Image

രാക്കിളിയുടെ ദിവാസ്വപ്നം (കവിത: പ്രൊഫ. ഫിലിപ്പ് കല്ലട)

Published on 18 February, 2026
രാക്കിളിയുടെ ദിവാസ്വപ്നം (കവിത: പ്രൊഫ. ഫിലിപ്പ് കല്ലട)

രാവേറെ ചെന്നിട്ടും വ്യക്തമായ്  കേൾക്കുമാ-
രാക്കിളിപ്പാട്ടൊരു സാന്ത്വനമോ ?
അനിശ്ചിതമാകുമീ ജീവിതപ്പാതയിൽ 
കേൾക്കാൻ കൊതിക്കും രാഗാലാപനമോ?

നീണ്ട നാളായി കൊതിച്ചിട്ടും കാണാത്ത 
പകൽ വെളിച്ചത്തെ  സ്വപ്‌നം കണ്ടും 
വന്നുചേരാത്തൊരിണക്കിളിയെ  കാത്തും
രാക്കിളിയെപ്പോഴും പാടിടുന്നു.  
       
പൊന്നൊളിച്ചന്ദ്രിക ചാലിച്ച രാവിൻറെ
നീലിമപുല്കും ചക്രവാളത്തിനുള്ളിൽ 
പറന്നും കളിച്ചും മൂളിയും പിന്നിട്ട 
ബാല്യകാലം കിളിയോർത്തിടുന്നു.  

മക്കൾ ചോരിവാപിളർത്തി കരയവേ 
അമ്മ ചുണ്ടിൽ നൽകും മാധുര്യങ്ങൾ
മത്സരിച്ചാഹ്‌ളാദത്തിമിർപ്പിൽ പാടിയ 
ഗാനത്തിൻതാളം മറന്നിടുമോ?

വാഴ്കയിൽ വന്നെത്തും കുളിരും ചൂടും 
താങ്ങുവാൻ വയ്യാതെ തനിച്ചിരുന്നും 
കൂട്ടുകാർ ചൊല്ലും പ്രഭാതഭംഗി 
കാണുവാൻ രാക്കിളിക്കാശയായി.

കളകളം പാടുന്ന പുഴയും കാറ്റും 
വിടർന്നുനിന്നാടുന്ന പൂക്കതിരും
പച്ചപ്പട്ടു വിരിച്ചുള്ള പാടവും 
കാണുവാൻ രാക്കിളിക്കാർത്തിയേറി.   

ചെന്തീകണക്കെയുയരുമരുണൻറെ 
സഹസ്രാoശു  കാട്ടുമൊരത്ഭുതങ്ങൾ
ദിനകരബിംബമണയുന്ന ശോഭയും 
രാക്കിളിക്കിപ്പോഴുംമന്യമല്ലോ.

സ്വപ്നങ്ങളുള്ളിൽ മെനഞ്ഞുകൊണ്ടും 
പകലിൻ ഭംഗി മനസ്സാൽ മുകർന്നും 
അസ്വസ്ഥനാം കിളി ഒരു നാളറിഞ്ഞു
*പകലിൽ തൻറെ  കണ്ണന്ധമല്ലോ?

താനറിഞ്ഞുള്ളോരി  സത്യവുമായ്ക്കിളി
പൊരുത്തപ്പെടാതെ മനസ്സിടിഞ്ഞു 
തിരിച്ചറിവുള്ള മർത്ത്യനുപോലും
യാഥാർഥ്യം കേൾക്കുവതനിഷ്ടമല്ലോ

തൻ ദുഖഃമുള്ളിൽ ഘനീഭവിച്ചാക്കിളി
പാടാതെ പലകാലമിരുന്നുപോയി
ഒടുവിൽ തന്നുള്ളിൽ ജ്വലിച്ച സത്യം
വേദന വിങ്ങുന്ന പാട്ടുകളായ്.

തകർന്ന തൻ  സ്വപ്നത്തെയോർത്തുംകൊണ്ടും
ഉള്ളിലെ ദുഃഖമൊഴുക്കിക്കൊണ്ടും
കദനം നിറഞ്ഞതൻ രാഗ്ഗീതങ്ങൾ    
രാക്കിളിപാടുന്നുണ്ടീ രാവിലും

മാനവചേതനയിൽ കൊരുത്ത 
തകർന്ന കനവിന്നുടയോർകളും
രാക്കിളിപ്പാട്ടിനായ്  ചെവികൊടുത്തീ 
യിരവിൻ നടുവിലും ഉണർന്നിരിപ്പൂ

