
ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ സ്വാഭാവിക ജാമ്യം നേടി ഓരോരുത്തരായി പുറത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആസൂത്രിത മോഷണത്തിന്റെ കഥയാണ് പുറത്തുകൊണ്ടുവരുന്നത്. കേവലം അഞ്ഞൂറോ അറുന്നൂറോ പേര്‍ മാത്രം പങ്കെടുത്ത അയ്യപ്പ സംഗമത്തിന് 8 കോടി രൂപയാണ് ചെലവ്. നാലായിരം പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം കുഴിച്ചു മൂടി. അത്രയും പേര്‍ക്ക് കൊടുക്കാനായി ശബരിമലയില്‍ നിന്നെടുത്ത അപ്പം-അരവണ എന്നിവ എങ്ങോട്ട് പോയി എന്നറിയില്ല. 100 ബെഡ് മേടിച്ചതില്‍ പകുതിയും കാണാനില്ല. നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ തട്ടിപ്പും പുറത്തുവന്നു. ഇപ്പോള്‍ അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഹെഡില്‍ നിന്നും എടുത്ത തുകയില്‍ രണ്ടു കോടി കാണാനില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളും നടന്നതായാണ് സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പന്തല്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പന്തല്‍ നിര്‍മാണത്തിനുള്ള കരാര്‍ കൈമാറിയത്. ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ പത്തു ശതമാനം അധിക തുക കുറയ്ക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
കലാപരിപാടികള്‍ക്കായി വകയിരുത്തിയത് രണ്ട് ലക്ഷം രൂപയായിരുന്നെങ്കിലും എട്ട് ലക്ഷം രൂപയുടെ പരിപാടികള്‍ നടത്തിയതായും അതുവഴി ആറ് ലക്ഷം രൂപ അധികമായി ചെലവായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വി.ഐ.പികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കുകള്‍ ലഭ്യമല്ല. മരാമത്ത് പണികള്‍ നല്‍കിയതും ടെന്‍ഡര്‍ ഇല്ലാതെയാണ്. ഊരാളുങ്കലിന് 4.4 കോടി രൂപ ഇപ്പോഴും നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചഭക്ഷണത്തിന് അയ്യായിരം പേര്‍ പങ്കെടുത്തതായി കണക്കാക്കി എട്ടര ലക്ഷം രൂപ ചെലവായെന്ന് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് നാലായിരം പേര്‍ മാത്രമാണ്. എന്നാല്‍ അതും തെറ്റാണ്.
രണ്ട് കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക് എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. ഇവരില്‍ നിന്ന് പണം ഈടാക്കി ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരിച്ചടച്ചു എന്നായിരുന്നു ജനുവരി 28-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് തുക കിട്ടിയിട്ടില്ലെന്നും ദേവസ്വം ഫണ്ടിലെ തുക തിരിച്ചടച്ചിട്ടില്ലെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അയ്യപ്പ സംഗമത്തിനായി ദേവസ്വം ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ തിരിച്ചടച്ചുവെന്ന മന്ത്രി വി.എന്‍ വാസവന്റെ യുടെ മുന്‍ വാദം തെറ്റാണെന്ന് സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ദേവസ്വം പ.ിആര്‍.ഒ ഇറക്കിയ പത്രകുറിപ്പില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അക്കൗണ്ടില്‍ നിന്നും അയ്യപ്പ സംഗമത്തിനായി അഞ്ചു കോടി എടുത്തതായി സമ്മതിക്കുന്നുണ്ട്. ഈ തുക ധനലക്ഷ്മി ബാങ്കിന്റെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതില്‍ നിന്നും ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയായ ഐ.ഐ.ഐ.സിക്ക് 3 കോടി അഡ്വാന്‍സായി നല്‍കി. താമസ സൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപ കൈമാറി. ഒപ്പം ജി.എസ്.ടി ആയി 15,25, 424 രൂപയും. അതിഥികള്‍ക്ക് താമസത്തിനു മാത്രം അങ്ങനെ ചെലവായത് 28 ലക്ഷമെന്ന് വ്യക്തമാണ്.
ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിവരമനുസരിച്ച് ധനലക്ഷ്മി ബാങ്കിലെ പ്രത്യേക അക്കൗണ്ടില്‍ പലിശ അടക്കം 1.74 ലക്ഷം ശേഷിക്കുന്നു. കൃത്യമായി 1,74,40,912 രൂപ. ഈ തുക ഇതുവരെ ദേവസ്വം ബോര്‍ഡ് അക്കൗണ്ടിലേക്ക് തിരികെ എത്തിയിട്ടില്ല. താമസത്തിനായി ഹോട്ടലുകള്‍ക്ക് നല്‍കിയ ജി.എസ്.ടി അടക്കമുള്ള 28 ലക്ഷം രൂപ കൂടിയാകുമ്പോള്‍ രണ്ടു കോടി രൂപ ദേവസ്വം അക്കൗണ്ടില്‍ തിരികെ എത്തിയിട്ടില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയാണെന്നതാന് ഇത് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലും ഓഡിറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ തട്ടിപ്പാണ് അരങ്ങേറിയിരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നേ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. ന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ചെലവ് കാണിച്ചിരിക്കുന്നത് എട്ടു ലക്ഷം രൂപയാണ്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ തങ്ങള്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നേ ദിവസം രാവിലെ ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല.
ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടാക്സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ ഒരു രാത്രി വിശ്രമത്തിനായി കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവ് കണക്കില്‍ ഉണ്ട്.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ, വിവാദങ്ങളില്‍ നിന്നും രക്ഷപെടാനായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ശ്രമം തുടങ്ങിയിട്ടുണ്ട്. 17-ാം തീയതിയായ നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ഇതിനായി ചേരുന്നുണ്ട്. രാഷ്ട്രീയ നേട്ടം കൂടി ഉന്നമിട്ടായിരുന്നു പമ്പയില്‍ ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ചത്. എന്നാല്‍ അതിപ്പോള്‍ രാഷ്ട്രീയമായി തിരിഞ്ഞു കൊത്തുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടുത്ത പ്രതിരോധത്തിലായിതിനിടെയാണ് അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളില്‍ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ കമ്മീഷണറുടെ കണ്ടെത്തല്‍ ഇടതു മുന്നണിയെ കരുക്കുന്നത്.