
സിനിമാ പശ്ചാതല സംഗീത സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ച, ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു. തിരക്കഥാ രചയിതാവായും സഹസംവിധായകനായും സംഗീത സംവിധായകനായും ഇദ്ദേഹം സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം എൻ്റെ സുഹൃത്തു കൂടിയായിരുന്നു.
പാലായിലെ പ്രശസ്തമായ കൊട്ടുകാപിള്ളി കുടുംബത്തിലാണ് ഐസക്ക് ജനിച്ചത്, 1948-ൽ. പിതാവ് ജോർജ് തോമസ് കൊട്ടുകാപ്പിള്ളി പാർലമെൻ്റെ അംഗമായിരുന്നു; ദീർഘകാലം ജോർജ് തോമസ് കൊട്ടുകാപ്പിള്ളി പാല മുനിസിപ്പൽ ചെയർമാനും ആയിരുന്നു.
എഴുത്തുകാരൻ സക്കറിയ ഇദ്ദേഹത്തിൻ്റെ ബന്ധുവാണ്.
ഏഴാം ക്ലാസുവരെ ഐസക്കിൻ്റെ പഠനം പാലായില്‍ തന്നെയായിരുന്നു. പിന്നീട് ബാംഗ്ലൂർ 'ബിഷപ്പ് കോട്ടൻ' ബോയ്സ് സ്കൂളില്‍ (Bishop Cotton Boys' School - 1880-ൽ സ്ഥാപിതം). മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദപഠനം നടത്തിവരവേ, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ് ടി ഐ ഐ) ചേരാൻ അദ്ദേഹം തീരുമാനിച്ചു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിലും തിരക്കഥാ രചനയിലും പിജി ഡിപ്ലോമ നേടി. കൊടൈക്കനാല്‍ സ്കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടു വര്‍ഷത്തെ സംഗീത പഠനത്തിനു ശേഷം ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രേയ്‌ഡും പാസായി.
കെ.ജി. ജോര്‍ജിന്റെ 'മണ്ണി'ലൂടെ സിനിമയിലെത്തി. പിന്നീട് ജി. അരവിന്ദന്‍റെ 'തമ്പി'ല്‍ അസിസ്റ്റന്‍റ് ഡയറക്റ്ററായി; അരവിന്ദനൊപ്പം 'തമ്പ്' (1978) ചെയ്തു കഴിഞ്ഞും ആ കൂട്ടുകെട്ടു തുടർന്നു. തുടർന്ന്, 'കുമ്മാട്ടി' (1979), 'എസ്തപ്പാൻ' (1980) എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ ഐസക് പങ്കുചേർന്നിട്ടുണ്ട്; ഈ സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്റ്ററായിയും പ്രവർത്തിച്ചു.
അരവിന്ദൻ്റെ 'എസ്തപ്പാനി'ലൂടെയാണ് പശ്ചാത്തല സംഗീതരംഗത്തേക്കെത്തിയത്. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത, ദേശീയ അവാർഡ് നേടിയ കന്നഡ ചിത്രമായ, 'തായ് സാഹെബ' (1997) എന്ന ചിത്രത്തിലൂടെയാണ് ഐസക് സംഗീത സംവിധായകനായി ചലച്ചിത്രലോകത്ത് ഏറെ അറിയപ്പെട്ടത്.
അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍. കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ലോകമെമ്പാടുമൊഴുകിയെത്തി.
'ഭവം' (2002), 'മാര്‍ഗം' (2003), 'സഞ്ചാരം', 'ഒരിടം' (2004) 'ആദാമിന്റെ മകൻ അബു', 'വീട്ടിലേക്കുള്ള വഴി' (2010) എന്നീ സിനിമകളിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. 'ആദാമിൻ്റെ മകൻ അബു'വിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി.
മലയാളത്തില്‍ ആരംഭിച്ച ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റും ക്രിയേറ്റീവ് ഡയറക്ടറുമായിരുന്നു, ഐസക് തോമസ്. കൈരളി ചാനലിന്‍റെ സിഗ്നേച്ചര്‍ സോങ്ങായ "നീലവാനിനു കീഴിലായ്..." ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ്.
'ദൂരദർശിനിൽ' വന്ന 'ബൈബിൾ' പരമ്പരയുടെ ഒരു ഭാഗത്തിന് അതിഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കിയത് ഐസക്ക് ആയിരുന്നു.
1980-കളിൽ 'അശ്വര്യ' എന്ന പേരിൽ ഒരു പരസ്യ ഏജൻസിയും 'അനശ്വര' ഫിലിംസ് എന്ന 'ആഡ് ഫിലിം കമ്പനി'യും മദ്രാസ് കേന്ദ്രമായി തുടങ്ങി. 1980 മദ്ധ്യത്തിൽ അതിന് എറണാകുളത്തും ഓഫീസ് ഉണ്ടായിരുന്നു. യശ:ശരീരനായ സി.പി.ഡി. നായരായിരുന്നു എറണാകുളം ബ്രാഞ്ച് നോക്കിയിരുന്നത്. 'സെൽഷം' വാൾ പെയിന്റിന്റെ മനോഹരമായ പരസ്യം ചെയ്തിരുന്നത് ഇവരാണ്.
ഞാൻ 'പൂമ്പാറ്റ' എഡിറ്ററായിരുന്ന കാലത്ത് പൈകോ പരസ്യങ്ങളും ( 1983-85) ഈ കമ്പനിയെ ഏല്പിച്ചിരുന്നു. അക്കാലത്ത് ഞങ്ങളുടെ ബാലപ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഒരു 'ആഡ് ഫിലിം' ചെയ്യുവാൻ സജീവമായി ആലോചിച്ചിരുന്നു; വൈപ്പിൻ സുരേന്ദ്രൻ ചെയ്ത 'പൂമ്പാറ്റപ്പാട്ട്' അദ്ദേഹത്തിന് തൃപ്തിയായില്ല; പകരം മറ്റൊന്ന് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായിരുന്നു; പക്ഷേ, അത് സംഭവിച്ചില്ല.
പിന്നീട് 'ഐശ്വര്യ' പരസ്യക്കമ്പനി നിർത്തി. 'അനശ്വര' ആഡ് ഫിലിം കമ്പനി, കേരളത്തിൽ പ്രവർത്തിച്ചിരുന്ന വി-ഗാര്‍ഡ്, കിറ്റെക്സ്, അന്ന അലുമിനിയം, സാറാസ് തുടങ്ങിയ കമ്പനികൾക്കു വേണ്ടിയും പരസ്യ ചിത്രങ്ങള്‍ക്കു വേണ്ടി ഐസക്ക് തന്നെ 'ജിംഗിള്‍' കംപോസ് ചെയ്തു.
അദ്ദേഹം നൂറോളം തിരക്കഥകള്‍ എഴുതി സൂക്ഷിച്ച് വച്ചിരുന്നു എന്നത് മറ്റൊരു കൗതുകമാണ്; പക്ഷേ, അവയൊന്നും ചലച്ചിത്രമായി ചലിക്കുകയുണ്ടായില്ല!
ഐസക്കും കുടുംബവും ചെന്നൈയിൽ സ്ഥിരതാമസമായിരുന്നു; 2021 ഫെബ്രുവരി 18-ന്, 71-ാം വയസിൽ, ഐസക് ചെന്നൈയിൽ വച്ചു തന്നെ അന്തരിച്ചു.
