Image

സ്‌നേഹത്തിന്‍ മഞ്ജീര ശിഞജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 17 February, 2026
സ്‌നേഹത്തിന്‍ മഞ്ജീര ശിഞജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

സ്‌നേഹപ്പിറാവിന്‍ ചിറകടിയൊച്ചയില്‍,
സാമസംഗീതത്തിരയിളക്കം,
സര്‍വചരാചരസന്ദേശ സാരമായ്,
സര്‍ഗ്ഗപ്രകൃതിയനുഗ്രഹീതം.
ഭക്ത്യ, നുരാഗ, ദയാദികളായി,
വ്യത്യസ്തഭാവങ്ങളദ്ഭുതങ്ങള്‍;
ദിവ്യാനുഭൂതിതന്‍ വാതില്‍ തുറക്കുമീ, 
ചേതോവികാരമനശ്വരം ഹാ!
മന്നിടം വിണ്‍മയമാക്കുന്ന പുണ്യമേ,
നിന്‍ മഹിമാവെത്രയീണങ്ങളില്‍...!


ഭാവനാലോകം മെനയുന്ന മാനസം,
സാധനയാക്കുന്ന ജീവിതത്തില്‍.
കൊക്കും ചിറകുമുരുമ്മുന്ന പ്രേമമേ,
കാമിനിയായി, പ്രണയിനിയായ്,
മാരിവിന്‍ വര്‍ണ്ണാഭചിന്നുന്ന ലോകത്ത്,


പാറിപ്പറക്കാല്‍ കൊതിക്കുന്നുവോ?
ആത്മശരീരങ്ങളാനന്ദധാരയില്‍-
ആനയിച്ചീടുന്ന ജാലവിദ്യ,
കണ്‍കരള്‍ കോള്‍മയിര്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍,
ജന്മങ്ങള്‍ ധന്യമാകുന്ന വേള,
നൈര്‍മ്മല്യമേ, നീ പ്രണയികള്‍ക്കെപ്പോഴും;
ഓര്‍മ്മയ്‌ക്കൊരുദിനം മാത്രമെന്നോ?


നിത്യചൈതന്യമാ,യന്തരംഗങ്ങളില്‍,
സ്‌നേഹത്തിന്‍ മഞ്ജീരശിഞ്ജിതങ്ങള്‍;
സാന്ത്വനമാകട്ടെ, യോരോ നിമിഷവും,
മറ്റെന്തുനിര്‍വൃതിദായകമായ്?
രാഗമരാളങ്ങള്‍ നീന്തിത്തുടിക്കുന്ന-
തീര്‍ത്ഥമാകട്ടെ ജീവാന്ത്യം വരെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക