
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റ നിലപാട് കേരള സര്‍ക്കാരിനെ ചെകുത്താനും കടലിനും നടുവിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി 16-ന് തിങ്കളാഴ്ച ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്ന സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് മുന്‍പാകെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് സി.എസ് വൈദ്യനാഥനും കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയത്.
അതേസമയം, വിശ്വാസികള്‍ക്കനുകൂലമായ നിലപാട് ഇക്കാര്യത്തില്‍ എടുക്കുമെന്ന് സൂചിപ്പിച്ച കേരള സര്‍ക്കാര്‍ പക്ഷേ നിലപാട് വ്യക്തമാക്കാതെ കുഴങ്ങുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അതീവ ജാഗ്രതയോടെ നീങ്ങാനാണ് സി.പി.എം ശ്രമിക്കുന്നത്. പുനപരിശോധനയില്‍ ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സുരക്ഷിതമായ നിലപാട് കൈക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 14-നകം കേസിലെ കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശിച്ചിരിക്കുന്നത്. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളെ ശക്തമായി എതിര്‍ത്തിരുന്ന പിണറായി സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോയില്ലെങ്കില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി ആവര്‍ത്തിക്കുമെന്നതാണ് രാഷ്ട്രീയ സ്ഥിതി.
വിശ്വാസികളുടെ വികാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡിനെ കൊണ്ട് സുപ്രീം കോടതിയില്‍ പറയിപ്പിക്കാനാകും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് നേരത്തെ പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഏഴുവര്‍ഷം മുമ്പാണ് ശബരിമല ഈ വിഷയത്തില്‍ കത്താന്‍ തുടങ്ങിയത്. കേരളത്തെ കലാപ കലുഷിതമാക്കിയ ആ സുപ്രീം കോടതി വിധിയുണ്ടായത് 2018 സെപ്റ്റംബര്‍ 29-നാണ്. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്ക് അസാധുവാക്കിയ സ്‌ഫോടനാത്മകമായ വിധിയായിരുന്നു അത്. തുടര്‍ന്ന് യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നീ സ്ത്രീകളെ കനത്ത പോലീസ് ബന്തവസില്‍് 2019 ജനുവരി 2-ന് ശബരിമല ക്ഷേത്രദര്‍ശനം നടത്താന്‍ അനുവദിച്ച്, പിണറായി സര്‍ക്കാര്‍ 'പുരോഗമനപരം' എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി വിധി നടപ്പാക്കി.
പിന്നീട് രഹനാ ഫാത്തിമയെയും സന്നിധാനത്തെത്തിച്ചു.ഭരണഘടന അനുശാസിക്കുന്ന തുല്യതയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് സ്ത്രീകള്‍ക്കുള്ള വിലക്കെന്ന് സുപ്രീംകോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, യുക്തിചിന്തക്കതീതമായി ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് വിയോജനക്കുറിപ്പെഴുതിയതും ശ്രദ്ധേയമായി.
തുല്യതയുടെ പേരിലുള്ള വിധിയായതുകൊണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും ആദ്യം പ്രതികരിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിക്കെതിരെ എന്‍.എസ്.എസ് നാമജപ യജ്ഞം സംഘടിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യജ്ഞത്തിന് ലഭിച്ച ഹൈന്ദവ വിശ്വാസികളുടെ പിന്തുണ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഗുണകരം എന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസും പ്രത്യേകിച്ച് ബി.ജെ.പിയും ചുവടുമാറ്റി. സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ വിശ്വസസംരക്ഷണ സമര പരമ്പരകള്‍ തന്നെ കൊണ്ടുപിടിച്ച് അരങ്ങേറി. തുടര്‍ന്ന് 2019-ലെ ലോക്‌സഭാ ഇലക്ഷനില്‍ ഇടതു മുന്നണി ആകെയുള്ള 20 സീറ്റില്‍ 19-ലും തോറ്റ് തുന്നുംപാടി. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കില്‍ പാര്‍ട്ടിയുടെ അടിത്തറ പാടേ ഇളകിയതായി കണ്ടെത്തി.
ശബരിമലയില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സി.പി.എം വിശ്വാസികളുടെ വീടുകള്‍ തോറും കയറിയിറങ്ങി ഏറ്റു പറഞ്ഞു. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി പിണറായി വിജയന്‍ തുടര്‍ഭരണം നേടി. അവിടെ ശബരിമലയല്ല, കോവിഡ് കാലത്ത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൊടുത്ത കരുതലാണ് വോട്ടായിമാറിയത്. എന്നാല്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഒരു നേട്ടവുമുണ്ടായില്ല. തൃശൂരില്‍ ബി.ജെ.പി അത്ഭുതം സൃഷ്ടിച്ചു. സി.പി.എമ്മിന്റെ ഹിന്ദു വോട്ടുകള്‍, പ്രത്യേകിച്ച് ബി.ജെ.പി മുന്നണിയുടെ ഭാഗമായ ബി.ഡി.ജെ.എസിലൂടെ ഈഴവ വോട്ടുകളായി ാമരത്തളികയില്‍ വീണു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ തങ്ങള്‍ക്കേറ്റ അപമാനം ബി.ജെ.പി അവിടെയും രാഷ്ട്രീയ ആയുധമാക്കി.
ശബരിമലയിലെ സ്വര്‍ണക്കൊള്ള ഇക്കഴിഞ്ഞ തദ്ദേശ ഇലക്ഷനില്‍ ഇടതു മുന്നണിയുടെ അടിത്തറ തകര്‍ത്തു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാണ്. വിശ്വാസികളെ മുറിവേല്‍പ്പിച്ച് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വിട്ടുപോയ ഹിന്ദു വോട്ടര്‍മാരെ ഇടതു പക്ഷത്തേയ്ക്ക്, പ്രത്യേകിച്ച് സി.പി.എം പാളയത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരേണ്ടതുണ്ട്. പണ്ട് ശബരിമലയില്‍ പറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുതിനായി കൊട്ടിഗ്‌ഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞ് പാളീസായെന്ന് മാത്രമല്ല സംഗമം സംബന്ധിച്ച് കോടികളുടെ ക്രമക്കേടാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൊല്ലം മെയ് മാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഹൈന്ദവ സമൂഹത്തെ വിശ്വാസത്തിലെടുക്കണം. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സ്ത്രീപ്രവേശനത്തിന് എതിരായ നിലപാട് പരസ്യമാക്കിയിരിക്കെ പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കേസ് കീറാമുട്ടി തന്നെ.
ശബരിമല യുവതീ പ്രവേശമുള്‍പ്പെടെയുള്ള വിഷയത്തില്‍ പുനപ്പരിശോധന ഹര്‍ജി ഒമ്പതംഗ ബെഞ്ചിന് വിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ ഏഴുമുതല്‍ 9 വരെ സുപ്രീം കോടതി. ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും.. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തന്നെയായിരിക്കും ഈ ഒമ്പതംഗ ബെഞ്ചിലേയും അധ്യക്ഷന്‍. പുതിയ ഒമ്പതംഗ ബെഞ്ചിലെ മറ്റ് അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കും. മാര്‍ച്ച് 14-ന് മുമ്പ് കക്ഷികള്‍ നിലപാടുകള്‍ രേഖാമൂലം നല്‍കാനാണു കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് വരെ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയെ അനുകൂലിക്കുന്നവരുടെ വാദവും കോടതി കേള്‍ക്കും. ഏപ്രില്‍ 14 മുതല്‍ 16 വരെ യുവതീ പ്രവേശത്തെ എതിര്‍ക്കുന്നവരുടെ വാദം കേള്‍ക്കും. പിന്നീട് നല്‍കുന്ന സബ്മിഷനുകളില്‍ ഏപ്രില്‍ 21-ന് വാദം കേള്‍ക്കും. അതിന് ശേഷം അമികസ് ക്യൂറി അന്തിമ സബ്മിഷന്‍ സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ ഏപ്രില്‍ 22 വരെ വാദം കേള്‍ക്കുന്നതാണ്.