Image

Love you to the moon and back - നിബന്ധനകളില്ലാതെ, മാപിനികളില്ലാതെ, സീമകളില്ലാതെ (മാലിനി)

Published on 22 February, 2026
Love you to the moon and back - നിബന്ധനകളില്ലാതെ, മാപിനികളില്ലാതെ, സീമകളില്ലാതെ (മാലിനി)

"ഈ എഴുപത്തഞ്ചാം വയസ്സിൽ, ഇനിയിപ്പം എന്തായാലെന്താ" എന്നൊരു നിസ്സംഗത യായിരുന്നു എനിക്കെല്ലാത്തിനോടും. നിറക്കൂട്ടുള്ള, ആടയാഭരണങ്ങളണിഞ്ഞ, ആഘോഷ ബഹളങ്ങൾ എനിക്കുമടുത്തു.  സൗന്ദര്യസംരക്ഷണത്തിലും വിമുഖയായി. ബന്ധങ്ങളിലും സമ്പാദ്യത്തിലുമുള്ള ആനന്ദത്തിലും ഒരു നിർമമത. മനുഷ്യന്റെ ഭ്രമിപ്പിക്കുന്ന പുന്നാരങ്ങളിലെ വിശ്വാസം നഷ്ട്ടപ്പെട്ട്, പ്രണയദിനത്തിൽ റോസാപ്പൂക്കളിലും ചോക്ളേറ്റിലും ഒളിപ്പിച്ച് ഹൃദയം കൈമാറുന്നവരെ കണ്ടപ്പോൾ "എന്തൊരു കോപ്രായം” എന്നുപുച്ഛിച്ചു. അതിനൊക്കെയവസാനം ആദ്ധ്യാത്മികതയുടെയും, ദാർശനികതയുടെയും വിത്തുകളെ ബോധത്തിലും ചിന്തയിലും നട്ടുനനച്ചുവളർത്തി. ഉന്നതചിന്തകളിലൂടെ ഞാൻ വളരുകയാണ് എന്നുറച്ചു വിശ്വസിച്ചു.     

എന്നാൽ,  അന്ന് ആ “കോഫി കപ്പ്‌” പിടിച്ചുകൊണ്ടുള്ള  അവതാരകന്റെ  ഇരിപ്പു കണ്ടതും ഞാനിത്തിരിയൊന്നലിഞ്ഞു. 
“നിങ്ങൾ എപ്പോഴും ഓർമ്മിക്കണം: പ്രണയഭംഗത്തിൽ, നിരാശാവേശത്താൽ പാതി മനസ്സോടെ  ഒരുമിച്ചൊരു ആത്മഹത്യക്കൊരുങ്ങുമ്പോൾ   ഒരിക്കലും “നീ”  ആദ്യം ചാടരുത്, തൂങ്ങരുത്, തിന്നരുത്,  കുടിക്കരുത്." എന്ന് പ്രണയികളെ  ഉപദേശിച്ച ഞാൻ.   “ആത്മഹത്യയിൽ നിനക്കൊപ്പമുള്ളയാൾ  നിന്റെ മരണം  കണ്ടു ഭയന്ന് സ്തംഭിച്ച് നിന്നുപോകും. പിന്നീടവൻ /അവൾ നിന്നെ ചവിട്ടി മറികടന്ന്  മുന്നോട്ടുപോകും". എന്ന് പ്രണയ പരാജിതർക്ക്  മുന്നറിയിപ്പുകൊടുത്ത ഞാൻ. "ഒളിച്ചോടാനൊരുങ്ങുമ്പോൾ, ഇത്തിരി കൈക്കാശ് കയ്യിൽ കരുതണം. ഇനിയെങ്ങാനും അവൻ/അവൾ വന്നില്ലെങ്കിൽ, തിരികെപ്പോകാൻ അതൊരുറപ്പാ." എന്നവരെ പ്രായോഗികതയുടെ പാഠങ്ങൾ പഠിപ്പിച്ച ഞാൻ. 
സ്ത്രീ സുഹൃത്തുക്കളൊക്കെ സീരിയൽ കണ്ട്, കരഞ്ഞ്,  കരച്ചിലിനു പരിഹാരം പറഞ്ഞ് അടുത്ത സീരിയലിനായ് കാത്തിരുന്നപ്പോൾ ഞാനതിൽനിന്നെല്ലാം അൽപ്പം അകലം പാലിച്ചു. വേദ പുസ്തകം വായിച്ചും, കവിതകൾ വായിച്ചും മനസ്സിനെ ശാന്തമാക്കി ഞാൻ സന്തോഷിച്ചു. 
അപ്പഴും എന്റെ ‘ഉന്നതചിന്തകളെയെല്ലാം’ റദ്ദു ചെയ്‌ത്‌, പരസ്പ്പരബഹുമാനം തെല്ലുമില്ലാതെ, തമ്മിലടിക്കുന്ന ചാനൽ ചർച്ചകൾ ഞാനിഷ്ട്ടപ്പെട്ടു. പ്രത്യേകിച്ചും അവിഹിത, വിവാഹവാഗ്‌ദാന-പീഡന, ഗർഭ, ഗർഭച്ഛിദ്ര, ഭ്രൂണ-സംരക്ഷണ-പുനരുദ്ധാരണ, കേസുകൾ ഞാൻ വിടാതെ പിന്തുടർന്നു. മൂന്നാൺമക്കളുടെ അമ്മയായതുകൊണ്ടാകാം ആ കേസുകളിലൊക്കെയും ഞാനാ പയ്യന്മാരോട് ചേർന്നുംനിന്നു. ഇക്കാര്യത്തിലവന്മാർ ‘നേരല്ല’ എന്നത് ഒരു പൊതുസത്യം. " കൂടെച്ചെന്ന പെണ്ണിന്റെ കൂടെയല്ലേ അവൻ കിടന്നത്.  ഓടിച്ചിട്ടു പിടിച്ചൊന്നുമില്ലല്ലോ എന്നും അവന്റെ സൽസ്വഭാവം തിരക്കാൻ ഞാനെന്റെ മകളെ അവന് കെട്ടിച്ചു കൊടുക്കാനൊന്നും പോണില്ലല്ലോ” എന്നും വളരെ  സൗമ്യമായ ഒരെതിർപ്പേ എനിക്കുണ്ടായിരുന്നുള്ളു. 
"നിന്റേത് ഇരട്ടത്താപ്പ്" എന്നെന്നെ  സ്നേഹിതകൾ ആക്രമിച്ചപ്പോൾ "അങ്ങനെ തന്നെ" എന്ന് ഞാനും സമ്മതിച്ച് സ്വയം പ്രതിരോധിച്ചു. 
നന്നേ തിരക്കുള്ള  ഒരുദിവസം, ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിമിത്തമെന്നോണമാണ്  ഞാനന്നത്തെയാ സദാചാര  ചാനൽ ചർച്ച കാണാനിടയായത്. എന്റെ കണ്ണുകളെ അമ്പരപ്പിച്ചുകൊണ്ട് അതിന്റ അവതാരകന്റെ കയ്യിൽ ഒരു കോഫി കപ്പ്!  അതിലെ എഴുത്തിൽ  എന്റെ കണ്ണുകൾ   ചിമ്മാതെ തറച്ചുനിന്നു!  “Love you to the moon and back”. 
“യ്യോ”!  അതുകണ്ടതും എന്റെ മനസ്സൊന്നിളകി!
ചർച്ച കൊടുമ്പിരികൊണ്ടിരിക്കെ, അയാളുടെ കയ്യിൽനിന്നാ കപ്പ് ഊർന്നിറങ്ങി. അത് കിരുകിരെ കരയുന്ന തടി ഗോവണി കയറി പയ്യെപ്പയ്യെ മേലോട്ടുപോയി.  സിമന്റു നടകളിലൂടെ ഓടിച്ചാടി താഴോട്ടുവീണുപൊട്ടിച്ചിതറി. ഇടിമുഴക്കത്തിനും മിന്നൽപ്പിണരിനു മിടയിൽ, മേഘവിതാനത്തിൽനിന്നും ഒരശരീരി എന്റെ കാതുകളിൽ മന്ത്രിച്ചു: "ഏതു കടലിനു നടുവിലാണെങ്കിലും, ഏതു പിശാചിനിടയിലാണെങ്കിലും, പ്രിയപ്പെട്ടവളേ… നീ വിളിച്ചാൽ ഞാൻ വരും." 
“യ്യോ!! അതുകേട്ടതും ഞാനൊന്നു പതറി!  ഇതു തന്നെയാണല്ലോ പണ്ട് ഒളിച്ചോടാനൊരുങ്ങി മുങ്ങുംമുമ്പ് അവനും എന്നോടു പറഞ്ഞത്”.
എനിക്കു ശ്വാസം മുട്ടി. കണ്ണുകൾക്കൊരു മൂടൽ . 
ചിതറിയ ആലോചനകൾക്കൊടുവിൽ, “ഗ്രാമക്കൂട്ടായ്‌മയിൽ” നിന്നും ഞാനാനമ്പർ തപ്പിയെടുത്തു. 
വിളിക്കാനൊരറപ്പ്. 
പക്ഷേ ആ കപ്പ്! അതിൽ നിലാവ് നിറഞ്ഞൊഴുകുന്നു! 
“ഇനിയിപ്പം എന്തായാലെന്താ”? വിളിക്കുക തന്നെ. 
ഫോണെടുത്ത്  “ഹാലോ…” ന്നൊരു കുട്ടിയുടെ നീട്ടിവിളി. 
“XXXXXX ഉണ്ടോ?” 
"യ്യോ! വല്യപ്പച്ചനോ?" കുട്ടി വല്ലാതെ അത്ഭുതപ്പെട്ടു.
“വല്യപ്പച്ചനു  ഞാനിപ്പക്കൊടുക്കാം”.
ഫോൺ കൈമാറിയപ്പോ മറുതലയ്ക്കൽ  ഇടറിയ  പരിചിതസ്വരം. 
" അതേന്നേ, ഞാൻ വരാം."  അന്ന്, ഞാനാ ജനാലക്കൽ വന്ന് നോക്കീന്നത് നേരാ.  അന്നേരല്ലേ… അവരെല്ലാംകൂടെ  കൂകിവിളിച്ച് എന്നെ ഓടിച്ചത്. .   ആ രാത്രീല്…  ഓടിയതേ ഓർമ്മയുള്ളു. പിന്നെ കിണറ്റീന്നു പൊക്കിയെടുത്ത് രണ്ടുദിവസം കഴിഞ്ഞപ്പൊഴാ  സ്ഥലകാല ബോധമുണ്ടായത്”. 
സൂക്ഷിച്ചു വച്ചിരുന്നതെല്ലാം  വല്ലാത്തൊരു ധൃതിയിൽ പറഞ്ഞുതീർത്തപോലെ, ശ്വാസത്തിനായ് ഒന്നുനിന്നു. 
അതിനിടയിൽ അപ്പുറത്തുനിന്നും കുട്ടിയോടുള്ള ദേഷ്യം ഉറക്കെ കേൾക്കാനായി.  "അപ്പച്ചനു ഫോണു കൊടുക്കരുതെന്ന് നിന്നോടെത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്. എത്ര പറഞ്ഞാലും കേൾക്കില്ല"
“യ്യോ സോറി കേട്ടോ. കൊറേ നാളായി അപ്പച്ചനിങ്ങനെയാ. ഒന്നും ഓർമ്മയില്ല.  ഓരോന്നിങ്ങനെ പിന്നേം പിന്നേം പറഞ്ഞോണ്ടിരിക്കും”.
“ശ്ശോ”, ഞാൻ ചോദിയ്ക്കാൻ മറന്നു.  ഇതാരാ വിളിക്കുന്നേ? ആരെയാ വേണ്ടേ?
പണ്ട്, നിലാവുള്ള ആരാത്രിയിൽ രാപ്പക്ഷികളിലൊന്ന് കൂട്ടിനോടിങ്ങനെ കുറുകി:  
“ആകാശ വിതാനങ്ങൾക്കപ്പുറം 
ഭൗമഗോളങ്ങൾക്കപ്പുറം 
നിബന്ധനകളില്ലാതെ
മാപിനികളില്ലാതെ 
സീമകളില്ലാതെ” - “I LOVE YOU TO THE MOON AND BACK”

ഫോണിന്റെ മറുതലയ്ക്കലവർ പിന്നെയും ഖേദത്തോടെ തിരക്കി:  
ശരിക്കും സോറി കേട്ടോ,  ആരെയാ വേണ്ടേ?
എന്തായാലെന്താ! ഞാനിങ്ങനെ കുറുകി:
“യ്യോ  സാരല്ല! ഞാൻ, ആള് തെറ്റി വിളിച്ചതാ!
എനിക്കും ചിലപ്പോഴൊക്കെ നല്ല മറവിയാ!!

- മാലിനി

 

Join WhatsApp News
Sudhir Panikkaveetil 2026-02-22 16:20:30
പ്രണയോർമ്മകളുടെ കൊടിയേറ്റം. മനസ്സിലെ കാവിൽ വേലയും പൂരവും. അക്ഷരങ്ങൾ പൂക്കാവടി എടുത്ത് ആടുന്നു. നന്നായി എഴുതി. കരളിലെ മാനിന് കറുക കൊടുത്താ കല്പടവിൽ നീ നിന്നു , എന്നാണെന്നറിയില്ല..എപ്പോഴെന്നറിയില്ല ? എന്ന് പാടുന്ന മനസ്സുകൾ , അതിനു പ്രായമില്ല. പ്രണയവിവരങ്ങൾ എഴുതാൻ ഒരു വാലന്റൈൻ ദിവസത്തിന്റെ ആവശ്യവുമില്ല.
കോരസൺ 2026-02-22 21:02:49
"എനിക്കും ചിലപ്പോഴൊക്കെ നല്ല മറവിയാ" തെറ്റി വിളിച്ചാലും ഉണർത്തുന്ന ചില കൊച്ചുവാർത്തമാനങ്ങൾ. നല്ലെഴുത്തു മാലതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക