
യാദൃശ്ചികമായി വന്ന ഫോൺകാൾ ആയിരുന്നു അത്.
ഫോണിൽ സംസാരിച്ചു തുടങ്ങിയപ്പോൾ, ആളെ മനസ്സിലായപ്പോൾ വിസ്മയിച്ചുപോയി! കുറേ വർഷങ്ങളായി അന്വേഷിച്ചു കൊണ്ടിരുന്ന അതേ ആൾ മറുവശത്തെത്തിയിരിക്കുന്നു!
വളരെ വർഷങ്ങൾക്കുപുറകിലെ ചില ഓർമകൾ കുതിച്ചു പാഞ്ഞുവന്നു.
ഒരു കുരുന്നുകുഞ്ഞ് പ്രിയപ്പെട്ട ഒരാളുടെ അടുത്തേക്ക് ഓടി അണയുകയും എന്നാൽ കെട്ടിപ്പിടിക്കാനുള്ള ത്വരയോടെ മടിച്ചും പരിഭവിച്ചും വിഷമിച്ചും നിൽക്കുമ്പോലെ ഓർമ്മകൾ അദൃശ്യമായ തടയണയിൽ തട്ടിനിന്നു. ഒന്നു മാടിവിളിക്കേണ്ട ആവശ്യമേ ഉണ്ടായുള്ളൂ. എല്ലാം നെഞ്ചിലേക്ക് ആർത്തലച്ചുവരുവാൻ.
"എവിടെയായിരുന്നു നീ.....?" ഞാൻ ചോദിച്ചു.
ഒറ്റചോദ്യംകൊണ്ട് ഭൂമി അതിവേഗം പിന്നോട്ടുകറങ്ങി. ഇരുപത്തഞ്ചുവർഷങ്ങൾക്കപ്പുറത്തെ ഗുരുവായൂരിലെ തിരക്കുകൾ അധികമില്ലാത്ത ഒരു തെരുവും വളരെചെറിയ ഒരുവീടും അരികിൽ ഒരു മെയിൻറോഡും തെളിഞ്ഞു. അതിനപ്പുറം ഒരു പാരലൽകോളേജും.
ഇന്ന് ഇതെഴുതിത്തുടങ്ങുമ്പോൾ 2026 ലെ പുലരിയാണ്! 2000- ത്തിൽ ജനിച്ചവരുടെപോലും 25 വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു!!
Time flies with Rose Wings എന്നാരാണ് പറഞ്ഞത്!
ഞങ്ങൾ രണ്ടുപേരും അന്ന് ഗുരുവായൂരിലെ ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കുന്നുണ്ട്. അവൾക്ക് അന്ന് ഇരുപത്തിനാല് വയസെങ്കിലും ഉണ്ടായിരിക്കണം. എന്നേക്കാൾ വയസുണ്ടെങ്കിലും എന്നെയാണ് അവൾ ചേച്ചിയായി കണ്ടിരുന്നത്. പക്വത കൂടുതൽ എനിക്കാണത്രേ! പിഞ്ചിലേ പഴുത്ത അനുഭവം ഉള്ളതിനാൽ ഞാൻ തർക്കിക്കാൻ പോയതുമില്ല. അല്ലെങ്കിലും ചെറുപ്പത്തിലെ'പക്വത' ഒരു അഹങ്കാരമാണല്ലോ.
കോളേജിലെ ഒരു സ്റ്റാഫിന്‍റെ കല്യാണം അടുത്തയാഴ്ച വരുന്നുണ്ട്. കോളേജിൽനിന്നും നടന്നുപോലും പോകാവുന്ന ദൂരത്താണ് മണ്ഡപം. ഞങ്ങൾ എല്ലാവരും ഉച്ചയ്ക്ക് പോകുവാനുള്ള പ്ലാൻ പണിതു. പക്ഷെ ഇവൾ വരുന്നില്ല. എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല.
“നിന്‍റെ പ്രശ്നം പറ ജാനീ. എല്ലാവരും പോകുമ്പോള്‍ നീയെന്തിനാണിവിടെ ഒറ്റയ്ക്കിരിക്കുന്നത്?
ജാനി സ്റ്റാഫ്റൂമിലേക്ക് വന്ന നാളിൽ അവളുടെ സാന്നിധ്യമാണ് ആദ്യം ഓടി വന്നെന്നെ പുണര്‍ന്നത്. ഇലഞ്ഞിപൂമണമൊഴുകിവരുന്നൂ....എന്ന പാട്ടിന്‍റെ മാജിക്‌പോലെ ഒരു അസാധ്യഗന്ധം പൊടുന്നനെ പരിസരത്തെ മാന്ത്രികതയില്‍ ആഴ്ത്തിക്കളഞ്ഞു! ഞാന്‍ തലയുയര്‍ത്തിനോക്കി. കുളിച്ചയുടനെ വെള്ളം ദേഹത്തിനു നല്‍കുന്നൊരു ഗന്ധമുണ്ട്. അതിലേക്കു സോപ്പും ഷാമ്പൂവും പെര്‍ഫ്യൂമും എല്ലാം ചേരുമ്പോഴുള്ള നിര്‍മലതയാണ് മനുഷ്യനെ വൈകുന്നേരംവരെ മടുക്കാതെയും മുഷിപ്പിക്കാതെയും നില നിറുത്തുന്നതെന്ന് തോന്നിയിട്ടുണ്ട്.
അത്തരമൊരു മാസ്മരികതയോടെ യാണ് അന്ന് ജാനി വന്നു മുന്നിൽ നിന്നത്.
അന്നത്തെ എന്നെ വല്ലാതെ കൊതിപ്പിക്കുന്ന ഇത്തരം കുറെ ഗന്ധങ്ങള്‍ ഉണ്ടായിരുന്നു. വീട്ടിലേക്കുവരുന്ന വിരുന്നുകാരോ കല്യാണവീടുകളോ ബസിലെ ചില യാത്രക്കാരോ അപൂര്‍വമായി ഇങ്ങനെ വശ്യ ഗന്ധത്തോടെ തൊട്ടുരുമ്മിപോയി.
പാരലൽ കോളേജിൽ പഠിപ്പിച്ചാൽ കിട്ടുന്ന വരുമാനം സ്റ്റാഫുകളുടെ ഒരാളുടെപോലും വീട്ടിൽ കഞ്ഞി മുടങ്ങാതെ കുടിക്കുവാൻ തികയുകയില്ല. അത് അന്നത്തെ കാലത്ത് പ്രൈവറ്റ് കോളേജുകളിൽ പഠിപ്പിച്ചവർക്ക് നന്നായി അറിയാം. അന്നത്തെ കാലം എന്നാൽ വളരെ ദൂരെയുമല്ല. 2000 മുതൽ 2005 വരെയുള്ള വർഷങ്ങളാണ് എന്റെ പ്രൈവറ്റ് അധ്യാപനവർഷങ്ങൾ! അതുകൊണ്ട് രണ്ടുമൂന്നു കോളേജുകളിൽ ഞാനും കൂട്ടുകാരും 'പറന്നു പോയി' പണിയെടുത്തിരുന്നു.
എത്ര ചോദിച്ചിട്ടും ജാനി കല്യാണത്തിന് വരാൻ കൂട്ടാക്കിയില്ല. അവസാനം അറ്റകൈയ്ക്ക് ഞാൻ ചോദിച്ചു.
'കല്യാണത്തിന് ഉടുക്കുവാൻ സാരിയോ ചുരിദാറോ ഇല്ലാഞ്ഞിട്ടാണോ?'
ഈ ചോദ്യം ചോദിക്കുവാനുള്ള കാരണം മറ്റൊരു കഥയാണ്.
ഞാൻ പ്രീഡിഗ്രി ഒന്നാംവർഷം പഠിക്കുന്ന കാലം!
അന്നെനിക്ക് ഒരു പച്ച നിറത്തിലുള്ള ചുരിദാർ ഉണ്ടായിരുന്നു. കൈകളിലും ടോപ്പിന്‍റെ താഴെയും ചുവന്ന പൈപ്പിങ് പിടിപ്പിച്ചു പച്ചക്കളറിൽ ഒഴുകിക്കിടക്കുന്ന ഷിഫോൺതുണിയിൽ തുന്നിയ ആ ചുരിദാർ 'എന്‍റെ പെണ്ണുകാണൽ ചുരിദാർ' ആയിരുന്നു. പെണ്ണുകാണാൻ വരുന്ന എല്ലാവരുടെയും മുന്നിലേക്ക് ഈ കടുത്ത പച്ചനിറം കഴുത്തിലൂടെ ഊർത്തിയിട്ട് ഞാൻ ഓടിപോയി നിൽക്കും. ഒന്നോ രണ്ടോ മിനിറ്റ് മാത്രം!
കോളേജിൽനിന്നും വരുമ്പോൾ വീട്ടിലെ ഉമ്മറം മുഴുവനും ട്യൂഷ്യൻ കുട്ടികൾ നിറഞ്ഞിട്ടുണ്ടാകും. അവരുടെ സമയം നഷ്ടപ്പെടുത്തുവൻ കഴിയില്ല. ഞാൻ വരുമ്പോൾ ഉമ്മയോ ദബയോ(ഉമ്മയുടെ സഹോദരി) മുറ്റത്തിന്‍റെ അതിരിൽ കാത്തുനിന്നു പറയും.
"മോളെ...കയ്യും മുഖവും കഴുകി ഒരു ചുരിദാർ ഇട്ടിട്ട് മുൻവശത്തേക്ക് വായോ... വേഗം..."
ഞാൻ തർക്കിക്കില്ല. കാരണം തർക്കിച്ചാൽ എന്‍റെ ട്യൂഷൻ കുട്ടികൾ കേൾക്കും. അവര്‍ വീട്ടില്‍പോയി ഞാനും വീട്ടുകാരും അടിവെച്ചു എന്നു പറയിപ്പിക്കണ്ട എന്നുകരുതി മിണ്ടാതെ അടങ്ങും. നേരത്തെ പറഞ്ഞ പക്വത കുപ്പിയിൽ നിറച്ചു വെച്ചിട്ടുണ്ടല്ലോ...
ഉടുത്തിരുന്ന ഡ്രെസ് ഊരി ഈ പച്ചനുകം എടുത്തണിഞ്ഞു വന്നവരുടെ മുന്നിലേക്ക് ഓടിപോകും! വരുന്നവരിൽ സ്ത്രീകളും പുരുഷന്മാരും ചിലപ്പോൾ ചെറുക്കനും ഉണ്ടാകും.
"ആ.. കുട്ടി കല്യാണം കഴിയുമ്പോ തടി വെച്ചോളും. ഇപ്പോ പടിക്കാൻ പോവുകയല്ലേ.. അതാണ് ഈർക്കിലി പോലെ ദേഹം... "
വന്നവരിൽ ഒരുത്തിയോ ഒരുത്തനോ ദോശ ചുട്ടുപരത്തും പോലെ കമന്റ് ചുട്ടു മൊരിയിക്കും.
"പഠിക്കാൻ പോകുന്നു" എന്നു ഉച്ചാരണ ശുദ്ധിയോടെ പറയാൻ അറിയാത്ത ഈ "ഈമാനികൾ" എവിടുന്നു കെട്ടിയെടുത്തതാണ്? ഞാൻ അന്ന് രാത്രി ഉമ്മയോട് വഴക്കിട്ടു.
ജോലി വേണം പഠിക്കണം എന്ന സ്വപ്നത്തിൽ പിടിച്ച് ഓരോ കല്യാണവും ഞാൻ മുടക്കികൊണ്ടിരുന്നു.
എനിക്ക് പഠിക്കണം കല്യാണം വേണ്ട ജോലി വേണം എന്ന മുദ്രാവാക്യം വിളിച്ചു വിളിച്ചു എന്‍റെ തൊണ്ടയിലെ വെള്ളം വറ്റിപ്പോയിരുന്നു.
കല്യാണത്തോടുള്ള വൈമുഖ്യം അന്നത്രയും കാര്യമായി ബാധിച്ചിട്ടല്ല അങ്ങനെ തീരുമാനിച്ചത്.
സ്വന്തം കൈയിൽ നയാപൈസ വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന അമ്പരപ്പായിരുന്നു തീരുമാനത്തിന് പുറകിൽ.
എന്റെ ചുറ്റിലുമുള്ള വിവാഹജീവിതങ്ങൾ ഞാൻ കാണുന്നുണ്ടായിരുന്നു.
എന്‍റെ ഉപ്പ ഒരിക്കലും ഒരു സ്ഥിരവരുമാനമുള്ള ആളായിരുന്നില്ല.
ബോംബയിൽ (ഇന്നത്തെ മുംബൈ) ഇളനീർ കച്ചവടം ഉള്ള കാലത്ത് ഞങ്ങൾ പ്രതാപത്തോടെയും സന്തോഷത്തോടെയും ജീവിച്ച കാലം ഓർമയുണ്ട്. പക്ഷെ ശേഷം കാലങ്ങൾ- ബോംബെ കലാപത്തിന് ശേഷമുള്ള കാലങ്ങൾ-- കൊടിയ അരക്ഷിതാവസ്ഥയുടെയും പണമില്ലാതെ കഷ്ടപ്പെട്ടതിന്‍റെയും രണ്ടുനേരമെങ്കിലും ആഹാരം കഴിക്കാൻ ഉമ്മ കഷ്ടപ്പെട്ടു പണിയെടുത്തതിന്‍റെയും കൈപ്പു നിറഞ്ഞ നീണ്ട കഥകളുണ്ട്. എത്ര കഷ്ടപ്പെട്ടാലും മക്കൾക്ക് വിദ്യാഭ്യാസം നൽകി ഉയരത്തിലെത്തിക്കണം എന്ന തീരുമാനത്തിന്‍റെ കഥയായതുകൊണ്ടു കൂടിയാണ് ഞങ്ങൾ മൂന്നുപേരും പഠിച്ചത്.
പിന്നീട് ബിസിനസ്സ് പൊളിഞ്ഞു ഉപ്പ നാട്ടിൽ സ്ഥിരമായി. അപ്പോഴാണ് ഈ വിവാഹക്കോലാഹലങ്ങളുടെ നടനം!
ഞങ്ങൾ ആറേഴു കൂട്ടുകാരികൾ ഒരുമിച്ചായിരുന്നു കോളേജിൽ. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഇവരിൽ മൂന്നാലുപേരുടെ വിവാഹവും കഴിഞ്ഞിരുന്നു. വിവാഹസൽക്കാരങ്ങളിൽ എന്നെ കണ്ടു വിവാഹം ആലോചിച്ചുവന്ന പലരും ഉണ്ട്. അതിൽ രാഷ്ട്രീയത്തിൽ വളരെ സജീവായ ഒരാളുണ്ടായിരുന്നു. അയാളുടെ ഉമ്മയും പെങ്ങളും ഞാൻ ഇല്ലാത്ത നേരത്തു വീട്ടിൽവന്നു നിശ്ചയം ഉറപ്പിച്ചു രണ്ടു വളകൾ വീട്ടിൽ കൊടുത്തിട്ടുപോയി.
വൈകീട്ട് വീട്ടിൽ വന്നപ്പോൾ ഉപ്പ പറഞ്ഞു. "നിന്‍റെ കല്യാണം ഉറപ്പിച്ചു. അവരുടെ വീട്ടിൽനിന്നും ആളുകൾ വരും. ഇന്നദിവസം ഇന്നസമയം. അവർ വള ഇട്ടിട്ടാണ് പോയത്”
ഞങ്ങളുടെ വീട്ടിൽ അന്ന് ആടുകളെ ലോണെടുത്തു വളർത്തുന്നുണ്ട്. അവരുടെ കാതിൽ ബാങ്കുകാർ തുളച്ചു കമ്മൽ ഇടുന്ന പരിപാടി ഉണ്ട്. ബാങ്കിന്‍റെ മുതലാണെന്ന് തിരിച്ചറിയാനുള്ള മാർഗം കൂടിയാണത്.
ഞാൻ ആഹാരം കഴിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വന്നത്. നിന്‍റെ കല്യാണം ഉറപ്പിച്ചു എന്ന്!
"ഞാൻ ബാങ്കിലെ ആടാണോ? ബാങ്കുകാർ കമ്മൽ കുത്തുമ്പോലെ വള ഇടാൻ? ആർക്കാണ് കെട്ടാൻ മുട്ടി നിൽക്കുന്നെങ്കിൽ അവർ കെട്ടുക. എന്നെ പ്രതീക്ഷിക്കേണ്ട "
അതായിരുന്നു എന്‍റെ ഏറ്റവും ശക്തമായ പ്രതിഷേധം.
അന്ന് രാത്രിയിൽ ഞാനും ഉപ്പയും ഉമ്മയും ഉഗ്രൻ വഴക്കുണ്ടായി. പൂർവ പിതാക്കന്മാരെയും മനുഷ്യവംശത്തെയും ഈ ലോകത്തു ജനിച്ചവരെയും ജനിക്കാൻ പോകുന്നവരെയും ഉപ്പ ചീത്ത വിളിച്ചു. ഞങ്ങൾ രണ്ടുപേരും പരസ്പരം ഒരിക്കലും ക്ഷമിക്കുവാൻ കഴിയാത്തവിധത്തിൽ പോർവിളികൾ നടത്തി. ഉപ്പ എന്നെ തല്ലിച്ചതച്ചു. ഓരോ അടി കിട്ടുമ്പോഴും ഞാൻ ശപഥമെടുത്തുകൊണ്ടിരുന്നു.
ഇല്ല. ഒരിക്കലും കല്യാണം ഇല്ല. ഏതോ ഒരാണിനുവേണ്ടി ഒരിക്കലും എന്‍റെ ജീവിതം നശിപ്പിക്കില്ല. എനിക്കിഷ്ടമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി ജീവിതം ഞാൻ ഹനിക്കില്ല.
അന്നത്തെ വഴക്കിന്‍റെ മുറിവിൽ ഞാനും ബാക്കി എല്ലാവരും കരഞ്ഞു. ഉപ്പയും കരഞ്ഞിരിക്കാം. ആണുങ്ങൾ കരയുന്നത് പൊതുവെ വെളിപ്പെടാറില്ലല്ലോ.
പിറ്റേന്ന് കോളേജിൽ ആറുപേരും എന്നെ ശകാരിച്ചു.
"ഞങ്ങളുടെ എല്ലാവരുടെയും വിവാഹം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ജീവിതം സുഖമാവും. നിനക്ക് വിവാഹം കഴിഞ്ഞാലും പഠിക്കാം. എത്രയോ പേര് അങ്ങനെ പഠിക്കുന്നു. ജോലി ചെയ്യുന്നു? ഇപ്പോഴത്തെ കഷ്ടപ്പാടുകൾ മാറും."
ഈ പ്രസ്താവനകളും ഭീഷണികളും കാക്കത്തൊള്ളായിരം വട്ടം കേട്ടിട്ടുണ്ട്.
' കെട്ടാതെ എങ്ങനെ ജീവിക്കും...? "
"ആര് നോക്കും...?"
" തിന്നാൻ തരാൻ ആരുണ്ടാകും...? "
"ദീനിൽ കെട്ടാതെ നിൽക്കാൻ പറ്റുവോ...?"
"ചെറുപ്പത്തിന്‍റെ തിളപ്പില്‍ പലതും തോന്നും. എന്തുകണ്ടിട്ടാ അടംപിടിച്ച് നിൽക്കുന്നത്...?"
ഇതൊന്നും പോരാതെ വേറെ ചില വാചകങ്ങൾ ഉണ്ട്.
"തിന്നിട്ട് എല്ലിന്‍റെ ഉള്ളിൽ വറ്റ് കേറിയാൽ ഇങ്ങനെ പല തോന്നിവാസങ്ങളും കാണിക്കാൻ തോന്നും. ഇതൊന്നും ഇവിടെ നടപ്പില്ല"
"തിന്നാൻ കിട്ടാതായാൽ തനിയെ പഠിച്ചോളും. തിന്നിട്ട് ഊറ്റം കൊള്ളുമ്പോൾ പലതും തോന്നും"
ഇത്തരം ചോദ്യങ്ങളും ശാസനകളും വർഷിക്കുന്ന എന്റെ കൂട്ടുകാരെയും വീട്ടുകാരെയും നോക്കി ഞാൻ അന്തംവിട്ടിരുന്നു. ഇവരുടെ ധാരണകൾ തിരുത്തുവാൻ ആവില്ലായിരുന്നു.
കടലിനെ ഒരു മുറംകൊണ്ട് ചെറുക്കുന്നതുപോലെ അസാധ്യമായിരുന്നു അതും!
( തുടരും .. )