങള്‍ മെഡല്‍ നേടി. ഇന്ത്യക്ക് മെഡല്‍ ഇല്ല. സ്‌കീ മൗണ്ടനീറിങ് പുതിയ മത്സര ഇനമായി. ബെനിന്‍, ഗ്വിനിയ - ബിസാന്‍, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ അരങ്ങേറി.