Image

നികേഷ് കുമാറിന്റെ ഏകാധിപത്യത്തിനെതിരെ സി.പി.എം സൈബര്‍ ടീമില്‍ കലാപം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 19 February, 2026
 നികേഷ് കുമാറിന്റെ ഏകാധിപത്യത്തിനെതിരെ സി.പി.എം സൈബര്‍ ടീമില്‍ കലാപം  (എ.എസ് ശ്രീകുമാര്‍)

നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സി.പി.എം രൂപീകരിച്ച സൈബര്‍ ടീമിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം കളം വിട്ടിരിക്കുന്നു. ടീമിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലക്കാരനുമായ എം.വി നികേഷ് കുമാറിന്റെ താന്‍പ്രമാണിത്തത്തിലും ഏക്ഷീയ നിലപാടിലും പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരുമായ കെ.വി സുധാകരന്‍, കെ മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവര്‍ ടീം വിട്ടിരിക്കുകയാണ്. കെ.വി സുധാകരന്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു.

അതേസമയം, സി.പി.എമ്മിന്റെ സൈബര്‍ ഇടപെടലുകള്‍ പാളുന്നുവെന്ന അതൃപ്തി മുഖ്യമന്ത്രിയുടെ ഓഫീസിനു ഉണ്ടായിരിക്കെയാണ് പാളയത്തിലെ പട. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍നിര ചാനല്‍ ചര്‍ച്ചകളുടെ മാതൃകയില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മുന്‍കൈയെടുത്താണ് സൈബര്‍ ടീം രൂപീകരിച്ചത്. പഴയ എ.കെ.ജി സെന്ററില്‍ വച്ച് ഇത്തരം സംവാദങ്ങള്‍ സംഘടിപ്പിച്ച്, പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ചാനലുകളില്‍ വരുന്ന സംവാദത്തിന്റെ മാതൃകയില്‍ ഓരോ വിഷയത്തിലും അതിഥികളെ ക്ഷണിച്ച് സംവാദം നടത്തി, പാര്‍ട്ടി സാമൂഹിക മാധ്യമ വിഭാഗത്തിന്റെ വിവിധ ഘടകങ്ങള്‍ക്ക് കൈമാറും. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുമെങ്കിലും പാര്‍ട്ടി വിരുദ്ധരെ ഒഴിവാക്കും. 'റിസര്‍ച്ച് എ ടോപ്പിക്' എന്ന പേരിലാണ് സംവാദങ്ങള്‍ നടത്തുക.

ചാനലുകള്‍ ചര്‍ച്ചയ്ക്കെടുക്കാത്ത വിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് വ്യക്തത വരുത്തുക, പഴയ വീഡിയോ, ഫോട്ടോ, പത്രവാര്‍ത്തകള്‍ എന്നിവ ഉപയോഗിച്ച് രാഷ്ട്രീയ ആരോപണങ്ങളുടെ മുനയൊടിക്കുക എന്നിവയാണ് ഈ ടീമിന്റെ ലക്ഷ്യം. കൂടാതെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വികസനം, രാഷ്ട്രീയം, ട്രോള്‍ എന്നിങ്ങനെ തരംതിരിച്ച് പതിനായിരക്കണക്കിന് വീഡിയോകളും തയ്യാറാക്കുന്നുണ്ട്. ഇതിനായി റിപ്പോര്‍ട്ടര്‍മാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍, ട്രോള്‍ നിര്‍മാതാക്കള്‍ എന്നിവരടക്കം 45 പേരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ  സച്ചിദാനന്ദന്റെ 'തുടര്‍ഭരണം ജനാധിപത്യത്തിന് അപകടമാണ്...' എന്ന വിവാദ വിമര്‍ശനത്തിന് തടയിടുന്ന സംവാദമാണ് പരിപാടിയുടെ ഭാഗമായി ആദ്യം നടത്തിയത്.

സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതിനായാണ് നികേഷ് കുമാറിനെ ചുമതലയേല്‍പ്പിച്ചത്. മുഴുവന്‍സമയ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ് കുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എ.കെ.ജി സെന്ററില്‍ ഇത്തരമൊരു പദവി നല്‍കിക്കൊണ്ട് സി.പി.എം സൈബര്‍ സംഘം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയം മുതല്‍ ഇപ്പോഴത്തെ മേഖല ജാഥ വരെയും സി.പി.എമ്മിന്റെ സൈബര്‍ ഇടങ്ങളിലെ ഇടപെടല്‍ കാര്യക്ഷമമാകുന്നില്ലെന്ന തരത്തില്‍ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, സൈബര്‍ ടീമിന്റെ യോഗങ്ങളില്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ എം.വി നികേഷ് കുമാര്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്നാണ് ടീം വിട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പരാതി. തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയോ നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. യുവനിരയിലെ പല അംഗങ്ങള്‍ക്കും സമാനമായ അതൃപ്തിയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിടുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന ഭയത്താല്‍ മാത്രമാണ് അവര്‍ നിലവില്‍ തുടരുന്നത്. ജൂനിയര്‍ ജേര്‍ണലിസ്റ്റുകളെ മാനസികമായി തളര്‍ത്തുന്ന രീതിയാണ് നികേഷ്‌കുമാറിന്റേതെന്ന ആക്ഷേപവും അതിശക്തമാണ്.

പാര്‍ട്ടിയുടെ സൈബര്‍ ഇടപെടലുകള്‍ ഇത്രകണ്ട് പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തിയതായാണ് മനസിലാക്കുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ഉണ്ടാകുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സൈബര്‍ ടീമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയും ഭരണ വിരുദ്ധ വികാരവും പ്രതിരോധിക്കാന്‍ സൈബര്‍ ടീമിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനമുണ്ടായി. ഇടതു മുന്നണിയുടെ മേഖലാ ജാഥകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ സൈബര്‍ ടീം പരാജയപ്പെട്ടെന്ന ആരോപണവും നിലനില്‍ക്കുന്നു.

ഇതേത്തുടര്‍ന്ന് സൈബര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ടീമിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അതൃപ്തി പങ്കുവച്ചിരുന്നു. സാധാരണക്കാരായ പാര്‍ട്ടി അനുഭാവികള്‍ക്ക് പോലും കൃത്യമായ കണ്ടന്റുകള്‍ ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. കണ്ണൂരില്‍ നിന്നും എം.വി നികേഷ് കുമാറിനെ എ.കെ.ജി സെന്ററിലേക്ക് കൊണ്ടുവന്നതും സൈബര്‍ വിങ്ങിന്റെ ചുമതലയേല്‍പ്പിച്ചതും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ താത്പര്യ പ്രകാരമായിരുന്നത്രേ.

മലയാള ദൃശ്യ മാധ്യമ രംഗത്തെ വാര്‍ത്താ അവതരണത്തില്‍ പുതിയ ശൈലി കൊണ്ടുവരുന്നത് നികേഷ് കുമാറാണ്. 2024 ജൂണ്‍ 25-നാണ് റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍-ഇന്‍-ചീഫായിരുന്ന എം.വി നികേഷ് കുമാര്‍ 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സി.പി.എമ്മില്‍ സജീവമായി പ്രവര്‍ത്തിക്കാനായിരുന്നു ഈ തീരുമാനം. സി.പി.എമ്മിന്റെ സ്വന്തം ചാനലായ കൈരളി ടി.വിയുടെ താക്കോല്‍ സ്ഥാനത്തെത്താനുള്ള നികേഷിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. 2016-ല്‍ തന്റെ പിതാവ് എം.വി രാഘവന്‍ മല്‍സരിച്ച് വിജയിച്ച അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നികേഷ് പോരാടിയെങ്കിലും പരാജയപ്പെട്ടു. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.എല്‍.എ ആവുകയാണ് ഒരേയൊരു ലക്ഷ്യം. സീറ്റ് ലഭിച്ചില്ലെങ്കില്‍ അത് നികേഷിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക