
ശീതകാല ഒളിംപിക്‌സിന് ഞായറാഴ്ച ഇറ്റലിയിലെ മിലാന്‍ കോര്‍ട്ടിനയില്‍ കൊടിയിറങ്ങും. ഒരു നാള്‍ മത്സരങ്ങള്‍ അവശേഷിക്കെ നോര്‍വേയാണു മുന്നില്‍. 16 സ്വര്‍ണ്ണവും എട്ടു വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 34 മെഡലുകള്‍ നോര്‍വേ നേടിക്കഴിഞ്ഞു. യു.എസ്. രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഏറെ പിന്നിലാണ്. യു.എസിന് ഒന്‍പതു സ്വര്‍ണ്ണവും 12 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 27 മെഡല്‍ ഉണ്ട്. ആതിഥേയരായ ഇറ്റലിയും(9-5-12-26), ഫ്രാന്‍സും(6-8-5-19) മെഡല്‍ പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
പക്ഷേ, വനിതാ ഐസ് ഹോക്കിയിലെ വിജയം യു.എസിന് വലിയ നേട്ടമായി. എക്‌സട്രാ ടൈമില്‍ വിധിയെഴുതിയ മത്സരത്തില്‍ യു.എസ്. കാനഡയെ തോല്‍പിച്ചു(2-1). എക്‌സട്രാ ടൈമിന്റെ 4.07 മിനിറ്റില്‍ മെഗാന്‍ കെല്ലര്‍ ആണ് ഗോള്‍ഡന്‍ ഗോള്‍ നേടിയത്. നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ കാനഡ ഒരു ഗോളിനു മുന്നില്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2.04 മിനിറ്റ് ശേഷിക്കെ യു.എസ്. നായിക ഹിലരി നൈറ്റ് സമനില ഗോള്‍ നേടി(1-1). ഹിലരിക്ക് ഇതു അഞ്ചാം ഒളിംപിക്‌സായിരുന്നു. 2022 ല്‍ ബെയ്ജിങ്ങില്‍ ഫൈനലില്‍ കാനഡയില്‍ നിന്നേറ്റ തോല്‍വി ക്ക് മറുപടിയായി യു.എസിന് മിലാനിലെ വിജയം.
ഫ്രീ സ്‌കേറ്റിങ്ങില്‍ യു.എസിന്റെ ഇരുപതുകാരി അലീസാ ലിയു നേടിയ സ്വര്‍ണ്ണത്തിനും തിളക്കമേറെ. 2002 ല്‍ സാള്‍ട്ട് ലേക്കില്‍ സാറ ഹ്യൂസ് സ്വര്‍ണ്ണം നേടിയശേഷം ഒരു യു.എസ്. താരം ഫ്രീ സ്‌ക്കേറ്റിങ്ങില്‍ സ്വര്‍ണ്ണമണിഞ്ഞത് ആദ്യം. 2006 ല്‍ സാഷാ കൊഹെന്‍ വെള്ളി കരസ്ഥമാക്കിയിരുന്നു.
ഇതിനിടെ ശീതകാല ഒളിംപിക്‌സ് കാണാന്‍ മിലാനില്‍ എത്തിയ യു.എസ്. ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സിനും ഭര്‍ത്താവ് ജൊനാഥന്‍ ഒവന്‍സിനും പോക്കറ്റടിക്കാരുടെ ശല്യമുണ്ടായി. തിരക്കേറിയ വീഥിയിലൂടെ നടക്കുമ്പോഴാണ് ഒവന്‍സിന്റെ കൈയ്യിലെ ബാഗ് മോഷ്ടാവ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ബാഗിന്റെ വള്ളി കൈയില്‍ ചുറ്റിയിരുന്നതിനാല്‍ ബാഗ് നഷ്ടപ്പെട്ടില്ലെന്ന് ജൊനാഥന്‍ ഒവന്‍സ് പറഞ്ഞു.
അടുത്ത ശീതകാല ഒളിംപിക്‌സ് 2030 ൽ ഫ്രാന്‍സില്‍ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ നടക്കും.