Image

ട്വന്റി 20 ലോകകപ്പില്‍ കരുത്തറിയിച്ച് യു.എസ്. (സനില്‍ പി. തോമസ്)

Published on 19 February, 2026
ട്വന്റി 20 ലോകകപ്പില്‍  കരുത്തറിയിച്ച് യു.എസ്. (സനില്‍ പി. തോമസ്)

2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാണ്. ട്വന്റി 20 മാതൃകയാണ് സ്വീകരിക്കുക. പുരുഷ-വനിതാ വിഭാഗങ്ങളില്‍ മത്സരമുണ്ട്. ആതിഥേയര്‍ എന്ന നിലയില്‍ യു.എസിന് നിശ്ചയമായും എന്‍ട്രിയുണ്ട്. അവിടെ കരുത്തറിയിക്കാന്‍ തന്നെയാകും യു.എസ്. ശ്രമിക്കുക. അതിന്റെ സൂചനകള്‍ ഇപ്പോള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പില്‍ യു.എസ്. നല്‍കിക്കഴിഞ്ഞു.


ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യയും(എട്ടുപോയിന്റ്) പാക്കിസ്ഥാനും(ആറു പോയിന്റ്) സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. അഞ്ചു ടീമുകളുടെ ഗ്രൂപ്പില്‍ യു.എസിന് നാലു പോയിന്റുമായി മൂന്നാം സ്ഥാനമുണ്ട്. ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും തലയുയര്‍ത്തിയാണ് യു.എസ്. ടീം മടങ്ങുന്നത്. പാക്കിസ്ഥാനോട് 32 റണ്‍സിനും ഇന്ത്യയോട് 29 റണ്‍സിനുമാണ് യു.എസ്. പരാജയപ്പെട്ടത്. നമീബിയയെ 31 റണ്‍സിനും നെതര്‍ലന്‍ഡ്‌സിനെ 93 റണ്‍സിനും അവര്‍ പരാജയപ്പെടുത്തി.


2024ല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ട്വൻ്റി 20 ലോകകപ്പില്‍ യു.എസ്. പാക്കിസ്ഥാനെ അട്ടിമറിച്ചിരുന്നു. 2024 ജൂണ്‍ ആറിന് ഡാലസില്‍ നടന്ന മത്സരത്തില്‍ യു.എസ്. സൂപ്പര്‍ ഓവറിലാണ് പാക്കിസ്ഥാനെ അട്ടിമറിച്ചത്. 20 ഓവര്‍ മത്സരം പൂര്‍ണ്ണമായപ്പോള്‍ സ്‌കോര്‍ തുല്യമായിരുന്നു; 159 റണ്‍സ്. പക്ഷേ, ഈ സ്‌കോര്‍ എത്തിയപ്പോള്‍ പാക്കിസ്ഥാന് ഏഴു വിക്കറ്റ് നഷ്ടമായെങ്കില്‍ യു.എസിന് നഷ്ടമായത് മൂന്നു വിക്കറ്റ് മാത്രം.
ഡാലസില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ടീമിന്റെ നായകന്‍ മൊനാങ്ക് പട്ടേല്‍ തന്നെയാണ് ഇക്കുറിയും യു.എസ്. നായകന്‍. ഗുജറാത്ത് സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആണ് പട്ടേല്‍. ഇക്കുറി ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരെ പൊരുതിക്കളിച്ചെന്ന് യു.എസിന് ആശ്വസിക്കാം. പാക്കിസ്ഥാനെതിരെ ഷാഡ്‌ലി വാന്‍ 25 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയതും ശുഭം രഞ്ജന് 30 പന്തില്‍  51 റണ്‍സ് അടിച്ചതും എണ്ണപ്പെടണം.


നെതര്‍ലന്‍ഡ്‌സിനെതിരെ സായ്‌തെജാ മുക്കമല്ല 79 റണ്‍സ് ആണ് അടിച്ചത്. ശുഭം രഞ്ജന 48 നോട്ടൗട്ട്. മോനാങ്ക് പട്ടേല്‍ 36 റണ്‍സും നേടി. ഹര്‍മീത് സിങ് ആകട്ടെ 21 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി. ഷാഡ്‌ലി മൂന്നു വിക്കറ്റും. നമീബിയയ്‌ക്കെതിരെ ഓപ്പണര്‍ മൊനാങ്ക് പട്ടേല്‍ 30 പന്തില്‍ അര്‍ധസെഞ്ചുറി(52) നേടി. സഞ്ജയ് കൃഷ്ണമൂര്‍ത്തിയാകട്ടെ 33 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്‌സും നാലു ഫോറുമാണ് മൂര്‍ത്തിയുടെ ബാറ്റില്‍ നിന്നും പിറന്നത്.


തീര്‍ച്ചയായും യു.എസിന് അഭിമാനിക്കാം. രണ്ടു വര്‍ഷത്തിലധികം ബാക്കിനില്‍ക്കെ ഒളിംപിക്‌സില്‍ ശക്തമായ ടീമിനെ ഇറക്കുവാന്‍ യു.എസിനു കഴിയും. ആതിഥേയര്‍ എന്ന ലേബല്‍ മനോബലം വര്‍ധിപ്പിക്കും. ഓസ്‌ട്രേലിയ സിംബാബ് വെയ്ക്കു മുന്നില്‍ തോറ്റതും പാക്കിസ്ഥാന്‍ ഇന്ത്യയോടും ദയനീയമായി പരാജയപ്പെട്ടതും കണ്ടല്ലോ. അസോഷ്യേറ്റ് ടീമുകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. അവിശ്വസനീയ പ്രകടനങ്ങള്‍ എവിടെയും പ്രതീക്ഷിക്കാം. ലൊസാഞ്ചലസ് ഒളിംപിക്‌സിലും കറുത്ത കുതിരകളെ കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക