Image

കാലിഫോര്‍ണിയയിലെ മാധ്യമ നവീകരണ സമിതിയില്‍ ഇന്ത്യന്‍ വംശജ ജൂലി പട്ടേല്‍ ലിസ്

പി പി ചെറിയാന്‍ Published on 19 February, 2026
കാലിഫോര്‍ണിയയിലെ മാധ്യമ നവീകരണ സമിതിയില്‍ ഇന്ത്യന്‍ വംശജ ജൂലി പട്ടേല്‍ ലിസ്

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ പ്രാദേശിക പത്രപ്രവര്‍ത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച   പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യന്‍ വംശജയായ ജൂലി പട്ടേല്‍ ലിസിനെ നിയമിച്ചു. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസറാണ് ഇവര്‍.

കാലിഫോര്‍ണിയ സര്‍ക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളര്‍ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ ജനിച്ച് നിലവില്‍ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ ജൂലി, മുന്‍പ് പ്രശസ്ത മാധ്യമങ്ങളായ സണ്‍ സെന്റിനല്‍, സാന്‍ ജോസ് മെര്‍ക്കുറി ന്യൂസ് എന്നിവിടങ്ങളില്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

വിശ്വസനീയമായ പ്രാദേശിക വാര്‍ത്തകള്‍ ലൈബ്രറികളെയും സ്‌കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും, ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും ജൂലി പറഞ്ഞു.

കാലിഫോര്‍ണിയ ഗവര്‍ണറുടെ കീഴിലുള്ള ബിസിനസ് ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫീസാണ്  ഈ ഉപദേശക സമിതി രൂപീകരിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക