
അദ്ധ്യായം-9
ഉഷ വീട്ടിനുള്ളിലേയ്ക്ക് ഓടിക്കിതച്ചു കയറി വന്നു. പിന്നെ കൂട്ടുകാരിയുടെ ഇരുതോളുകളിലും പിടിച്ചു കുലുക്കി തിരക്കി.
'ഷേര്‍ളീ, നിനക്കെന്തുപറ്റി? എന്തോ തെറ്റിദ്ധാരണ നിനക്കുണ്ടായിരിക്കുന്നുവെന്ന് ഞാനൂഹിച്ചു. അതാണ് നിന്റെ പിന്നാലെ തന്നെ ഞാനും തിരിച്ചത്. എന്താണു സംഭവം?'
'എടീ വഞ്ചകീ, നിന്റെ അഭിനയം ഇനിയും എന്റെയടുത്തു തുടരേണ്ട. നിന്റെ എല്ലാ കള്ളത്തരങ്ങളും വെളിച്ചത്തായിരിക്കുന്നു.'
'ഷേര്‍ളീ, എന്താണു കാര്യമേന്നാല്‍ ഒന്നു തെളിച്ചു പറയൂ. നീ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ഒരു വഞ്ചനയും നിന്നോടു കാട്ടിയിട്ടില്ല. എല്ലാം നിന്റെ തോന്നലാണ്, തെറ്റിദ്ധാരണയാണ് കാര്യമെന്തെന്നു പറയുന്ന പക്ഷം നിന്റെ എല്ലാ തെറ്റിദ്ധാരണയും ഞാന്‍ നിഷ്പ്രയാസം മാറ്റിത്തരാം.'
'അതും നിനക്കെന്റെ നാവില്‍ തുമ്പില്‍ നിന്നും തന്നെ കേള്‍ക്കണമോ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. നീയെന്റെ മണിക്കുട്ടനെ നോക്കൂ. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ എന്നോടു ചോദിക്കൂ' ഷേര്‍ളിയുടെ രോഷം അപ്പോഴും ജ്വലിക്കുകയായിരുന്നു.
ഉഷ അപ്പോഴാണ് ഫിലിപ്പിനെയും മണിക്കുട്ടനെയും കുറിച്ച് ഓര്‍മ്മിച്ചതു തന്നെ. അവള്‍ പിന്തിരിഞ്ഞ് ഫിലിപ്പിന്റെ കയ്യിലിരിക്കുന്ന മണിക്കുട്ടനെ നോക്കി -
ഞെട്ടിപ്പോയി
കണ്ണന്‍?
അല്ല, ഇതു മണിക്കുട്ടനാണ്.
പക്ഷെ കണ്ണനും മണിക്കുട്ടനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടു കുട്ടികളും ഒരുപോലെ തന്നെ.
അത്ഭുതമായിരിക്കുന്നു!
ഒരമ്മപെറ്റ ഇരട്ടക്കുട്ടികളെപ്പോലെ. ഒരേ അച്ഛനു പിറന്ന ഇരട്ടസന്താനങ്ങളെപ്പോലെ...
ഇതെങ്ങനെ സംഭവിച്ചു?
'അത്ഭുതമായിരിക്കുന്നു. എന്റെ കണ്ണനെപ്പോലെ തന്നെ നിങ്ങളുടെ മണിക്കുട്ടനും.' ഉഷ മെല്ലെ പറഞ്ഞു.
'ഒരത്ഭുതവുമില്ലെടീ. അവര്‍ ഒരേ അച്ഛനു രണ്ടു സ്ത്രീകളില്‍ പിറന്ന കുട്ടികളാണ്. അതിനാല്‍ രൂപസാദൃശ്യം വന്നതില്‍ ഒരത്ഭുതവുമില്ല.'
'ഷേര്‍ളീ, നീ പറഞ്ഞുവരുന്നത്?' ഉഷ ഉത്ക്കണ്ഠയോടെ തിരക്കി.
