Image

നീണ്ട കഥ തുടരുന്നു ( സാറാ - 17: അന്നാ പോൾ )

Published on 17 February, 2026
നീണ്ട കഥ തുടരുന്നു ( സാറാ - 17: അന്നാ പോൾ )

ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമെല്ലാം അതിവേഗം കഴിഞ്ഞു കൊണ്ടിരുന്നു. ലോകത്തിനെന്തെല്ലാം മാറ്റങ്ങൾ ഉണ്ടായി? വിപ്ലവങ്ങൾ... പുതിയ ആശയലോകങ്ങൾ തുറന്നു!! ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിച്ചു... തിരുവിതാംകൂറിൽ രാജഭരണവും നാടുനീങ്ങി.... ദിവാൻ ഭരണത്തിന്റെ ക്രൂരതകളിൽ ജനം വലഞ്ഞു.... പലയിടത്തും സംഘർഷങ്ങളും കയ്യേറ്റങ്ങളും തുടർന്നുകൊണ്ടിരുന്നു... യൂറോപ്പിനെ ബാധിച്ച ദുർഭൂതം... കമ്യൂണിസം പുതിയ ആശയങ്ങൾ തൊഴിലാളികൾക്കു നൽകി... തൊഴിൽ സംഘടനകൾ രൂപപ്പെട്ടു. തൊഴിലാളികൾ അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായി... വിദ്യാഭ്യാസം സാർവ്വത്രീകമായതോടെ തിരുവിതാംകൂറിലും വലിയ മാറ്റങ്ങളുണ്ടായി... 1943 ൽ KR. നാരായണൻ: മുൻ രാഷ്ട്രപതി ഉയർന്ന റാങ്കോടെ യൂണിവേഴ്സിറ്റി പരീക്ഷകൾ പാസായി... Dr. പൽപ്പു മെഡിക്കൽ ബിരുദം നേടി.... അക്കാലത്തു അതൊക്കെ ജനങ്ങൾക്കു വലിയ വാർത്തയായിരുന്നു... ഇവിടെ മഞ്ചാടിക്കരിയിലും ചരിത്രംതിരുത്തിക്കുറിച്ചു കൊണ്ട് സാറാ മലയാളം ലോവർ പാസായി.... ഒരു വർഷം കൂടി പഠിച്ചാൽ ഹയർ പാസാകുമായിരുന്നു.... ടെയിനിംഗ് പൂർത്തിയാക്കിയാൽ അദ്ധ്യാപികയാവാനുള്ള യോഗ്യത നേടാം.

ഇനിയും താൻ പഠിച്ചാൽ അമ്മച്ചിയുടെ കഷ്ടപ്പാട് കൂടും. തിളയ്ക്കുന്ന വെയിലും തോരാത്ത മഴയിലും പണിയെടുത്തു കൊച്ചു പെണ്ണിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി.

ടെയിനിംഗിനു പോകാനവൾ തീരുമാനിച്ചു. 
അതിനും ധാരാളം പണം വേണം. ഹോസ്റ്റൽ ഫീ... പരീക്ഷാ ഫീസുകൾ... മാസം തോറുമുള്ള ചെലവുകൾ പുസ്തകങ്ങൾ ...വസ്ത്രങ്ങൾ....
കോട്ടയത്തും പള്ളത്തും ചങ്ങനാശേരിയിലുമൊക്കെയിനിംഗ് സ്ക്കൂളുകളുണ്ടു്....
സി.എസ്.ഐ സഭാംഗമായതുകൊണ്ട് തനിയ്ക്കുപള്ളം ബുക്കാനൻ സ്ക്കൂളിൽ പ്രവേശനം ലഭിച്ചേക്കും....അപ്പനാണെങ്കിൽ ഇനിയും പഠിയ്ക്കണ്ടാന്നും പറഞ്ഞു വാശി പിടിക്കുന്നു.
...
അവൾക്കു ദുഃഖവും നിരാശയും തോന്നി.
കടവിന്നരികിലെ അലക്കു കല്ലിൽ വെറുതേ പുഴയിലേയ്ക്കും നോക്കി ഇരുന്നു. മീനമാസ സൂര്യൻ കത്തിജ്വലിക്കുന്ന പകലുകളാണിപ്പോൾ....
മകളുടെ ഇരുപ്പു കണ്ടു കൊച്ചു പെണ്ണിനു കണ്ണുനിറഞ്ഞു.

അവർ അവളുടെ അരികിലിരുന്നു.. കുളി കഴിഞ്ഞു വിടർത്തിയിട്ടിരിക്കുന്ന അവളുടെ കറുകറുത്ത മുടിയുടെ സമൃദ്ധിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടു പറഞ്ഞു.
"എൻറെ കൊച്ചു വെഷമിയ്ക്കാതെ... അമ്മച്ചി വഴിയൊണ്ടാക്കാം. നീ പ്രാർത്ഥിയ്ക്ക്. ദൈവം പ്രാർത്ഥന കേൾക്കും.".... തൊണ്ടയിടറിക്കൊണ്ടവർ പറഞ്ഞ വാക്കുകൾ കേട്ട് സാറാ പൊട്ടിക്കരഞ്ഞു.....
ശൂന്യമായ ആട്ടിൻ കൂടും... പശുക്കളില്ലാത്ത തൊഴുത്തും അവളെ കൂടുതൽ വേദനിപ്പിച്ചു....
എല്ലാം തനിയ്ക്കു വേണ്ടിയാണെന്നു ഓർത്തപ്പോൾ അവൾക്കു കഠിനമായ ദുഃഖം തോന്നി.
ഇപ്പോഴവൾ ഞായറാഴ്ചകളിൽ കുട്ടികളെ വേദപുസ്തകം പഠിപ്പിക്കാൻ പോകുന്നുണ്ടു്......
മെയ് മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം.
ടീച്ചർ ടെയിനിംഗ് സ്ക്കൂളിന്റെ മുറ്റത്തെ ചൂളമര ചുവട്ടിൽ കൊച്ചു പെണ്ണും സാറായും നിൽക്കുവാൻ തുടങ്ങിയിട്ട് നേരം കുറേ ആയി.
വിശാലമായ വരാന്തയിൽ ഇരിക്കുന്ന കുട്ടികളും രക്ഷകർത്താക്കളും...
അവരും അക്ഷമരായി ക്കാണപ്പെട്ടു.
അടച്ചിട്ട മുറിയിൽ നിന്നും ഇടയ്ക്കിടെ കുട്ടികളും രക്ഷിതാക്കളും പുറത്തേയ്ക്കു വന്നുകൊണ്ടിരുന്നു.
എല്ലാവരും പെട്ടിയും കിടക്കയും ഒക്കെക്കൊണ്ടുവന്നിട്ടുണ്ട്.
പെട്ടെന്ന് അവിടേയ്ക്കു ഗൗരവക്കാരനായ ഒരാൾ കടന്നു വന്നു

"ഹോസ്റ്റലിൽ താമസിച്ചു പഠിക്കുവാൻ വന്നവരെല്ലാം ഇങ്ങോട്ടുമാറിനിൽക്കൂ "
.. ആജ്ഞാപിയ്ക്കുന്ന മാതിരിയായിരുന്നു അയാളുടെ ശബ്ദം
... 
അതു മാനേജരായിരുന്നുവെന്നു പിന്നീട് മനസ്സിലായി.
ഹോസ്റ്റലും രണ്ടു തരത്തിലുണ്ടെന്നും പിന്നീട് മനസ്സിലായി... ഫ്രോക്കിട്ട മദാമ്മയെ കുട്ടികൾ സാകൂതം നോക്കി നിന്ന അവർ മലയാളം സംസാരിച്ചതു കേൾക്കാൻ അതിലും രസകരമായിരുന്നു... എന്നാലും മനസ്സിലാകും.
സ്ക്കൂളിന്റെ ഒരു വശത്തായി വലിയ ഒരു കെട്ടിടം. വളരെ മനോഹരമായ ഉദ്യാനവും നീണ്ട വരാന്തയുമുള്ള മനോഹരമായ ഒരു കെട്ടിടം.
സ്ക്കൂളിന്റെ പിന്നിലായ് പഴയ ഒരു കെട്ടിടം. നാലഞ്ചു മുറികളും ചെറിയ ഒരു വരാന്തയുമുള്ള പഴയ ഒരു വീടായിരുന്നു അത്... ഫീസ് വളരെ ക്കുറവായിരുന്നു അതിനു സാറായും ഏതാനും കുട്ടികളും അവിടെയായിരിക്കും താമസിക്കുന്നതു.

സാരിയുടുത്ത ഒരു ടീച്ചർ വന്നു. : സ്വയം പരിചയപ്പെടുത്തി. ""ഞാൻ മിസ് റേച്ചൽ. - നിങ്ങളുടെ വാർഡർ.
പുഞ്ചിരിച്ചു കൊണ്ട് അവർമുൻപേ നടന്നു... അതിനടുത്തായി ഒരു ചാപ്പൽ തുറന്നിട്ടിരിക്കുന്നു.... 
ഹോസ്റ്റൽ A യിലെ കുട്ടികളും B യിലെ കുട്ടികളും ഒരുമിച്ചു വരുന്ന ഒരേ ഒരു ഇടം ആ ചാപ്പൽ മാത്രമായിരുന്നു.... പഠനവും കളികളും മെസ്സും ബാത് റും എല്ലാം വെവ്വേറേ.......
കുട്ടികൾ ചാപ്പലിലേയ്ക്കും രക്ഷിതാക്കൾ ഓരോരുത്തരായ് ഗേറ്റിനു വെളിയിലേയ്ക്കും നടന്നു തുടങ്ങി....

തുടരും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക