
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തെ ''രക്തസാക്ഷികളുടെ നാട് '' എന്നാണ് എ. കെ. ജി. തന്റെ ആത്മകഥയിൽ വിശേഷിപ്പിച്ചത്. അതിനു കാരണം ഒരു പക്ഷെ തിരുവിതാംകൂർ - കൊച്ചിയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഒരുകാലത്ത് സമരതീഷ്ണമായിരുന്ന കൂത്താട്ടുകുളം ഒട്ടനവധി രക്തസാക്ഷികളെ സംഭാവന ചെയ്തത് പിൽക്കാലത്തെ
പ്രബുദ്ധ കേരളത്തിന്റെ ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെട്ടതാകാം.
1964 ലെ ഒരു തണുത്ത പ്രഭാതം. കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിലെ പഴയ എൽ. പി. സ്കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ വീനസ് കോളേജ് ഹാളിൽ ഞങ്ങൾ നാലഞ്ച് സിവിൽ എഞ്ചിനീയറിംഗ് കുട്ടികൾ താമസിച്ചു പഠിക്കുന്നു. പുലർച്ചെ നാല് മണിക്ക് പഠിത്തം തുടങ്ങുന്നതിനു മുൻപായി തൊട്ടടുത്ത എം. സി. റോഡിൽ പോലീസ് സ്റ്റേഷന് എതിർവശമുള്ള ഹോട്ടൽ വേണുഗോപാലിൽ കട്ടൻകാപ്പി കുടിക്കാൻ ഞങ്ങൾ എത്തുന്നത് ഒരു പതിവാണ്. അക്കാലത്ത് കൂത്താട്ടുകുളം എം. സി. റോഡിൽ പകലും രാത്രി മുഴുവനും ഒരുപോലെ പ്രവർത്തിക്കുന്ന ഒരേഒരു ഹോട്ടൽ വേണുഗോപാലായിരുന്നു. ഹോട്ടലിന്റെ മുൻപിലുള്ള പ്രഭാകരന്റെ മുറുക്കാൻ കടയുടെ പിറകിലുണ്ടായിരുന്ന തൈമാവിന്റെ ഒരു ശിഖരം എം. സി. റോഡിലെ പഞ്ചായത്തു പൈപ്പിന്റെ അരികിലേക്ക് ചാഞ്ഞാണ് കിടന്നിരുന്നത്. ഞങ്ങൾ വരുമ്പോൾ മുടിനീട്ടി താടിവളർത്തി കാവിവസ്ത്രധാരിയായ ഒരു സ്വാമി മാവില പറിച്ചെടുത്ത് പൈപ്പിൻചുവട്ടിൽ ഇരുന്ന് പല്ലു തേയ്ക്കുന്നു. ഞങ്ങൾ സ്വാമിയെ ഒരു നിമിഷം നോക്കിനിന്നിട്ട് ഹോട്ടലിലേക്ക് കയറിപ്പോയി.
ഞങ്ങൾ കട്ടൻ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഈ സ്വാമിയും ഹോട്ടലിലേക്ക് കയറിവന്ന് ഞങ്ങളുടെ എതിർവശത്തുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചോദിച്ചു.
''സ്വാമി ഇവിടെ പുതിയത് ആണല്ലോ ?''
''പുതിയത് അല്ല. കൂത്താട്ടുകുളത്ത് ഒന്നുരണ്ടു പ്രാവശ്യം വന്നിട്ടുണ്ട് ''
അല്പം തിണ്ണമിടുക്കോടെ ഞാൻ വീണ്ടും ചോദിച്ചു.
''ഞങ്ങളാരും കണ്ടിട്ടില്ല. എന്താണ് സ്വാമിയുടെ പേര് ?''
''ഞാൻ സ്വാമി അല്ല ''
''പിന്നെ ഈ വേഷം ?''
''മിക്കവാറും യാത്രയിലായതുകൊണ്ട് ഈ വേഷം അല്പം മുഷിഞ്ഞാലും അറിയില്ല. താടിയും മുടിയും നീണ്ടതുകൊണ്ട് മുടിവെട്ടും ഷേവിങ്ങും കുറയ്ക്കാമല്ലോ''
ഇങ്ങനെ പല ആൾമാറാട്ടങ്ങളും കൂത്താട്ടുകുളത്ത് വരാറും കാണാറും ഉള്ളതുകൊണ്ട് ഞാനല്പം അക്ഷമനായി ചോദിച്ചു.
''പേര് പറഞ്ഞില്ല ?''
''എന്റെ പേര് സുഗതൻ. മുഴുവൻ പേര് ആർ. സുഗതൻ. കേരളാ നിയമസഭയിലെ ഒരംഗമാണ് ''
ഞാൻ ചാടിയെണീറ്റു. തൊഴുകൈകളോടെ
''ക്ഷമിക്കണം സര്‍. നിയമസഭയിലെ
സാറിന്റെ പ്രസംഗങ്ങൾ ഞാൻ പത്രങ്ങളിൽ വായിയ്ക്കാറുണ്ടെങ്കിലും
എനിക്ക് കണ്ടപ്പോൾ മനസ്സിലായില്ല. അതും ഈ വേഷത്തിൽ, ഈ സമയത്ത്....''
സുഗതൻ സർ എന്നെ സ്നേഹത്തോടെ തന്റെ അരികിൽ പിടിച്ചിരുത്തി. അദ്ദേഹം തുടർന്നു .
''ഇന്നലെ പെരുമ്പാവൂരിൽ എനിക്ക് ഒരു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതിന് വന്നതാണ്. ഇന്ന് വൈകുന്നേരത്തെ കൂത്താട്ടുകുളത്തെ മീറ്റിങ്ങിനും ഞാനുണ്ടാകുമെന്നു വാക്കുകൊടുത്തിട്ടുണ്ട്. ഒരുവരവിൽ രണ്ടും കഴിയുമല്ലോ എന്നുകരുതി പെരുമ്പാവൂർ യോഗം കഴിഞ്ഞ് രാത്രിയിൽ ഇവിടെ ഇറങ്ങി. ഇവിടുത്തെ സംഘാടകരെ നേരത്തെ വരുന്ന വിവരം അറിയിച്ച് ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി അറിയിച്ചുമില്ല. രാത്രിയിൽ മുകളിലത്തെ പാർട്ടി ഓഫീസിന്റെ വരാന്തയിൽ ഈ തോർത്ത് വിരിച്ചു കിടന്നുറങ്ങി''
ആരായിരുന്നു ആർ. സുഗതൻ ? കറ പുരളാത്ത സ്വാതന്ത്ര്യ സമര സേനാനി. ഹൃദയവിശുദ്ധിയുള്ള ട്രേഡ് യൂണിയൻ നേതാവ്. തിരുവിതാംകൂർ - കൊച്ചി ഉൾപ്പടെ പത്തു വർഷം നിയമസഭാഗം. ജനങ്ങളോട് പ്രതിബദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാരൻ . ഇന്ന് രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവർക്ക് ഒരു പാഠപുസ്തകം ! രാഷ്ട്രീയത്തിൽ ചുരുക്കംചില ദൈവതുല്യരുണ്ടെങ്കിൽ അവരിലൊരാളായിരിക്കും രാത്രിവണ്ടിയിൽ കൂത്താട്ടുകുളത്തെത്തിയ ഈ ഏകാന്തപഥികൻ !