
കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി പാരാ സൈക്കോളജിയെ പറ്റി സംസാരിച്ചിരുന്നു. അവനെന്നോട് ചോദിച്ചു.
പ്രേതങ്ങളിൽ വിശ്വാസമുണ്ടോ?
ഇല്ല.
അതെന്താ? ദൈവം ഉണ്ടെങ്കിൽ പ്രേതോം
ഉണ്ടാവണ്ടേ?
ദൈവത്തിലും വിശ്വാസമില്ല.
ഓഹോ! ഒരു ശക്തി ഉണ്ടെന്നെങ്കിലും?
എന്തായാലും ജീവിച്ചിരിക്കുന്ന ജീവികളേക്കാൾ മരിച്ച് പോയവരായിരിക്കും
എണ്ണത്തിൽ കൂടുതൽ. ഈ ഉറുമ്പും ഇച്ചേം അടക്കൊള്ള പ്രേതങ്ങളെ തടഞ്ഞിട്ട് നടക്കാൻ പറ്റാത്ത അവസ്ഥ ആവണ്ടതല്ലേ.
എനിക്കറിയാത്ത കാര്യം ഞാനെങ്ങനെ വിശ്വസിക്കും?
അങ്ങനെ ഞങ്ങടെ ചർച്ച നീണ്ട് പോയി.
എപ്പഴാണ് എൻ്റെ പ്രേതഭയം ഇല്ലാണ്ടായത്. ഒരു മുപ്പത് മുപ്പത്തഞ്ച് വയസുവരെ കഴുത്തിൽ രാത്രിയിൽ തിളങ്ങുന്ന കൊന്തയിട്ടേ ഞാനൊറങ്ങാറുള്ളൂ.
പിന്നെപ്പഴാണ്? എപ്പഴോ എന്നിലെ പ്രേതം കൂടൊഴിഞ്ഞു പോയി.
റൊമേത്തയിലെ ഡ്രാക്കുള വീട്ടിൽ അമ്മാമ മരിച്ച് മുകളിൽ കിടക്കുമ്പൊ ഞാനടിയിലെ മുറിയിൽ ഒറ്റക്ക് കിടന്ന് സുഖായി ഉറങ്ങിയിട്ടുണ്ട്. അപ്പഴാ വീട്ടിൽ ഞങ്ങൾ രണ്ടാളും മാത്രേ ഉണ്ടായിരുന്നുള്ളൂ. അമ്മാമ എന്നെ തോണ്ടി വിളിച്ചില്ലാരുന്നു.
ഇന്നലെ രാത്രി ബെനെവെന്തോയിലെ കൊടും തണുപ്പിൽ അമ്പതുകളുടെ ഉദാര സംഭാവനയായ ചുട്ടുപൊള്ളലിൽ വിയർത്തുകുളിച്ച് ഉറക്കമില്ലാതെ കിടക്കുമ്പോഴാണ് ഒൾഗ (നൊണ്ണ ) അലറിക്കരയുന്ന കേട്ടത്.
ഓടിച്ചെന്ന് നോക്കിയപ്പോ സ്വപ്നം കണ്ടതാണ് പ്രേതത്തെ.
മമ്മാ എന്ന് വിളിച്ച് അവരെന്നെ കെട്ടിപ്പിടിച്ചു. ചില നേരത്ത് ഓർമ്മയുടെ വെളിച്ചം വന്ന് തൊടുന്ന നേരത്ത് അവർ ഗൗരവക്കാരിയായ വീട്ടുകാരിയാവുന്നതും ചിലപ്പോൾ മരണഭയത്താൽ വിളറുന്നതും ഞാൻ കാണാറുണ്ട്.
നാട്ടിൽ പ്രായമായ അച്ഛനമ്മമാരോടൊപ്പം നമ്മൾ താമസിക്കും പോലെയല്ല ഇരുപത്തിനാല് മണിക്കൂറും വയസായ ഒരാൾക്കൊപ്പം പുറംലോകം കാണാതെ ജീവിതം പങ്കിടുന്നത്. കെയർ ഗിവർ ജോലി നമ്മെ പാകപ്പെടുത്തും. ജീവിതത്തിൻ്റെ നിരർത്ഥകതയെ ഓർമ്മപ്പെടുത്തും.
അധികം സന്തോഷിക്കാനും അധികം സങ്കടപ്പെടാനും സാധിക്കാതെ ബാലൻസ്ഡ് ആയ ഒരവസ്ഥയിലെത്തിച്ചത് ജോലിയോ അതോ പ്രായമോ?
കാര്യം മതദൈവങ്ങളിൽ വിശ്വാസമില്ലെങ്കിലും യൂണിവേഴ്സലോ അതോ മറ്റെന്തെങ്കിലുമോ ചില തെരഞ്ഞെടുപ്പുകൾ നടത്തുന്ന കാണുമ്പോൾ അത്ഭുതം തോന്നും.
അല്ലെങ്കിൽ ഞാനിങ്ങനെ ഇവിടെ ഇരിക്കേണ്ട സാധ്യത മൂന്ന് കൊല്ലം മുൻപ് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ലല്ലോ