
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് മോട്ടർ വെഹിക്കിൾസ് (ഡിഎംവി) പ്രഖ്യാപിച്ച പുതിയ പോയിന്റ് സംവിധാനം ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നു. ഗതാഗത ലംഘനങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ഉൾക്കൊള്ളുന്ന ഈ പരിഷ്‌കരണം സംബന്ധിച്ച് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന്, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ഇനി മുതൽ കർശനമായ ശിക്ഷ ലഭിക്കും. മുമ്പ് ലൈസൻസിൽ നേരിട്ട് പോയിന്റ് ലഭിക്കാതിരുന്ന കേസുകളിലും ഇനി പോയിന്റ് രേഖപ്പെടുത്തും.
മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ ആണ് ഏറ്റവും വലിയ വർദ്ധനവ് ഉണ്ടാകുന്നത്. മദ്യലഹരിയിൽ വാഹനം ഓടിച്ചാൽ (DUI) ലൈസൻസിൽ 11 പോയിന്റുകൾ ലഭിക്കും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിനും ഇതേ ശിക്ഷ ലഭിക്കും.
സ്കൂൾ ബസിനെ മറികടക്കൽ, നിർമാണ മേഖലകളിൽ അതിവേഗം ഓടിക്കൽ, ഉയരം കൂടിയ വാഹനങ്ങൾ മൂലം പാലങ്ങൾക്കും തുരങ്കങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുവരുത്തൽ തുടങ്ങിയ ലംഘനങ്ങൾക്ക് ഇനി 8 പോയിന്റ് വീതം ലഭിക്കും. വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 5 പോയിന്റ് .
ലൈസൻസ് സസ്പെൻഷന്റെ പോയിന്റ് പരിധിയിൽ മാറ്റമില്ലെങ്കിലും, പോയിന്റ് നിലനിൽക്കുന്ന കാലാവധി 18 മാസത്തിൽ നിന്ന് 2 വർഷമായി വർധിപ്പിച്ചിട്ടുണ്ട്. അതായത്, ഒരു ട്രാഫിക് ലംഘനത്തിന് ലഭിക്കുന്ന പോയിന്റ് ഇനി കൂടുതൽ കാലം ലൈസൻസിൽ തുടരും.
റോഡ്സൈഡിൽ ഒരു ടിക്കറ്റ് ലഭിക്കുമ്പോൾ അതിലൂടെ ലൈസൻസ് നഷ്ടപ്പെടാനും ഇൻഷുറൻസ് ചെലവ് ഉയരാനും ഇടയാകുമെന്ന് മനസ്സിലാക്കുമ്പോൾ ചില ഡ്രൈവർമാർ പ്രകോപിതരാകാം. ഈ മാറ്റങ്ങളെക്കുറിച്ച് ന്യൂയോർക്കുകാർ മുൻകൂട്ടി ബോധവൽക്കരണം നേടേണ്ടത് അത്യാവശ്യമാണെന്നും നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുതെന്നും പ്രസ്താവനയുണ്ട്.
പുതിയ പോയിന്റ് സംവിധാനം ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതമായ ഡ്രൈവിംഗിന് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.