
അമേരിക്കയിൽ ഗവേഷണം നടത്തിയ മലയാളി ശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ ശാസ്ത്രീയ റിവ്യൂ പേപ്പർ പ്രസിദ്ധീകരിച്ചു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ആൻഡ് അക്കാഡമിക് കൊളാബോറേഷനുമായി(ഐഐഎസ്എസി,യുഎസ്എ) സഹകരിച്ച് പുറത്തിറങ്ങിയ ഈ പേപ്പർ 'ശാസ്ത്രം മുന്നോട്ട്' എന്ന അക്കാദമിക് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ ഉത്ഭവവും ജനിതകപരിണാമവും ലളിതമായി വിശദീകരിക്കുന്നതുകൊണ്ടുതന്നെ ഈ വിഷയത്തിൽ താല്പര്യമുള്ള ആർക്കും കൗതുകത്തോടെ വായിച്ച് രസിക്കാനാകുമെന്നാണ് രചയിതാവ് നൽകുന്ന ഉറപ്പ്. മനുഷ്യ പരിണാമത്തെക്കുറിച്ച് മുൻകൂട്ടി ആഴത്തിലുള്ള അറിവില്ലാത്തവർക്കായി തയ്യാറാക്കിയ ഫസ്റ്റ് ലെവൽ അവെർനെസ് പേപ്പർ ആണിതെന്ന് സാരം. ബയോളജി, സോഷിയോളജി, ആന്ത്രോപോളജി, ഹ്യൂമൻ ഇക്കോളജി, ലിബറൽ ആർട്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കോളജ് വിദ്യാർത്ഥികൾക്ക് ഈ അവലോകനം ഒരു മുതൽക്കൂട്ടായിരിക്കും.
അമേരിക്കയിൽ മൂന്ന് വർഷക്കാലം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫ. ഡോ. സണ്ണി ലൂക്ക് ഈ റിവ്യൂ ലേഖനം തയ്യാറാക്കിയത്. മനുഷ്യൻ, ചിംപാൻസി, ഗൊറില്ല, ഓറംഗുട്ടാൻ തുടങ്ങിയവയുടെ ക്രോമോസോമുകൾ, ജീനുകൾ, ജീനോമുകൾ എന്നിവ തമ്മിൽ താരതമ്യം ചെയ്യുന്ന മോളിക്യുലർ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു പഠനം. മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ശാസ്ത്രീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ച എട്ട് പ്രധാന ഗവേഷണ പ്രബന്ധങ്ങളും ഈ റിവ്യൂ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രൊഫ. ഡോ. സണ്ണി ലൂക്കിന്റെ ഗവേഷണങ്ങൾ ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രദർശനവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മനുഷ്യപരിണാമ ഗവേഷകർക്കു അപൂർവമായി ലഭിക്കുന്ന ഈ അംഗീകാരം, അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഭാവനകളുടെ അന്താരാഷ്ട്ര പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്.

ഏകദേശം ഏഴ് മില്യൺ വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യ–ചിംപാൻസി പൊതുപൂർവ്വികനിൽ നിന്ന്, 200,000 വർഷങ്ങൾക്ക് മുൻപ് ഉദിച്ച ആധുനിക മനുഷ്യൻ (ഹോമോ സാപിയൻസ്) വരെ നീളുന്ന പരിണാമയാത്രയെ ക്രമബദ്ധമായി അവതരിപ്പിക്കുന്ന ഒന്ന് ലളിതമായി അവതരിപ്പിക്കാൻ സാധിച്ചത് അദ്ധ്യാപനരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവപരിജ്ഞാനം മൂലമാകാമെന്ന് ഡോ.സണ്ണി ലൂക്ക് പറയുന്നു. മനുഷ്യജനിതകത്തിലെ ചെറിയ വ്യത്യാസങ്ങൾ എങ്ങനെ ബുദ്ധിശക്തിയിലും സംസ്കാരത്തിലും സമൂഹരൂപീകരണത്തിലും നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്നതിലൂടെ, ശാസ്ത്രത്തിൽ താല്പര്യമുള്ള പൊതുവായ വായനക്കാർക്ക് ഇത് ഒരു പ്രാമാണിക പഠനസ്രോതസായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി ലിങ്ക് ചുവടെ കൊടുക്കുന്നു :
THE LIFE STORY OF HUMANS.pdf https://share.google/mJBtlN9FE5dEvHRfB