Image

ദൈവത്തെയോർത്ത് (കഥ: ഉഷാചന്ദ്രൻ)

Published on 19 February, 2026
ദൈവത്തെയോർത്ത് (കഥ: ഉഷാചന്ദ്രൻ)

വാർദ്ധക്യത്തിന്റെ അവശതകളെ  'അലോസരം' എന്ന് ജാനകിയും രാമനാഥനും കരുതാൻ തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. കാഴ്ച മങ്ങിയ കണ്ണുകളും, ബധിരത പേറുന്ന കാതുകളും, ഇടറുന്ന കാലടികളും തങ്ങളുടെ സുഖ  ജീവിതത്തിൽ  കരിനിഴൽ വീഴ്ത്തുന്നതായി അവർ വിശ്വസിച്ചു. ഒടുവിൽ, മനസ്സാക്ഷിയെ പണയം വെച്ച് ആ തീരുമാനമെടുത്തു: അച്ഛനെ കൊണ്ടുപോയി വൃദ്ധസദനത്തിലാക്കുക.

എല്ലാ നടപടികളും പൂർത്തിയാക്കി വൃദ്ധസദനത്തിന്റെ പടികളിറങ്ങുമ്പോൾ ജാനകി വെറുതെയൊന്നു തിരിഞ്ഞു  നോക്കി. അച്ഛനെ അവിടെയെങ്ങും കണ്ടില്ല. നോട്ടം കെട്ടിടത്തോട് ചേർന്നുള്ള അനാഥാലയത്തിലെ വരാന്തയിൽ കളിച്ചുകൊണ്ട് നിൽക്കുന്ന കുട്ടികളിലുടക്കി. അവരുടെ കോലവും അവർ ധരിച്ചിരിക്കുന്ന താണതരം  ഉടുപ്പുകളും  ശ്രദ്ധിച്ചപ്പോൾ ജാനകി സ്വന്തം മകൻ കിച്ചുവിനെ ഓർത്തു. "എത്ര ഭാഗ്യംകെട്ട കുട്ടികളാണിവർ?" അവൾ മനസ്സിൽ പറഞ്ഞു. സ്വന്തം അച്ഛനെ അനാഥനാക്കി അവിടെ ഉപേക്ഷിച്ചു്  ഇറങ്ങിപ്പോകുമ്പോഴും താനൊരു ഭാഗ്യവതിയാണെന്ന അഹങ്കാരത്തിലായിരുന്നു അവൾ.

"കിച്ചുവിനോട് പറയാനുള്ളതുകൂടി മനസ്സിൽ കരുതിയ്ക്കോ!" കാറിലിരിക്കുമ്പോൾ രാമനാഥൻ ജാനകിയോടു പറഞ്ഞു.
"അച്ഛൻ ദൂരെയൊരു യാത്രപോയിരിക്കുകയാണെന്ന് അവനോട് പറയാം രാമേട്ടാ.. അവൻ വിശ്വസിക്കുമോ ആവോ.?" ജാനകിയുടെ ചോദ്യങ്ങൾ ആ ചീറിപ്പായുന്ന കാറിനുള്ളിൽ കിടന്നു നട്ടം തിരിഞ്ഞു.
"ങാ! വരുന്നിടത്തുവച്ചു കാണാം". രാമനാഥൻ പറഞ്ഞു തീർന്നില്ല,
പെട്ടെന്നാണ് എതിരെ വന്ന കാലൻ ലോറി അവരുടെ ലോകത്തെ തകർത്തെറിഞ്ഞത്.