'നിന്റെ കള്ളത്തരങ്ങളൊക്കെ വെളിച്ചത്തായെന്ന്. നിന്റെ മാത്രമല്ല, ഈ നില്‍ക്കുന്ന എന്റെ ഭര്‍ത്താവിന്റെയും. നിങ്ങള്‍ ഇരുവരും കൂടി എന്നെ ഇത്രയും കാലം വിഡ്ഢിവേഷം കെട്ടിക്കുകയായരുന്നു.
'അല്ല ഷേര്‍ളീ... അല്ല.... നീ എന്നെ വിശ്വസിക്കണം.'
'ഇല്ല, എനിക്കു നിന്നെ വിശ്വാസമില്ല. എനിക്കെന്റെ കണ്ണുകളെയാണു വിശ്വാസം.'
'കണ്ണനും മണിക്കുട്ടനും തമ്മില്‍ അപാരമായ ആകാരസാമ്യം ഉണ്ട്. ഞാനതു സമ്മതിക്കുന്നു. പക്ഷെ ഫിലിപ്പിന് അതില്‍ യാതൊരു പങ്കുമില്ല. ഷേര്‍ളി ഞാന്‍ പറയുന്നതു വിശ്വസിക്കണം. ഞാനോ നശിച്ചു. ഞാന്‍ മൂലം നിങ്ങളുടെ കുടുംബജീവിതും തകരരുത്.'
'ഹൊ, എന്തൊരു ശുദ്ധഗതി! പണ്ടു കന്യകാമറിയം യേശുവിനെ ഗര്‍ഭം ധരിച്ച മാതിരി ഗര്‍ഭിണിയായെന്നു പറഞ്ഞു ആളുകളെ വിഡ്ഢികളാക്കിയവളല്ലെ നീ. നിന്റെ കള്ളത്തരങ്ങളെല്ലാം ഇപ്പോള്‍ വെളിവായിരിക്കുന്നു. നിന്റെ ഈ കപടനാടകം ഇനിയെങ്കിലും നിറുത്തണം.'
'ഇല്ല ഷേര്‍ളീ ഞാനൊരു കള്ളത്തരവും പറഞ്ഞില്ല. നിനക്കെന്നെ വിശ്വാസമില്ലെങ്കില്‍ നിന്റെ ഭര്‍ത്താവിനെയെങ്കിലും വിശ്വസിക്കൂ.'
'അപ്പോള്‍ എന്റെ ഭര്‍ത്താവിനെ നിനക്ക് ഇനിയും കൈവിടാന്‍ പ്ലാനില്ല അല്ലേ? അയാളെ വീണ്ടും കൂട്ടുപിടിക്കാനാണു ഭാവം?'
ആ പെണ്‍വഴക്കു കണ്ടും കേട്ടും നിന്ന ഫിലിപ്പിനും എന്താണു ചെയ്യേണ്ടതെന്നറിയില്ലായിരുന്നു. അവനും ആകെ ചിന്താക്കുഴത്തിലാണ്. ഉഷയുടെ കുഞ്ഞുമായി തനിക്കു മനസാവാചാകര്‍മ്മാണാ യാതൊരു ബന്ധവുമില്ലെന്നത് ഒരു പരമമായ സത്യമാണ്. പക്ഷെ പോരുകോഴിയെപ്പോലെ നില്‍ക്കുന്ന തന്റെ ഭാര്യയെ അതെങ്ങനെയാണ് ഒന്നു ബോദ്ധ്യപ്പെടുത്തുക?
'ഷേര്‍ളീ നീ ഒന്നടങ്ങൂ. എന്നെയോ ഉഷയെയോ നീ വിശ്വസിക്കണമെന്ന് ഞാന്‍ പറയില്ല. എന്നാല്‍ വൈദ്യശാസ്ത്രത്തെ നിനക്കു വിശ്വസിക്കാമല്ലോ? വൈദ്യശാസ്ത്രത്തിന്റെ സഹായത്താല്‍ നമുക്കു കണ്ണന്റെ പിതാവാരാണെന്നു കണ്ടെത്താം. അതൊരിക്കലും ഞാനാവില്ല.' ഫിലിപ്പ് ശാന്തനായി പറഞ്ഞു.
'നുണ.'
''അല്ല. പരമമായ സത്യം അതായിരിക്കും. നീ അതിനുവേണ്ടി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കൂ.''
ഷേര്‍ളിയുടെ രോഷം തെല്ലടങ്ങിയതുപോലെ. എന്നാല്‍ അവളുടെ സംശയം പൂര്‍ണ്ണമായി വിട്ടൊഴിഞ്ഞില്ലതാനും.
''ഷേര്‍ളീ നിന്നോടെനിക്ക് പരിഭവമില്ല. നിന്റെ തെറ്റിദ്ധാരണകളൊക്കെ മാറുമ്പോള്‍ നിന്റെ സ്‌നേഹം എനിക്കു തിരിച്ചു കിട്ടുമെന്നുറപ്പുണ്ട്. ഫിലിപ്പ് പറഞ്ഞമാതിരി അതിനുവേണ്ടി അല്പം കൂടി കാത്തിരുന്നുകൂടെ?'' ഉഷയും പറഞ്ഞു.
ഷേര്‍ളി മറുപടിയൊന്നും പറഞ്ഞില്ല. അവര്‍ ഇരുവരും പറഞ്ഞത് അവള്‍ക്കു പൂര്‍ണ്ണമായി വിശ്വാസം വരാത്തതു തന്നെയാണു. കാരണം എന്നാല്‍ വൈദ്യശാസ്ത്രത്തെ കൂട്ടുപിടിച്ച് അവള്‍ സത്യം തെളിയിക്കാമെന്നു പറയുമ്പോള്‍ അതിനെ അവിശ്വസിക്കാനും മടി.
അവള്‍ സംശയഭാവത്തില്‍ ഉഷയുടേയും ഫിലിപ്പിന്റെയും മുഖത്തു മാറിമാറി നോക്കി.
'കൊടുങ്കാറ്റു തെല്ലൊന്നു ശമിച്ചതുപോലെ. ഇനി വൈകേണ്ട ഉഷ കൂട്ടുകാരിയോടു യാത്ര ചോദിച്ചിട്ടു സ്ഥലം വിട്ടോളൂ.' ഫിലിപ്പു പറഞ്ഞു.
'കണ്ണന്റെ പിതൃത്വം നിര്‍ണ്ണയിക്കുന്നതു സംബന്ധിച്ച പരിശോധനയ്ക്ക് എത്രയും പെട്ടെന്ന് ഫിലിപ്പ് ഏര്‍പ്പാടു ചെയ്യണം.' ഉഷ പറഞ്ഞു.
അനന്തരം അവള്‍ സ്‌നേഹിതയുടെ നേരെ തിരിഞ്ഞു-
'ഷേര്‍ളീ ഞാന്‍ നാട്ടിലേയ്ക്കു മടങ്ങുകയാണ്. സാരമില്ല - നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെ സംശയിച്ചു പോകുമായിരുന്നു. ഷേര്‍ളിയുടെ സംശയങ്ങളൊക്കെ അടിസ്ഥാന രഹിതമായിരുന്നുവെന്ന് എത്രയും പെട്ടെന്ന് തെളിയട്ടെ. അതിനുശേഷം നമുക്കു വീണ്ടും കാണാം.'
ഉഷ അപ്പോള്‍ തന്നെ അവിടുന്നു യാത്ര പറഞ്ഞിറങ്ങി.
അനന്തപുരിയിലേയ്ക്കുള്ള മടക്കയാത്രാവേളയില്‍ അവളുടെ മനസ്സും അസ്വസ്ഥമായിരുന്നു. കൂട്ടുകാരിയുമായി അകാരണമായി വഴക്കിടേണ്ടി വന്നതിലുള്ള ദുഃഖം ഒന്ന്. കണ്ണനും മണിക്കുട്ടനും തമ്മിലുള്ള അനന്യ സാധാരണമായ ആകാരസാമ്യം മനസ്സിലുയര്‍ത്തുന്ന സന്ദേഹം മറ്റൊന്ന്.
