Image

സാഹോദര്യം, ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ മുഖമുദ്ര : ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ

Published on 21 February, 2026
സാഹോദര്യം, ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ മുഖമുദ്ര : ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ

ന്യൂയോർക്ക് : ട്രൈ സ്റ്റേറ്റിലെ ആദ്യകാല ക്രൈസ്തവ കൂട്ടയ്മയും സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളുടെ അമേരിക്കയിലെ ഏറ്റവും വലിയ ഓർഗനൈസേഷനുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ 47- ഴാമാതു കമ്മിറ്റി ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽവച്ച് അധികാരമേറ്റു.

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ , വൈസ് പ്രസിഡന്റ്‌ തോമസ് പ്രകാശ് , സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ, ട്രഷറർ ജോർജ് തോമസ് , ജോയിന്റ് സെക്രട്ടറി മാത്യു ജോസഫും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടോണി നമ്പിയാമ്പറമ്പിൽ, പ്രിൻസ് ജോസഫ്, ബെഞ്ചമിൻ ജോസഫ്, ജിം ജോർജ് എന്നിവരും ഓഡിറ്റർമാരായി സ്വപ്ന മലയിൽ, മേരിക്കുട്ടി മൈക്കിൾ എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറായി റോയ് ആന്റണിയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ആന്റോ വർക്കിയും സത്യ വാചകം ചൊല്ലി സ്ഥാനമേറ്റു. ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ലിജോ ജോൺ ഏവർക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു.

മുൻപ്രസിഡന്റ് റോയ് ആന്റണി അസോസിയേഷന്റെ റെക്കോർഡുകൾ പുതിയ പ്രസിഡന്റ് ജോസഫ് മാത്യുവിനും മുൻ സെക്രട്ടറി തോമസ് പ്രകാശ് മെമ്പർഷിപ്പ് രജിസ്റ്ററും റെക്കോർഡുകളും പുതിയ സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിനും മുൻ ട്രഷറർ മാത്യു ജോസഫ് ബാങ്ക് ഡോക്യൂമെന്റസ് പുതിയ ട്രഷറർ ജോർജ് തോമസ്സിനും കൈമാറി. ബോർഡ്‌ ഓഫ് ട്രസ്റ്റീയുടെ റെക്കോർഡുകൾ മുൻ ചെയർമാൻ ലിജോ ജോൺ പുതിയ ചെയർമാൻ ആന്റോ വർക്കിക്കും കൈമാറി. ഫാദർ ജോണി ചെങ്ങളാന്റെ മ്യൂസിക്കൽ ഫ്യൂഷൻ അവിസ്മരണീയമായി. ജോസ് മലയിൽ സത്യ പ്രതിജ്ഞ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ 2026 ലെ പ്രവർത്തനോദ്ഘാടനം സീറോ മലബാർ സഭയുടെ കാനഡ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ നിർവഹിച്ചു. പ്രസിഡന്റ് ജോസഫ് മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു . മികച്ച വാഗ്മിയും ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ആത്മീയ ഗുരുവുമായ റവ. ഫാ. നോബി അയ്യനേത്തും ബെത്ത്പേജ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് വികാരി റവ.ഫാ. ജോൺസ്റ്റി തച്ചാറയും ചടങ്ങിൽ പുതിയ കമ്മറ്റിക്ക് അനുഗ്രഹ പ്രഭാഷണത്തിലൂടെ ആശംസകൾ നേർന്നു . ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ ചടങ്ങിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. സീറോ മലബാർ , മലങ്കര, ലത്തീൻ റീത്തിൽ പെട്ട എല്ലാവർക്കും ഒന്നിച്ചുകൂടുവാനുള്ള പൊതു വേദിയാണ് ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ എന്ന് അനുസ്മരിച്ചു. ഓരോ റീത്തും അവനവനിലേക്ക് സ്വയം ചുരുങ്ങാതെ ഒരു പൊതു ഇടമായ ഇന്ത്യാ കാത്തലിക് അസോസിയേഷനിൽ പ്രവർത്തിക്കാൻ മുന്നോട്ടു വരുവാൻ സെക്രട്ടറി ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു.

