
വാഷിങ്ടൺ പോസ്റ്റ് വാട്ടർഗേറ്റ് റിപ്പോർട്ടിങ്ങിനു പുലിറ്റ് സർ സമ്മാനം നേടി അഭിമാന വിജൃംഭിതമായ കാലത്താണ് ആ സ്ഥാപനം കാണാൻ ഞാൻ എത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റിനെ രാജിവയ്പ്പിച്ച ബോബ് വുഡ്‌ബേർഡ്, കാൾ ബെൻസ്റ്റീൻ എന്നീ റിപ്പോർട്ടർമാരെ നേരിൽ കാണുകയായിരുന്നു പ്രധാന ഉദ്ദേശ്യം.
ഒരു ഇന്ത്യൻ ജേർലിസ്റ്റ് എന്ന നിലയിൽ എന്നെ പത്രത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസിലെ ഒരാൾ അവരുടെ വിശാലമായ ന്യൂസ്‌റൂം ചുറ്റി നടന്നു കാണിച്ചു, കാൾ ബെൻസ്റ്റീൻ, ബോബ് വുഡ്‌വേർഡ് എന്നിവരെയും അവർക്കു നേതൃത്വം നൽകിയ എഡിറ്റർ ബെൻ ബാഡ്‌ലിയെയോ ഭാഗ്യ മുണ്ടെങ്കിൽ പ്രസാധക കാതറിൻ ഗ്രഹാമിനെയോ കാണാൻ കഴിഞ്ഞേക്കും എന്ന് ഞാൻ ആശിച്ചു.

നിക്സൻറെ രാജി വാഷിംഗ്ടൺ പോസ്റ്റിലും ന്യുയോർക്ക് ടൈംസിലും
പക്ഷെ കണ്ടത് ഒരാളെ മാത്രം -ബോബ് വൂഡ്‌വേർഡിനെ. അദ്ദേഹം 'ബിസി' ആയിരുന്നു. ഹെലോ പറയാനേ കഴിഞ്ഞുള്ളു. അദ്ദേഹം പ്രത്യഭിവാദനം ചെയ്യുകയും ഉണ്ടായി. റിപ്പോർട്ടർമാർ ചേർന്നെഴുതിയ ഓൾ ദി പ്രസിഡന്റ്‌സ് മെൻ എന്ന പുസ്തകം 1976ൽ വാർണർ ബ്രദേഴ്‌സ് ചിത്രമാക്കിയപ്പോൾ ബോബി എന്ന റോബർട്ടി നെ അവതരിപ്പിച്ചത് സാക്ഷാൽ റോബർട്ട് റെഡ്‌ഫോർഡ് ആണ്. അദ്ദേഹം കഴിഞ്ഞ വർഷം അന്തരിച്ചു.. ഓസ്കർ ഉൾപ്പെടെ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആ ചിത്രം.
ആൽഫ്രഡ് നോഫ്പ്രസിദ്ധീകരിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി വില്യം ഗോൾഡ്‌മാൻ രചിച്ച തിരക്കഥക്കും ഓസ്കർ ലഭിച്ചു. ചിത്രീകരണത്തിനിടെ സംവിധായകൻ അലൻ പാക്കുലയും നടൻ റെഡ് ഫോർഡും പുസ്‌തക രചയിതാക്കളെ നിരന്തരം വിളിക്കുമായിരുന്നു. പുസ്തകത്തിന്റെ ചലച്ചത്രാവിഷ്കാരത്തിനു റെഡ്ഫോഡ് അവർക്കു നാലര ലക്ഷം ഡോളർ ആണ് നൽകിയത്. ഇന്നത്തെ വിലക്ക് രണ്ടര മില്യൺ ഡോളർ, 2.5 കോടി രൂപ.

വാഷിംഗ്ടൺ പോസ്റ്റ് ഓഫീസ്
പുസ്തകവും ചിത്രവും ഇൻവെസ്റ്റിഗേഷൻ ജേർണലിസത്തിന്റ ചരിത്രനായകരായി വുഡ്‌വേർഡിനെയും ബെൻസ്റ്റീനെയും ഉയർത്തി. ലോകമാകെ ജേർണലിസം സ്‌കൂളുകളിൽ അഡ്മിഷന് വേണ്ടി തിരക്കായി. വുഡ് വേഡ് എഴുതിയ 24 പുസ്തകങ്ങളിൽ 14 എണ്ണവും ബെൻസ്റ്റീൻ എഴുതിയ അരഡസനോളം പുസ്തകങ്ങളും ബെസ്റ് സെല്ലർ ലിസ്റ്റിൽ സ്ഥാനം പിടിച്ചു. ആൾ ദി പ്രസിഡന്റ്‌സ് മെൻ ആദ്യം ഏഴരലക്ഷം കോപ്പികൾ അടിച്ചുവത്രെ.
വുഡ്‌വേഡ്, 82, ബെൻസ്റ്റീൻ, 81, എന്നവർ ഇന്നും എഴുത്തിന്റെ ലോകത്തിൽ സജീവമായിരിക്കുന്നു. എൺപതു വർഷം നാലുതലമുറകൾ കടന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ വളർച്ചക്ക് സാക്ഷ്യം വഹിച്ച പസാധക കാതറിൻ ഗ്രഹാം 2001ൽ 84ആം വയസിലും അവരോടൊപ്പം നിന്ന് പത്രം ധീരമായി നയിച്ച എഡിറ്റർ ബെഞ്ചമിൻ ബ്രാഡ്‌ലി 2014ൽ 93ആം വയസിലും കടന്നു പോയി
1877ൽ മക്‌ലീൻസ് സ്ഥാപിച്ച വാഷിങ്ടൺ പോസ്റ്റ് കാതറിന്റെ പിതാവു യൂജിൻ മെയർ ലേലത്തിൽ പിടിക്കുകയായിരുന്നു. കോടീശ്വരനും ഫെഡറൽ റിസർവ് എന്ന റിസർവ് ബാങ്കിന്റെ അധ്യക്ഷനുമായിരുന്നു മെയർ. മകൾ കാതറിൻ വളർന്നു വലുതാകും വരെ അദ്ദേഹം പത്രം ഭംഗിയായി നടത്തി.

കാതറിൻ ഗ്രഹാം, ബെൻസ്റ്റീൻ, വുഡ്‌വേർഡ്, ബെൻ ബാഡ്‌ലി
മകൾ ഹാർവാർഡ് ലോ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ ഫിൽ എന്ന ഫിലിപ് ഗ്രഹാമിനെ വി വാഹം ചയ്തു കാതറിൻ ഗ്രഹാം ആയി മാറിയ കാലത്താണ് വാട്ടർഗേറ്റ് സംഭവം നടക്കുന്നത്. വാട്ടർഗേറ്റ് എന്ന ഹോട്ടൽ-ബിസിനസ് സമുച്ചയത്തിൽ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി നാഷണൽ കമ്മിറ്റിയുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ച അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു.
ഒറ്റനോട്ടത്തിൽ അത് വെറുമൊരു ഭവനഭേദനം ആയി തോന്നി. വാഷിംഗ്ടൺ പോസ്ട്ടിലെ ചുണക്കുട്ടന്മാരായ വുഡ്‌വേഴ്സും ബെൻസ്റ്റീനും അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടു. ബെൻസ്റ്റീനാണ് അറസ്റ് ചെയ്യപ്പെട്ടവരിൽ നിന്ന് കിട്ടിയ ഡയറിയിലെ ഫോൺ നമ്പർ വൈറ്റ് ഹൗസിന്റേതാണെന്നു കണ്ടെത്തിയത്. . അതോടെ കളി കാര്യമായി.

ആൾ ദി പ്രസിഡന്റ്‌സ്‌മെൻ ചിത്രത്തിൽ വുഡ്‌വേർഡായി അഭിനയിച്ച റോബർട്ട റെഡ്ഫോർഡ്
റിച്ചാർഡ് നിക്‌സൺ ആണ് പ്രസിഡന്റ്. അന്വേഷണം പുരോഗമിച്ചപ്പോൾ ഭവനഭേദനശ്രമം മൂടിവയ്ക്കാൻ വൈറ്റ് ഹൗസ് ശ്രമിച്ചെന്ന് തെളിഞ്ഞു. നിക്‌സന്റെ സംഭാഷണം അടങ്ങുന്ന ടേപ്പുകൾ പുറത്തുവന്നു. കോൺഗ്രസ് വിചാരണ ചെയ്തു പുറത്താക്കുമെന്നു ഉറപ്പായപ്പോൾ നിക്സൺ രാജിവച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യത്തെ രാജി.
സംഭവഗതികൾ റിപ്പോർട്ട് ചെയ്യുന്നതിൽ വാഷിംഗ്ടൺ പോസ്റ്റും ന്യൂയോർക് ടൈംസും പരസ്പരം മത്സരിച്ചു. വാട്ടർഗേറ് അന്വേഷണത്തിന്റെ പേരിൽ പോസ്റ്റിനു പുലിറ്റ് സർ സമ്മാനം ലഭിച്ചു. പത്രത്തിന്റെ പ്രചാരം അഞ്ചു ലക്ഷമായി ഉയർന്നു. ഭാവനഭേദനത്തിനു അറസ്റ് ചെയ്യപ്പെട്ടവർക്കു വൈറ്റ് ഹൗസുമായി ബന്ധമുണ്ടെന്ന റിപ്പോർട് പ്രസിദ്ധീകരിച്ചാൽ "കാറ്റിയുടെ മുലകൾ വാഷിങ് മെഷീനിൽ ഇട്ടു പിഴിയും," എന്ന് അറ്റോർണി ജനറൽ ജോൺ മിച്ചൽ ഗർജിച്ചുവത്രെ.

ബെൻസ്റ്റീനും വുഡ്‌വേർഡും ഇന്ന്
അതും പോസ്റ്റിന്റെ ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. എഡിറ്റർ ബ്രാഡ്‌ലി ഇടപെട്ടു "കാറ്റിയുടെ മുലകൾ" എന്ന പ്രയോഗം തമ്സ്കരിച്ചിട്ടാണ് അച്ചടിച്ചതെന്നു കാതറിൻ ഗ്രഹാം 1997ൽ പ്രസ്സിദ്ധീകരിച്ച 'പേർസണൽ ഹിസ്റ്ററി' എന്ന ആത്‌മ കഥയിൽ പറയുന്നു. ആൽഫ്രഡ് നോഫ് (മേധാവി സോണി മേത്തക്ക് നന്ദി പറയുന്നുണ്ട് കാതറിൻ) പ്രസിദ്ധീകരിച്ച ചെറിയ അക്ഷരത്തിൽ 644പേജുള്ള പുസ്തകം മൂന്നു പതിറ്റാണ്ടിനു ശേഷം 2026 ജനുവരിയിൽ വായിക്കുമ്പോൾ പലപ്പോഴും ഞാൻ ഉദ്വേഗം കൊണ്ട് വീർപ്പു മുട്ടിപ്പോയി.
വാഷിംഗ്ടൺ പോസ്റ്റ് 2013ൽ ആമസോൺ ഉടമ ജെഫ് ബെസോസ് വാങ്ങിക്കുമ്പോൾ പത്രധർമ്മത്തിന്റെ ഉന്നതമൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. പക്ഷെ 2026 ജനുവരിയിൽ പത്രത്തിന്റെ അവശേഷിച്ച 800 ജേര്ണലിസ്റ്റുകളിൽ 300 പേരെ പിരിച്ചു വിട്ടുകൊണ്ടാണ് അദ്ദേഹം അത് പരിപാലിച്ചത്.

ജെഫ് ബെസോസ് പങ്കടുത്ത ആദ്യത്തെ എഡിറ്റോറിയൽ മീറ്റിംഗ്
ആമസോണിൽ നിന്ന് ആഞ്ചലക്ഷം പേരെ പുറത്താക്കായി അവരുടെ ജോലികൾ റോബോട്ടുകളെ ഏൽപ്പിക്കുമെന്നാണ് ബെസോസിന് നിലപാട്. അങ്ങനെയുള്ള പിരിച്ചു വിടൽ തുടങ്ങിക്കഴിഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിനെ വധിച്ചു എന്നാണ് അറ്റ്ലാന്റിക് മന്ത്‌ലി വിശേഷിപ്പിച്ചത്
ആമസോണിന് 2025 അവസാനപാദത്തിൽ 213.4 ബില്യൺ ലാഭം ഉണ്ടായി. പ്രസിഡന്റിന്റെ ഭാര്യയെ ആപാദചൂഡം പ്രകീർത്തിക്കുന്ന മെലോണിയ എന്ന ഡോക്കുമെന്ററി നിർമ്മിക്കാനും അതിന്റെ പ്രചാരണത്തിനുമായി 75 മില്യൺ ചെലവഴിച്ച ആളാണ് ബെസോസ്.

