Image

പിന്നിലേക്ക് നടന്നവൾ ( കവിത : പി.സീമ )

Published on 22 February, 2026
പിന്നിലേക്ക് നടന്നവൾ ( കവിത : പി.സീമ )

അവളിടങ്ങൾ 
സദാ 
ശബ്ദായമാനമായിരുന്നു 
മെല്ലെ മെല്ലെ 
ചിലപ്പോൾ 
ഒരു മൗനം 
വന്നു മൂടുന്ന 
അവളുടെ 
ദുർബലമായ 
ഭ്രമണപഥങ്ങൾ 
എനിക്ക് 
അപ്രാപ്യവും 
അപരിചിതവുമായിരുന്നു.. 
എങ്കിലും 
ഞാൻ അവളിലേക്ക്‌ 
മധുരം  നിറച്ച 
ഒരു മഴവിൽ തോണി തുഴഞ്ഞു 
അവൾക്കുള്ളിൽ 
ഒരു ബലിക്കാക്ക 
വിശന്നു ചിറകു കുടഞ്ഞപ്പോൾ 
നീലനിലാവിലേക്കും 
വെൺശലഭങ്ങളിലേക്കും 
നക്ഷത്രങ്ങളിലേക്കും 
വിരൽ ചൂണ്ടി.
ഉണങ്ങാതെ വിങ്ങിയ 
ഓരോ ഹൃദയമുറിവിലേയും 
ലേപനമായി 
പൗര്ണമികളിൽ 
നിന്ന് കടം വാങ്ങിയ 
നിലാവിഴകളാൽ 
അവളിലെ 
അമാവാസികളിൽ 
പ്രതീക്ഷകളുടെ 
പൊന്നൂഞ്ഞാൽ കെട്ടി.
ബാല്യം കുടഞ്ഞിട്ട 
കൊത്താങ്കല്ലുകൾ 
പെറുക്കി 
ആകാശം നോക്കി 
അമ്മാനമാടി.
എന്നിട്ടുമവൾ 
പിന്നിലേക്ക് മാത്രം 
നടന്നു കൊണ്ടേയിരുന്നു 
ഓരോ കാൽച്ചുവടിലും 
പരിചിതമായിരുന്ന 
പടിക്കെട്ടുകൾ
മാത്രം തിരഞ്ഞു.
കാലം ചേർത്തടച്ച 
പടിവാതിൽ തേടി 
കരയുന്ന 
കാറ്റായലഞ്ഞു 
ഒടുവിലൊരു മഞ്ഞു മൂടിയ 
വഴിയുടെ പാതിയിൽ വെച്ചു 
നിലച്ച യാത്രയിൽ 
എനിക്കും അവൾക്കുമിടയിലെ 
നൊമ്പരനൂൽ 
അറ്റു വീണു.
എന്നിട്ടും 
ആർക്കും ചേർത്തടയ്ക്കാൻ 
ആകാത്ത വിധം 
അവൾ തുറന്നിട്ടു പോയ 
സ്മൃതിയുടെ ജാലകങ്ങൾ 
ഇപ്പോഴും തുറന്ന് കിടക്കുന്നു.
അവളിലേക്ക്‌  തന്നെ
ഞാൻ പോലുമറിയാതെ 
എന്റെ ഓർമ്മകൾ 
പിന്നെയും ഇറങ്ങി 
നടക്കാൻ 
തുടങ്ങിയിരിക്കുന്നു ..

Join WhatsApp News
Devan Tharapil 2026-02-23 02:29:29
പി. സീമയുടെ 'പിന്നിലേക്ക് നടന്നവൾ' എന്ന കവിതയുടെ ആസ്വാദനം ദേവൻ തറപ്പിൽ വിരഹത്തിന്റെയും ഓർമ്മകളുടെയും ആഴമേറിയ ഒരു ആവിഷ്കാരമാണ്. നഷ്ടപ്പെട്ടുപോയ ഒരാളെയും അവർ ബാക്കിവെച്ചുപോയ ശൂന്യതയെയും കവി ഹൃദയസ്പർശിയായി വരച്ചുകാട്ടുന്നു. 1. വൈകാരികമായ പശ്ചാത്തലം ശബ്ദായമാനമായ ലോകത്തുനിന്ന് മൗനത്തിന്റെ തടവറയിലേക്ക് പിൻവാങ്ങിയ ഒരു പെൺമനസ്സിനെയാണ് കവിതയുടെ തുടക്കത്തിൽ കാണുന്നത്. സ്നേഹത്തിന്റെ 'മഴവിൽ തോണി'യുമായി കവി അവളിലേക്ക് അടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവളുടെ ലോകം മറ്റാർക്കും അപ്രാപ്യമായ ഒന്നായി തുടരുന്നു. 2. അതിജീവനത്തിനായുള്ള ശ്രമങ്ങൾ അവളുടെ ഉള്ളിലെ ദുഃഖങ്ങളെയും (വിശക്കുന്ന ബലിക്കാക്ക) മുറിവുകളെയും മാറ്റാൻ കവി നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. *നീലനിലാവിലേക്കും നക്ഷത്രങ്ങളിലേക്കും വിരൽചൂണ്ടി അവളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു. *അമാവാസികൾ നിറഞ്ഞ അവളുടെ ജീവിതത്തിൽ പ്രതീക്ഷകളുടെ പൊന്നൂഞ്ഞാൽ കെട്ടുന്നു. *മറന്നുപോയ ബാല്യകാലത്തെ കളികൾ (കൊത്താങ്കല്ല്) ഓർമ്മിപ്പിച്ചുകൊണ്ട് അവളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. 3. ഭൂതകാലത്തിലേക്കുള്ള മടക്കമാണ് കവിതയുടെ കേന്ദ്രപ്രമേയം 'പിന്നിലേക്കുള്ള നടത്തം' ആണ്. ചുറ്റുമുള്ള സ്നേഹത്തെയോ വർത്തമാനകാലത്തെയോ സ്വീകരിക്കുന്നതിന് പകരം, അവൾ എപ്പോഴും ഭൂതകാലത്തിന്റെ പടിക്കെട്ടുകളും അടഞ്ഞുപോയ പടിവാതിലുകളും തിരയുന്നു. വർത്തമാനത്തിൽ ജീവിക്കാനാവാതെ പോയ ഒരു മനസ്സിന്റെ നിസ്സഹായതയാണിത്. 4. വിയോഗവും അവശേഷിക്കുന്ന ഓർമ്മകളും ഒടുവിൽ മഞ്ഞു മൂടിയ വഴിയിൽ വെച്ച് ആ യാത്ര അവസാനിക്കുമ്പോൾ, കവിക്കും അവൾക്കുമിടയിലുള്ള ബന്ധത്തിന്റെ 'നൊമ്പരനൂൽ' അറ്റുപോവുകയാണ്. അവൾ യാത്രയായെങ്കിലും അവൾ തുറന്നിട്ടുപോയ ഓർമ്മകളുടെ ജാലകങ്ങൾ ഇന്നും അടഞ്ഞിട്ടില്ല. ആ ഓർമ്മകളിലൂടെ കവി ഇന്നും അവളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക