
''ഈ കപ്പല്‍ ആടി ഉലയുകയില്ല. ഇതിനൊരു കപ്പിത്താനുണ്ട് സാര്‍...'' എന്ന് വീറോടെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാഴ്ത്ത്പാട്ട് പാടിയ മന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യ വകുപ്പ്, 'സിസ്റ്റം തകരാറി'ല്‍പ്പെട്ട് അടപടലം ആടിയുലഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. നിവര്‍ത്തികേടുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് അഭയം പ്രാപിക്കുന്ന രോഗികളുടെ പ്രാര്‍ത്ഥന വല്ലവിധത്തിലും ജീവനും കൊണ്ട് തിരിച്ച് വീട്ടിലെത്തിയാല്‍ മതിയെന്നാണ്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചു വര്‍ഷം മുന്‍പ് ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്ത പുന്നപ്രയില്‍ നിന്നുള്ള ഉഷ ജോസഫുകുട്ടി അഞ്ചു വര്‍ഷമായി വയറ്റില്‍ കത്തിയും പേറി അസഹനീയമായ വേദന തിന്ന് ദുരിത ജീവിതം നയിക്കുകയായിരുന്നു.
''കാലന്റെ വകുപ്പായോ ആരോഗ്യം..?'' എന്ന നാട്ടുകാരുടെ ചോദ്യം ശരിവയ്ക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന കൊടുകാര്യസ്ഥതയുടെ വിളനിലമായിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കേരളം ''നമ്പര്‍ വണ്‍ ആണ്...'' എന്ന് ഉളുപ്പില്ലാതെ വീമ്പിളക്കുന്ന മുഖ്യമന്ത്രിയും മന്ത്രിയും സില്‍ബന്ധികളും ഇത്തരം കൃത്യവിലോപങ്ങള്‍ക്ക് നേരെ കുറ്റകരമായ മൗനം പാലിക്കുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ ഉയര്‍ത്തുന്ന കൊടിയ അരുതായ്കകളുടെയും അലംഭാവങ്ങളുടെയും പരാതികള്‍ കുമിഞ്ഞു കൂടുന്നത്. ഓപ്പറേഷനിടെ വയറ്റില്‍ കത്രിക മറന്നുവച്ചത് കൊലപാതകത്തിന് തുല്യമായ സംഭവം തന്നെയാണ്.
വയറുവേദനയും മൂത്രത്തില്‍ രക്തവും കണ്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഉഷ ഡോക്റ്ററുടെ നിര്‍ദേശ പ്രകാരം എക്‌സ്‌റേ എടുത്തപ്പോഴാണ് ശരിക്കും ഞെട്ടിയത്. പല തവണ ഡോക്ടറെ കണ്ടു. നിരവധി മരുന്നുകള്‍ കഴിച്ചു. പക്ഷേ, വേദനയ്ക്ക് പരിഹാരം ഉണ്ടായില്ലെന്ന് ഉഷ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ഡോക്റ്ററുടെ അനാസ്ഥയാണു കുഞ്ഞു മരിക്കാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നു. കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നതൊടേ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്‌യ് ബന്ധപ്പെട്ടവര്‍ തടിയൂരിയിരിക്കുകയാണിപ്പോള്‍.
രോഗികളുടെ ജീവന് പുല്ല് വില കല്‍പ്പിക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകള്‍ പുറത്തുവരുമ്പോള്‍ റിപ്പോര്‍ട്ട് തേടല്‍, അന്വേഷണം പ്രഖ്യാപിക്കല്‍, കുറ്റക്കാര്‍ക്ക് മതിയായ ശിക്ഷ നല്‍കുമെന്ന് ഉറപ്പു നല്‍കല്‍, ഇരയെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് സഹായ വാഗ്ദാനം നല്‍കല്‍ തുടങ്ങിയവ മന്ത്രി വീണാ ജോര്‍ജിന്റെ സ്ഥിരം കലാപരിപാടിയായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ 5 വര്‍ഷമായി 43 തവണ മന്ത്രി ഇങ്ങനെ റിപ്പോര്‍ട്ടുകള്‍ തേടിയെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ തെളിയിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ ലോകപ്രശസ്തമായ ''നമ്പര്‍ വണ്‍ കൊണം'' എന്താണെന്ന് മനസിലാക്കാം. 43 തവണ റിപ്പോര്‍ട്ട് തേടിയത് ഒഴിച്ചാല്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും പിന്നീട് സംഭവിച്ചിട്ടില്ല. കത്രികകളും മറ്റ് ശസ്ത്രക്രിയാ ഉപകരണങ്ങളും രോഗികളുടെ വയറ്റിലും മറ്റും യഥേഷ്ടം ഇടം പിടിച്ചുകൊണ്ടേയിരിക്കുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2021 മെയ് 5-ന് ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ഡോ. ജെ.ഷാഹിദ, നേഴ്‌സ് പി.എസ് ധന്യ, എന്നിവരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഷാഹിദയുടെ പേരില്‍ കേസെടുക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. നല്ല കാര്യം. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കിനി താനില്ലെന്ന് നിലവിളിയോടെ പറഞ്ഞ ഉഷയുടെ വയറ്റില്‍ നിന്നും കത്രിക നീക്കം ചെയ്യാന്‍ അവരെ കൊച്ചി അമൃത ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. ഇന്ന് നാല് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ കത്രിക പുറത്തെടുക്കുകയും ചെയ്തു. ആശുപത്രി ചെലവ് സര്‍ക്കാര്‍ വഹിക്കും. അവര്‍ അഞ്ചു വര്‍ഷം സഹിച്ച തീവ്ര വേദന മാത്രം മിച്ചം.
അതേസമയം, കത്രികയല്ല, രക്തക്കുഴലില്‍ നിന്നു രക്തം വരുമ്പോള്‍ പിടിക്കാനുപയോഗിക്കുന്ന മസ്‌കിറ്റോ എന്ന ഉപകരണമാണ് കണ്ടെത്തിയതെന്നും അഞ്ചല്ല, 50 വര്‍ഷം അത് വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ലെന്നുമുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മുന്‍ അധ്യക്ഷ ഡോ. ലളിതാംബികയുടെ ധിക്കാരപരമായ പ്രസ്താവന വലിയ ആക്ഷേപങ്ങള്‍ ക്ഷണിച്ചുവരുത്തി. സിസ്റ്റത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ സമ്മതിക്കുന്നു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ വിവരം ആദ്യം ബോര്‍ഡില്‍ എഴുതണം. ശസ്ത്രക്രിയ കഴിയുമ്പോള്‍ അതെല്ലാം ഉണ്ടോയെന്ന് പരിശോധിക്കണം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അതിനു ജീവനക്കാരില്ല. ഉഷയ്ക്ക് 20 കൊല്ലം മുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപ്പോള്‍ വയറ്റില്‍ വെച്ചതാകാമെന്നും അവര്‍ പറയുമ്പോള്‍ അതിനെ അപലപിക്കാന്‍ സഭ്യമായ വാക്കുകള്‍ ഇല്ല.
സര്‍ക്കാര്‍ ആശുപത്രികള്‍ അനാസ്ഥയുടെയും കൈയബദ്ധങ്ങളുടെയും കൂത്തരങ്ങുകളാവുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഉഷാ ജോസഫുകുട്ടിയെന്ന 51 കാരി. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ച വീഴ്ചയാണിതെന്നാണ് വിചിത്രമായ കണ്ടെത്തല്‍. കോവിഡിനെ പ്രതിയാക്കിയ ലോകത്തിലെ ആദ്യത്തെ കേസാണിതെന്ന് സര്‍ക്കാരിന് വീണ്ടും വീണ്ടും അഭിമാനിക്കാം. ഉഷാ ജോസഫുകുട്ടിയുടെ ദുരന്തം ഏറ്റവുമവസാനത്തേതായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാന്‍ പോലുമാവുന്നില്ല. കാരണം ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നുണ്ടാവുമ്പോള്‍ അതിന് മുമ്പത്തേത് സൗകര്യപൂര്‍വം മറക്കുന്നു. എന്നിട്ട് നമ്പര്‍ വണ്‍ ആകാന്‍ നോക്കുന്നു.
2017-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് മണക്കടവു സ്വദേശി കെ.കെ ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണം മറന്നു വെച്ചത്. അഞ്ചു വര്‍ഷത്തെ ദുരിതവേദനയ്‌ക്കൊടുവിലാണ് വയറ്റിനുള്ളിലെ ഉപകരണമാണ് കാരണമെന്നു കണ്ടെത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 2023 മാര്‍ച്ചില്‍ നടത്തിയ ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ കാട്ടാക്കട സ്വദേശിനിയായ സുമയ്യ ആരോഗ്യ വകുപ്പിനെതിരേ നിയമനടപടികളുമായി രംഗത്തുണ്ട്. കീഹോള്‍ ശസ്ത്രക്രിയ വഴി ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ അതും പേറിയാണ് സുമയ്യയുടെ ജീവിതം. ഗൈഡ് വയര്‍ എടുത്തുകളഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാരുടെ ക്രൂരമായ വിധിയെഴുത്ത്.
പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശി വിനോദിനിയെന്ന ഒന്‍പതുവയസ്സുള്ള കുഞ്ഞിന്റെ ഒരു കൈ മുറിച്ചു മാറ്റിയതും ഇതേ വെടിക്കെട്ട് സിസ്റ്റം തന്നെ. വയനാട് മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തില്‍ നിന്ന് 75 ദിവസത്തിനു ശേഷം തുണിയുടെ കഷ്ണം പുറത്തുവന്ന സംഭവം കഴിഞ്ഞ മാസമായിരുന്നു. മാനന്തവാടി എടവക പാണ്ടിക്കടവ് സ്വദേശി ദേവിയാണ് തന്റെ ദുരിതം ആരോഗ്യവകുപ്പിനു മുന്നില്‍ കണ്ണീരോടെ പറഞ്ഞത്. 2023 ഫെബ്രുവരിയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ വെരിക്കോസ് വെയിന്‍ ചികിത്സയ്‌ക്കെത്തിയ പെരിയ സ്വദേശി ഹാഷിമിന് നഷ്ടമായത് ചലനശേഷിയും സര്‍ക്കാര്‍ ജോലിയുമാണ്. വലതുകാലിലെ ഞരമ്പിനു പകരം മറ്റൊരു ഞരമ്പ് മുറിച്ചു മാറ്റിയാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ 'വൈദഗ്ധ്യം' തെളിയിച്ചത്.
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ കൈയൊടിഞ്ഞതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ വളഞ്ഞുപോയെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. രണ്ടര മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ 14 കാരന്‍ തന്‍സീറിന്റെ വലതുകൈ വളഞ്ഞുപോയത്. ചികിത്സപ്പിഴവില്‍ ആരോഗ്യ വകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നുവെന്നാണ് ഡോ. ഷാജിയുടെ മറുപടി. ഇങ്ങനെയൊക്കെ സംസാരിക്കുന്നവരെ ജനമധ്യത്തിലേയ്ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അവര്‍ ശരിക്കും കൈകാര്യം ചെയതേളും. എന്നാലും സിസ്റ്റം ഒരിക്കലും നന്നാവില്ലെന്നുറപ്പ്.