കാതറിൻ ഗ്രഹാമിന്റെ ആത്മകഥ; ഇന്ദിരാഗാന്ധിയുമൊത്ത്
1933ൽ ടൈംമാഗസിൻ ഫോറിൻ എഡിറ്റർ തോമസ് മാർട്ടിൻ ആരംഭിച്ച ന്യൂസ് വീക്ക് വാർത്താവാരിക വാഷിംഗ്ടൺ പോസ്റ്റ് സ്വന്തമാക്കുന്നത് 1961ൽ. വാട്ടർഗേറ്റ് കാലത്തു ടൈം മാഗസിനും ന്യൂസ് വീക്കും തമ്മിലായിരുന്നു കടുത്ത മത്സരം. അക്കാലത്തു ന്യൂസ് വീക്കിന്റെ 31 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. കാലാന്തരത്തിൽ പരസ്യം കുറഞ്ഞു നഷ്ട്ടത്തിലായപ്പോൾ 2010ൽ പോസ്റ്റ് വാരിക വിറ്റു. പലരും കൈവച്ചു ഇപ്പോൾ ദേവ് പ്രഗാദ് എന്ന ഇന്ത്യൻ വംശജനാണ് പ്രസിഡന്റും സിഇഒയും. പ്രിന്റും ഡിജിറ്റലുമായി കോടികൾ പ്രചാരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
പത്രത്തിൽ നിന്ന് പുറത്താക്കപെട്ടവരിൽ ശശി തരൂരിന്റെ പുത്രൻ ഇഷാൻ തരൂരും ഉൾപ്പെടുന്നു. തരൂരിന്റെ ആദ്യഭാര്യ തിലോത്തമ മുഖർജിയിൽ ഉണ്ടായ ഇരട്ടപുത്രന്മാരിൽ ആദ്യസന്തതിയാണ് ഇഷാൻ. യേൽ യൂണിവേഴ്‌സിറ്റി ബിരുദധാരി. ടൈം മാഗസിനിൽ സീനിയർ എഡിറ്റർ ആയിരുന്നു. പന്തണ്ടു വർഷം വാഷിംഗ്‌ടൺ പോസ്റ്റിൽ ലോക കാര്യങ്ങൾ കൈകാര്യം ചെയ്തു.

ജോലി നഷ്ട്ടപെട്ട റിപ്പോർമാരുടെ പ്രതിഷേധം
തിലോത്തമ ന്യുയോർക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്. സിഎൻഎൻ ചാനലിൽ 'റിക്രൂട്ടർ' ആയ ഭൂമി ദാവെ ആണ് ഇഷാന്റെ ഭാര്യ. സഹോദരൻ കനിഷ്‌ക് എഴുത്തുകാരൻ. എല്ലാവരും ന്യുയോർക് സിറ്റി താമസക്കാർ.
ഇന്ന് വാഷിങ്ങ്ടൺ പോസ്റ്റ് പഴയ പ്രതാപത്തിൽ നിലവിലുണ്ടായിരുന്നെങ്കിൽ എപ്‌സ്റ്റീൻ സംഭവവും മഡുറോ അറസ്റ്റും മിനസോട്ട കൊലകളും ഒക്കെ എങ്ങിനെ അതിന്റെ ബാനർ ശീർഷകങ്ങളായി വരുമെന്ന് സങ്കൽപ്പിച്ചു ഉറക്കംവരാതെ കഴിയാനേ എനിക്ക് കഴിയൂ.

ന്യൂസ് വീക്ക് പുതിയലക്കങ്ങൾ, നടുവിൽ ഇന്ത്യൻ ഉടമ
കാൾ ബേൻ സ്റ്റീനിനെപ്പോലെയും ബോബ് വൂഡ്‌വേർഡിനെപ്പോലെയും ഞാനും ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ് ആണ്. പുലിറ്റ്സർ കിട്ടിയില്ലെങ്കിലും അതിന്റെ പേരിൽ സ്റ്റേറ്റ്‌സ് മാൻ അവാർഡും കേരള ഗവര്മെണിന്റെ ബെസ്റ് റിപ്പോർട്ടർ പുരസ്‌ക്കാരവും നേടി.
വാഷിംഗ്ടണിൽ നാഷണൽ പ്രസ് ക്ലബ് എനിക്ക് സമ്മാനിച്ച ഓണററി മെമ്പർഷിപ് കാർഡ് ഞാൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

പുറത്തായ ഇഷാൻ തരൂർ വിവാഹവേളയിൽ.