Image

കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ വരുമ്പോള്‍; ഭൂമിയിലെ നരക രാജ്യത്തിന്റെ വിചിത്ര വിശേഷങ്ങളറിയാം (എ.എസ് ശ്രീകുമാര്‍)

Published on 18 February, 2026
കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ വരുമ്പോള്‍; ഭൂമിയിലെ നരക രാജ്യത്തിന്റെ വിചിത്ര വിശേഷങ്ങളറിയാം (എ.എസ് ശ്രീകുമാര്‍)

ഭൂമിയിലെ നരക രാജ്യമേതാണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേയുള്ളു-നോര്‍ത്ത് കൊറിയ. ലോകത്തെ ഏറ്റവും വലിയ ഏകാധിപതിയായ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകള്‍ കിം ജു എ അടുത്ത ഭരണാധികാരിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. 13 വയസുള്ളതായി കരുതുന്ന കിം ജു എ, സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ജു എയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഔദ്യോഗിക പരിപാടികളില്‍ അവര്‍ കൂടുതല്‍ സാന്നിധ്യമറിയിക്കുന്നത്  ഉള്‍പ്പെടെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പിന്‍ഗാമിത്വവുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ നടത്തിയതെന്ന് കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (എന്‍.ഐ.എസ്) വ്യക്തമാക്കുന്നു.

ഈ മാസം അവസാനം നടക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെക്കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടാകാമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ഉത്തര കൊറിയ ഒരു നിഗൂഢരാജ്യമാണ്. ഇത്രയേറെ ഉപരോധിക്കപ്പെട്ടിട്ടും, അവഗണിക്കപ്പെട്ടിട്ടും, അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തപ്പെട്ടിട്ടും, രൂപീകൃതമായി ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു കമ്യൂണിസ്റ്റ് രാജ്യം ഇന്നും സാമ്പത്തികമായി തകര്‍ന്നടിയാതെ പിടിച്ചു നില്‍ക്കുന്നുവെന്നത് അത്ഭുതകരമാണ്.

അതേസമയം 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'യെന്നതാണ് ഉത്തര കൊറിയയിലെ സ്ഥിതി. ഒരു തരത്തിലുള്ള മനുഷ്യാവകാശങ്ങളുമില്ലാത്ത അടിച്ചമര്‍ത്തപ്പെട്ടവരുടെ രാജ്യമാണിത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നമ്മള്‍ ജീവിക്കുന്നത് 2026-ലാണെങ്കില്‍ ഉത്തര കൊറിയയില്‍ ഇത് 114-ാം വര്‍ഷമാണ്. 1912-ലാണ് നോര്‍ത്ത് കൊറിയന്‍ കലണ്ടറായ 'ജ്യൂഷെ'യുടെ തുടക്കം.  ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സങ്ങിന്റെ ജനന വര്‍ഷമായ 1912-നെ അടിസ്ഥാനമാക്കിയാണ് ജ്യൂഷെയുടെകാലഗണന. തലതിരിവ് അവിടെത്തന്നെ തുടങ്ങുന്നു. നമ്മള്‍ ചാനലുകള്‍ മാറ്റിമാറ്റി കണ്ട് മടുത്തുവെങ്കില്‍  ഉത്തര കൊറിയയില്‍ ആകെ 3 ടി.വി ചാനലുകളേ ഉള്ളൂ. അതില്‍ 2എണ്ണം ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സംപ്രേഷണം ചെയ്യുന്നുള്ളൂ. ബാക്കിയുള്ള ഒരു ചാനല്‍ വെറും 7 മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ചാനലുകളില്‍ എല്ലാത്തരമാളുകള്‍ക്കും ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടെങ്കില്‍ അവിടെ സര്‍ക്കാരിന്റെ പരിപാടികള്‍ മാത്രമാണ് ജനങ്ങളിലെത്തുന്നത്.

ഉത്തര കൊറിയയിലെ രാജ്യ ദ്രോഹ കുറ്റം എന്താണ്..? ബൈബിള്‍ കൈവശം വയ്ക്കുന്നതാണ് ഈ കുറ്റം. ബൈബിളുമായി ആരെങ്കിലും പോലീസിന്റെ പിടിയാലായാല്‍ പിന്നെ ഒപ്പീസ് ചെല്ലിയാല്‍ മതി. ബൈബിള്‍ വായിച്ചാല്‍ പാശ്ചാത്യ സംസ്‌കാരം രാജ്യത്തേയ്ക്ക് കയറിവരുമെന്നാണ് അധികൃതരുടെ വിചിത്ര വാദം. മറ്റ് ലോക രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നോര്‍ത്ത് കൊറിയയില്‍ നിഷിദ്ധമാണ്. ഒരു ആപ്പിള്‍ ഫോണ്‍ നമ്മള്‍ അഭിമാനത്തോടെ കൊണ്ടു നടക്കുമ്പോള്‍ നോര്‍ത്ത് കൊറിയക്കാര്‍ അതിന്റെ പടം പോലും കാണുന്നത് കുറ്റകരമാണ്. വല്ലാത്തൊരു പ്രാകൃത നിയമം ഇവിടെയുണ്ട്. ഒരാള്‍ കുറ്റം ചെയ്താല്‍ ആ വ്യക്തിയുടെ രണ്ട് തലമുറ ശിക്ഷ അനുഭവിക്കണം. ഈ 'ത്രീ ജെന്‍ റൂള്‍' ഇന്നുമവിടെ നടപ്പാക്കുന്നു. കുറ്റക്കാരെ പാര്‍പ്പിക്കുന്നതാകട്ടെ ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന തടവറകളിലാണ്.

നോര്‍ത്ത് കൊറിയ 100 ശതമാനം ഏകാധിപത്യ രാജ്യമാണെങ്കിലും ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നതാണ് രസകരം. എന്നാല്‍ ബാലറ്റ് പേപ്പറില്‍ കിം ജോങ് ഉന്നിന്റെ പേര് മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നതാണ് ഏറ്റലും നല്ല കോമഡി. തങ്ങള്‍ ഒരു ജനകീയ ജനാധിപത്യ റിപ്പബ്‌ളിക് ആണെന്ന് മറ്റ് രാജ്യങ്ങളെ വിശ്വസിപ്പിക്കാനാണ് ഈ തിരഞ്ഞെടുപ്പ് പ്രഹസനമെന്നോര്‍ക്കുക. രാജ്യത്തിന്റെ പേരു തന്നെ 'ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപബ്ലിക് ഓഫ് കൊറിയ' എന്നാണല്ലോ. നോര്‍ത്ത് കൊറിയക്കാര്‍ 100 ശതമാനം സാക്ഷരത നേടിയവരാണെന്നാണ്  ഗവണ്‍മെന്റിന്റെ അവകാശവാദം. എന്നാല്‍ ഇവിടുത്തെ ഭൂരിപക്ഷം പേര്‍ക്കും മനുഷ്യന്‍ ചന്ദ്രനിലെത്തിയ കാര്യം അറിയില്ലെന്നതാണ് സത്യം. അക്ഷരാഭ്യാസം ഏഴയലത്ത് പോലുമെത്താത്തവരാണധികവും.

ലോക സഞ്ചാരികള്‍ ഒരിക്കലും പോകാന്‍ ഇഷ്ടപ്പെടാത്ത ഒരേയൊരു രാജ്യമാണിത്. വിനോദ സഞ്ചാരികള്‍ക്കവിടെ യാതൊരു തരത്തിലുമുള്ള സ്വകാര്യതയുമില്ലെന്നതു തന്നെ കാരണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഹോട്ടലുകളിലേ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ അനുവാദമുള്ളൂ. ഗൈഡ് ഇല്ലാതെ പുറത്തിറങ്ങിയാല്‍ പോലീസ് അപ്പോള്‍ത്തന്നെ പൊക്കും. ഗൈഡ് പറയാത്ത ഫോട്ടോ എടുക്കുകയോ തന്നിഷ്ട പ്രകാരം വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ അഴിയെണ്ണാം. നോര്‍ത്ത് കൊറിയയില്‍ കാര്യമായ കൃഷിയൊക്കെ നടക്കുന്നുണ്ട്. പണ്ട് സൗത്ത് കൊറിയയില്‍ നിന്നാണ് കൃഷിക്കാവശ്യമായ വളം എത്തിയിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും അടിച്ചു പിരിഞ്ഞതോടെ വളത്തിന്റെ വരവ് നിലച്ചു. തുടര്‍ന്ന് അവര്‍ വളമായി ഉപയോഗിക്കുന്നത് മനുഷ്യ വിസര്‍ജ്യമാണ്. ഇതുപയോഗിച്ച് കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.

കേരളത്തില്‍ കഞ്ചാവ് പിടിക്കുന്നത് നിത്യ സംഭവമാണ്. ഇന്നലെ (ഫെബ്രുവരി 17) തിരുവനന്തപുരംകരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് ആഡംബര കാറില്‍നിന്ന് 300 കിലോയോളം വരുന്ന കഞ്ചാവ് പോലീസിന്റെ ഡാന്‍സാഫ് വിഭാഗം പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഉത്തര കൊറിയയില്‍ കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും യഥേഷ്ടം കൃഷി ചെയ്യുന്നതും ഒരു കുറ്റമേ അല്ല. ഈ രാജ്യത്ത് യാത്ര ചെയ്യുന്നവര്‍ക്ക് റോഡിനിരുവശവും കഞ്ചാവ് ചെടികള്‍ വളര്‍ന്ന് തളിര്‍ത്ത് നില്‍ക്കുന്നത് കാണാം. പലരുടെയും ഉപജീവനമാര്‍ഗമാണിവിടെ കഞ്ചാവ് കൃഷി. നോര്‍ത്ത് കൊറിയക്കാര്‍ ആഴ്ചയില്‍ 6 ദിവസം ജോലി ചെയ്തിരിക്കണം. ഏഴാം ദിവസം രാജ്യ താത്പര്യം മുന്‍ നിര്‍ത്തി സ്വമേഥയാ ജോലി ചെയ്യണമെന്ന് നിഷ്‌കര്‍ഷയുണ്ട്. അവധി ഇല്ലെന്ന് ചുരുക്കം.

രാജ്യത്തെ പൗരന്‍മാര്‍ക്ക് വിദേശ രാജ്യങ്ങളിലേയ്ക്ക് ഫോണ്‍ ചെയ്യാന്‍ അനുവാദമില്ല. വിളിച്ചാല്‍ പെടും. ഇന്റര്‍നെറ്റ് അപ്രാപ്യമാണ്. ഒരാള്‍ നോര്‍ത്ത് കൊറിയയിലാണ് ജനിക്കുന്നതെങ്കില്‍ ആ വ്യക്തിക്ക് ഇതര രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് വിലക്കുണ്ട്. അവിടെ ജനിച്ചാല്‍ അടക്കും അവിടെത്തന്നെ.  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കിവിടെ യാതൊരു പ്രസക്തിയുമില്ല. മുടി വെട്ടുന്നതിനുപോലും ചട്ടമുണ്ട്. 15 തരത്തിലുള്ള ഹെയര്‍ സ്‌റ്റൈല്‍ മാത്രമേ ഈ രാജ്യത്ത് അംഗീകരിച്ചിട്ടുള്ളൂ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കിം ജോങ് ഉന്‍ പിന്തുടരുന്ന ഹെയര്‍ സ്‌റ്റൈലാണ്. രണ്ട് സൈഡില്‍ നിന്നും മുടിയെടുത്ത് മുന്നില്‍ ചീകിയൊതുക്കി നിര്‍ത്തിയിരിക്കുന്നതാണ് കിം ജോങ് സ്‌റ്റൈല്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്തമായ ചില സ്റ്റൈലുകള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് ലംഘിച്ചാല്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

'പ്‌ളഷര്‍ ആര്‍മി' എന്നൊരു സംവിധാനം അവിടെയുണ്ട്. സുന്ദരികളായ കന്യകമാരെയാണ് ഈ സൈനിക വിഭാഗത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. ഉന്നത സൈനിക മേധാവികളുടെ എല്ലാത്തരം ആവശ്യങ്ങളും ഇവര്‍ നിറവേറ്റണം. പ്‌ളഷര്‍ ആര്‍മിയില്‍ നിയമിക്കപ്പെടുന്നത് വലിയ ബഹുമതിയായാണ് യുവതികള്‍ കാണുന്നത്. പ്രസിഡന്റ് കിമ്മിനൊപ്പം 13 വയസ്സ് മുതല്‍ ഈ പ്ലെഷര്‍ ബ്രിഗേഡ് ഉണ്ടായിരുന്നുവത്രേ. ഭക്ഷണത്തിനും മദ്യത്തിനും ഈ സംഘത്തിനും വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. സ്വിറ്റസര്‍ലണ്ടിലെ പഠനകാലത്താണ് കിം കടുത്ത മദ്യാസക്തിയുള്ള ആളായി മാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൈംഗികശേഷി കൂട്ടാന്‍ സ്‌നേക്ക് വൈന്‍ കുടിക്കുന്ന ശീലം കിമ്മിനുണ്ടെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.

തന്നെ എതിര്‍ക്കുന്നവരെ ക്രൂരമായി ഇല്ലാതാക്കുന്ന ഭരണാധികാരിയാണ് കിം ജോങ് ഉന്‍ എന്നാണ് വാര്‍ത്തകള്‍. തന്നെ എതിര്‍ത്ത സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിനെ പട്ടികള്‍ക്ക് ഭക്ഷണമായി എറിഞ്ഞു കൊടുക്കുകയായിരുന്നുവത്രേ. ഒരു മുന്‍ സൈനിക ഉപമന്ത്രിയെയും ഒരു ഉപമന്ത്രിയെയും മറ്റൊരു മന്ത്രിയെയും കിം ക്രൂരമായി ഇല്ലാതാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത മനഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാം. പക്ഷേ ഉടലില്‍ തലയുണ്ടാവില്ലെന്ന് മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക