Image

ബാറില്‍ കിടന്ന് ഉറങ്ങണമെന്നാണോ യുവതലമുറയോട് സര്‍ക്കാര്‍ പറയുന്നത് ? കെ.സി.ബി.സിക്ക് പിന്നാലെ വിമർശനവുമായി ഓര്‍ത്തഡോക്സ് സഭയും

Published on 18 February, 2026
 ബാറില്‍ കിടന്ന് ഉറങ്ങണമെന്നാണോ യുവതലമുറയോട് സര്‍ക്കാര്‍ പറയുന്നത് ? കെ.സി.ബി.സിക്ക് പിന്നാലെ  വിമർശനവുമായി ഓര്‍ത്തഡോക്സ് സഭയും

സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി 12 മണിവരെ നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ രംഗത്ത്. കെസിബിസിക്ക് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭയും  ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതിനെതിരെ  രൂക്ഷ വിമര്‍ശനവുമായി  രംഗത്തെത്തി. മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്‍റേതെന്നും തീരുമാനം പുതുതലമുറയെ നശിപ്പിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. ബാറില്‍ കിടന്ന് ഉറങ്ങണമെന്നാണോ യുവതലമുറയോട് സര്‍ക്കാര്‍ പറയുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ ചോദിച്ചു. 

പുതിയ മദ്യനയം കേരളത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഏതാനും ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു തലമുറയെ നശിപ്പിക്കുകയാണെന്നും  തലമുറയെ നശിപ്പിച്ചിട്ടാണോ സര്‍ക്കാര്‍ ഖജനാവ് വീര്‍പ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച നടപടി സംശയാസ്പദമാണ്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. സഭ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അവിശുദ്ധ ഇടപാടാണ് ബാര്‍ സമയം നീട്ടിയതിന് പിന്നിലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചിരുന്നു . വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്‍പ്പന വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സമിതി കുറ്റപ്പെടുത്തി.

വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ല, മറിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെ.സി.ബി.സി. വ്യക്തമാക്കി. "പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന" സമീപനമാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ മാറ്റം ഒരു 'തിരഞ്ഞെടുപ്പ് ഡീൽ' ആണോ എന്ന് സംശയിക്കുന്നതായും മദ്യവിരുദ്ധ സമിതി പറഞ്ഞു.ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, ബാര്‍ സമയം നീട്ടിയ നടപടിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ന്യായീകരിച്ചു. മദ്യനയം നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും ബാര്‍ സംഘടനകളുടെ ആവശ്യം മാത്രം പരിഗണിച്ചല്ല നടപടിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖല ലക്ഷ്യമിട്ട് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും  വിഷയത്തില്‍ കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതേസമയം ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിൽ ഘടകകക്ഷികൾക്കും  അതൃപ്തിയുണ്ടെന്ന്  സൂചന. എല്‍ഡിഎഫിലും മന്ത്രിസഭായോഗത്തിലും ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി രാജേഷും മറ്റ് ചിലരും ചേർന്ന് തിടുക്കത്തിൽ തീരുമാനമെടുത്തതെന്നാണ് ഉയരുന്ന ആക്ഷേപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക