Image

മുഖമില്ലാത്തവര്‍ (കഥ - ബാജി ഓടംവേലി, ഡാലസ്)

Published on 22 February, 2026
മുഖമില്ലാത്തവര്‍ (കഥ - ബാജി ഓടംവേലി, ഡാലസ്)

ആ പഴയ കഥയിലെ വലിയ മരത്തിന്റെ തണലില്‍ മാധവനും മല്ലികയും ഇരിക്കുകയായിരുന്നു. മാധവന്‍ മല്ലികയുടെ കൈപിടിച്ച് എന്തൊക്കയോ വര്‍ത്തമാനങ്ങള്‍ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം. ഇന്നലെയുടെ അടിമകളായ നാമൊക്കെ നാളെയ്‌ക്കായ് ഭയത്തോടെ കാത്തിരിക്കുന്നു. സുന്ദരമാക്കേണ്ട ഇന്നുകളെ ഭാവിയും ഭൂതവും ചേര്‍ന്ന് ഞെരിച്ചില്ലാതാക്കുന്നു എന്നതാണ് സത്യം. ഇന്നില്‍ ജീവിക്കാന്‍ മറന്നു പോകുന്ന പാവം മനുഷ്യജന്മങ്ങള്‍. 

ഒന്നുറപ്പാണ് മാധവനും മല്ലികയും മാലോകരെപ്പോലെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവരല്ല. അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു വെറും സൌഹൃദം, നിര്‍വ്വചനങ്ങളില്‍ തളയ്‌ക്കാനാവാത്ത ഒരു നല്ല ആണ്‍പെണ്‍ സൌഹൃദം. 
അവരെ അങ്ങനെ വിട്ടാല്‍ പറ്റില്ല. അസൂയമൂത്ത ഞാനൊരു മൃഗമായി മാറി. എനിക്കു ചേരുന്നൊരു കരടിയുടെ മുഖം‌മൂടി അണിഞ്ഞ് അവരുടെ മുന്‍പിലേക്ക് ചാടി വീണു. അവര്‍ ഇരുവരും പേടിച്ചു നിലവിളിച്ചു. മരംകേറി മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി. മല്ലിക എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു. പെണ്‍കുട്ടിയായതിനാല്‍ മരത്തില്‍ കയറാന്‍ പാടില്ല പോലും. അങ്ങനെയാണ് അവളെ പാരമ്പര്യവാദികൾ പഠിപ്പിച്ചിരിക്കുന്നത്. 

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി അടുത്തു ചെന്ന് മണത്തു നോക്കി. എനിക്ക് പെണ്ണിൻ്റെ മണം അന്നും ഇന്നും അറിയില്ല. അവളില്‍ നിന്നും മുല്ലപ്പൂവിന്റെ മണമല്ലാതെ ശവത്തിന്റെ ഗന്ധമൊന്നും ഉയരുന്നില്ല. മല്ലിക ശ്വാസം പിടിച്ച് കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്. പേടിച്ചരണ്ട പൂമേനിയുടെ വിറയല്‍ കാണാലും നല്ല ചേലുണ്ട്.
എന്നിലെ കരടി മല്ലികയുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല. നിങ്ങൾക്കൊരു ആപത്തു വന്നപ്പോൾ അവന്‍ നിന്നെ ഉപേക്ഷിച്ച് സ്വയം രക്ഷപെട്ടതു കണ്ടില്ലേ. നീ എന്റെ കൂടെപ്പോരു ഞാന്‍ നിന്നെ പൊന്നു പോലെ നോക്കാം.”
വിളിക്കേണ്ട കേള്‍ക്കേണ്ട താമസം അവളെന്റെ തോളില്‍ ചാടിക്കയറി. ഞാൻ മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക് പോയി. പെണ്‍കുട്ടികള്‍ പുതിയ സാഹചര്യങ്ങളോട് വേഗത്തില്‍ ഇണങ്ങും. 

ഞാന്‍ മുഖത്തു നിന്നും കരടിരൂപം അഴിച്ചെടുത്ത് കടലിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിച്ചു. ഇതു വരെ പേടിച്ചിരുന്ന മല്ലികയ്‌ക്കും ചിരിയടക്കാനായില്ല. അവളുടെ മുഖത്തെ പേടി മാറി ചിരിയുദിച്ചപ്പോള്‍ കടലിലെ തിരമാലകള്‍ പോലും ശാന്തമായി.
ഞാൻ ഇക്കിളിയിട്ടവളെ കൂടുതല്‍ ചിരിപ്പിക്കാന്‍ ശ്രമിച്ചു. കളിവീടുണ്ടാക്കി, തിരകളെണ്ണി, കപ്പലണ്ടി കൊറിച്ചു. കടലിളേക്ക് ഉരുളന്‍ കല്ലെറിഞ്ഞു കളിച്ചു. സമയമായപ്പോള്‍ കടല്‍ക്കരയില്‍ നല്ല നിലാവ് നിലാവുദിച്ചു. മല്ലിക എന്റെ മടിയില്‍ തലചായിച്ച് സ്വപ്‌നലോകത്തേക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു. 

ഞാന്‍ അവളുടെ അഴകാര്‍ന്ന തലമുടിയില്‍ വിരലോടിച്ച് കള്ളക്കഥകള്‍ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. അവള്‍ ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നെങ്കിലും എല്ലാം കേള്‍ക്കുന്നതു പോലെ മൂളിയഭിനയിച്ചതെനിക്ക് കൂടുതല്‍ കഥ പറയാന്‍ പ്രേരണയായി.
പെട്ടെന്ന് നാലു വില്ലന്മാര്‍ ഞങ്ങളുടെ മുന്‍പില്‍ ചാടി വീണു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് അവര്‍ മുഖമില്ലാത്തവരായിരുന്നു. ഞാനും മല്ലികയും കേട്ടു പഠിച്ച കഥയിലേതു പോലെ ശ്വാസം പിടിച്ച് മരിച്ചതു പോലെ തറയില്‍ കിടന്നു. മുഖമില്ലാത്തവര്‍ നാലുപേരും ചേര്‍ന്ന് എന്റെ പെണ്ണിനെ പൊക്കിയെടുത്തു. ഞാന്‍ മരിച്ചവനെപ്പോലെ അഭിനയിക്കുകയായതിനാല്‍ എനിക്ക് നിലവിളിക്കാന്‍ ആവാതെപോയി. ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ്‌ബാഗിനുള്ളിലുള്ളതൊക്കെയെടുത്ത് കാലി ബാഗ്‌ എന്റെ നേരെ വലിച്ചെറിഞ്ഞു. 
ദുഷ്‌ടന്മാര്‍ മല്ലികയേയും കൊണ്ടു പോവുകയാണ്. മുഖമില്ലാത്ത അവര്‍ കാട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.

മുഖമില്ലാത്തവര്‍ക്കും അമ്മപെങ്ങന്മാരില്ലേ? ഈ മുഖം മൂടികളെന്റെ മല്ലികയെ പിച്ചിച്ചീന്തുമെന്നുറപ്പാണ്. എങ്കിലും എനിക്കൊന്നും ചെയ്യാ‍നാവില്ല. ഞാന്‍ മരിച്ചവനായി അഭിനയിക്കുകയാണ്. ശാസമെടുക്കുന്നതു പോലും ആരുമറിയാതെ വേണം. പിന്നെങ്ങനെ നിലവിളിക്കും, പിന്നെങ്ങനെ പ്രതികരിക്കും.

അവര്‍ കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റ് ജീവനും കൊണ്ട് വീട്ടിലേക്കോടി. അവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയായ ഹാന്‍ഡ് ബാഗെടുക്കാന്‍ മറന്നില്ല. ഓര്‍മ്മകളുറങ്ങുന്ന ബാഗ്‌ മനസ്സില്‍ നൊമ്പരം വിതറി. 
ലഭിക്കുന്ന സമ്മാനങ്ങള്‍ നമ്മുടെ വളര്‍ച്ചയെ സ്വാധീനിക്കുമല്ലോ എന്നോര്‍ത്ത് ഹാന്‍ഡ് ബാഗ് എന്റെ വീട്ടുകാരിക്ക് സമ്മാനമായി കൊടുത്തു. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എൻ്റെ പെണ്ണിന് സമ്മാനങ്ങളൊക്കെ വലിയ ഇഷ്ടമാണ്. എൻ്റെ രണ്ടു മക്കളെ പെറ്റ അവൾക്ക് ജന്മദിനത്തിനും ഓണത്തിനും ക്രിസ്തുമസിനും മാത്രമല്ല മറ്റു വിശേഷ ദിവസങ്ങളിലുമൊക്കെ സമ്മാനങ്ങൾ കൊടുക്കാറുണ്ട്. 
നടന്നതൊക്കെ സ്വപ്‌നമാണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. പിന്നെ വെറുതെ കണ്ണാടിയിലേക്ക് നോക്കി. വിശ്വസിക്കാനായില്ല. എനിക്കും മുഖം ഉണ്ടായിരുന്നില്ല. അതുണ്ടാകേണ്ടിയിരുന്നയിടത്ത് വെറും ശൂന്യതമാത്രം. കരടിയുടെ മുഖം മൂടി കടലില്‍ വലിച്ചെറിഞ്ഞപ്പോള്‍ അറിയാതെ മുഖവും കൈവിട്ടു പോയതാകും. 
അല്ലെങ്കില്‍ ഇത്  കണ്ണാടിയുടെ കുഴപ്പമാകും. ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളുകയില്ല. കണ്ണാടി വലിയ ശബ്‌ദത്തോടെ എറിഞ്ഞുടച്ചു. കണ്ണാടി പൊട്ടിച്ചിതറുന്ന സ്വരത്തില്‍ ആരാണ് എന്നെ കളിയാക്കി ചിരിച്ചതെന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക