
സിക്കു റൂമിൽ ഒറ്റയ്ക്കു കിടക്കുമ്പോൾ സാറായ്ക്കു ഭയം തോന്നും.
തറയിൽ വിരിച്ച ഒരു പായയിൽ ഉറക്കം വരാതെ കിടക്കും. ദാഹം... തൊണ്ട വരണ്ടുണങ്ങുന്നു.. ദേഹമാസകലം വല്ലാത്ത നീറ്റൽ !!
എപ്പോഴോ ഉറങ്ങിപ്പോയി.
കണ്ണുതുറക്കുമ്പോൾ
പകൽ വെളിച്ചം ജാലകത്തിലൂടെ മുറിയിലുമെത്തിയിരുന്നു.
ജനാലയ്ക്കരികിലെത്തി. മരയഴികൾക്കിടയിലൂടെ പുറത്തേയ്ക്കു നോക്കി. ഹോസ്റ്റൽ വളപ്പിലെ കൂറ്റൻ ചൂളമരങ്ങൾക്കിടയിലൂടെ പ്രഭാത സൂര്യന്റെ നേർത്ത കിരണങ്ങൾ ഊർന്നിറങ്ങുന്നു. നേർത്ത തണുത്ത കാറ്റ് ഏറ്റപ്പോൾ ആശ്വാസം തോന്നി.
വരാന്തയിൽ കാൽപ്പെരുമാറ്റ o കേട്ടു... അശരീരി പോലെ ഏതാനും വാക്കുകൾ
" കതകു തുറന്നു എടുത്തോളൂ...
അവൾ മെല്ലെ കതകുതുറന്നു . വെള്ളവും ആഹാരവും.
കൂടാതെ ദന്തപൂർണ്ണം ലൈഫ്ബോയ് സോപ്പ് , ഡെറ്റോൾ പഞ്ഞി , കോട്ടൺ തുണി തുടങ്ങിയ സാധനങ്ങളും നിരത്തി വെച്ചിരിക്കുന്നു... വിശപ്പുണ്ടായിരുന്നു.
കഴിയ്ക്കുവാൻ തോന്നുന്നില്ല.
"സാറാ കഞ്ഞി കുടിക്കണം വെള്ളവും ധാരാളം കുടിയ്ക്കണം.
കൊച്ചമ്മ : (വാർഡനെ അങ്ങനെയാണു കുട്ടികൾ വിളിയ്ക്കുന്നതു ..) പുറത്തുനിൽപ്പുണ്ടായിരുന്നു.
മരുന്നു ദാ ഈ ജനൽപ്പടിയിൽ വെച്ചിട്ടുണ്ട്. പേടിയ്ക്കേണ്ട
ഞാനിടയ്ക്കു വന്നു നോക്കിക്കോളാം...
വേഗം സുഖമാവുന്ന ചിക്കൻ പോക്സ് ആണു... പേടിയ്ക്കേണ്ട,
സ്നേഹത്തോടെയുള്ള അവരുടെ പെരുമാറ്റം വളരെ ആശ്വാസം പകർന്നു.
കുമിളകൾ ചിലതൊക്കെ പൊട്ടി.
ചലവും ചോരയും വഴുക്കലും നിറഞ്ഞ പായിൽ ദിവസങ്ങൾ കൊണ്ട് വല്ലാത്ത ദുർഗന്ധവും ഉണ്ടായി.
ഞരങ്ങിയും മൂളിയും നിശബ്ദം കരഞ്ഞും
എത്ര ദിവസം ആ മുറിയിൽ കിടന്നുവെന്ന് സാറായ്ക്കു ഓർത്തെടുക്കാനായില്ല.
ജ്വരാലസ്യത്തിൽ മയങ്ങിക്കിടന്ന ആദ്യ ദിവസങ്ങൾ... രാത്രിയാണോ . പകലാണോ? എവിടെയാണെന്നു പോലുമറിയാതുളള മയങ്ങിക്കിടപ്പ്.
ഇപ്പോൾ
പൊന്തിയ കുരുക്കളെല്ലാം പഴുത്തു പൊട്ടി
: പകലും രാത്രിയും ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണർന്നു.. ചിലപ്പോൾ അമ്മച്ചിയുടെ കൈത്തലം പൊള്ളുന്ന തന്റെ നെറ്റിയിൽ തലോടിക്കൊണ്ടിരിയ്ക്കും... അച്ചനും വെല്ലിച്ചനും ശോശ അമ്മച്ചിയും തന്റെ അരികിൽ ഇരിയ്ക്കുന്നതായി തോന്നും കണ്ണുതുറക്കുമ്പോൾ സങ്കടം അണപൊട്ടിയൊഴുകും....
പനിയും ശരീര വേദനയും ക്രമേണ കുറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന തീരെ ഇല്ലാതായി..
ഇപ്പോൾ വേദനയല്ല ചൊറിച്ചിലാണു അസഹ്യമായതു.
പുലർക്കാലത്തു തണുത്ത കാറ്റ് മുറിയ്ക്കുള്ളിലേയ്ക്കരിച്ചെത്തും...... പുതപ്പിനു വല്ലാത്ത നാറ്റം !!
നേഴ്സ് വന്നു സാറായെ 'പരിശോധിച്ചു...
ഇനി കുളിയ്ക്കാം. വാർഡനോടവർ പറയുന്നതു കേട്ടു.
ചൂടുവെള്ളം കുളിമുറിയിൽ വെച്ച ശേഷം ആയമാർ പേടിച്ചോടി.
അവളുപയോഗിച്ച വസ്തുക്കളെല്ലാം അവൾ തന്നെ കത്തിച്ചു കളഞ്ഞു... ഒന്നുരണ്ടു ദിവസം കൂടി മഞ്ഞളും ആര്യവേപ്പുമിട്ടു തിളപ്പിച്ചാറിയ വെള്ളത്തിലാണവൾ കുളിച്ചതു.
കറികളെല്ലാം കുട്ടി ആർത്തിയോടെ അവൾ ചോറുണ്ടു.. വാർഡനതു നോക്കി നിന്നു... അവരുടെ കണ്ണുകൾ ഈറനണിയുന്നതു സാറാ കണ്ടു...
എ. ഹോസ്റ്റലിലെ നാലഞ്ചു കുട്ടികൾക്കും ഒന്നുരണ്ടു അധ്യാപികമാർക്കും രോഗം പിടിപെട്ടിരുന്നു....
ഓണ പരീക്ഷ മാറ്റിവെച്ചു. ... ഹോസ്റ്റൽ വീണ്ടും തുറന്നു.
അവധി കഴിഞ്ഞ് എല്ലാവരും മടങ്ങിയെത്തിക്കൊണ്ടിരുന്നു.
തുടരും…