
മാതാപിതാക്കളുടെ ഭാഗം നോക്കുമ്പോൾ ഒരു മകളെ കെട്ടിച്ചു വിട്ടാൽ അവളുടെ കാര്യം കഴിഞ്ഞു. അവൾ കെട്ടിയവന്റെ കുട്ടികളെയും പ്രസവിച്ചുവളർത്തി ദുരിതപ്പെട്ടോ സുഖപ്പെട്ടോ ജീവിച്ചു മരിക്കട്ടെ. അങ്ങനെയാണല്ലോ ഇവിടെ എല്ലാവരും. നിനക്കെന്താണ് പ്രത്യേകത എന്നാണു ചോദ്യം.
അതെ, എന്താണെന്‍റെ പ്രത്യേകത?
ആ കാലത്താണ് ഉപ്പ ബോംബയിൽനിന്നും വന്നപ്പോൾ എനിക്കും റെജിക്കും രണ്ടുജോഡി ഷൂ കൊണ്ടുവന്നത്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഷൂ ആയിരുന്നു അത്! ഉമ്മയുടെകൂടെ ഏതോ ഒരിടത്തേക്ക് ഷൂവും ഇട്ടോണ്ട് പോയി. നടക്കാൻ തുടങ്ങിയപ്പോഴാണ് വളരെ നോവുന്ന ആ സത്യം തിരിച്ചറിഞ്ഞത്. ഷൂ ചേരുന്ന ഭാഗം കാലിന്റെ പുറംമടമ്പ് ഉരഞ്ഞുരഞ്ഞു പൊട്ടുന്നു. എന്തു ചെയ്യും?
വെളിച്ചെണ്ണ പുരട്ടി നോക്കി. പക്ഷെ തൊലി ഉരഞ്ഞു പൊട്ടിയ കാലിന്റെ ഭാഗം ഷൂവിൽ തൊടാൻ വയ്യ... ജീവൻ പറിക്കുന്ന വേദന സഹിച്ചു ഒരുവിധം നടന്നു. ഞാൻ എല്ലാവരെയും നോക്കി. എല്ലാവരും പലവിധ ബഹുവർണ്ണങ്ങളിൽ മുക്കിയ പാദുകങ്ങൾ ചവിട്ടുന്നു. പക്ഷെ എനിക്ക് വയ്യ... ഞാൻ ഷൂ ഊരി കൈയിൽ പിടിച്ചു. ഹോ! എന്തൊരാശ്വാസം!
ഉടനെ കൂടെയുള്ള ഒരുവൾ പറഞ്ഞു.
ഛെ...എല്ലാരും ചെരിപ്പിട്ടിരിക്കുന്നത് കണ്ടില്ലേ... നീ എന്താണീ ചെയ്യുന്നത്... ഉമ്മ ഉടനെ തിരിഞ്ഞുനോക്കി തലയ്ക്ക് ഒരു കിഴുക്ക് തന്നു.
'നിനക്കുമാത്രം എന്താ എല്ലാറ്റിനും പ്രത്യേകത? മറ്റുള്ളവർക്ക് പ്രശ്നമില്ലല്ലോ...?'
ഒടുവിൽ ഞാനും റെജിയും സോക്സ് വാങ്ങാൻ തീരുമാനിച്ചു. സോക്സ് ഇട്ടാൽ കാല് പൊട്ടുകയില്ല എന്ന് റെജിയാണ് പറഞ്ഞത്. കുറച്ച് കുറച്ച് കാശ് എടുത്തുവെച്ചു സോക്സ് വാങ്ങാൻ പരുവപ്പെടുമ്പോഴേക്കും ആ വർഷത്തെ തുലാമഴയിൽ ഷൂ നനഞ്ഞു പാളീസായിപോയിരുന്നു! മഴ തന്റെ മഴനൂൽ കൈകളാൽ അതിന്‍റെ അലുക്കുകളെല്ലാം ഒഴുക്കിക്കളഞ്ഞു! അല്ലെങ്കിൽത്തന്നെ ഞങ്ങളുടെ ഷൂവിനോട് മഴയ്ക്ക് എന്തു പ്രത്യേകത... എന്തു പക്ഷഭേദം...
പ്രത്യേകതകൾ ഇല്ലാത്ത ആ കുട്ടി എല്ലാത്തിനോടും കലഹിച്ചും ചോദ്യം ചെയ്തും വളര്‍ന്നുകൊണ്ടിരുന്നു.
അപ്പോഴും ‘ദബ’ പറയും. അവള്‍ അവള്‍ക്ക് ഇഷ്ടമുള്ളത് ഇടട്ടെ. എന്തിനാ ആ കുട്ടിയെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് എന്ന്.
അന്ന് കേരളത്തിലെ എല്ലാ മധ്യവര്‍ഗ്ഗകുടുംബങ്ങളും പാപ്പരായിരുന്നു. ചെറിയ വീടുകളിലെ നിസ്സഹായരായ മനുഷ്യരും ചെറിയ വരുമാനവും എല്ലാവർക്കുംകൂടി വസ്ത്രങ്ങൾ ഇടാൻ ഒരു അലമാരയോ ഡ്രങ്ക് പെട്ടിയോ കയർ കുട്ടകളോ അതിൽ കൈയ്യിട്ടു പരതി അവരവരുടെ വസ്ത്രങ്ങൾ കണ്ടുപിടിക്കാൻ നടത്തുന്ന യുദ്ധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പത്തുപൈസയ്ക്ക് ബസിൽ കൺസഷൻ വാങ്ങി യാത്ര ചെയ്യാമെങ്കിലും പത്താംക്ലാസ് വരെ നടന്നുപോയാണ് പഠിച്ചത്. അത് ഇന്നത്തെ കുട്ടികളോട് പറഞ്ഞാൽ ഓ... ദാരിദ്ര്യം പറയാൻ തുടങ്ങി എന്ന് പറയും. ദാരിദ്ര്യമല്ല ജീവിതത്തിന്റെ അവസ്ഥകൾ ആണെന്ന് ജെൻ സി തലമുറയ്ക്കും അതിനപ്പുറം പോകുന്നവർക്കും പതുക്കെ മനസ്സിലായി വരും. കാലം ഉരുളുകയാണ്.
വീട്ടിലെ എല്ലാ കുട്ടികൾക്കുംവേണ്ടി ഒന്നോ രണ്ടോ സ്ലൈഡ്... ഒന്നോ രണ്ടോ ജോഡി റിബൺ.... സ്കൂൾ യൂണിഫോം ഉണ്ടെങ്കിൽ അതുകൂടാതെ ഒറ്റ ജോഡി ഡ്രെസ്... എവിടേക്കുപോകാനും ചെരുപ്പുകൾ രണ്ടെണ്ണം മാത്രം...വിശേഷ ദിവസങ്ങളിൽ ഇടാൻ ഒരു പുതിയ ഡ്രെസ് ആ പ്രദേശത്തെ ആരുടെയെങ്കിലും കൈയിൽ ഉണ്ടാകും. കുടുംബക്കാരും അയൽക്കാരും കോളേജിലെ കൂട്ടുകാരും ആ വസ്ത്രം മാറി മാറി ഇടും. അടുത്ത വീടുകളിലെ ഒരേ പ്രായത്തിലുള്ള പെൺകുട്ടികളുടെ വാപ്പമാര്‍ ഗൾഫിൽനിന്നും കൊണ്ടുവരുന്ന ഉടുപ്പുകളും ചെരുപ്പും ദുപ്പട്ടകളും മുടിപ്പിന്നുകളും വിശേഷദിവസങ്ങളിൽ എന്റെ ദേഹം അലങ്കരിച്ചു! പെട്ടിയിൽനിന്നും പുത്തൻമണം മാറാത്ത വസ്ത്രങ്ങൾ സന്തോഷത്തോടെ എടുത്തുനീട്ടാന്‍ അയല്പക്കത്തെ കൂട്ടുകാർക്ക് യാതൊരു മടിയും ഇല്ലായിരുന്നു.
അന്നത്തെ ഏറ്റവും വലിയ ആർഭാടം കുട്ടികൂറ പൌഡർ ടിന്നും പോണ്ട്സിന്റെ വയലറ്റ് നിറത്തിലുള്ള ചെറിയ പൌഡർ ഡപ്പയും ആയിരുന്നു.ഹിന്ദു കുട്ടികൾ അവരുടെ നെറ്റിയിൽ ഒരു പൊട്ടുകൂടി വെക്കും. ഒരേ പൊട്ട് തന്നെ പതിച്ചും എടുത്തും പുറകിലെ പശ തീരുംവരെ അടിച്ചമർത്തി നെറ്റിയെ തോല്പ്പിക്കും!
പൌഡർ വാങ്ങി ഓടിവാ എന്ന് ഉമ്മ പറയുമ്പോൾ ഞാൻ അടുത്ത വീട്ടിലെ ശാന്ത ചേച്ചിയുടെയോ മണിച്ചേച്ചിയുടെയോ അടുത്തേക്കോടും. അവർ ഒരു കടലാസ്സിൽ പൌഡർ കുടഞ്ഞിട്ടു തരും. അല്ലെങ്കിൽ ടിൻ മുഴുവനോടെ തരും. കറി എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ച് വിരുന്നുകാര്‍ വന്നാൽ ആ ചേച്ചിമാരും ഇങ്ങോട്ടു ഓടും. കുറച്ച് പരിപ്പും ചീരയും കാച്ചി വെച്ചതേ ഉള്ളൂ. അതെങ്ങനെയാ വിരുന്നുവന്നവർക്ക് കൊടുക്കുക എന്ന നെടുവീര്‍പ്പുകള്‍ അടുക്കളമണത്തില്‍നിന്നും ഉയരും.
ഒരു ചെറിയ ഹോർലിക്സ് കുപ്പി ഏതേലും വീട്ടിൽ വാങ്ങിയാൽ ആ ആഴ്ച വിരുന്നുകാർക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ ഇഞ്ചി ചതച്ച വെള്ളമോ കുടിക്കേണ്ടി വരില്ല. പക്ഷെ വീട്ടിലെ കുട്ടികൾക്ക് ഹോർലിക്സും പപ്പടവും മത്സ്യവും കിട്ടുകയില്ല. അതിനു നമ്മൾ എവിടേലും വിരുന്നുകാരായി കേറി ചെല്ലണം.
അവിടുന്നും ഇവിടുന്നും വാരിത്തേച്ചുവെച്ച സ്നേഹമല്ലാതെ മറ്റൊന്നും ആരുടെ കൈയിലും പകരം കൊടുക്കുവാൻ ഉണ്ടായിരുന്നില്ല.
ഇത്തരം കാര്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും പെണ്മക്കളെ കല്യാണം ചെയ്തു “കളയണം” എന്നായിരുന്നു എല്ലാ വീട്ടുകാരുടെയും മനസ്സില്‍.
എന്തുകൊണ്ടാണ് സമൂഹത്തിന്‍റെ മനസ്സില്‍ ഇപ്പോഴും അങ്ങനെയൊരു ചിന്താഗതി കല്ലിച്ചു കിടക്കുന്നത് എന്ന് ഇതെഴുതുന്ന ഈ രണ്ടായിരത്തിഇരുപത്തിയാറിലും (2026-ലും) എനിക്ക് മനസ്സിലായിട്ടില്ല.
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല സ്വഭാവവും കൊടുത്തു സ്വയം പര്യാപ്തരാക്കി വിട്ടാല്‍ വേണമെന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ അവര്‍ പങ്കാളിയെയും കുടുംബത്തെയും ഉണ്ടാക്കട്ടെ എന്ന് ചിന്തിക്കാന്‍ കഴിയാത്ത സമൂഹമാണ് ഇപ്പോഴും കണ്മുന്നില്‍.
ഉദയത്തിന്റെ ആദ്യനിമിഷത്തിനും
മുൻപേ ഉണരുന്ന ആളായിരുന്നു എന്റെ ദബ. എന്റെ ഉമ്മയുടെ ഏട്ടത്തിയാണ് ദബ. ആ പ്രത്യേക പേര് ആദ്യമായി ഞാനാണ് വിളിച്ചത്. ആ പേരിലാണ് പിന്നീട് എല്ലാ മക്കളും ദബാ എന്ന് അവരെ നീട്ടിവിളിച്ചത്.
സുബ്ഹി നിസ്കരിക്കാൻ വളരെനേരത്തെ ഉണർന്ന് ദിനകൃത്യങ്ങൾ നിർവഹിച്ചു നിസ്കാരപ്പായയിൽ ഇരുന്നു മുക്കാൽ മണിക്കൂറോളം കാണാതെ ഖുർആൻ ഓതുന്ന ദബയാണ് എന്റെ പുലർകാലകാഴ്ച! കാണാതെ ഖുർആൻ മണിക്കൂറുകളോളം ഓതുന്ന മറ്റൊരാളെ ഞാൻ പിന്നീട് കണ്ടിട്ടുമില്ല! സൂര്യന് മുൻപുള്ള ഫജറുസാദിഖ് (പുലരി നക്ഷത്രം) ഉദിക്കുമുൻപേ എഴുന്നേറ്റു സുബ്ഹി നിസ്കാരത്തിനും മുൻപേയുള്ള നിസ്കാരം അവർ നിർവഹിച്ചിരുന്നു.
എന്റെ ഓർമ്മയിൽ ദബ ഉണരുംമുൻപ് സൂര്യൻ ഉണർന്നിട്ടില്ല!
മേനി പറയാൻവേണ്ടിമാത്രം നാലുമണിക്കുമുൻപേ എഴുന്നേറ്റു തഹജ്ജുദ് നിസ്കരിച്ചു എന്നു പലരും ഇന്ന് പറയുമ്പോൾ ഒരു പെരുമയും പറയാതെ, ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ അസാധാരണ കാര്യങ്ങൾ ചെയ്തു ജീവിച്ചു മരിച്ച ദബയെ ആരാധനയോടയല്ലാതെ ഓർക്കാൻ കഴിയുകയില്ല.
അസാധാരണ കാര്യങ്ങൾ എന്നു പറഞ്ഞാൽ അതൊരുപാടു ഉണ്ട്.
നമ്മൾ മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുത്താലേ നമുക്കും എന്തെങ്കിലും ലഭിക്കുകയുള്ളൂ. അതു പ്രകൃതിനിയമമാണ്. ഒന്നും കൊടുക്കുവാൻ ഇല്ലാത്ത ഒരാൾക്ക് ഒന്നും തിരികെ ലഭിക്കുകയുമില്ല.
നമ്മുടെ കൈയിൽ നിറയെ ഉണ്ടായതിനുശേഷം മറ്റുള്ളവർക്ക് കൊടുക്കാമെന്നു കരുതി ജീവിച്ചാൽ തിര ഒഴിഞ്ഞിട്ടു കടലിൽ കപ്പൽ ഇറക്കാനായി കാത്തിരിക്കും പോലെയാണ്. ദബയുടെ കൈയിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പരോപകാരമല്ലാതെ! നിറയെ മാങ്ങയുള്ള മാവുപോലെ ആയിരുന്നു അവർ. അവസാന മാങ്ങയും അവർ ആവശ്യക്കാർക്ക് കൊടുത്തു. കല്ലെറിഞ്ഞു വീഴ്ത്തുന്നവർക്കും മരം വെട്ടാൻ വരുന്നവർക്കും അവർ തണൽ നൽകി.
അമ്പരപ്പിക്കുന്ന ദാനശീലമായിരുന്നു അവരുടെ കൈമുതൽ!!
എന്റെ ഉമ്മയുടെ വിവാഹം കഴിയുമ്പോൾ ദബയുടെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു.
ഉമ്മയുടെ വിവാഹശേഷം ഉമ്മ ദൂരേക്ക്പോയി.
ഉമ്മയുടെ ആദ്യത്തെ കുഞ്ഞിന്റെ ഗർഭധാരണവും ജനനവും മരണവും ഉണ്ടാക്കിയ കഷ്ടപ്പാടുകൾ താണ്ടാൻ ഉമ്മയെ കെൽപ്പുള്ളവൾ ആക്കിയത് ദബയാണ്.
കുറച്ചു കഴിഞ്ഞു ഉമ്മ വീണ്ടും ജോലിക്കു പോയി തുടങ്ങി. ആ സമയത്തു വീട്ടിലെ ജോലികൂടി ചെയ്യാനുള്ള സമയവും ആരോഗ്യവും ഉമ്മയ്ക്ക് ഉണ്ടായിരുന്നില്ല.
ദബ എല്ലാ ആഴ്ചയും ബസിൽ ഉമ്മയുടെ അടുത്തേക്ക് വരും. ഒരാഴ്ചയോളം കഴുകാതെ കൂട്ടിയിട്ട വസ്ത്രങ്ങൾ എടുത്തു പുഴയിൽ കൊണ്ടുപോയി അലക്കും. അവിടെത്തന്നെ വിരിച്ചിടുന്നതുകൊണ്ട് അലക്കി കഴിയുമ്പോഴേക്കും പലതും ഉണങ്ങി കഴിഞ്ഞിരിക്കും. അതുംകഴിഞ്ഞു വീട് അടിച്ചുവാരി വൃത്തിയാക്കി പാത്രങ്ങളിൽ വെള്ളം പിടിച്ചുവെച്ചു കറിയും ഉണ്ടാക്കിവെച്ചു വൈകുന്നേരമാണ് ദബ മടങ്ങുക.
അങ്ങനെയിരിക്കെയാണ് എന്റെ ജനനം. ഉമ്മയുടെ രണ്ടാമത്തെ മകളാണ് ഞാൻ. കുറച്ചുകാലം കഴിഞ്ഞപ്പോൾ ദബ എന്നെ അവരുടെ കൂടെ കൂട്ടി. ഉമ്മയുടെ ജോലിയും അടുത്ത ഗർഭകാലകഷ്ടവും തുടർന്നുകൊണ്ടിരുന്നു.
ഞാൻ ജനിച്ചുകഴിഞ്ഞും മറ്റെല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോഴും വളരുമ്പോഴും ഈ സഹായങ്ങൾ ഒരു അനുഷ്ഠാനംപോലെ തുടർന്നുകൊണ്ടിരുന്നു.
പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് ഉമ്മയെ കാണാനായി വീട്ടിലേക്ക് പോകുക. ദബ വസ്ത്രങ്ങൾ കഴുകി ഉണങ്ങാനീടുന്ന നേരമൊക്കെയും ഞാൻ പുഴവക്കത്തു കളിക്കുകയോ അല്ലെങ്കിൽ ഉമ്മയുടെ കൂടെ ഇരിക്കുകയോ ചെയ്യും.
ഞാന്‍ കാണുകയായിരുന്നു ഒരു വിവാഹവും ശേഷമുള്ള ജീവിതവും സ്ത്രീകൾക്ക് മാത്രമായി നൽകുന്ന കഷ്ടപ്പാടുകൾ!
എന്താണ് നേട്ടം?
ഒന്നുമില്ല. മക്കൾ ഉണ്ടാകുന്നു. അവരെ വളർത്തുന്നു. അവർ വലുതാകുന്നു. വീണ്ടും മക്കൾ ഉണ്ടാകുന്നു. ഈ ചക്രം തുടരുന്നു.
അതിനിടയിൽ ദബയുടെ വിവാഹം കഴിഞ്ഞു. കുട്ടികൾ ഉണ്ടായില്ല. ദബയുടെ രണ്ടു സഹോദരിമാരുടെ മക്കളെയും അവരാണ് നോക്കിയത്. അങ്ങനെ അവർക്ക് ഞാനടക്കം ആറു മക്കളുണ്ടായി. വീട്ടിലെ ആറു പ്രസവകാലവും വളർച്ചയും എന്റെ കണ്മുന്നിൽ ഉണ്ട്.
ഇന്നൊരു പ്രസവകാലം എങ്ങനെയാണ്? ഒമ്പതുമാസവും കൃത്യമായ ചെക്കപ്പുകൾ ദേഹം അനക്കാതെയുള്ള പരിരക്ഷ. അത്യാധുനിക മെഡിക്കൽ സേവനങ്ങൾ പ്രസവശേഷം രണ്ടുലക്ഷം രൂപവരെ വിലപിടിപ്പുള്ള പ്രസവരക്ഷാ ശുശ്രൂഷകൾ... കുഞ്ഞിനും അമ്മയ്ക്കും വളരെ സുഖമാണ്. പൈസ ഉള്ളവർ ഏറ്റവും വലിയ രീതിയിൽ ചെയ്യുമ്പോൾ പൈസയുടെ കുറവുള്ളവർ പോലും വളരെ ശ്രദ്ധ കൊടുക്കുന്നുണ്ട് ഈ കാര്യങ്ങളിൽ.
അതേ പ്രസവമാണ് അന്നും നടന്നത്. പക്ഷെ ഒരേ ഒരാളാണ് അതെല്ലാം നോക്കി നടത്തിയത്. ഒരേ ഒരു ദബ!!
ഒരു ജീവനെ ഉത്പാദിപ്പിച്ചു പെറ്റു പോറ്റി വളർത്തുന്നത് തീർച്ചയായും വളരെ സൂക്ഷിച്ചു ചെയ്യേണ്ട കാര്യങ്ങളാണ്. പക്ഷെ ഒരു പ്രസവകാലത്തുപോലും മനഃസമാധാനവും ദേഹ സമാധാനവും ഉള്ളൊരു കാലം എന്റെ ഉമ്മയ്ക്ക് ഉണ്ടായില്ല.
പലപ്പോഴും പ്രസവം വളരെ ബുദ്ധിമുട്ടായിരുന്നു. ഓ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആണ് ഉമ്മയുടേത്. അന്ന് അതനുസരിച്ചു മരുന്നുകൾ ചെയ്യാൻ കഴിയാത്തതിനാലോ അതോ അത്തരം പ്രയാസങ്ങൾ വയറ്റിൽ വെച്ചേ ഉമ്മയ്ക്ക് ഉണ്ടായതിനാലോ മൂന്ന് കുഞ്ഞുങ്ങൾ പ്രസവത്തിലോ പ്രസവശേഷമോ മരണപ്പെടുകയുണ്ടായി.
അന്നൊരു രാത്രി ഞാൻ ഓർക്കുന്നു.
പ്രസവം കഴിഞ്ഞു കുഞ്ഞും ഉമ്മയും ദബയും പാലുവായിലെ വീട്ടിൽ എത്തിയത് പാതിരാത്രി ആണ്.
" എന്താണ് ഇത്ര വൈകിയത് "
"ഒരു മരുന്ന് കിട്ടാൻ ഉണ്ടായിരുന്നു. പിന്നെ ഡിസ്ചാർജ് ചെയ്യുമ്പോൾ ബില്ല് അടയ്ക്കേണ്ടേ "
ദബ ഉമ്മയേയും കുഞ്ഞിനേയും അകത്തു കൊണ്ടുവന്നു കിടത്തി.
ദബയുടെ ഭർത്താവ് ജോലി കഴിഞ്ഞുവന്നു പൈസ അടച്ചിട്ടാണ് മരുന്നും വാങ്ങി ഡിസ്ചാർജ് ചെയ്തിരിക്കുന്നത്. എന്റെ ഉപ്പ അന്ന് നാട്ടിൽ ഇല്ല.
അന്ന് രാത്രി എന്റെ അടുത്താണ് ഉമ്മയും കുഞ്ഞും കിടന്നത്. ഞാൻ ആ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി. വെള്ളത്തുണിയിൽ പൊതിഞ്ഞ വളരെ ചെറിയ കുട്ടി! ശ്വാസം നേരിയ ശബ്ദത്തിൽ വലിക്കുന്നുണ്ട്. കൈ കാലുകളെല്ലാം കുറച്ചൂടി നീണ്ട നീളത്തിൽ വിരലുകൾ ഉള്ള ഒരു കൊച്ചു മിടുക്കൻ!
ഞാൻ തൊടാൻ കൈ നീട്ടിയപ്പോൾ ഉമ്മ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.
" വേണ്ട മോളെ... മോൻ ഉറങ്ങട്ടെ... "
ഞാനും ഉറങ്ങിപ്പോയി.
പാതിരാവിൽ ഉമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലാണു എന്നെ ഉണർത്തിയത്. ഉമ്മയും ദബയും കരയുന്നു.
" എന്താ....? "
അവർ മോനെ നോക്കി കരയുകയാണ്.
"എന്താ ദബാ..."
"മോൻ.... മോൻ പോയി..."
അതെനിക്ക് മനസ്സിലായില്ല.
ഞാൻ മോനെ നോക്കി.
അവന്റെ മുഖത്ത് കാളിമ പടർന്നിരുന്നു. മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങിയിരിക്കുന്നു. ശ്വാസമില്ല.
അതൊരു മരണമാണെന്ന് എനിക്കന്ന് മനസ്സിലായില്ല.
ഞാൻ അവനെ തൊട്ടില്ലല്ലോ. എന്നിട്ടും അവൻ മരിച്ചുപോയി.
മരണം എന്താണെന്നു എനിക്കന്ന് അറിയില്ലായിരുന്നു.
ശ്വാസം കിട്ടാത്ത തരത്തിൽ കരയുന്ന ഉമ്മയെ മാത്രമേ എനിക്ക് മനസ്സിലായുള്ളൂ.
പിറ്റേന്ന് ദബയുടെ ഭർത്താവും ചുരുക്കം ചില ബന്ധുക്കളും വന്നു അവനെ കുളിപ്പിച്ച് സുന്ദരനാക്കി പള്ളിയിലേക്ക് എടുത്തുകൊണ്ടുപോയി.
കൊച്ചുകുഞ്ഞുങ്ങൾക്ക് അന്ന് മയിത്തുംകട്ടിൽ ഉണ്ടായിരുന്നില്ല.
അങ്ങനെ കിടത്താൻ മാത്രം അവൻ വലുപ്പവും ഉണ്ടായിരുന്നില്ലല്ലോ...
ദുരിതം നിറഞ്ഞ ഒരു ഗർഭകാലം...
അതിലും പ്രയാസങ്ങൾ നിറഞ്ഞ ഒരു പ്രസവം.
രണ്ടുകുട്ടികൾ വയറ്റിൽ ഉണ്ടെന്നു ഡോക്ടർ പറഞ്ഞു എന്ന്! പക്ഷെ പകുതിയും വെള്ളമായിരുന്നു എന്നു പ്രസവസമയത്താണ് മനസ്സിലായത് എന്നും!!
ഡോക്ടർമാർക്ക് വെള്ളമാണോ കുട്ടിയാണോ എന്നു തിരിച്ചറിയാൻ ഉള്ള സംവിധാനം അന്ന് ഉണ്ടായിരുന്നില്ലേ?
അതോ പൈസയുടെ കുറവ് കാരണം നല്ല ട്രീറ്റ്മെന്റ് കിട്ടാതെ പോയതാണോ...
നല്ല മരുന്നുകൾ നല്ല ആശുപത്രി എന്നിവ ഉണ്ടായിരുന്നെങ്കിൽ എന്റെ ഉണ്ണി, എന്റെ ഉമ്മയുടെ മകൻ മരണപ്പെടുകയില്ലായിരുന്നെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.
അവനെ ഞാൻ തൊട്ടതു കൂടിയില്ല. ഒരിക്കലും തൊടാൻ കഴിഞ്ഞില്ല.
തകർന്ന ശരീരത്തോടെയും മനസ്സോടെയും ആ മാതാവ് വീണ്ടും ജീവിച്ചു.
എപ്പോഴും ഞാൻ ആലോചിക്കുന്ന ഒരു കാര്യമുണ്ട്.
എന്നെയും സഹോദരങ്ങളെയും ജനിപ്പിക്കാനും വളർത്താനും കഷ്ടപ്പെടാനും മാത്രമായാണോ ഉമ്മയും ദബയും ജീവിച്ചത്?
അവരോ ഞാനോ ഞങ്ങളോ ഈ ഭൂമിക്ക് അത്രയും വേണ്ടപ്പെട്ടവരായിരുന്നോ...
ഞങ്ങൾ ആരും ഇല്ലെങ്കിലും ഈ ഭൂമി കറങ്ങുമായിരുന്നല്ലോ....
പിന്നെ എന്തിനായിരുന്നു അവരെല്ലാം ഇത്രയും കഷ്ടപ്പെട്ട് ഇവിടെ ജീവിച്ചു മരിച്ചത്....?
(തുടരും)