
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ
കണ്ണിലെരിയും കനലായി മാറുന്നു.
പഠിച്ചതൊക്കെയും സ്മൃതിപഥങ്ങളിൽ
മഞ്ഞുതുള്ളി പോൽ മാഞ്ഞു പോകുന്നു.
പാതിയുറക്കത്തിൽ മിഴിതുറന്നേറെ-
ഓതിടുന്നു മാതാപിതാക്കൾക്കായ്.
മകരമാസത്തിൻ കുളിരിൽ വിറയ്ക്കും ചുണ്ടുകൾ
മന്ത്രം പോൽ പാഠങ്ങൾ ചൊല്ലിടുന്നു.
രാപ്പകൽ കഷ്ടപ്പെട്ടു നേടിയ അറിവുകൾ
താളിലെ അക്കമായി മാറിയപ്പോൾ,
നെഞ്ചിലെ നോവും കനലിലെ സ്വപ്നവും,
ആ തണുത്ത അക്കങ്ങളിൽ ഒളിച്ചു നിന്നു.
എന്നിലെ അറിവിനെ അളന്നൊരു നേരത്ത്,
നേടിയ നേട്ടത്തെ തൂക്കി നോക്കിയിടുവാൻ,
താരതമ്യത്തിൻ തുലാസുമായി വന്നവർ,
അന്യന്റെ അളവാല്‍ എന്നെ അളക്കവേ
വാക്കിൻ മുനകളാൽ ഹൃദയം മുറിയവേ,
വാടുന്നു ഉള്ളിലെ മോഹങ്ങൾ മെല്ലെ.
യന്ത്രമെന്നോണം എന്നെ കാണാതെ
എന്നിലെ കഴിവിനെ തൊട്ടറിയൂ...
മറ്റൊരു മണ്ണിലെ പൂവിനെ നോക്കി,
എന്റെ സുഗന്ധം മറക്കാതിരിക്കൂ..
അന്യന്റെ അളവുകോൽ മാറ്റിവെച്ചെന്നിലെ
നന്മയെ നോക്കി ചിരിക്കൂ പ്രിയരേ.
സ്നേഹത്തിൻ തണലിൽ വളരട്ടെ മക്കൾ
മാതാപിതാക്കൾക്ക് താങ്ങായി എന്നും
അറിവിൻ വെളിച്ചമായി മാറീ ടട്ടെ..