
കടലിന്റെ നോക്ക്
കിട്ടുന്നിടത്ത്
നിന്റെ വീട് കെട്ടിപ്പൊക്കണം
നിന്നോളം
പൊക്കമുണ്ടാകരുത്
പക്ഷെ നിന്റെ വീടിന്
ഒരു ദിനം വീട്
കടലെടുക്കുമ്പോൾ
നീ അത്യുന്നതങ്ങളിലെത്തും
കുന്നിന്റെ ഉച്ചിയിൽ
നക്ഷത്രങ്ങളുടെ നോക്ക്
കിട്ടുന്നിടത്ത്
നീ വീണ്ടും ഒരു വീട്
കെട്ടിപ്പൊക്കണം
കാറ്റ് വിതക്കുന്ന
കൊടുങ്കാറ്റിൽ
നിന്റെ വീട്
പതിര് പോലെ
കരിയില പോലെ
പറന്നു പോകും
അപ്പോഴും നീ
ഗൃഹവിഹീനയാകില്ല
അദൃശ്യമായ ഒരു മാറാപ്പ് പോലെ
വീടിന്റെ സ്വപ്നവും വഹിച്ച്
നീ മുന്നോട്ട് നീങ്ങണം
ആകാശത്തിന്റെ ഗൃഹശൂന്യത
നിനക്ക് പുതിയ പാർപ്പിടമൊരുക്കും
ആ പാർപ്പിടത്തിന്
കട്ടിച്ചുവരുകളൊ
കൂറ്റൻ വാതിലുകളൊ കാണില്ല
സത്യത്തിന്റെ ആവാസവ്യവസ്ഥയിൽ
ഒറ്റമുറി വീട് പോലും അതിദരിദ്രനു
ഒരു അത്യാഡംബരമത്രെ!