Image

ബോർഡിംഗിലാക്കപ്പെട്ട കുട്ടിയുടെ സങ്കടം ( ഇറ്റലിയിൽ : മിനി ആന്റണി )

Published on 18 February, 2026
ബോർഡിംഗിലാക്കപ്പെട്ട കുട്ടിയുടെ സങ്കടം ( ഇറ്റലിയിൽ : മിനി ആന്റണി )

ഗായ് ഒൾഗ. പേരിൻ്റെ മനോഹാരിതയിലൂടെ ഞാനവരെ നോക്കി. കുഞ്ഞിനേപ്പോലെ കിടന്നുറങ്ങുകയാണ്.  അടുത്ത ശനിയാഴ്ച്ച  വീട്ടിലേക്ക് പോകാമെന്ന സന്തോഷമാണാ മുഖത്ത്.

പ്രതീക്ഷിക്കാത്ത സമയത്ത് ബോർഡിംഗിലാക്കപ്പെട്ട കുട്ടിയുടെ സങ്കടമാണ് ഒൾഗക്കെപ്പോഴും. ലാൻഡ് ഫോണിൽ എപ്പോഴും ആരെയെങ്കിലും കുത്തി വിളിക്കും.  ആരും ഫോണെടുക്കുന്നില്ലെന്ന് ദേഷ്യപ്പെടും.

"നിൻ്റെ ഫോണീന്ന് വിളിച്ച് നോക്കിയേ "
എന്നാവശ്യപ്പെട്ട് അരികിൽ വന്നിരിക്കും.
ഞാനപ്പോ  എന്തെങ്കിലും കണ്ടോണ്ടിരിക്കുകയോ  ആരോടെങ്കിലും സംസാരിച്ചോണ്ടിരിക്കുകയോ ആവും.
കാത്തിരിക്കാൻ പറയുമ്പോ കുറച്ച് നേരം കൊച്ചുകുട്ടിയെ പോലെ  മിണ്ടാതിരിക്കും. പിന്നെ ക്ഷമ നഷ്ടപ്പെട്ട്  ലാൻഡ് ഫോണിൽ കുത്തും.

കിട്ടതാവുമ്പോ മമ്മയോട് സംസാരിക്കണമെന്ന് എൻ്റെ അടുത്തിരുന്ന് വിതുമ്പും.  അപ്പഴെനിക്ക് പാവം തോന്നും. മോളെ വിളിച്ച് കൊടുക്കും.  അവൾ ആശ്വസിപ്പിക്കും.  

ആശ്വാസം താൽക്കാലികമാണ്. പിന്നെയും തുടങ്ങും.  ഇതൊക്കെ കണ്ട്  ഞാനും സങ്കടപ്പെടും. എന്നാലും ചില നേരത്ത സ്വഭാവം കാണുമ്പോ  എവടേങ്കിലും വഴുക്കി വീണാ കട്ടിലേ തന്നെ കെടക്കുലോ എന്നെൻ്റെ അസുര മനസ്സ് ചിന്തിക്കാറില്ലായ്കയില്ല.

എണീറ്റപ്പോൾ ഒരു ഫോട്ടോ.  എൻ്റെ മുടിയൊന്നും ശരിയല്ല എന്ന് പറഞ്ഞ് ചെറിയൊരു ചിരി. ഇതുപോലും അപൂർവ്വമാണ്.
 

ബെനെവെന്തോയിലെ പടിഞ്ഞാറൻ ആകാശം കെട്ടിടങ്ങൾക്കിടയിലൂടെ കാണുന്ന ഒരാകാശകഷ്ണം.
ക്യാമറക്കണ്ണിലൂടെ  നോക്കിയപ്പോൾ  പല ഷെയ്ഡുകളുമില്ല.  നേരിട്ട് കാണുന്നത്ര സുന്ദരമല്ല.  ഒരു പക്ഷേ  എൻ്റെ കണ്ണിലൂടെ ഞാൻ കാണുന്നതിനേക്കാൾ സുന്ദരമായിരിക്കാം മറ്റൊരാൾക്കീ കാഴ്ച്ച.

ചുറ്റും ഇതുപോലെ എത്രയെത്ര ആകാശങ്ങൾ! കണ്ടു കഴിഞ്ഞതും കാണുന്നതും കാണാനിരിക്കുന്നതുമായത്...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക