
ഇറാനിൽ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അവർ ആണവ കരാറുകളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അവർ ചോദിച്ചത് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയാണ്. പക്ഷേ അവരുടെ പ്രതിഷേധം ഒരു പ്രാദേശിക ജനാധിപത്യ സമരത്തിൽ നിന്ന് അന്താരാഷ്ട്ര രാഷ്ട്രീയ ചെസ്ബോർഡിലേക്ക് നീങ്ങി.
അമേരിക്കൻ പ്രസിഡഡിന്റെ “ഞങ്ങൾ നിങ്ങളോടൊപ്പം” എന്ന പരാമർശം ഒരു നയതന്ത്ര വാചകമാത്രമോ? അല്ലെങ്കിൽ ഭരണകൂട മാറ്റത്തിന്‍റെ ഒരു തുറന്ന സൂചനയോ? അവിടെ പ്രതിഷേധക്കാർക്ക് നേരെ കർശനമായ അടിച്ചമർത്തൽ നടന്നു. അനൗദ്യോഗിക കണക്കുകൾ പതിനായിരക്കണക്കിന് മരണങ്ങളെ സൂചിപ്പിക്കുന്നു. ഇത് ഒരു ആഭ്യന്തര പ്രശ്നം മാത്രമായി ഇനി കാണാൻ കഴിയില്ല.
ഇവിടെ യഥാർത്ഥ ചോദ്യം മറ്റൊന്നാണ്:
ഇത് ഇറാനിയൻ ജനതയുടെ സ്വാതന്ത്ര്യ സമരമാണോ,അല്ലെങ്കിൽ മഹാശക്തികൾ തമ്മിലുള്ള ശക്തിപരീക്ഷണമോ? അമേരിക്കയും ഇസ്രായേലും ഇറാനിലെ നിലവിലുള്ള ഭരണകൂടത്തെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നത് രഹസ്യമല്ല. പക്ഷേ അവർ നേരിട്ട് യുദ്ധത്തിലേർപ്പെടുമോ? അതോ സമാധാന ചർച്ചകളുടെ മറവിൽ യുദ്ധസന്നാഹം പൂർത്തിയാക്കുമോ? സമാധാന ചർച്ചകൾ പലപ്പോഴും യുദ്ധത്തിനുള്ള ഇടവേളയാണ്. നയതന്ത്രവും സൈനിക നീക്കങ്ങളും ഒരേസമയം നടക്കാറുണ്ട്. ഇറാൻ വെറും ചെറിയ പ്രാദേശിക ശക്തിയല്ല; മിസൈലുകളും പ്രോക്സി സംഘങ്ങളും സൈബർ ശേഷിയും ചേർന്ന വലിയ സമവാക്യം. അതിനാൽ നേരിട്ടുള്ള ആക്രമണം “കുറച്ച് ദിവസത്തെ യുദ്ധം” ആയിരിക്കില്ല, അത് ഒരു മേഖലാ സ്ഫോടനമാകും.
യുദ്ധം സംഭവിച്ചാൽ?
ലെബനൻ, സിറിയ, ഇറാഖ്, യെമൻ, എല്ലായിടത്തും പ്രോക്സി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടാം. അത് നിയന്ത്രണാതീതമാകും.
ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ആഗോള വിപണികൾ തകർന്നടിയും. അമേരിക്ക, യൂറോപ്പ്, ഏഷ്യ, എല്ലായിടത്തും വിലക്കയറ്റം കുത്തനെ ഉയരും. ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ നാട്ടുവിടേണ്ടിവരും. യൂറോപ്പിലേക്ക് പുതിയ കുടിയേറ്റ സമ്മർദ്ദം ഉയരും. ബാങ്കിംഗ്, വൈദ്യുതി, ആശയവിനിമയം, എല്ലാം ലക്ഷ്യമാകാം. യുദ്ധഭൂമി ഇനി വെറും മണ്ണിൽ മാത്രമല്ല, ഡിജിറ്റൽ ലോകത്തുമാണ്. ഇറാൻ തങ്ങളുടെ ആണവ പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചാൽ, മേഖലയിൽ ആയുധസ്പർധ കുതിച്ചുയരും. അതോടെ മിഡിൽ ഈസ്റ്റ് ഒരു സ്ഥിരമായ അസ്ഥിരതയുടെ മേഖലയായി മാറാം.
എന്നാൽ യുദ്ധം അനിവാര്യമാണോ?
ചരിത്രം പഠിപ്പിക്കുന്നത്, യുദ്ധം “അനിവാര്യമെന്നു തോന്നുന്ന” നിമിഷത്തിലാണ് പലപ്പോഴും അവസാന നിമിഷ കരാറുകൾ ഉണ്ടാകുന്നത്. നേതാക്കൾ കടുത്ത ഭാഷ ഉപയോഗിക്കും. പക്ഷേ യഥാർത്ഥ യുദ്ധം തുടങ്ങുന്നത് അവർക്ക് തന്നെ തിരിച്ചടിയാകാം.
അറുപത്തിരണ്ടിലെ ക്യൂബൻ മിസൈൽ ക്രൈസസ്സ് ലോകം ഇന്നും വിറയലോടെ ഓർക്കുന്ന ഒരു സംഭവമാണ്. വെറും പതിമൂന്ന് ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ആ സംഘർഷം മനുഷ്യരാശിയെ ആണവ മഹായുദ്ധത്തിന്റെ വക്കിലേക്ക് കൊണ്ടുപോയിരുന്നു. ജോൺ എഫ് കെന്നഡി ശക്തമായ മുന്നറിയിപ്പും നാവിക ഉപരോധവും പ്രഖ്യാപിച്ചപ്പോൾ, ലോകം അമേരിക്കൻ പ്രസിഡന്റിന്റെ ദൃഢനിശ്ചയത്തെ വാനോളം പുകഴ്ത്തി.
പക്ഷേ ചരിത്രം ഒറ്റവശമല്ല. നികിറ്റാ ക്രൂഷ്ചേവ് എടുത്ത സമയോചിതമായ പിന്മാറ്റവും അത്ര തന്നെ നിർണായകമായിരുന്നു. ആണവ മിസൈലുകൾ ക്യൂബയിൽ സ്ഥാപിച്ചതിലൂടെ സോവിയറ്റ് യൂണിയൻ അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ചെങ്കിലും, അവസാനം ബുദ്ധിപൂർവമായ രാഷ്ട്രീയ ധൈര്യം ക്രൂഷ്ചേവാണ് കാണിച്ചത്. പൊതു വേദിയിൽ അമേരിക്ക വിജയിച്ചുവെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും, രഹസ്യ ധാരണകളിലൂടെ തുർക്കിയിലെ അമേരിക്കൻ മിസൈലുകൾ നീക്കം ചെയ്യുന്നതടക്കമുള്ള സമവായങ്ങൾ നടന്നതും സത്യമാണ്. അതായത്, ആ പ്രതിസന്ധി അവസാനിപ്പിച്ചത് ശക്തിയുടെ ഏകപക്ഷീയ പ്രകടനം മാത്രമല്ല; പരസ്പര ഭയം, രാഷ്ട്രീയ യാഥാർത്ഥ്യബോധം, പിന്നാമ്പുറ നയതന്ത്രം എന്നിവയുടെ കൂട്ടുകെട്ടായിരുന്നു.
അന്ന് ലോകം രക്ഷപ്പെട്ടത് യുവത്വത്തിന്റെ ആവേശം കൊണ്ടോ ശക്തമായ അന്ത്യശാസനം കൊണ്ടോ മാത്രം അല്ല; അവസാന നിമിഷത്തിൽ രണ്ട് പക്ഷങ്ങളും പൂർണ്ണ നാശത്തിന്റെ വില തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ഇന്നത്തെ പശ്ചാത്തലത്തിൽ ഡൊണാൾഡ് ട്രൂമ്പ് എത്ര സമ്മർദ്ദം ചെലുത്തിയാലും, അലി ഖമേനിയെപോലുള്ള മത-രാഷ്ട്രീയ നേതൃത്വങ്ങൾ അതേ രീതിയിൽ പിന്മാറുമെന്നുറപ്പില്ലെന്ന ആശങ്ക ഉയരുന്നു. 1962-ലെ ശീതയുദ്ധകാലത്ത് രണ്ട് രാഷ്ട്രങ്ങളും നേരിട്ട് ഏറ്റുമുട്ടാൻ ഭയപ്പെട്ടിരുന്നുവെങ്കിലും, ഇന്നത്തെ മധ്യപൂർവ്വേഷ്യൻ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണ്, പ്രോക്സി യുദ്ധങ്ങൾ, മതപരമായ ഉത്സാഹം, പ്രാദേശിക ശക്തിസമത്വം, ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദങ്ങൾ എന്നിവ ചേർന്ന് സാഹചര്യം അനിശ്ചിതമാക്കുന്നു.
എങ്കിലും ഒരു ചരിത്രപാഠം വ്യക്തമാണ്: ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരിക്കലും വിജയികളുടെ കഥയല്ല; അത് പരാജിതരില്ലാത്ത ഒരു ദുരന്തം മാത്രമാണ്. 1962 നമ്മെ പഠിപ്പിച്ചത് യുദ്ധത്തിലേക്ക് നീങ്ങുന്നത് എളുപ്പമാണ്, പക്ഷേ അവസാന നിമിഷത്തിലെ വിവേകമാണ് മനുഷ്യരാശിയെ രക്ഷിക്കുന്നത് എന്നതാണ്.
അതുകൊണ്ട് തന്നെ, ഇന്ന് യുദ്ധം അനിവാര്യമാണ് എന്നു തോന്നുന്നവർക്കും ചരിത്രം ഒരു മുന്നറിയിപ്പാണ്: രാഷ്ട്രീയ ശക്തിയുടെ യഥാർത്ഥ അളവുകോൽ, എത്ര കഠിനമായി ഭീഷണിപ്പെടുത്താം എന്നതല്ല; എത്ര ദുരന്തം ഒഴിവാക്കാം എന്നതാണ്.
ആരാണ് ജയിക്കുക ?
പ്രശ്നം “ആരാണ് ജയിക്കുക?” എന്നതല്ല. “ആരാണ് എല്ലാം നഷ്ടപ്പെടുക?” എന്നതാണ്. ഇറാനിലെ ജനത ഭരണപരമായ മാറ്റം ആഗ്രഹിച്ചേക്കാം. എന്നാൽ പുറത്തുനിന്നുള്ള സൈനിക ഇടപെടൽ പലപ്പോഴും സ്വാതന്ത്ര്യത്തിലേക്കല്ല നയിക്കുന്നത്, ദീർഘകാല അസ്ഥിരതയിലേക്കാണ്. യുദ്ധം അനിവാര്യമല്ല. പക്ഷേ രാഷ്ട്രീയ അഹങ്കാരം ബുദ്ധിയെ മറികടക്കുമ്പോൾ, അത് അനിവാര്യമായി തോന്നിപ്പിക്കും. ലോകം ഇപ്പോൾ കാത്തിരിക്കുന്നത് മിസൈൽ പൊട്ടിത്തെറിയെയല്ല , അവസാന നിമിഷത്തിൽ ഉണ്ടാകുന്ന ഒരു ബുദ്ധിപൂർവ്വ തീരുമാനം തന്നെയാണ്.