ആശുപത്രിയിലെ മരവിച്ച അന്തരീക്ഷത്തിലേക്ക് ബോധത്തിന്റെ നേർത്ത നൂലിഴയിലൂടെ ജാനകി കണ്ണുതുറന്നു. ദൂരെ എവിടെയോ ഒരു നഴ്സിന്റെ ശബ്ദം കേൾക്കാം. "ആരാണ് ബ്ലഡ് കൊടുക്കാൻ വന്നിട്ടുള്ളത്? പെട്ടെന്നാവട്ടെ..." രക്തത്തിൽ കുതിർന്ന് ബോധമില്ലാതെ കിടക്കുമ്പോഴും തങ്ങൾ തള്ളിക്കളഞ്ഞ ആ വൃദ്ധരൂപം അവരുടെ ഓർമ്മയിലുണ്ടായിരുന്നില്ല.
ഫോൺ സന്ദേശം എത്തുമ്പോൾ ഫാദർ ഫ്രാൻസിസ് അനാഥാലയത്തിലുണ്ടായിരുന്നു. അവിടെ അച്ഛനെ ഉപേക്ഷിക്കാൻ വന്ന ആളെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കിയപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ട വാർത്ത ഫാദർ അറിയുന്നത്. രാജേന്ദ്രൻ നായരെ അവിടെ കണ്ടപ്പോൾ ഫാദർ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. "രാജേന്ദ്രൻ, നിങ്ങളന്ന് ഇവിടുന്ന് ദത്തെടുത്ത് വളർത്തിയ ആ കുട്ടികൾക്കാണ് അപകടം പറ്റിയത്..." ആ വാക്കുകൾ കേട്ട് രാജേന്ദ്രൻ നായരുടെ ഉള്ളം ഉരുകി. അയാളാകെ തകർന്നുപോയി. തന്റെ മക്കളെ കാണാൻ പ്രാർത്ഥനയോടെ ആ വൃദ്ധൻ ആശുപത്രിയിലേക്ക് പാഞ്ഞു.
ജാനകിയെയും രാമനാഥനെയും കണ്ടപ്പോൾ  അദ്ദേഹത്തിന്റെ മനസ്സ് നീറി. തന്റെ മകളെ പഠിപ്പിക്കാൻ വേണ്ടി ആകെയുള്ള ഭൂമി വിറ്റതും അവളെ ബോർഡിങ്ങിൽ വിട്ട് രാജകുമാരിയെപ്പോലെ വളർത്തിയതും അദ്ദേഹം ഓർത്തു.
പക്ഷേ, രക്തപരിശോധന കഴിഞ്ഞ് വന്ന നഴ്സ് പറഞ്ഞു: "രാജേന്ദ്രൻ നായരുടെ  രക്തഗ്രൂപ്പ് ആർക്കും മാച്ചാവുന്നില്ല."
അപ്പോഴാണ് ഫാദർ ഫ്രാൻസിസ് രാജേന്ദ്രനെ പുറത്ത് നിർത്തിയ ശേഷം, ജാനകിയുടെ അരികിലെത്തി ആ സത്യം വെളിപ്പെടുത്തിയത്. മയക്കത്തിന്റെ നേരിയ നൂൽപ്പാലത്തിലൂടെ  ബോധത്തിലേക്ക്  തിരികെവന്ന  ജാനകിയുടെ കാതുകളിൽ ആ വാക്കുകൾ തീക്കനലായി പതിച്ചു.

"മക്കളേ, നിങ്ങളറിയാത്ത ഒരു വലിയ സത്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ മരിച്ചുപോയ രണ്ട് സുഹൃത്തുക്കളുടെ മക്കളായിരുന്നു നിങ്ങൾ രണ്ടുപേരും. അന്ന് നിങ്ങളെ അനാഥാലയത്തിൽ ഏൽപ്പിച്ച ഈ രാജേന്ദ്രൻ നായർക്ക് നിങ്ങളെ പക്ഷേ  ഉപേക്ഷിക്കാനായില്ല. അദ്ദേഹത്തിന് സാമ്പത്തികം കുറവായിരുന്നിട്ടും, ജാനകിയെ അദ്ദേഹം ദത്തെടുത്തു. മണ്ണുവിറ്റും കഷ്ടപ്പെട്ടും അവളെ പഠിപ്പിച്ചു. എന്നാൽ രാമനാഥനെ, തന്റെ കുഞ്ഞുങ്ങളില്ലാത്ത സ്നേഹിതനെ ഏൽപ്പിച്ചു. ഭാവിയിൽ നിങ്ങൾ രണ്ടുപേരും ഒന്നിക്കണമെന്ന നിബന്ധനയിലാണ് അന്നങ്ങനെ ചെയ്തതും പിന്നീട് നിങ്ങളുടെ വിവാഹം നടന്നതും . സത്യത്തിൽ നിങ്ങളിരുവരും രണ്ടിടത്തായി വളർന്ന അനാഥരായിരുന്നു!"
രാമനാഥന്റെ വളർത്തച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് അതു ശരിവെച്ചു: "അതെ മക്കളേ, രാജേന്ദ്രൻ അന്ന് ചെയ്ത ആ വലിയ ത്യാഗം കാരണമാണ് ഇന്ന് നിങ്ങൾ ഈ നിലയിലായത്. പക്ഷേ നിങ്ങൾ ഇന്ന് ആ മനുഷ്യനോട് ചെയ്തത്..."

ആ സത്യങ്ങൾ ഒരു ഇടിമിന്നലായി അവരുടെ നെഞ്ചിൽ പതിച്ചു. ആശുപത്രി കട്ടിലിൽ കിടന്ന ജാനകിയുടെ നെഞ്ചകം വെന്തുരുകി, കണ്ണീർ മഴയായി പെയ്തിറങ്ങി കണ്ണിന്റെ ഇരുകോണിലൂടെയും ഒഴുകി. തങ്ങൾ ഭാരമായി കണ്ട് ഉപേക്ഷിച്ചത് സ്വന്തം അച്ഛനെയല്ല, തങ്ങളുടെ ജീവിതത്തിന് അടിത്തറയിട്ട ദൈവത്തെയാണെന്ന സത്യം ആ ആത്മാവിനെ ദഹിപ്പിച്ചു കൊണ്ടിരുന്നു.
അപകട നില തരണം ചെയ്തെന്ന് അറിഞ്ഞപ്പോൾ, പശ്ചാത്താപം കൊണ്ട് നീറുന്ന മക്കളുടെ മുഖത്തേക്ക് നോക്കാതെ രാജേന്ദ്രൻ നായർ പടികളിറങ്ങി. കിച്ചു മുത്തച്ഛന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. "മുത്തച്ഛാ... പോകല്ലേ..."
"പോണം മകനേ... ഞാനിനിയിവിടെ നിൽക്കേണ്ടതില്ല." തൊണ്ടയിടറി അദ്ദേഹം പറഞ്ഞു. ആ കണ്ണുനീർ ശുഷ്കിച്ച കവിളിലൂടെ ഒരു പുഴയായി ഒഴുകി. കിച്ചുവിനെ പറിച്ചെറിഞ്ഞു കൊണ്ട് അദ്ദേഹം വരാന്തയിലൂടെ നടന്നു നീങ്ങി.
ആശുപത്രി വരാന്തയിൽ വീണുരുണ്ട് "മുത്തച്ഛാ..." എന്ന് വിളിച്ചലറുന്ന കിച്ചുവിന്റെ ശബ്ദം ആ വൃദ്ധൻ കേട്ടതായി ഭാവിച്ചില്ല. സ്വയം താൻ ബധിരനും അന്ധനുമാകേണ്ടിയിരിക്കുന്നു എന്ന് മനസ്സാക്ഷി അദ്ദേഹത്തോട് മന്ത്രിച്ചുകൊണ്ടേയിരുന്നു. ജാനകി അപ്പോഴും ആ അനാഥാലയത്തിലെ മക്കളെ ഓർത്തു... സ്നേഹിക്കാൻ ആരുമില്ലാത്തവരല്ല, മറിച്ച് സ്നേഹിച്ചവനെ തിരിച്ചറിയാത്ത തങ്ങളെപ്പോലുള്ളവരാണ് യഥാർത്ഥ അനാഥർ എന്ന് ആ ആത്മാവ് വിങ്ങിക്കൊണ്ടിരുന്നു.
താൻ തള്ളിക്കളഞ്ഞത് തന്റെ അച്ഛനെയല്ല, തങ്ങളുടെ ജീവിതത്തിന് ജീവശ്വാസം നൽകിയ ദൈവത്തെയാണെന്ന് അവൾ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഇനിയൊരിക്കലും തിരികെയില്ലെന്ന ദൃഢനിശ്ചയത്തോടെ ആ അച്ഛൻ ദൂരേയ്ക്ക് നടന്നകന്നു മറഞ്ഞു കഴിഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക