
ആതുരസേവനത്തിന്റെയും ലോകമലയാളികളുടെ ഐക്യത്തിന്റെയും പ്രതീകമായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) വയനാട്ടിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം സ്നേഹനിർഭരമായ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. പ്രവാസലോകത്തെ മലയാളികളുടെ കരുണയും കരുതലുമാണ് ഈ വീടുകളിലൂടെ വയനാടിന്റെ മണ്ണിൽ യാഥാർത്ഥ്യമായത്. ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ട്രഷറർ വി.എം. സിദ്ധിഖ് സ്വാഗതം ആശംസിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് മേരി റോസ്‌ലറ്റ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ് ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു. ഒരു കുടുംബത്തിന് സുരക്ഷിതമായ മേൽക്കൂരയൊരുക്കുക എന്നതിലുപരി, മാനവികതയുടെ വലിയൊരു സന്ദേശമാണ് ഈ പദ്ധതിയിലൂടെ WMF പകർന്നുനൽകുന്നതെന്നു ഉദ്‌ഘാടനപ്രസംഗത്തിൽ ഡോ ജെ രത്‌നകുമാർ ചൂണ്ടിക്കാട്ടി. വയനാട്ടിൽ സാക്ഷ്യം വഹിക്കുന്നത് ഒരു വീടിന്റെ കൈമാറ്റം മാത്രമല്ല ഒരു കുടുംബത്തിന്റെ സ്വപ്നസാഫല്യമാണ് എന്നും സാമൂഹിക ഉത്തരവാദിത്വം പ്രസംഗങ്ങളിൽ ഒതുങ്ങാതെ അത് പ്രവർത്തിയിലൂടെ തെളിയിക്കപ്പെടണമെന്നും ആ ഉത്തരവാദിത്വത്തിന്റെ പൂർത്തീകരണമാണ് WMF ന്റെ ഈ ഭവനപദ്ധതിയെന്നും ഡോ ആനി ലിബു പറഞ്ഞു.

ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ അഹോരാത്രം പരിശ്രമിച്ച വി.എം. സിദ്ധിഖ്, കോൺട്രാക്ടർ അബ്ദുൽ നാസർ (വയനാട്) എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. കൂടാതെ, കേരള സ്റ്റേറ്റ് കൗൺസിൽ പുതിയ ഗ്ലോബൽ ക്യാബിനറ്റ് നേതാക്കളെ പൊന്നാടയണിയിച്ചു ആദരിക്കുകയും, വയനാട് ജില്ലാ കമ്മിറ്റി ഗ്ലോബൽ അംഗങ്ങൾക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു.
ചടങ്ങിൽ ജനപ്രതിനിധികളും WMF നേതാക്കളും ആശംസകൾ നേർന്നു സംസാരിച്ചു.

ലോകത്തിന്റെ ഏത് കോണിലായാലും മലയാളി കൂടെയുണ്ടാകും എന്ന വലിയ സത്യം ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ഹൃദ്യമായ ചടങ്ങ് സമാപിച്ചത്. ചടങ്ങിന് ശേഷം ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാറിന്റ നേതൃത്വത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ നേതാക്കൾ വീടുകൾ സന്ദർശിച്ചു. കുടുംബങ്ങളോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് അവർ യാത്രയായത്.