Image

ഉള്ള് (കവിത: രമാ പിഷാരടി)

Published on 16 February, 2026
ഉള്ള് (കവിത: രമാ പിഷാരടി)

ഉൾക്കടൽ മനസ്സെന്നും-

അതിൻ തിരച്ചിത്രമേ

പുറത്തുള്ളുവെന്നാകിലും

എത്രയേറെ തരംഗങ്ങൾ

കാഴ്ചക്കുമപ്പുറം കനം-

കൂടും ജലാശയം!

വന്ന് പോകുന്നവർ

വരയ്ക്കുന്നുണ്ട്

അന്ന് കാണുന്ന ചിത്രം,

തുടിക്കുന്ന കണ്ണ് പോലത്-

ഉൾക്കാഴ്ചയില്ലാതെ-

പിന്നെയും കോറിവയ്ക്കും-

കഥകൾക്കൊരന്തരമില്ല

ഏകമേകാന്തമെന്നൊരാൾ,

കൂട്ടത്തിലോടിനീങ്ങും-

തിരയെന്ന് മറ്റൊരാൾ,

ഉപ്പുനീരെന്ന് മറ്റൊരാൾ

ഭൂമിതൻ വറ്റിടാത്ത-

കണ്ണീരെന്ന് മറ്റൊരാൾ,

അന്ധർ കാണും കടലത്-

ചിന്തയിൽ എന്തുമോർക്കാം-

എഴുതാം, വരച്ചിടാം..

അന്ധകാരത്തിൽ മുക്കിയെഴുത്തുകൾ

എന്നുമുണ്ടാകുമോരോ വിധത്തിലായ്

എത്രയേറെയതിലേക്കെറിയുന്നു

നിത്യമക്ഷരം കൊണ്ട് ചുരുക്കുന്നു

ചിത്രമുണ്ടസ്ത്രമെല്ലാമൊളിപ്പിച്ച്

മുഗ്ദ്ധമാം പൂക്കൾ കൊണ്ട് പൊതിഞ്ഞത്

സ്നിഗ്ദ്ധമെന്ന് പറഞ്ഞെഴുത്തോലയിൽ

അത്ര സൂക്ഷ്മം പകർത്തിയെടുത്തത്

എത്രയേറെയേകാന്തമെന്നാകിലും

എത്രമാത്രമലകൾ തിമിർക്കിലും

ചുറ്റിലും ശബ്ദഘോഷമുണ്ടെങ്കിലും

സത്യമൊന്ന് നിശ്ശബ്ദമുണ്ടുള്ളിലായ്

ദു:ഖമോ, സുഖമെന്നോയറിയാതെ

അക്കടലുണ്ടതുള്ളിൽ നിഗൂഢമായ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക