Image

വിക്ടർ ലീനസ് ; (യാത്രാമൊഴി) : ആർ. ഗോപാലകൃഷ്ണൻ

Published on 23 February, 2026
വിക്ടർ ലീനസ് ; (യാത്രാമൊഴി) : ആർ. ഗോപാലകൃഷ്ണൻ

'യാത്രാമൊഴി' കഥയായി എഴുതി,

അജ്ഞാത ജഡമായി യാത്രയായ ധിഷണാശാലി...

വിക്ടര്‍ ലീനസ്സിന്‍റെ ഒരു കഥയില്‍ 'വശ്യ'മായ ഒരു രംഗമുണ്ട്.

കഥാനായകന്‍ മോട്ടോര്‍ ബൈക്കില്‍ പായുമ്പോള്‍ തൊട്ടു പിന്നില്‍ സീറ്റ് അമരുന്നു. കഥാനായകന്‍ ചോദിക്കുന്നു:

"ഹൂ ദ ഡെവിള്‍.....?"

പിന്നില്‍ നിന്ന് മറുപടി...

“ദ ഡെവിള്‍ ഹിം സെസെല്‍ഫ്!”

എൻ്റെ ഉറ്റ സുഹുത്തായിരുന്ന വിക്ടർ ലീനസ്സിൻ്റെ ജീവിതാന്ത്യം ഇന്നും ഒരു തേങ്ങലായി മനസ്സിൽ വിങ്ങുന്നു... പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്നു വിക്ടർ ലീനസ്. കുറച്ചു കഥകൾ മാത്രം എഴുതി. കഥാനായകമാരെ പോലെ വൈചിത്ര്യമാർന്ന നിലയിൽ മരണത്തിനോടൊപ്പം വിക്ടർ ലീനസ് നീന്തി അകന്നു.

"ആരും ആരോടും ചൊല്ലേണ്ടാത്ത ഒരു മൊഴിയുണ്ട്.

എന്ത്?

യാത്രാമൊഴി ..."

വിക്ടർ ലീനസ് (യാത്രാമൊഴി)

34-ാം ചരമവാർഷിക ദിനം, ഇന്നോ നാളെയോ ആണ്.. (അതു സംഭവിച്ച ദിനം കൃത്യമല്ല) സ്മരണാഞ്ജലികൾ! 

എറണാകുളത്തെ വൈറ്റിലയിൽ (തൈക്കൂടം) 1946 സെപ്റ്റംബർ 2-ന് ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും സമുദ്രജീവശാസ്ത്രത്തിൽ ബിരുദാന്തര ബിരുദവും നേടിയശേഷം 'മത്സ്യങ്ങളെ'ക്കുറിച്ച് ഗവേഷണം ചെയ്തു. (ഡോ. സി.ടി. സാമുവൽ ആയിരുന്നു റിസർച്ച് ഗൈഡ്) പക്ഷേ, ഗവേഷണ പ്രബന്ധം സമർപ്പിച്ചില്ല...

1976-ൽ പത്രപ്രവർത്തന മേഖലയിലെത്തി. 'ഇസബെല്ല', 'സോഷ്യലിസ്റ്റ് ലേബർ' എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. തുടർന്ന് 'ബ്ലിറ്റ്സ്', 'ഓൺലുക്കർ' മാസികകളുടെ കേരള ലേഖകനായി ജോലി നോക്കി. 'റബ്ബർ ഏഷ്യ' എന്ന ഇംഗ്ലീഷ് ബിസിനസ് മാസികയുടെ സഹപത്രാധിപരായും 'മലയാള മനോരമ'യിലും (കരാർ അടിസ്ഥാനത്തിൽ എം എം പബ്ലിക്കേഷനിൽ) ജോലി ചെയ്തിട്ടുണ്ട്.

ഞാൻ എഡിറ്റർ ആയിരുന്നപ്പോൾ 'പൂമ്പാറ്റ'ക്കുവേണ്ടിയും ചില പരിഭാഷകൾ ചെയ്‌തിരുന്നു.

ഇതിനിടയിൽ രാമുകാര്യാട്ടിന്റെ സഹകാരിയായി സിനിമാരംഗത്തും പ്രവർത്തിച്ചു. നോവലിസ്റ്റ് ജോസഫ് വൈറ്റിലയുടെയും സംവിധായകൻ വിജയൻ കാരോട്ടിൻ്റെയും സുഹൃത്തായിരുന്നു.

വിക്ടർ, പതിവായി, നിറുത്താതെ വലിച്ചിരുന്ന ചാർമിനാർ സിഗരറ്റു പോലെ, ആ ജീവിതവും ഏറെയൊന്നും അവശേഷിപ്പിക്കാതെ എരിഞ്ഞു തീരുകയായിരുന്നു.....

1972 മുതൽ 1992 വരെ, നീണ്ട രണ്ട് ദശകത്തെ സാഹിത്യജീവിതത്തിൽ അദ്ദേഹത്തിൻറേതായി ഒരു ഡസനോളം കഥകൾ മാത്രമേ പ്രസിദ്ധീകൃതമായുള്ളൂ. അതിൽ തന്നെ ആദ്യത്തെ നാലു വർഷങ്ങൾ കഴിഞ്ഞാൽ മൗനത്തിൻറെ ദീർഘമായ ഇടവേള കനത്തു നില്ക്കുന്നു. മൂന്നു കഥകൾ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിൻറെ ജീവിതാന്ത്യത്തോട് അടുപ്പിച്ചായിരുന്നു.

പന്ത്രണ്ട് കഥകൾ മാത്രമെഴുതി അനശ്വരനായവൻ്റെ കഥകൾ: സ്ഥലം, കാലം, വേദന, ഉത്കണ്ഠ, ബൗദ്ധികരോഷം, മാറുന്ന മനുഷ്യബന്ധങ്ങൾ - ഇതെല്ലാം പ്രകാശിപ്പിക്കാൻ വിക്ടറിന് സ്വന്തം രീതികൾ ഉണ്ടായിരുന്നു. പ്രജ്ഞയുടെ അപരിചിതമായ തലങ്ങളിലൂടെ വിക്ടർ സഞ്ചരിച്ചു.

മനുഷ്യൻറെ തീവ്രവ്യഥകളുടെ പിടച്ചിലുണ്ട് ഈ കഥകളിൽ നിറയെ. പിന്തുടർന്നാക്രമിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ കുടഞ്ഞ് കളയാനുള്ള കുതറലും , പിന്നീട് ഒരു പരാജിതൻറെ സമരസപ്പെടലും നിർമമതയും വരികൾക്കിടയിൽ വായിച്ചെടുക്കാം . അസാമാന്യമായ പ്രതിഭ , ശക്തവും സുന്ദരവുമായ ഭാഷയിൽ പക്ഷേ ഉടനീളം വേദനയുടെ വടുക്കൾ കാണാം .

#എഴുതിയ #കഥകളിൽ ചിലത് : മഴമേഘങ്ങളുടെ നിഴലിൽ; ജ്ഞാനികളുടെ സമ്മാനം; ഒരു ഗോപികയുടെ കഥ; പരിദാനം; ഒരു ധീരോദാത്ത നായകൻ; ഒരു സമുദ്ര പരിണാമം; 53-ലൊരു പകൽ; കവർസ്റ്റോറി; വിരുന്ന്; നീണ്ട നിശ്ശബ്ദതക്കുശേഷം; വിട; യാത്രാമൊഴി... തീക്ഷ്‌ണമായ ജീവിതം നിറഞ്ഞ ഏതാനു കഥകള്‍ മാത്രം വിക്ടര്‍ ലീനസ് അവശേഷിപ്പിച്ചു.

തൻ്റെ കഥകളെപ്പോലെ തന്നെ അസാധാരണമാണ് കഥാകാരൻറെ ജീവിതവും. സാഹിത്യ രംഗത്തെ മാത്രമല്ല, ശാസ്ത്രത്തിലും, ചിത്രകലയിലും തുടങ്ങി നിരവധി തുറകളിൽ അസാമാന്യമാം വിധം പടരാൻ ശേഷിയുണ്ടായിരുന്ന ആ പ്രതിഭയെ, തൻ്റെ ഉള്ളിലെ ദുഃഖപൂർണ്ണമായ ബാല്യവും തുടർന്ന് താൻ നയിച്ച ജീവിതവും അനുഭവങ്ങളും എല്ലാം ചേർന്ന് കശക്കി എറിഞ്ഞു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വിദൂര ദേശങ്ങളിൽ ജോലി ചെയ്തിരുന്ന പിതാവുമായുള്ള ഭിന്നതകളും മാതാവിനോടുള്ള സ്നേഹവും വിക്ടറുമായുള്ള സംഭാഷങ്ങളിൽ പ്രകടമായിരുന്നു. കുടുംബത്തിലെ കാര്യങ്ങൾ പലതും എന്നോടും സുഹൃത്തും എഴുത്തുകാരനുമായ കെ. രാധാകൃഷ്ണനുമായി പങ്കുവച്ചിരുന്നു എങ്കിലും പൊതു മാദ്ധ്യമത്തിൽ അവ കുറിക്കുന്നില്ല.

വിക്ടർ എഴുതിയ കഥകളിൽ മരണം വിരുന്നു വരാത്ത കഥകൾ വിരളമാണ്. വിക്ടറിൻറെ ജീവിത ദുരിതങ്ങളിൽ മരണം സന്തത സഹചാരിയാണെന്ന തോന്നൽ അദ്ദേഹത്തിൽ ഉണ്ടാക്കിയിരിക്കാമെന്ന് ഇത് വ്യക്തമാക്കുന്നു. 'വിട' എന്ന കഥ പ്രസിദ്ധീകരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ച ജീവിതപങ്കാളി വിക്ടറിനെയും ഏക മകൾക്കൊപ്പം തനിച്ചാക്കി വിടപറഞ്ഞത്.

വിക്ടർ തൻ്റെ ജീവിത കാലത്ത് തന്നെ തൻ്റെ ആദ്യ കഥാസമാഹരം സ്വയം 1985-ൽ അച്ചടിപ്പിച്ചു; ആദ്യകാലത്തെ ഒൻപത് കഥകൾ അതിലുണ്ടായിരുന്നു. അതിൻ്റെ ബ്ലാക്ക് & വൈറ്റ് കവർ സ്വയം ഡിസൈൻ ചെയ്യുകയായിരുന്നു. വെള്ള പ്രതലത്തിലെ മുള്ളുവേലി ആ പുറംചട്ടയിൽ അദ്ദേഹം വരച്ചു ചേർത്തതാണ്. പുതിയ ജീവിതം തുടങ്ങുന്നതിൻ്റെ പ്രശംഭമാണ് ഈ സമാഹാരം എന്നാണ് വിക്ടർ പറഞ്ഞത്. തുടർന്ന് ഏതാനും മാസത്തിനു ശേഷം അദ്ദേഹം തൻ്റെ പ്രണയിനിയെ വിവാഹം കഴിച്ചു.

അദ്ദേഹത്തിൻ്റെ മരണശേഷമാണ് സമ്പൂർണ്ണ കഥകളുടെ സമാഹാരം പുറത്തുവരുന്നത്. അവസാന നാളുകളിൽ എഴുതിയവ ഉൾപ്പെടെ പന്ത്രണ്ടുകഥകൾ ഇതിലുണ്ട്.

വിക്ടർ ലീനസ്സിന്റെ കഥാ സമാഹരത്തിന് അവതാരിക എഴുതിയത് കെ.പി. അപ്പൻ. ഡോ.കെ.എസ്. രവികുമാർ വിക്ടറിൻറെ കഥാകളെക്കുറിച്ച് നടത്തിയ പഠനവും ജോസഫ് വൈറ്റില, രഘുരാമൻ എന്നിവർ സുഹൃത്തുക്കൾ കുറിച്ച സ്മരണകളും ഉൾപ്പെടുത്തിയാണ് 'വിക്ടർ ലീനസിൻറെ കഥകൾ' എന്ന സമാഹാരം ഇറങ്ങിയത്. വിക്ടർ എന്ന സാഹിത്യകാരൻറെയും മനുഷ്യൻറെയും ജീവിതത്തെ അടുത്തറിയാൻ പര്യാപ്തമാക്കുന്നതാണ് ഈ കുറിപ്പുകൾ.

കെ.പി. അപ്പൻ എഴുതുന്നു: "കൊച്ചി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുണ്ട ജീവിതങ്ങളുടെ കഥ പറഞ്ഞ കഥാകൃത്തായിരുന്നു വിക്ടര്‍ ലീനസ്. ദുരന്തത്തിന്‍റെയും മരണത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും അശുഭദര്‍ശനങ്ങളുടെയും അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന കഥകള്‍. കാഫ്കയുടെ കഥകള്‍ പോലെ.

"മികച്ച അക്കാഡമിക്ക് വിദ്യാഭ്യാസവും പ്രതിഭയുമുണ്ടായിരുന്ന വിക്ടര്‍ ലോകത്തിന്‍റെ കാപട്യത്തോടും നിഷ്ഠകളോടും പൊരുത്തപ്പെടാനാവാതെ ആരാലുമറിയാതെ ഒരു ഒരജ്ഞാതജഡമായി അവസാനിച്ചു."

മരിയ റോസ് (in Manorama) കുറിക്കുന്നു: "എണ്ണത്തിൽ പരിമാതമായ വിക്ടറിന്റെ ഈ കഥകള്‍ വായിക്കുമ്പോള്‍, ഒരു 'കാഫ്കായെസ്ക്' നഗരം പോലെ ദുരന്തച്ഛവി പടര്‍ന്ന ഒരിടമായി അനുഭവപ്പെടും കൊച്ചി..."-

വിക്ടർ ലീനസ്സിൻ്റെ ഭാര്യ, ബേഡി 1991-ൽ മരിച്ചു; ആ ദുരന്തപൂർണ്ണമായ വേർപാടിനു ശേഷം വിക്ടർ അതീവ ദുഖിതനായിരുന്നു....

1992 ഫെബ്രുവരിയിൽ 22-നു പാതിരയ്ക്കോ 23-നു വെളുപ്പിനോ, വിക്ടർ റോഡിൽ അപകടത്തിൽപ്പെട്ട് അന്തരിച്ചു..... വിക്ടറിൻ്റെ അവസാനത്തെ കഥയിൽ വിവരിക്കും പ്രകാരം, വാഹനം ഇടിച്ചു റോഡിൽ മരിച്ചുവീണ അദ്ദേഹം, അജ്ഞാതനായി മറവുചെയ്യപ്പെട്ടു... പിന്നീട് അടുത്ത സുഹുത്തായ പ്രിൻ്റെഴ്‌സ് കാസ്റ്റിൽ ജോസ് ചേട്ടനും മറ്റു ചിലരും ചേർന്ന്, ഇത് തിരിച്ചറിഞ്ഞു വേണ്ട കാര്യങ്ങൾ ചെയിതു....

വിക്ടർ- ബേഡി ദമ്പതികളുടെ ഏക മകൾ 'അമല' എൻ്റെ മകളുടെ ഉറ്റ മിത്രവും സതീർഥ്യയുമാണ്. കോളേജ് നിലവാരത്തിൽ ഗണിത അധ്യാപികയായ, അമലയുടെ വിവാഹത്തിന് വൈറ്റില തൈക്കൂടം പള്ളിയിൽ ഞങ്ങൾ കുടുബസമേതം ഉണ്ടായിരുന്നു.

.................. ജോസഫ് വൈറ്റില എഴുതിയത്..

'ഏതാനും വരികളിൽ ഒതുങ്ങി നില്ക്കുന്നതല്ല വിക്ടർ ലീനസും ഞാനും കൂടി ജീവിച്ചുതീർത്ത ഭൂമിയിലെ ജീവിതം.

"വിക്ടർ ലീനസിനെക്കുറിച്ച് ഓർക്കുന്ന മാത്രകളിലൊക്കെ ബൈബിളിലെ ഒരു കഥയാണ് എന്റെ ഓർമ്മയിൽ ഓടിയെത്തുന്നത്. തോട്ടക്കാരൻ തോട്ടത്തിന്റെ നടുവിൽ പ്രത്യേകമായി നട്ടുവളർത്തിയ അത്തിവൃക്ഷത്തിന്റെ ഉപമ. പ്രത്യേകമായി ശുശ്രൂഷിച്ചിട്ടും ഏറ്റവും നന്നായി പരിചരിച്ചിട്ടും അത്തിവൃക്ഷം ഫലം പുറപ്പെടുവിച്ചില്ല. ഒടുവിൽ യജമാന്റെ കല്പനപ്രകാരം അത്തിവൃക്ഷം വെട്ടി തീയിലിട്ടു. എന്റെ ജീവിതത്തിന്റെ ദു:ഖമാണ് ലീനസ്. ഇന്നും വിക്ടർ ലീനസ് മരിച്ചു എന്നു കരുതാൻ എനിക്കാവുന്നില്ല!"

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക