
ചാപ്പൽ മനോഹരമായി അലങ്കരിച്ചിരുന്നു.
പൂപാത്രങ്ങളിൽനിന്നും സുഗന്ധം പരന്നൊഴുകി.
തേക്കിലും, ഈട്ടിയിലും നിർമ്മിച്ച ഇരിപ്പിടങ്ങൾ നിരത്തിയിട്ടിരിക്കുന്നു... സദാ തുറന്നിട്ടിരിക്കുന്ന ആ ചാപ്പലിൽ എപ്പോൾ വേണമെങ്കിലും പോയി പ്രാർത്ഥിയ്ക്കാനുള്ള അനുവാദം ഉണ്ടായിരുന്നു കുട്ടികൾക്ക് .
ഇരു വശങ്ങളിലായ് നിരത്തിയിട്ടിരിക്കുന്ന ചാരുബഞ്ചുകളിൽ ഇരുന്നാണ് പ്രാർത്ഥന.... അവിടെ വെച്ചു ബൈബിൾ ക്ലാസ്സുകളും നടത്തിയിരുന്നു.
അദ്ധ്യാപികമാർ ചിലരൊക്കെ ചട്ടയും മുണ്ടും കവിണിയും ധരിച്ചവരായിരുന്നു.
ഒന്നു രണ്ടു പേർ സാരിയും... അക്കാലത്ത് സാരി പ്രചാരത്തിലായിരുന്നില്ല... സാറായും ഏതാനും കുട്ടികളും ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നതു. ഫ്രോക്കിട്ട മദാമ്മമാരും ഉണ്ടായിരുന്നു.
ബേക്കർ സായിപ്പിന്റെ ഭാര്യ മിസ് നീവ് അവരെ ഹോം സയൻസും അൽപ്പം ഇംഗ്ലീഷും പഠിപ്പിച്ചു. മിഷണറിമാരും കുടുംബവും ശീമേലോട്ടു പോയെങ്കിലും ചില കുടുംബങ്ങൾ തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ താമസിക്കുന്നുണ്ടു. കോർണിങ്‌ഹാം കോർഫീൽഡ് ആയിരുന്നു അവസാനത്തെ ബിഷപ്പ്... അതിനു ശേഷം നാട്ടു ബിഷപ്പുമാർ ചുമതലയേറ്റുതുടങ്ങി... ആദ്യത്തെ നാട്ടു ബിഷപ്പ് ഒളശ്ശ ജന്മദേശമായിരുന്ന ജേക്കബ് തിരുമേനിയാണ്... അന്നും ഇന്നും സഭാ മേലദ്ധയക്ഷനെ ബിഷപ്പ് - അഥവാ തിരുമേനിയെന്നാണ് വിളിച്ചിരുന്നതു .
ഇവരെല്ലാം കോട്ടയത്തു ബംഗ്ലാവുകളിൽ താമസിച്ചിരുന്നു... ഏറ്റവും വലിയ പള്ളിയായ കോട്ടയം കത്തീഡ്രൽ പള്ളിയ്ക്കു സമീപം അതിവിശാലമായ സെമിത്തേരി കാണാം.... കാലാവസ്ഥ പിടിയ്ക്കാതെ പലരോഗങ്ങൾക്കടിപ്പെട്ട് മരണപ്പെട്ട മിഷണറിമാരുടെ പിഞ്ചു പൈതങ്ങളുടെ തീരെ ചെറിയ കല്ലറകൾ ആരുടേയും കണ്ണുകൾ നനയിക്കും....
തിരുവിതാംകൂറിലെ ഭൂരിഭാഗം ജനങ്ങളും ഓലമേഞ്ഞ പുരകളിൽ താമസിക്കുമ്പോൾ ഈ മനോഹര ബംഗ്ലാവുകളെ അത്ഭുതത്തോടെയാണവർ നോക്കിയിരുന്നതു. സായിപ്പിന്റെ ബംഗ്ലാവിലെമാർബിൾ ചുവരുകളും തറയും പരവതാനിയും, സായിപ്പിന്റെ പാന്റും കോട്ടും തൊപ്പിയും തോക്കും കണ്ട് അമ്പരന്ന് കണ്ണുമിഴിച്ച് നിന്നിരുന്ന കാലം !! തിരുവിതാംകൂറുകാരൻ... പാവം: ഉടുതുണിയ്ക്കു മറുതുണിയില്ലാതെ ഒട്ടനവധി ത്തളുകൾ.!!
നാണം മറയ്ക്കാൻ ഒരു കുറിയ മുണ്ടു തന്നെ ധാരാളം!! ഫ്രോക്കിട്ടു വന്ന മദാമ്മയെ സാറായും കൗതുകത്തോടെ നോക്കി.
ചാപ്പലിലെ പ്രാർത്ഥനയ്ക്കു ശേഷം സാറാ അവരുടെ ഹോസ്റ്റലിലേയ്ക്കു പോയി.
പതിനഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നു.
സാറായ്ക്കു സെൻറ് ആൻസിലെ പഴയ കൂട്ടുകാരായ റിബേക്കാ റെയ്ച്ചൽ അന്നാ തുടങ്ങിയ ചില കുട്ടികളുമൊത്താണ് റൂ o പങ്കിടേണ്ടിയിരുന്നതു. നാലു കുട്ടികൾ ഒരു മുറിയിൽ...
മുറികൾ വളരെ വിശാലവും കാറ്റും വെളിച്ചവും ഉള്ളതുമായിരുന്നു..... പെട്ടിയും പുസ്തകങ്ങളും വെയ്ക്കാനുള്ള അലമാരകളും ഉണ്ടായിരുന്നു... പഴയ സ്നേഹിതരെക്കിട്ടിയതിൽ സാറാ വളരെ സന്തോഷിച്ചു
സാറായുടെ കൂട്ടുകാരി റിബേക്കാ യുടെ മുഖത്തു പരിഭ്രമവും ദൈന്യതയും പ്രകടമായിരുന്നു.. അപകർഷതയോടെ മാറി നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് സാറാ റിബേക്കയോടു സ്വകാര്യമായി പറഞ്ഞു. നമ്മളും അവരേപ്പോലെ യോഗ്യത നേടി വന്നവരല്ലേ.. നമ്മുടെ നിറം കറുപ്പായതു ഒരു അയോഗ്യതയായി താൻ വിചാരിക്കുന്നില്ലെന്നു സാറാ അവളോടു പറഞ്ഞു.
റിബേക്കയ്ക്കു സാറായെ പ്പോലെ ഒരു കൂട്ടുകാരിയെക്കിട്ടിയതിൽ സന്തോഷവും അഭിമാനവും തോന്നി....
സാറായ്ക്കു ഏറ്റവും അധികം സന്തോഷം തോന്നിയതു അത്ര ചെറുതല്ലാത്ത ഒരു ലൈബ്രററി ഉണ്ടായിരുന്നതിനാലാണ്ട്.
രാത്രി വാർഡൻ വന്നു നോക്കുമ്പോഴെല്ലാം അവൾ വായനയിലായിരിയ്ക്കും.
" പുസ്തകപ്പുഴു ഇനി ഉറങ്ങിയാട്ടെ"... അവർ ചിരിച്ചു കൊണ്ടു പറയും...
ആരോടും വലിയ അടുപ്പമൊന്നും കാണിയ്ക്കാത്ത അവർക്ക് സാറായെ വലിയ ഇഷ്ടമായിരുന്നു...അവളുടെ വായനശീലവും ഭക്തിയും വിനയവും മനോഹരമായ കയ്യക്ഷരവും.. അവർ ശ്രദ്ധിച്ചിരുന്നു.
നാട്ടുകാരായ അദ്ധ്യാപകരേക്കാൾ സ്നേഹവും കരുതലും കാട്ടിയിരുന്നതു മദാമ്മ ടീച്ചർമാരായിരുന്നു....
ഓണപ്പരീക്ഷ അടുത്തു വരുന്നു.... - മറ്റു പുസ്തക വായനയ്ക്കു സമയമില്ല. ധാരാളം പഠിക്കാനുണ്ട്.
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സാറായ്ക്കു തലവേദന തോന്നിയിരുന്നു.
അതു കാര്യമാക്കാതെ മെസ്സ് റൂമിൽ നിന്നും വന്നയുടനേ പഠനം തുടങ്ങി.
തലവേദന കൂടിക്കുടി വരുന്നു.
അവൾ പുസ്തകം മടക്കി... ലൈറ്റണച്ചു ഉറങ്ങാൻ കിടന്നു.
ശരീരത്തിനു ചൂടു കൂടി വരുന്നു... ദേഹമാസകലം വേദനിയ്ക്കുന്ന പോലെ -- ശരീരം ചുട്ടുപൊളളുന്നു.... കഠിനമായ ദാഹം തോന്നി.
... റിബേക്കയെ വിളിച്ചു ശല്യപ്പെടുത്തണ്ടാ -- അവൾ നല്ല ഉറക്കമാണ്.
...വാർഡന്റെ മുറിയിൽ വെളിച്ചമുണ്ട്.
അവൾ കതകു തുറന്നു മെല്ലേ വരാന്തയിലൂടെ നടന്നു. "ഭയം തോന്നി.
കതകിൽ മുട്ടി വിളിച്ച ഉടനേ അവർ കതകു തുറന്നു.
"എന്തുപറ്റിസാറാ...
.അവർ നെറ്റിയിൽ തൊട്ടു നോക്കി.
പൊള്ളുന്ന ചൂട്.
"എനിയ്ക്കു പേടിയാവുന്നു..... സാറാ കരയുവാൻ തുടങ്ങി....... നെറ്റിയിലും കൈത്തണ്ട ളിലും പൊള്ളലുകൾ തിണർത്തു പൊന്തിയിട്ടുണ്ടു.
... അവർ അവളെ വേഗം മുറിയിൽ നിന്നിറക്കി... വരൂ... നമുക്കു സിക്കു റൂമിലേയ്ക്കു പോകാം.
'പേടിയ്ക്കേണ്ട... നാളെ ഡോക്ടർ വരും...... അവർ നിശബ്ദയായി നിന്നു പ്രാർത്ഥിച്ച ശേഷം വേഗം മുറിവിട്ടിറങ്ങി.
ഇരുട്ടും .. ഏകാന്തതയും --..... കരയുവാൻ പോലുമാകാതെ സാറാ ആ മുറിയിൽ വിറങ്ങലിച്ചു നിന്നു ...
തുടരും..