
മുംബൈയുടെ സാംസ്കാരിക ഭൂപടത്തിൽ മീരാറോഡ് കേരള സാംസ്കാരിക വേദി കുറിച്ചിട്ടത് വെറുമൊരു വാർഷികാഘോഷത്തിന്റെ കണക്കുകളല്ല, മറിച്ച് അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി തുറന്നിട്ട ഒരു വിപ്ലവകരമായ അധ്യായമാണ്. ഫെബ്രുവരി 8-ന് നടന്ന സാഹിത്യ സദസ്സ്, കേവലം ചടങ്ങുകൾക്കപ്പുറം സർഗ്ഗാത്മകതയുടെ നേർസാക്ഷ്യമായി മാറി. എന്നാൽ, ഈ വെളിച്ചം നഗരത്തിലെ മറ്റ് ചില 'സാംസ്കാരിക തമ്പുരാക്കന്മാരുടെ' ഇരുളടഞ്ഞ കച്ചവടങ്ങളെക്കൂടി മാരകമായി കടന്നാക്രമിക്കുന്നുണ്ട്.
ഏതാണ്ട് രണ്ട് ദശബ്ദത്തിലധികം സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന മീരാറോഡ് സാംസ്‌കാരിക വേദിക്ക് ഇത്തവണ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. ഇന്നോളം നഗരത്തിലെ ഒരു സമാജമോ, സാംസ്‌കാരിക സംഘടനയോ, സാമുദായിക-മത സംഘടനകളോ കുന്നിക്കുരുവിനോളം പോലും ചെയ്യാൻ മടിച്ചിരുന്ന സാംസ്‌കാരിക പിന്തുണ സാഹിത്യ പ്രവർത്തകർക്ക് നൽകി ആദരിച്ചു. സാഹിത്യ പ്രവർത്തകരിൽ നിന്നും പണം വാങ്ങി ദൂർത്തടിച്ചവരും അതേ ആദരം ഏറ്റുവാങ്ങി.
സമാജങ്ങളുടെ ഭിക്ഷാടനവും സാംസ്കാരിക വഞ്ചനയും
മുംബൈ നഗരത്തിലെ കോടികളുടെ ആസ്തിയുള്ള സമാജങ്ങൾ പലതും ഇന്ന് അഴുകിയ ജീർണ്ണതയുടെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. സ്വന്തമായി ഒരു പരിപാടി നടത്താൻ കെൽപ്പില്ലാത്ത ഇവർ, ജനങ്ങളുടെ പോക്കറ്റിൽ നിന്ന് തെണ്ടിപ്പിരിവും ഭിക്ഷാടനവും നടത്തി ലക്ഷങ്ങൾ സ്വരൂപിക്കുന്നത് വെറും പ്രഹസനങ്ങൾ കാട്ടാനാണ്. നാട്ടിൽ നിന്നും 'രാഷ്ട്രീയ ക്ഷൂരകന്മാരെയും' 'വേതാളങ്ങളെയും' ഇറക്കുമതി ചെയ്ത് പണം വെട്ടിക്കാനുള്ള വേദികളായി സാംസ്കാരിക സംവാദങ്ങളെ ഇവർ മാറ്റിമറിക്കുന്നു. ഇവർ ഇനി നാണംകെട്ട് തലയിൽ മുണ്ടിട്ടു നടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവിടെയാണ് സാംസ്‌കാരിക വേദി ഇനി തല ഉയർത്തി നിൽക്കുന്നത്.
ഏറ്റവും ലജ്ജാകരമായ കാര്യം, എഴുത്തുകാരോടും സാഹിത്യകാരന്മാരോടും ഇവർ കാട്ടുന്ന അവജ്ഞയാണ്. പണമുള്ളവനെ മാത്രം വേദിയിലിരുത്തി വാഴ്ത്തുന്ന ഇവർ, യഥാർത്ഥ പ്രതിഭകളെ കേവലം കാഴ്ചക്കാരാക്കി മാറ്റുന്നു. എഴുത്തുകാരുടെ പണം വാങ്ങി അവരെ സദസ്സിലിരുത്തി അപമാനിക്കുന്ന രീതിയാണ് പലയിടത്തും. അവരെ വേദിയിൽ കയറ്റാറില്ല, സംസാരിക്കാൻ അവസരം നൽകില്ല. പണമില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഭിക്ഷാടനം നടത്തി നിങ്ങൾ സാഹിത്യ സദസ്സുകൾ സംഘടിപ്പിക്കുന്നത്?
ഒന്നോ രണ്ടോ ദിവസത്തെ ക്യാമ്പുകൾ (കൂട്ടായ്മകൾ) വെച്ച് ലക്ഷങ്ങൾ പൊടിക്കുന്ന ഇവർക്ക് സാഹിത്യമെന്നത് വെറും കച്ചവടം മാത്രമാണ്.
എച്ചിൽ വാങ്ങി വീർക്കുന്ന പോക്കറ്റുകൾ
ഇപ്പോൾ നഗരത്തിൽ ഇറക്കുമതിയായി വന്നിട്ടുള്ള ചില വ്യക്തികൾ പല സമാജങ്ങൾക്കും പണം അങ്ങോട്ട് നൽകി സ്വാധീനം ഉറപ്പിക്കുകയാണ്.
എഴുത്തുകാരുടെ പദവിയുടെയും മാഹാത്മ്യത്തിന്റെയും പൊക്കത്തിൽ നിന്ന് അവരുടെ 'എച്ചിൽ വാങ്ങി' സ്വന്തം ശാപ്പാട് അടിക്കാനും പോക്കറ്റ് വീർപ്പിക്കാനും നടക്കുന്ന ഈ പരാദങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്. സ്വന്തം സമാജത്തിലെ അംഗങ്ങളെപ്പോലും അവസാന നിമിഷം മാത്രം പരിഗണിക്കുന്ന തന്നിഷ്ടപ്രകാരമുള്ള ഈ പ്രവർത്തനം അവസാനിപ്പിക്കണം.
ഈ ചീഞ്ഞഴുകിയ വ്യവസ്ഥിതി മാറ്റാൻ തയ്യാറായില്ലെങ്കിൽ, ജനകീയമായ ചാട്ടവാറടി ഇത്തരക്കാർക്ക് ഏൽക്കേണ്ടി വരുന്ന കാലം വിദൂരമല്ല. ഇനിയെങ്കിലും കണ്ണ് തുറക്കൂ മലയാളി സമാജങ്ങളെ...
പൊരുതി നേടിയ വിജയം: മീരാറോഡിലെ പുതുമ
വളരെ കാലമായി ഞാൻ പറയുകയും നിരന്തരം എഴുതുകയും ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി മീരാറോഡ് സാംസ്‌കാരിക വേദി നടപ്പാക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വർഷങ്ങളായുള്ള എന്റെ പോരാട്ടത്തിന്റെയും വാക്കുകളുടെയും വിജയമായിട്ടാണ് ഈ മാറ്റത്തെ ഞാൻ കാണുന്നത്.
പത്രപ്രവർത്തകനും സാഹിത്യകാരനുമായ ബാബു മാത്യു മുംബൈയിൽ ആദ്യമായി പരീക്ഷിച്ച സാഹിത്യ സംവേദന രീതി വിപ്ലവകരമായി എന്ന് പലരും വിളിച്ചു പറഞ്ഞു. മോഡറേറ്ററില്ലാത്ത സാഹിത്യ അവതരണം, രചനയെ കീറിമുറിക്കാതെ നിറഞ്ഞ മനസ്സോടെ സ്വയം അവതരിപ്പിച്ചത് ചരിത്ര സാക്ഷ്യമായി. 35-ഓളം സാഹിത്യകാരന്മാർ ഒരേ മനസ്സോടെ കഥകളും കവിതകളും അവതരിപ്പിച്ചു.
സമത്വത്തിന്റെ വേദി: പണത്തിന്റെ തൂക്കമല്ല, എഴുത്തിന്റെ കരുത്താണ് പരിഗണിക്കേണ്ടതെന്ന് മീരാറോഡ് സാംസ്‌കാരിക വേദി ഒന്നുകൂടി തെളിയിച്ചു. എല്ലാ സാഹിത്യകാരന്മാരെയും പ്രൊഫൈൽ വായിച്ച്, പൊന്നാട അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരിച്ചത് നഗരചരിത്രത്തിൽ ആദ്യമാണ്. ഏതാണ്ട് അഞ്ഞൂറോളം രജിസ്റ്റേർഡ് മലയാളി സംഘടനകളും, അതിന്റെ ഇരട്ടി രജിസ്റ്റർ ചെയ്യാത്തവയും ഈ മഹാനഗരത്തിലുണ്ട്. കേരളാ സാംസ്‌കാരിക വേദിക്ക് നഗരത്തിലെ സാഹിത്യ പ്രവർത്തകർക്ക് പൂക്കുട ചൂടേണ്ടി വന്നു.
ടി.ഡി. രാമകൃഷ്ണന്റെ മാതൃക: പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, സാധാരണ എഴുത്തുകാരുടെ രചനകൾ കേൾക്കാൻ നേരത്തെ എത്തിയത് പല 'സാംസ്കാരിക പ്രമാണിമാർക്കും' ഒരു പാഠമാണ്. ആരാധകന്റെ സൽക്കാര പ്രലോഭനങ്ങളിൽ വീഴാതെ, സഹപ്രവർത്തകരുടെ വരികൾ ശ്രദ്ധയോടെ കേൾക്കാനും അഭിപ്രായം പറയാനും അദ്ദേഹം കാണിച്ച മനസ്സ് വലിയൊരു തിരിച്ചറിവാണ്.
ബാബു മാത്യുവിന്റെ ഹൃദയവിശാലതയാണ് നഗരത്തിലെ എല്ലാ സാഹിത്യ മേഖലയിലുള്ളവരെയും ആദരിക്കുക എന്നത്. അതിന് കിട്ടിയ പിന്തുണ വളരെ വലുതാണ്. അതോടെ സാംസ്‌കാരിക വേദിയുടെ പേരു വാനോളം ഉയർന്നു.
ഇന്നുവരെയും നഗരം ദർശിക്കാത്ത മാതൃക.
കഥയും കവിതയും വേർതിരിക്കാതെ, എഴുത്തുകാരൻ തന്നെ തന്റെ രചനയുടെ ആശയം ചുരുക്കി വിവരിക്കുകയും അവതരിപ്പിക്കുകയും ചെയ്ത രീതി വായനക്കാരനുമായി നേരിട്ട് സംവദിക്കുന്നതായിരുന്നു. "കഥ മാത്രമാണ് വായനക്കാരനുമായി സംവദിക്കുന്നത്" എന്ന് നോവലിസ്റ്റ് ഓർമ്മിപ്പിച്ചത് എഴുത്തുകാർക്ക് വലിയ പ്രചോദനമായി.
വർഷങ്ങളായുള്ള എന്റെ നിലപാടുകളെയും എഴുത്തിനെയും ചേർത്തുപിടിച്ച് ഈ മാറ്റത്തിന് തുടക്കമിട്ട അവതാരകനും സംഘാടകനുമായ ബാബു മാത്യുവിനും മീരാറോഡ് കേരള സാംസ്‌കാരിക വേദിക്കും എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും.
മുംബൈയിലെ സാംസ്കാരിക ലോകത്ത് ഈ ചലനങ്ങൾ ഒരു പുതിയ വിപ്ലവത്തിന്റെ കാഹളമാകട്ടെ!