ഫിലിപ്പിനെ താന്‍ ഇന്നേവരെ സ്പര്‍ശിച്ചിട്ടു പോലുമില്ല. അയാളെക്കുറിച്ച് മനസ്സില്‍പോലും അരുതാത്തതൊന്നും ചിന്തിച്ചിട്ടുമില്ല. എന്നിട്ടും മണിക്കുട്ടനെപ്പോലെ തന്നെയുള്ള ഒരു കുഞ്ഞ് തനിക്കും എങ്ങനെ പിറന്നു? മണിക്കുട്ടന്‍ ഫിലിപ്പിന്റെ ബാല്യത്തിലെ അതേ സ്വരൂപമാണെന്ന് ഷേര്‍ളി പണ്ടെ പറഞ്ഞിട്ടുമുള്ളതാണ്. അപ്പോള്‍ പിന്നെ ഈ അത്ഭുതത്തിനു പിന്നിലുള്ള രഹസ്യം എന്താണ്?
ആവോ! ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
ഫിലിപ്പ് പറഞ്ഞ മാതിരി ഇനി വൈദ്യശാസ്ത്രം തന്നെ സത്യം തെളിയിക്കട്ടെ. അതോടെ ഷേര്‍ളിയുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടും. എന്നാല്‍ കണ്ണന്റെ ജനനത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ അപ്പോഴും ബാക്കി നില്‍ക്കും. ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു സമസ്യപോലെ.
വീട്ടിലെത്തിയതോടെ അവളുടെ തലവേദനയെല്ലാം മാറിക്കിട്ടി. കണ്ണന്റെ കുസൃതിത്തരങ്ങളുടെ ലോകത്ത് അവളും ഒരു കളിക്കുട്ടിയായി മാറി.
പിറ്റേന്ന് ഉഷ പാരലല്‍ കോളേജിലേയ്ക്കു പോകുവാന്‍ ഒരുമ്പെടുമ്പോഴാണ് ഗേറ്റു കടന്ന് അതിഥി കടന്നു വരുന്നതു കണ്ടത്.
ഫിലിപ്പ്!
അപ്രതീക്ഷിതമായ അവന്റെ ആഗമനം അവളില്‍ ആകാംഷയുണര്‍ത്തി.
'വെറുതെയിറങ്ങിയതാണ്. നിങ്ങള്‍ കൂട്ടുകാരികളെ ഇത്രയേറെ വഴക്കുകൂട്ടിച്ച ആ കണ്ണനും എന്റെ മണിക്കുട്ടനുമായിട്ടുള്ള സാമ്യം ഒന്നു നേരിട്ടു കണ്ട് ബോധ്യപ്പെടണമെന്നു തോന്നി. അതിനുവേണ്ടി ഷേര്‍ളി പോലുമറിയാതെ പുറപ്പെട്ടതാണ്.' അവന്‍ അറിയിച്ചു.
അപ്പോഴേയ്ക്കും വേലക്കാരി കണ്ണനേയും കൊണ്ട് വരാന്തയിലേയ്ക്കു വന്നു.
ഫിലിപ്പ് കണ്ണിമയ്ക്കാതെ കണ്ണനെത്തന്നെ തുറിച്ചുനോക്കി.
എന്തൊരത്ഭുതം!
ഇതു കണ്ണനല്ല. തന്റെ മണിക്കുട്ടന്‍ തന്നെയാണ്.
കണ്ണനും മണിക്കുട്ടനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മണിക്കുട്ടന്റെ ഇടത്തേക്കവിളിലുള്ള മറുകുപോലും അതേപടി കണ്ണന്റെ കവിളത്തുമുണ്ട്.
ഈ കണ്ണനെ പ്രതിയാണ് ഷേര്‍ളി വഴക്കുകൂട്ടിയതെങ്കില്‍ അവളെ കുറ്റപ്പെടുത്താനാവില്ല. മണിക്കുട്ടന്റെയും കണ്ണന്റെയും അച്ഛന്‍ ഒരാള്‍ തന്നെയാണെന്ന് അവള്‍ സംശയിച്ചു പോയത് തികച്ചും സ്വാഭാവികം.
'ഇതെങ്ങനെ സംഭവിച്ചു?' അവന്‍ തിരക്കി.
'എനിക്കറിയില്ല ഫിലിപ്പ്.' മുഖം കുനിച്ചുകൊണ്ടു അവള്‍ മറുപടി നല്‍കി.
'ആരാണീ കുട്ടിയുടെ അച്ഛന്‍?'
'സത്യമായും എനിക്കറിയില്ല ഫിലിപ്പ്.' അവള്‍ വീണ്ടും പറഞ്ഞു.
ഫിലിപ്പ് പിന്നെ കൂടുതലൊന്നും ചോദിച്ചില്ല. ചോദിച്ചാലും പ്രയോജനവുമില്ല. ഉഷ വീണ്ടും പഴയ പല്ലവികള്‍ തന്ന ആവര്‍ത്തിക്കും.
''ഞാനിപ്പോള്‍ പോകുന്നു. വീണ്ടും വരാം. കണ്ണന്റെയും എന്റെയും ബ്ലഡ് ടെസ്റ്റിന്.'' അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ''കുടുംബസമാധാനത്തിന്റെ പ്രശ്‌നമല്ലേ, എന്തൊരു തൊന്തരവ്!''
ഫിലിപ്പ് പോയി.
ഒരാഴ്ചയ്ക്കുശേഷം അവനും ഷേര്‍ളിയും കൂടി വന്നു. അവര്‍ ഉഷയേയും കണ്ണനേയും കൂട്ടിക്കൊണ്ട് നഗരത്തിലെ പ്രമുഖനായ ഒരു ഡോക്ടറെ ചെന്നു കണ്ടു.
''കണ്ണന്റെയും ഫിലിപ്പിന്റെയും രക്തം പരിശോധിച്ച് ഡി.എന്‍.എ. ടെസ്റ്റു നടത്തി പിതൃത്വം നിര്‍ണ്ണിയിക്കാനാവും. പക്ഷെ അതിനുള്ള സംവിധാനം കേരളത്തിലില്ല. ബ്ലഡ് ഹൈദ്രാബാദിനയച്ച് ഫലം രണ്ടാഴ്ചക്കകം അറിയിക്കാം.'' ഡോക്ടര്‍ അറിയിച്ചു.
''അതുമതി ഡോക്ടര്‍'' അവന്‍ പറഞ്ഞു.
നഴ്‌സ് വന്ന് കണ്ണന്റെയും ഫിലിപ്പിന്റെയും ബ്ലഡെടുത്തു.
പിന്നെ ഡോക്ടറോടു യാത്ര പറഞ്ഞ് തങ്ങളുടെ വീട്ടിലേയ്ക്കുപോയി.
ഉഷയ്ക്ക് ഒരു ഉത്ക്കണ്ഠയുമില്ലായിരുന്നു. കണ്ണന്റെ പിതാവ് ഫിലിപ്പല്ലെന്ന് അവള്‍ക്ക് ഉറപ്പുണ്ട്.
അതുപോലെ തന്നെ ഫിലിപ്പും സംതൃപ്തനായിരുന്നു. താന്‍ കണ്ണന്റെ പിതാവല്ലെന്ന് അവനുറപ്പുണ്ട്. പിന്നെ എന്തിനു ഭയപ്പെടണം. ബ്ലഡ് ടെസ്റ്റിന്റെ ഫലം വരുന്നതോടെ തന്റെ നിരപാധിത്വം തെളിയും. അതോടെ കുടുംബ സമാധാനം തിരിച്ചുകിട്ടും.
രണ്ടാഴ്ച കടന്നുപോയി,
ഡി.എന്‍.എ. ടെസ്റ്റിന്റെ ഫലം ഹൈദ്രാബാദില്‍ നിന്നെത്തി-
അതില്‍ കണ്ണന്റെ പിതാവ് ഫിലിപ്പു തന്നെയാണെന്ന് അസന്നിഗ്ദ്ധമായി രേഖപ്പെടുത്തിയിരുന്നു!
Read More: https://www.emalayalee.com/writer/304