
വാഷിങ്ടൻ: ഹൃദയാഘാതത്തെ തുടർന്ന് ഇന്ത്യക്കാരൻ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ശശികാന്ത് റെഡ്ഡി ദോന്തിറെഡ്ഡിയാണ് മരിച്ചത്. വീസ ലഭിക്കാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ശശികാന്ത് കടന്നുപോയതെന്നും, അതാകാം മരണകാരണമെന്നും സുഹൃത്തുകൾ പറയുന്നു. ഫെബ്രുവരി 16 ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘‘യുഎസിൽ തങ്ങളുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള ജോലികൾ ഇന്ത്യക്കാർക്ക് ലഭിക്കുന്നില്ല. തളരാൻ തയാറാകാതെ ദീർഘനേരം ശശികാന്ത് ജോലി ചെയ്യുമായിരുന്നു. എട്ടുവർഷങ്ങൾക്ക് ശേഷം മകൻ വരുന്നതും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് അന്ത്യകർമങ്ങൾക്കായി മൃതദേഹമാണ് എത്താൻ പോകുന്നത്’’ – സുഹൃത്തുകളിൽ ഒരാൾ പറഞ്ഞു.
ശശികാന്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി സുഹൃത്തുകളുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 2018 ൽ യുഎസിലെത്തിയ ശശികാന്ത് ഇരട്ട ബിരുദാനന്തര ബിരുദധാരിയാണ്. എച്ച്‌വൺബി വീസയ്ക്കായി പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും നിരസിക്കപ്പെട്ടു. വീസ ലഭിക്കുമായിരുന്നെങ്കിൽ യുഎസിൽ തുടരാനും നീണ്ട എട്ടുവർഷത്തിനു ശേഷം നാട്ടിലെത്തി മാതാപിതാക്കളെ കാണാനും അവസരം ലഭിക്കുമായിരുന്നു. വീസ ലഭിക്കാത്തതിനെ തുടർന്ന് യുഎസിൽ തന്നെ തുടരുകയായിരുന്നു ശശികാന്ത്.