__________________________________________________________
*സൂര്യപ്രകാശത്തിൽ രാക്കിളിക്ക് കണ്ണുകാണുകയില്ല 
മലയാളം സൊസൈറ്റിയുടെ 2026 ഫെബ്രുവരി മാസ
സൂം മീറ്റിങ്ങിൽ അവതരിപ്പിച്ച കവിത
    
     

 

Join WhatsApp News
Jayan varghese 2026-02-19 10:24:04
അപ്പാ, ഞാൻ നിന്നോടും ദൈവത്തോടും കുറ്റം ചെയ്തിരിക്കുന്നു എന്ന മുടിയനായ പുത്രൻ കഥയിലെ ഡയലോഗുമായി ‘ എന്റെഗ്രാമം ‘ കവിതയിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ പാശ്ചാപത്തോടെ തിരിച്ചു വരുന്നു. സമകാലീന മലയാള കവിതകളിൽ പരിഗണനാര്ഹമായ കവിതയാണ് രാക്കിളിയുടെ ദിവാ സ്വപ്‌നങ്ങൾ എന്ന ഈ കവിത എന്ന കണ്ടെത്തലോടെ. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാപ്പ് .
നിന്റ സ്വന്തം അപ്പൻ 2026-02-19 13:03:20
മോനെ നീ ഇതൊരു പതിവാക്കരുത്. എറങ്ങി പോകുക കേറി വരുക. എപ്പഴും അപ്പന് കാളയെ അറുത്ത് സദ്യ ഒരുക്കാൻ പറ്റില്ല. കഴിഞ്ഞ പ്രാവശ്യം നമ്മടെ ഉഴവ് കാളയെ അറുത്താണ് അപ്പൻ സദ്യ ഒരുക്കിയത്. അപ്പനും രാക്കിളിയെപ്പോലെ കണ്ണ് കാണാൻ വയ്യാതായി. എന്നാലും നിന്റ ശബ്ദം കേൾക്കുന്നത് അപ്പന് ഇഷ്ടമാണ്. നീ ഒരു കല്യാണം കഴിച്ചു കേൾക്കണം എന്ന് അപ്പന് ആഗ്രഹം ഉണ്ട്. അന്നേരം ഈ തെണ്ടി തിരിഞ്ഞു നടക്കുന്നതൊക്കെ നിക്കും. എന്നും മക്കൾ തിരിച്ചു വരുന്നത് അപ്പന്മാർക്ക് ഇഷ്ടമാണ്. നീ കവിതേടെ പേരിൽ എല്ലാവരുമായി വഴക്കുണ്ടാക്കാൻ പോകരുത് . ഞാൻ ഒരു കർഷകനാണ് എന്റെ ഉള്ളിലും നിനക്ക് മനസിലാകാത്ത കവിതയുണ്ട് . എന്റെ തൂമ്പയുടെ താളവും അത് മണ്ണിൽ ചെന്ന് വീഴുമ്പോൾ ഉള്ള ഉരസലും എന്റെ കിതപ്പും ഒരു കവിതപോലെ ഇമ്പമുള്ളതായിരുന്നു. ഞങ്ങൾ ഗ്രാമവാസികൾക്ക് അത് സന്തോഷം തന്നിരുന്നു. നിനക്ക് ഇത് മനസിലാകില്ല. നീ ഗ്രാമത്തിൽ അധികം നിന്നിട്ടില്ലല്ലോ. എന്നാലും നീ തിരിച്ചു വന്നല്ലോ . എത്രനാൾ ഇത് നീണ്ടു നിൽക്കുമെന്ന് അറിയില്ല. എന്നാലും അപ്പനെന്ന ഈ രാക്കിളിക്ക് സന്തോഷ്‌മാ
രാക്കിളി 2026-02-19 17:41:52
അപ്പനും മകനും തമ്മിലുള്ള ആ സസംസാരം എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ദുഃഖം ആർക്കും മനസിലാകില്ല എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ അപ്പനതു മനസ്സിലായി. ഇത് എഴുതിയ സാറിനും അത് മനസിലായി. എന്റെ സംഗീതത്തിന് ഭാഷയുടെ കരുത്തില്ല. പക്ഷെ എന്റെ തേങ്ങൽ ജീവിതാനുഭങ്ങൾ ഉള്ളവർക്ക് മനസിലാകും. ചിലർക്ക് അത് അരോചകമായിരിക്കും. അതിൽ എനിക്ക് പരാതിയില്ല. എല്ലാവരെയും നമ്മൾക്ക് തൃപ്തിപെടുത്താനാവില്ല. ഉള്ളിലെ ദുഃഖം ആരോടും പറയാനില്ലാത്തവർക്ക് എന്റെ ഗാനം ഒരാശ്വാസം ആകുന്നെങ്കിൽ എനിക്കതു മതി..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക