
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ഏഴിന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന റിജിജു, എട്ടരയോടെ എയര്‍പോര്‍ട്ടിലെ താജ് ഹോട്ടലില്‍ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വിവിദ ക്രൈസ്തവ സഭാ നേതാക്കളെ ബിജെപി നേതൃത്വം ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ( നാളെ ) ഉച്ചയ്ക്ക് രണ്ടുമണിക്ക് സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിക്കും.
നാളെ രാവിലെ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന കേന്ദ്രമന്ത്രി റിജിജു, തുടര്‍ന്ന് കളമശ്ശേരിയില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിലും പങ്കെടുക്കും. വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയശേഷം മുനമ്പത്ത് നടന്ന ആഹ്ലാദപ്രകടനത്തില്‍ കേന്ദ്രമന്ത്രി റിജിജു പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി റിജിജു വീണ്ടും കൊച്ചിയിലെത്തുമ്പോള്‍ മുനമ്പം ഭൂമി വിഷയവും പ്രധാന ചര്‍ച്ചയായേക്കും.