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ വാർത്തമാനകാല പ്രസക്തിയും നാളിതുവരെ ചെയ്തുപോന്ന സേവനങ്ങളും ചാരിറ്റികളും ജോസഫ് മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. 2020 മുതൽ ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന്റെ അമേരിക്കൻ അംബാസിഡറായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഈ വർഷവും പ്രവർത്തനം തുടരുമെന്നും ഒപ്പം പുനലൂരിലെ വിളക്കുടിയിലുള്ള സ്നേഹതീരത്തിന് നൽകി വരുന്ന സഹായം തുടർന്നു നല്കുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷം റോയ് ആന്റണിയുടെ നേതൃത്വത്തിൽ നാട്ടിൽ രണ്ടു വീടുകൾ പണിതു നൽകിയതുപോലെ ഈ വർഷവും ചാരിറ്റി പ്രവർത്തനം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ചാരിറ്റി പ്രവർത്തനത്തിലൂടെ ദൈവോന്മുഖമായി ജീവിക്കുവാനും നമ്മുടെ സമ്പദ്യത്തിൽ നിന്നും ഒരു ചെറു വിഹിതം മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ചിലവിടുവാനും കാത്തലിക് അസോസ്സിയേഷൻ പ്രവർത്തകരോട് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ

തന്റെ സരള മധുരവും ഗഹനവുമായ ഉദ്ഘാടന പ്രസംഗത്തിൽ ക്രിസ്തു ദർശനങ്ങൾ എങ്ങനെ നമ്മളെ വ്യതിരിക്തർ ആക്കുന്നുവെന്ന് വിശദീകരിച്ചു . നമ്മുടെ വേരുകളും സംസ്കാരവും സംസ്കൃതിയും ഭാരതീയമാണ് . അവ നിലനിന്നുപോരാൻ സഭാ പരമായ ഓർമ്മകളും കൂട്ടായ്മകളും നിലനിൽക്കണം . എല്ലാ ഭാഷയെയും സംസ്കാരത്തെയും എല്ലാ ജനതയേയും ദേശത്തേയും ലോകത്തെ മുഴുവനും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതാണ് ക്രൈസ്തവ ദർശനം. ഏറ്റവും വലിയ പ്രാർത്ഥന ദിവ്യ ബലിയാണ്. ഈ ലോകത്തിൽ നിസ്വനായി മരിച്ച ഒരേയൊരാൾ യേശു ക്രിസ്തുവാണ്. തന്റെ അവസാന തുള്ളി രക്തവും നൽകി എല്ലാം പൂർത്തീകരിച്ച ഒരേ ഒരാൾ. അത് ജീവിതത്തിൽ പ്രാവർത്തികം ആക്കുവാൻ കാത്തലിക് അസോസ്സിയേഷൻ പ്രവർത്തകർ വിളിക്കപ്പെട്ടിരിക്കുന്നത്തിൽ അഭിമാനിക്കണം.ടോഡ് ഹെന്ററി തന്റെ ‘ഡൈ എംപ്റ്റി ‘ എന്ന കൃതിയിൽ വിവരിക്കും പോലെ, ലോകത്തിലെ ഉപയോഗിക്കാനാവാത്ത എല്ലാ കഴിവുകളും സ്വപ്നങ്ങളും സമ്പന്നതയും (riches )കുഴിച്ചു മൂടപ്പെട്ട സെമിത്തേരി പോലെ ആവരുത് നമ്മുടെ ജീവിതം. നമ്മൾ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതുകൊണ്ട് ലോകം മാറില്ല, ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രയോഗത്തിൽ വരുത്തുമ്പോളാണ് സമൂഹത്തിൽ മാറ്റം ഉണ്ടാവുക. അങ്ങനെ മാറ്റത്തിനു വേണ്ടി പ്രയത്നിക്കുന്ന സഹോദര്യത്തിനു വേണ്ടി അധ്വാനിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ കൈകളിലാണ് കാത്തലിക് അസോസിയേഷൻ എന്നത് അഭിമാനകരമാണ്. തുടർന്ന് തിരി തെളിയിച്ച് 2026 ലെ പ്രവർത്തനം മാർ ജോസ് കല്ലുവേലിൽ നിർവഹിച്ചു.

ഹൃദയം ഒരവയവമല്ല, ഒരു വികാരമാണ് . ഈ തിരിച്ചറിവ്‌ ഉണ്ടാകുമ്പോഴാണ് ക്രിസ്തുവിന്റെ സ്നേഹം നമ്മളിൽ പ്രവർത്തിക്കുക, ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആത്മീയ ഗുരുവായ നോബി അയ്യനേത്ത് അച്ചൻ സദസ്സിനെ ഉദ്ബോധിപ്പിച്ചു. ബലിയല്ല, ദൈവം കരുണയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമുക്ക് ഹൃദയമുള്ളവരാകാം. ക്രിസ്തുവിന്റെ ആ വലിയ ഹൃദയത്തിൽ കോർത്തു വച്ച സ്നേഹത്തിന്റെ സംവേദനം കാത്തലിക് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ നിറയട്ടെയെന്നു നോബി അച്ചൻ ആശംസിച്ചു. നിങ്ങൾ ക്രിസ്തുവിന്റെ പരിമളം ആവണം എന്ന് പൗലോസ് അപ്പസ്തോലൻ കോരിന്തോസ്സിലെ സഭയെ ഉദ്ബോധിപ്പിച്ചതുപോലെ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ പരിമളം പരത്തട്ടെയെന്ന് ഫാദർ ജോൺസ്റ്റി തച്ചാറ ആശംസിച്ചു.

കഴിഞ്ഞ രണ്ടു വർഷക്കാലം തനിക്കും തന്റെ ടീമിനും നൽകിയ എല്ലാ പിന്തുണയ്ക്കും മുൻ പ്രസിഡന്റ് റോയ് ആന്റണി ഏവർക്കും നന്ദിയും സ്നേഹവും അറിയിച്ചു. കഴിഞ്ഞ ഒരു വർഷ കാലത്തിനുള്ളിൽ കേരളത്തിൽ രണ്ടു വീടുകൾ വച്ചു നൽകാൻ ഇന്ത്യാ കാത്തലിക് അസോസിയേഷനെ സഹായിച്ച നല്ലവരായ എല്ലാ സുമനസ്സുകൾക്കും പ്രത്യേകം നന്ദി അർപ്പിക്കുകയും പുതിയ കമ്മിറ്റിക്ക്‌ എല്ലാ പിന്തുണയും
വാഗ്ദാനം നൽകുകയും ചെയ്തു . സ്ഥാനമൊഴിഞ്ഞ ചെയർമാൻ ലിജോ ജോൺ പ്രസിഡന്റ് ജോസഫ് മാത്യുവിനും ചെയർമാൻ ആന്റോ വർക്കിക്കും എല്ലാ വിധ പിന്തുണയും സഹായവും തന്റെ ആശംസ പ്രസംഗത്തിൽ അറിയിച്ചു . ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ആന്റോ വർക്കി തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിന് ചാലക ശക്തിയായി വർത്തിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു .

ഏപ്രിൽ 18 ന് നടക്കുന്ന ഈസ്റ്റർ ചാരിറ്റി ഡിന്നറിന്റെ കിക്ക് ഓഫ്‌ ട്രസ്റ്റീ ബോർഡ്‌ മെമ്പർ കെ ജെ ഗ്രഗറിക്കു ടിക്കറ്റ് നൽകികൊണ്ട് ബിഷപ്പ് നിർവഹിച്ചു. കേരളത്തിൽ പണിയുന്ന വീടിന്റെ നിർമ്മിതിക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുൻ പ്രസിഡന്റ് റോയ് ആന്റണിയും പ്രസിഡന്റ ജോസഫ് മാത്യുവും ചേർന്ന് ബിഷപ്പ് മാർ ജോസ് കല്ലുവേലിക്കു കൈമാറി.

വൈസ് പ്രസിഡന്റ് തോമസ് പ്രകാശിന്റെ അമുഖ പ്രസംഗത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.
മേരിക്കുട്ടി മൈക്കിളിൾ പ്രാർത്ഥന ഗാനം ആലപിച്ചു. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം മേരിക്കുട്ടി മൈക്കിളും ജെസ്സി ആന്റോയും ചേർന്ന് ആലപിച്ചതോടെ സ്വാഗത പ്രസംഗത്തിനായി എം സി സ്വപ്‍ന മലയിൽ ജെയിംസ് ഇളമ്പുരയിടത്തെ ക്ഷണിച്ചു.

കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡന്റായി സ്തുത്യർഹമായ സേവനം ചെയ്ത റോയ് ആന്റണിയുടെയും ചെയർമാനായിരുന്ന ചെയർമാനായിരുന്ന ലിജോ ജോണിന്റെയും പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും പിതാവിൽ നിന്നും ആദരവ് സ്വീകരിക്കുവാൻ മുതിർന്ന നേതാവും ട്രസ്റ്റീ ബോർഡ്‌ മെമ്പറുമായ മേരി ഫിലിപ്പ് ഇരുവരെയും ക്ഷണിച്ചു . ബിഷപ്പ് മാർ കല്ലുവേലിൽ
രണ്ടു പേർക്കും പ്ലാക്കും പൊന്നാടയും നൽകി ആദരിച്ചു .

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ സോണൽ ഡയറക്ടർ ആയിരുന്ന വർഗീസ് സക്കറിയ,ലൈഫ് മെമ്പറായിരുന്ന ജെയിംസ് കാണാച്ചേരി, മുൻ പ്രസിഡന്റ്‌ കെ ജെ ഗ്രഗറിയുടെ ഭാര്യയും ലൈഫ് മെമ്പറുമായിരുന്ന മേഴ്‌സി ഗ്രിഗറി എന്നിവരുടെ
നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്രസ്റ്റീ ബോർഡ്‌ മെമ്പർ ജോൺ കെ ജോർജ് പ്രമേയം അവതരിപ്പിച്ചു.

സ്വപ്ന മലയിലും മേരിക്കുട്ടി മൈക്കിളുംഎം സി മാരായി പ്രവർത്തിച്ചു .അലക്സ്‌ മണലിൽ, ലിയ ജോസഫ്, മേരിക്കുട്ടി മൈക്കിൾ, എന്നിവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ ഏവരെയും ഹർഷ പുളകിതരാക്കി.

കനക ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഡാൻസും ക്രിസ്റ്റലും
അലീനയയും ആഷ്‌ലിനും ചേർന്നവതരിപ്പിച്ച സംഘ നൃത്തവും ഏവരുടെയും മനം കവർന്നു. ജോൺ കെ ജോർജും മേരിക്കുട്ടി മൈക്കിളും പരിപാടിയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.

സത്യ പ്രതിജ്ഞ ചടങ്ങിൽ ബോർഡ്‌ ഓഫ് ട്രസ്റ്റീ മെമ്പറും മുൻ പ്രസിഡന്റുമായ ജോസ് മലയിലും ഉദ്ഘാടന ചടങ്ങിൽ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറും മുൻ പ്രസിഡന്റുമായ ലിജോ ജോണും സ്വപ്ന മലയിലും എം സി മാരായി പരിപാടികൾ നിയന്ത്രിച്ചു .

ബോർഡ്‌ ഓഫ് ട്രസ്റ്റീ മെമ്പർമാരായ ആന്റോ വർക്കി, ജോസ് മലയിൽ, ഷാജിമോൻ വെട്ടം, കെ ജെ ഗ്രിഗറി, മേരി ഫിലിപ്പ്, ജോൺ കെ ജോർജ്, ലിജോ ജോൺ, റോയ് ആന്റണി എന്നിവരും മുൻ പ്രസിഡന്റുമാർ ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാന്മാർ മുതിർന്ന നേതാക്കന്മാരായ പോൾ പി ജോസ് എന്നിവരും
സോണൽ ഡയറക്ടർ ഷൈജു കളത്തിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബെഞ്ചമിൻ ജോസഫ്, പ്രിൻസ് ജോസഫ് , ടോണി നമ്പിയാപറമ്പിലും
ചേർന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി . ട്രഷറർ ജോർജ് തോമസ് ഏവർക്കും നന്ദി അർപ്പിച്ചു. ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു . 
 

സാഹോദര്യം, ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ മുഖമുദ്ര : ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക