
ബുദ്ധഭഗവാന്റെ ഹൃദയ നൈർമ്മല്യവും യേശുദേവന്റെ കരുണയും ശങ്കരാചാര്യരുടെ പ്രതിഭയും സമന്വയിച്ച സനാതനധർമ്മ സമുദ്ധാരകനായ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മജയന്തിയാണ് ഫെബ്രുവരി 19.
പൗരാണികമായ ഭാരതത്തിന്റെ ആധ്യാത്മികപാരമ്പര്യം തകർക്കുകയും യുക്തിരഹിതമായ പാശ്ചാത്യ അതിഭൗതികത അടിച്ചേൽപ്പിക്കുകയും എന്ന ലക്ഷ്യത്തോടെ ബംഗാളിൽ മെക്കാളെ പ്രഭുവിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച 1836 ലെ ഫെബ്രുവരി 18 നാണ് പശ്ചിമ ബംഗാളിലെ കാമാൽപുക്കുർ എന്ന ഗ്രാമത്തിൽ ശ്രീരാമകൃഷ്ണൻ ഭൂജാതനായത്. മാതാപിതാക്കൾ നൽകിയ ആദ്യനാമം ഗദാധരൻ എന്നായിരുന്നു.
ബ്രിട്ടീഷ് താത്പര്യ പ്രകാരം Downward Filtration Theory അനുസരിച്ചു തയ്യാറാക്കിയ 1835 ലെ മെക്കാളെ മിനിറ്റ്സ്
ഇംഗ്ലീഷ് ഭാഷയെ ബംഗാൾ പ്രവിശ്യയിലെ ഭരണഭാഷയാക്കിയും കോടതി വ്യവഹാര മാധ്യമമാക്കിയും 1836 ൽ ഈസ്റ്റിന്ത്യാ കമ്പനി വിജ്ഞാപനമിറക്കി. ഭാരതീയ വൈഞ്ജാനിക ചിന്താ പദ്ധതികൾക്ക് നാവ് നൽകിയ സംസ്കൃതവും പേർഷ്യൻ ഭാഷയായ അറബിയും അതോടെ രണ്ടാം സ്ഥാനത്താകുകയും പാശ്ചാത്യ ശാസ്ത്രവും സാഹിത്യവും തത്വചിന്തയും ഇംഗ്ലീഷിനു കല്പിച്ചുകിട്ടിയ മുഖ്യ ബോധന ഭാഷാ പദവിയിലൂടെ പ്രഥമ ശ്രേണിയിലെത്തുകയും ചെയ്തു. സനാതന ധർമ്മ സംഹിതകൾക്കും ഭാരതീയ ഭാഷകൾക്കും വലിയ വെല്ലുവിളികൾ ഉയർന്ന അതെ കാലത്തു നിയതിയുടെ നിയോഗത്താൽ അവതരിച്ചതുകൊണ്ടാണ് ശ്രീരാമകൃഷ്ണനെ വത്സല ശിഷ്യനായ വിവേകാനന്ദൻ അവതാര വരിഷ്ഠനെന്നു വിശേഷിപ്പിച്ചത്.
അദ്ധ്യാത്മികതയെ അന്യമാക്കി ആത്മാവ് നഷ്ടപ്പെടുത്തിയ പുതിയ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പാത ഉപേക്ഷിച്ച ഗദാധരൻ ഹൃദയത്തിനു വെളിച്ചവും ജീവിതത്തിനു ശാന്തിയും നൽകുന്ന ജ്ഞാനപദമാണ് പഠനമാർഗ്ഗമായി സ്വീകരിച്ചത്. ത്രിലോക പാപനാശിനിയും പുണ്യ പ്രവാഹിനിയുമായ മന്ദാകിനിയുടെ തീരത്തുള്ള ദക്ഷിണേശ്വരിലെ കാളിക്ഷേത്രത്തിലെ പൂജാരിയായി നിയമിതനായ ജ്യേഷ്ട സഹോദരൻ രാമകുമാരനോടൊപ്പം അനുജനും അവിടേക്കു താമസം മാറ്റുന്നു. അഭൗമമായ കാളി സാന്നിധ്യത്തിൽ ജനിമൃതികളുടെ ബാലപാഠങ്ങൾ ജഗദീശ്വരിയുടെ ഗുരുമുഖത്തുനിന്നുതന്നെ അഭ്യസിക്കുവാനുള്ള യോഗം ഒരു സിദ്ധിപോലെ അദ്ദേഹത്തിന് കരഗതമാകുന്നു. മെക്കാളെയുടെ പബ്ലിക് സ്കൂളുകൾക്കോ ആംഗലേയ സർവ്വകലാശാലകൾക്കോ നല്കാൻ കഴിയാത്ത പ്രാപഞ്ചിക രഹസ്യങ്ങളുടെ ഉരുക്കഴിക്കാനുള്ള വിദ്യയും ജീവന്റെ സഹജഭാവമായ ശാന്തിയും ആനന്ദവും അനായാസേന അനുഭവിക്കാനുള്ള ശേഷിയും ദേവീ മുഘതുനിന്നു ആ ബാലൻ നേടിയെടുത്തു. ബാലനിൽ നിന്നും ബലവാനിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെ ശ്രീമദ് വിവേകാനന്ദ സ്വാമികൾ എന്ന ജീവചരിത്ര ഗ്രന്ഥമെഴുതിയ സിദ്ധിനാഥാനന്ദ സ്വാമി രേഖപ്പെടുത്തുന്നതിങ്ങനെ '' ബാലൻ ഭക്തനായി ; ഭക്തൻ തപസ്വിയായി; തപസ്വി സിദ്ധനായി; സിദ്ധൻ ബ്രഹ്മജ്ഞാനിയായി; ബഹ്മജ്ഞാനി പ്രവാചകനായി;
പ്രവാചകൻ ഈശ്വരനിൽ ലയിച്ചു; അവതാര പുരുഷനായി ‘’. ഇതൊക്കെ സംഭവിക്കുന്നത് ഒരു വ്യാഴവട്ടക്കാലത്തിനുള്ളിലാണ്.
കേവലം അഞ്ചു പതിറ്റാണ്ടുകൊണ്ടു ജന്മദൗത്യം പൂർത്തിയാക്കി മടങ്ങിയ പരമഹംസരുടെ വീക്ഷണങ്ങൾ നാം കാണുന്നത് അക്കാദമിക് മികവിലൂടെയോ ബ്രഹ്ത് രചനകളിലൂടെയോ അല്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പിടിമുറുക്കിയിരുന്ന ബംഗാളി സമൂഹത്തിൽ മിശിഹ വേഷത്തിലെത്തിയ നാസ്തികരും ഹിന്ദുക്കളുടെയിടയിൽ നിന്നുടലെടുത്ത ബ്രഹ്മസമാജം പോലുള്ള പരിഷ്കരണ പ്രസ്ഥാനങ്ങളും മത്സരിച്ചു സാമൂഹ്യ വിപ്ലവശ്രമങ്ങൾ തുടരുമ്പോളാണ് നിരുപാധിക ഇശ്വരപ്രേമത്താൽ ഭാവാശേശിതനായ ഒരു പൂജാരി ശ്രദ്ധേയനാകുന്നത്. ലൗകിക ഭോഗങ്ങൾ ഉപേക്ഷിച്ച ഏതാനും സന്യാസ സുഹൃത്തുക്കളുമായുള്ള അദ്ദേഹത്തിന്റെ സായംകാല സദ്‌സംഘങ്ങളാണ് വളരെ വേഗം വങ്ക ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പരിസരങ്ങളെ പിടിച്ചുകുലുക്കിയത്. ഭക്തിയുടെ ഉന്മാദമായിമാത്രം ഈ നീക്കത്തെ വിലയിരുത്തിയ നാസ്തികരും വിദ്യാസമ്പന്നരുമായ വിവേകാനന്ദനെപ്പോലുള്ള യുവാക്കൾ തർക്കത്തിനും നേരമ്പോക്കിനുംവേണ്ടി ദക്ഷിണേശ്വരിൽ വന്നുതുടങ്ങുകയും പരമഹംസരിൽ ആകൃഷ്ടരാകുകയും ചെയ്യുകയാണുണ്ടായത്. പ്രതിദിന കൂടികാഴ്ചകളിൽ സുഹൃത്തുക്കളുമായി അദ്ദേഹം പങ്കുവച്ച സത്യങ്ങൾ പിൽക്കാലത്തു വിലപ്പെട്ട വേദാന്ത ദർശനങ്ങളായി ഭാരതം ഏറ്റെടുക്കുകയും ചെയ്തു.
വിമർശിക്കാൻ വന്ന വിവേകാനന്ദൻ തന്നെ ഏറ്റവും വലിയ പ്രചാരകനായി ആഗോള ശ്രദ്ധ നേടിയതും ചരിത്രം.
ശ്രീരാമകൃഷന്റെ ചരിത്രവും പ്രവചനസമാനമായ ഉദ്ബോധനങ്ങളും ശ്രീരാമകൃഷ്ണ കഥാമൃതമെന്ന പേരിൽ സമയക്രമസഹിതം അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ മഹേന്ദ്രനാഥ് ഗുപ്‌ത (എം) ബംഗാളി ഭാഷയിൽ പലഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഗോസ്പൽ ഓഫ് രാമകൃഷ്ണ എന്നപേരിൽ അമേരിക്കയിലും ശ്രീരാമകൃഷ്ണ വചനാമൃതം ( മൂന്നു ഭാഗങ്ങൾ ) എന്ന പേരിൽ സ്വാമി സിദ്ധിനാഥാനന്ദ മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാരതത്തിന്റ ആധുനിക ആത്മതേജസ്സുകളിൽ അഗ്രിമ സ്ഥാനം അലങ്കരിക്കുന്ന പരമഹംസരുടെ വീക്ഷണം ഒരിക്കലും വ്യക്താധിഷ്ഠിത
പ്രഘോഷങ്ങൾ അല്ല തത്വാധിഷ്ഠിതമാണ്. വചനാമൃതത്തിലെ സർവ്വമത സമന്വയം (Universalism) എന്ന ദർശനത്തിന്റെ പ്രവാചകനായാണ് ശിഷ്യൻ വിവേകാനന്ദൻ വിശ്വപ്രസിദ്ധനാകുന്നത്. '' യഥോ മത തഥോ പഥ'' (എത്ര ദൈവങ്ങളുണ്ടോ അത്രയും വഴികളുമുണ്ട് ) എന്നതാണ് സന്വയം മുന്നോട്ടുവെക്കുന്നത്. ഒരു മതത്തെയും നിരാകരിക്കാത്ത ഈ രാമകൃഷ്ണ ദർശനം ആധുനിക മതേതരത്വത്തിന്റെ രഥ്യയായി സ്വീകരിക്കാവുന്നതാണ്. തുടർന്ന് അദ്ദേഹം പറയുന്ന ഇശ്വരസാക്ഷാൽക്കാരം (God Realization) മതങ്ങളെ ഭൗതിക വാദപ്രതിവാദ സംഘട്ടനങ്ങളിൽ നിന്നും വഴിമാറ്റി ഇശ്വരനിലേക്കു അടുപ്പിക്കുന്നു. അടുത്തത് സ്വാമി വിവേകാനന്ദനെ ഏറെ ആകർഷിച്ച ശിവജ്ഞാനേ ജീവസേവ എന്ന മാനവസേവ മാധവസേവ. എല്ലാ ജീവനിലും ശിവനെ (ഈശ്വരനെ) ദർശിക്കുന്ന വിശ്വസാഹോദര്യത്തിന്റെ വിസ്മയ മന്ത്രം.
പല നാളുകളായുള്ള സദ്‌സംഘങ്ങളിലെ ചോദ്യങ്ങളും ശ്രീരാമകൃഷ്ണൻ നൽകുന്ന മറുപടികളും എല്ലാക്കാലത്തേയും സത്യാന്വേഷികളുടെ വർത്തമാനവും ഭാവിയും തമ്മിലുള്ള ആശയ സംവാദങ്ങളായി നിലകൊള്ളുകതന്നെ ചെയ്യും.
മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മഹിതങ്ങളായ ആശയങ്ങൾ സമ്മാനിച്ച മഹാരഥന്മാരെ മറന്നാൽ നമുക്ക് നഷ്ടപ്പെടുന്നത് നമ്മൾ ഉൾക്കൊള്ളുന്ന പ്രാണവായുവും നാളയുടെ കണ്ണിലെ വെളിച്ചവുമായിരിക്കും.