Image

നീൽ കത്യാൽ: താരിഫിനെതിരെ സുപ്രീം കോടതിയിൽ വിജയം കണ്ട ഇന്ത്യൻ അറ്റോർണി (പിപിഎം)

Published on 21 February, 2026
നീൽ കത്യാൽ:  താരിഫിനെതിരെ  സുപ്രീം കോടതിയിൽ വിജയം കണ്ട ഇന്ത്യൻ അറ്റോർണി  (പിപിഎം)

പ്രസിഡന്റ് ട്രംപ് അധികാരദുർവിനിയോഗം നടത്തിയാണ് ആഗോള തീരുവകൾ ചുമത്തിയതെന്നു യുഎസ് സുപ്രീം കോടതിയിൽ സ്ഥാപിച്ച അഭിഭാഷകൻ ഇന്ത്യൻ കുടിയേറ്റക്കാരുടെ പുത്രൻ. ചരിത്രമായ കോടതി വിധി രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ നീൽ കത്യാലിന്റെ പേരും ഉയർന്നു കേൾക്കുന്നു.

യുഎസ് ആക്ടിങ് സോളിസിറ്റർ ജനറൽ ആയിരുന്ന കത്യാൽ ആണ് 1977ലെ ഐ ഇ ഇ പി എ ആക്ട് അനുസരിച്ചു ട്രംപ് ഒട്ടു മിക്ക വ്യാപാര പങ്കാളിയുടെയും മേൽ ചുമത്തിയ തീരുവകൾ അന്യായവും ഭരണഘടനാവിരുദ്ധവും ആണെന്നു കോടതിയിൽ സമർഥിച്ചത്.

വിധി വന്നയുടൻ കത്യാൽ പറഞ്ഞു: "ഇന്ന് സുപ്രീം കോടതി നിയമവാഴ്ചയ്ക്കു വേണ്ടി ശബ്ദമുയർത്തി. എല്ലാ അമേരിക്കക്കാർക്കു വേണ്ടിയും. അവരുടെ സന്ദേശം ലളിതമായിരുന്നു: പ്രസിഡന്റുമാർ അധികാരത്തിന്റെ കരുത്തുള്ളവരാണ്, പക്ഷെ നമ്മുടെ ഭരണഘടന കൂടുതൽ കരുത്തുള്ളതാണ്. അമേരിക്കയിൽ കോൺഗ്രസിനു മാത്രമേ ജനങ്ങളുടെ മേൽ നികുതി ചുമത്താൻ അധികാരമുള്ളൂ."

ചെറുകിട ബിസിനസുകാർ മുൻകൈയെടുത്ത കേസിനു ലിബർട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണ ഉണ്ടായിരുന്നു. താരിഫുകൾ ദേശരക്ഷയ്ക്കും സാമ്പത്തിക കരുത്തിനും  സുപ്രധാനമാണെന്നു ട്രംപ് വാദിച്ചു. വ്യാപാര കമ്മി നികത്താനും ഫെന്റണിൽ കടത്തു തടയാനും അത് ആവശ്യമാണെന്നായിരുന്നു മറ്റൊരു വാദം.

സുപ്രീം കോടതി വിധി ഭരണഘടനയുടെ നാഴികക്കല്ലായി എന്നു കത്യാൽ ചൂണ്ടിക്കാട്ടി. "നമ്മൾ ചോദിച്ചതെല്ലാം സുപ്രീം കോടതി തന്നു. എല്ലാം.

"ഇത് ഒരു പ്രസിഡന്റിനെ കുറിച്ചു മാത്രമുള്ള കേസ് ആയിരുന്നില്ല. ഇത് അധികാര വിഭജനത്തെ കുറിച്ചാണ്, രാഷ്ട്രീയത്തെ കുറിച്ചല്ല. നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ സുപ്രീം കോടതി തയാറായതിൽ എനിക്ക് ആശ്വാസമുണ്ട്. 250 വർഷമായി നമ്മുടെ ഭരണത്തിന്റെ ആധാരശില ഈ കോടതി തന്നെ ആയിരുന്നു."  

ഷിക്കാഗോയിൽ ജനിച്ച കത്യാൽ വെല്ലുവിളിയാവുന്ന ഭരണഘടനാ കേസുകളാണ് കൈകാര്യം ചെയ്യാറ്. ഡാർട്മൗത് കോളജിലും യേൽ ലോ സ്കൂളിലും ആയിരുന്നു പഠനം.

പ്രസിഡന്റ് ഒബാമയാണ് 2010ൽ കത്യാലിനെ ആക്ടിങ് സോളിസിറ്റർ ജനറലായി നിയമിച്ചത്. സുപ്രീം കോടതിയിൽ ഗവൺമെന്റിനു വേണ്ടി 50 കേസുകളെങ്കിലും വാദിച്ചിട്ടുണ്ട്.

ജോർജ്‌ടൗൺ യൂണിവേഴ്സിറ്റി ലോ സെന്ററിൽ പോൾ സാന്ഡേഴ്സ് പ്രഫസറായ കത്യാൽ മിൽബാങ്ക് എൽഎൽപിയിൽ പാർട്ട്നറാണ്.  

മിനസോട്ടയിൽ ജോർജ് ഫ്ലോയിഡ് വധക്കേസ് വാദിച്ച കത്യാൽ Impeach: The Case Against Donald Trump എന്ന പുസ്തകം എഴുതിയിട്ടുമുണ്ട്.

ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഡ്‌മണ്ട് റാൻഡോൾഫ് അവാർഡ് കത്യാൽ നേടിയിട്ടുണ്ട്. 2024, 2025 വർഷങ്ങളിൽ ഫോബ്‌സ് അദ്ദേഹത്തെ യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട 200 അഭിഭാഷകരിൽ ഉൾപ്പെടുത്തി.

"ഒന്നോർത്തു നോക്കൂ," കത്യാൽ എംഎസ് നൗവിനോട് പറഞ്ഞു. "കുടിയേറ്റക്കാരുടെ മകനായ ഒരാൾ അമേരിക്കൻ ചെറുകിട ബിസിനസുകാർക്കു വേണ്ടി സുപ്രീം കോടതിയിൽ പോയി ഇതാ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നു പറയുക. അവർ എന്നോട് കർശനമായ ചോദ്യങ്ങൾ ചോദിച്ചു. കഠിനമായ വാദങ്ങൾ ആയിരുന്നു. ഒടുവിൽ അവർ എന്റെ വാദങ്ങൾ സ്വീകരിച്ചു.

"ഇത് ഈ രാജ്യത്തിൻറെ അസാധാരണ മഹത്വമാണ്. സ്വയം തിരുത്തുന്ന സിസ്റ്റം നമുക്കുണ്ട് എന്നത്. നിങ്ങൾ ലോകത്തു ഏറ്റവും കരുത്തൻ ആയാലും ഭരണഘടന ലംഘിക്കാൻ അധികാരമില്ല എന്നു പ്രഖ്യാപിക്കാൻ കഴിയുന്നു."

സുപ്രീം കോടതിയുടെ പുറത്തു നിന്നു എംഎസ്എൻബിസിയോട് അദ്ദേഹം പറഞ്ഞു: അമേരിക്കയിൽ കോൺഗ്രസിനു മാത്രമേ നികുതി ചുമത്താൻ അധികാരമുള്ളൂ. താരിഫ് എന്നാൽ നികുതി തന്നെ."

Neal Katyal, Indian-American lawyer who stopped Trump's tariffs  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക