
ഉമ്മവെച്ചു കൊല്ലുന്ന തിര,
ഇനിയും വേണമെന്ന് കൊഞ്ചുന്ന തീരം...
സ്വർണ്ണമഴയായ് പെയ്യുന്ന വെയിലിൽ,
പഞ്ഞിമിഠായിച്ചെടിപോലെ
പൂത്തു നിൽക്കുന്നൊരു കിഴവൻ...
ദൂരെനിന്നും തെളിഞ്ഞു വരുന്നൊരു
തോണിയുടെ അണിയം...
കാറ്റിൽ അലയടിക്കുന്നു
നീർപ്പക്ഷികളുടെ പ്രണയം...
മണലിൽ തെളിയുന്നു
കൈകോർത്തു നടന്നകന്നവരുടെ
കാൽപ്പാടുകൾ...
കരയിലൊരു കോണിലായി ഒരപരിചിതൻ—
ഏതോ അജ്ഞാതഭാഷയിൽ
അയാളുടെ ചുണ്ടുകൾ
എന്തോ മൂളുന്നുണ്ടായിരുന്നു!
അയാളുടെ മൂളലിനെ
ഞാൻ ഇങ്ങനെ പരിഭാഷപ്പെടുത്തി:
'എന്നെയൊന്നു ശല്യം ചെയ്യൂ
എന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തൂ...
എന്നെയൊന്നു ശല്യം ചെയ്യൂ
എന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തൂ...'