
ന്യൂഡല്‍ഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിനെ അനുസ്മിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ആലിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
കുഞ്ഞിനെ നഷ്ടപ്പെടുക എന്നതിനേക്കാള്‍ വലിയ മറ്റൊരു ദുഃഖം ഒരു രക്ഷിതാവിനുമില്ല. ഒരു ചെറിയ കുട്ടിയെ നഷ്ടപ്പെടുന്നതിന്റെ വേദന അതിലും ആഴമേറിയതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കേരളത്തില്‍ നിന്നുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കൊച്ചു പെണ്‍കുട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. വെറും 10 മാസം പ്രായമുള്ളപ്പോള്‍ അവള്‍ നമ്മെ വിട്ടുപിരിഞ്ഞു. അവള്‍ക്ക് മുന്നില്‍ ഒരു ജീവിതം മുഴുവന്‍ ഉണ്ടായിരുന്നു, അത് പെട്ടെന്ന് അവസാനിച്ചു. നിരവധി സ്വപ്നങ്ങളും സന്തോഷങ്ങളും ബാക്കിയാക്കില്ല. അവളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വേദന വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. കഠിനമായ വേദനയ്ക്കിടയിലും, ആലിന്റെ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിനും രാജ്യത്തെ ഓരോ പൗരനെയും ബഹുമാനിക്കുന്ന ഒരു തീരുമാനമെടുത്തു. ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഈ ഒരൊറ്റ തീരുമാനം അവരുടെ മഹത്തായ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. മകളുടെ നഷ്ടത്തില്‍ ദുഃഖിക്കുമ്പോള്‍ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ ത്യാഗമാണ് തിരുമാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. തങ്ങളുടെ വിധി മറ്റൊരു കുടുംബത്തിനുംനേരിടേണ്ടിവരരുതെന്ന് അവര്‍ ആഗ്രഹിച്ചു.
അലിന്‍ ഷെറിന്‍ എബ്രഹാം ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷേ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ പട്ടികയില്‍ അവരുടെ പേര് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് ഈ മുന്നേറ്റം. രാജ്യത്തിന്റെ വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങള്‍ക്ക് ഈ മാറ്റം ശക്തി പകരുന്നതാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന്‍ ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റാണ് മരണമടഞ്ഞത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചതിനു പിന്നാലെയാണ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ മാറുകയായിരുന്നു. ഇതുവഴി 5 പേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്.