Image

50 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമിട്ട്: ആർട്ടെമിസ് ദൗത്യത്തിന് രാഷ്ട്രീയ-സാങ്കേതിക വെല്ലുവിളികൾ

Published on 15 February, 2026
50 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമിട്ട്: ആർട്ടെമിസ് ദൗത്യത്തിന് രാഷ്ട്രീയ-സാങ്കേതിക വെല്ലുവിളികൾ

വാഷിംഗ്ടൺ: 1972 ഡിസംബർ 14. “ശാന്തിയും പ്രതീക്ഷയും കൊണ്ട് വീണ്ടും വരാം” എന്ന് ജീൻ സെർനൻ ചന്ദ്രനിൽ നിന്ന് മടങ്ങും മുൻപ് പറഞ്ഞ വാക്കുകൾ ഇന്നും ചരിത്രമാണ്.  അപ്പോളോ 17 ദൗത്യത്തിന്റെ അവസാന നിമിഷമായിരുന്നു സെർനൻ അങ്ങനെ പറഞ്ഞത്. തുടർന്ന് പദ്ധതിയിട്ടിരുന്ന അപ്പോളോ 18, 19, 20 ദൗത്യങ്ങൾ റദ്ദാക്കി. അതിന് ശേഷം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല.
ഇപ്പോൾ നാസ വീണ്ടും ചന്ദ്രനിലേക്കുള്ള യാത്ര ഒരുക്കുകയാണ്. ആർട്ടെമിസ് II ദൗത്യം മാർച്ചിൽ വിക്ഷേപിക്കാനാണ് തയ്യാറെടുപ്പ്. ഇത് ചന്ദ്രനെ ചുറ്റി പറക്കുന്ന ദൗത്യമാകുമെങ്കിലും ലാൻഡിംഗ് ഉണ്ടാകില്ല.

1972 മുതൽ മനുഷ്യർ വീണ്ടും ചന്ദ്രനിൽ പോകാത്തതെന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

സ്മിത്ത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലെ ചരിത്ര ഗവേഷകർ അതിന്റെ പ്രധാന കാരണമായി പറയുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണ്. ചന്ദ്രദൗത്യങ്ങൾ വലിയ ചെലവും ദീർഘകാല പ്രതിബദ്ധതയും ആവശ്യപ്പെടുന്നവയാണ്.

അപ്പോളോ പദ്ധതിയുടെ തുടർച്ചയ്ക്ക് ആവശ്യമായ ബജറ്റ് വളരെ വലുതായതിനെത്തുടർന്നാണ് അത് വേണ്ടെന്നുവച്ചത്. പിന്നീട് വിവിധ ഭരണകൂടങ്ങൾ ബഹിരാകാശ പദ്ധതികളുടെ മുൻഗണന മാറ്റി. ദീർഘകാല രാഷ്ട്രീയ പിന്തുണ ലഭിച്ചതുമില്ല.

1990ൽ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് ചന്ദ്രനിലേക്കു മടങ്ങാൻ നിർദേശം നൽകിയിരുന്നു. 1993ൽ ബിൽ ക്ലിന്റൺ അത് റദ്ദാക്കി. 2001ൽ ജോർജ് ഡബ്ല്യു. ബുഷ് ‘കോൺസ്റ്റലേഷൻ’ പദ്ധതി ആരംഭിച്ചു. പിന്നീട് ബറാക് ഒബാമ മറ്റ് ലക്ഷ്യങ്ങൾ മുന്നോട്ട് വച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് വീണ്ടും ചന്ദ്ര ലക്ഷ്യത്തിലേക്ക് തിരിഞ്ഞു. തുടർന്ന് ജോ ബൈഡൻ ആർട്ടെമിസ് പദ്ധതി തുടരാൻ അനുമതി നൽകി.

ചന്ദ്രദൗത്യം സാങ്കേതികമായി വലിയ വെല്ലുവിളിയാണ്. ഭൂമിയിൽ നിന്ന് ഏകദേശം 4 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ. അപ്പോളോ നടപ്പാക്കിയ കാലത്തെ സാങ്കേതിക ശൃംഖലയും വിദഗ്ധരും ഇപ്പോൾ ഇല്ല.

ജോൺ എഫ്.കെന്നഡി 1961ൽ ആ ദശകം അവസാനിക്കും മുൻപ് മനുഷ്യനെ ചന്ദ്രനിൽ ഇറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ശീതയുദ്ധകാലത്തെ അമേരിക്ക-സോവിയറ്റ് മത്സരത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് അമേരിക്ക ചൈനയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. ആർട്ടെമിസ് അക്കോർഡ്സ് എന്ന അന്താരാഷ്ട്ര കരാറിൽ നിരവധി രാജ്യങ്ങൾ ഒപ്പുവെച്ചു. ഇത് 1967ലെ ഔട്ടർ സ്പേസ് ട്രീറ്റിയെ അടിസ്ഥാനമാക്കിയാണ്.

1967ൽ അപ്പോളോ 1 ദൗത്യ പരിശീലനത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് ബഹിരാകാശയാത്രികരാണ് മരണപ്പെട്ടത്. പിന്നീട് ചാലഞ്ചർ, കൊളംബിയ ദുരന്തങ്ങളും നടന്നു. അതിനുശേഷം സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമായി.

ഇപ്പോൾ ആർട്ടെമിസ് പദ്ധതി വഴി വീണ്ടും മനുഷ്യരെ ചന്ദ്രനിലേക്കു കൊണ്ടുപോകാനാണ് നാസയുടെ ശ്രമം. രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പിന്തുണയും തുടർന്നാൽ മാത്രമേ ദീർഘകാല സാന്നിധ്യം സാധ്യമാകൂ.

അർദ്ധശതാബ്ദത്തിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമിടുന്നു. അത് പൂർത്തീകരിക്കാൻ ആകുമോ എന്ന് കാത്തിരുന്ന് കാണാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക